ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.

 

2

 

പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമിയും പേറ്റു പിറവിയോടെ അലഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട അതീന്ദ്രിയ ജ്ഞാനികളായിരുന്നു. ബ്രാഹ്മണനായ വരരുചിയും പറയിയായ പഞ്ചമിയും. മണ്ണപ്പം ചുട്ടുകളിക്കുന്ന കുട്ടികളെപോലെ ജന്മ വൈവിധ്യമാര്‍ന്ന മക്കളെ പെറ്റുകൂട്ടി വിവിധ ദേശങ്ങളെ സമ്പന്നമാക്കാനുള്ള സവിശേഷ ദൈവിക നിയോഗം വഹിച്ചവരായിരുന്നു. ദൈവം മനുഷ്യര്‍ക്കുള്ള കല്‍പനകളും സന്ദേശങ്ങളും വേദങ്ങളിലൂടെയും സ്വപ്‌നങ്ങളിലൂടെയും വെളിപ്പെടുത്താറുണ്ട്. എന്നാല്‍ അതിശയകരമായ ജന്മവൈവിധ്യങ്ങള്‍ ത്രസിച്ചുനില്‍ക്കുന്ന പേറ്റുപിറവികളിലൂടെ കേരളദേശത്തിന്റെ അടിസ്ഥാന ദൈവികനില പ്രഖ്യാപനം ചെയ്ത പ്രവാചകകലയാണ് പറയിപെറ്റ പന്തിരുകുലത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. പഞ്ചമിയുടെ പേറ്റുവയറിന്റെ ഗര്‍ഭകമാനം കടന്നുവന്നവരാണ് കേരളദേശത്തിന്റെ ജാതി മത ഗോത്ര കുല വ്യവസ്ഥയുടെ സാമൂഹികഘടന വിഭാവനം ചെയ്തത്. കേരളദേശത്തിന്റെ സകല ജാതി മത ഗോത്രങ്ങളിലും ചെന്നു പിറവിയെടുത്ത പന്തിരുകുലം നിലവിലുള്ള സവര്‍ണ ജീര്‍ണ നീചഗോത്ര പ്രതാപങ്ങളെ കടപുഴക്കി എറിയാന്‍ പ്രാപ്തിയുള്ള അതികായന്‍മാരായിരുന്നു.

 

അന്നോളം അതീന്ദ്രിയജ്ഞാനികളായ ഉപാസകര്‍ മന്ത്രം, തന്ത്രം, മായിക കലകള്‍ എന്നിവയിലാണ് പുലര്‍ന്നത്. എന്നാല്‍ വരരുചിയുടേയും പഞ്ചമിയുടേയും അതീന്ദ്രിയ കല വേഴ്ചയും ഗര്‍ഭവും പേറുമായിരുന്നു. മന്ത്രോച്ചാരണത്തിനു പകരം മാദകഭാഷണങ്ങള്‍, ഹോമാഗ്നിക്കു പകരം കാമാഗ്നി. തീര്‍ഥത്തിനും പൂക്കള്‍ക്കും പകരം ശുക്ലവും അണ്ഡവും. ഗുരുതിക്കു പകരം പേറ്റു ചോര. മണികിലുക്കത്തിനു പകരം ഉണ്ണിക്കരച്ചില്‍. പ്രവാചകന്‍മാര്‍ പ്രപഞ്ചലവണങ്ങളിലൂടെ നടന്നപ്പോള്‍ വരരുചിയും പഞ്ചമിയും പേറ്റുജലത്തിലൂടെ നടന്നു. സദാ ത്രസിച്ചു നില്‍ക്കുന്ന ബീജകാമനകളും സദാ വിടര്‍ന്നുനില്‍ക്കുന്ന ഗര്‍ഭപാത്രവുംകൊണ്ട് അവര്‍ വിസ്മയകരമായ ഒരു മനുഷ്യകുലത്തെ സൃഷ്ടിച്ചു.

 

3

 

പ്രപഞ്ചമൂലകങ്ങള്‍, ദൈവികലവണങ്ങള്‍, ഭൗമധാതുക്കള്‍, മന്ത്രങ്ങള്‍, വേദവചനങ്ങള്‍-മഹാകര്‍മങ്ങള്‍, പ്രവാചക മായിക ചമയങ്ങള്‍ എന്നിവ അനാദിയായ ദൈവിക പ്രപഞ്ചത്തെ സാധൂകരിച്ചു. മഹാസൈന്യങ്ങള്‍, വീരോചിതപതാകകള്‍, കാലത്തെ പ്രകമ്പനം കൊള്ളിച്ച പടയോട്ടങ്ങള്‍, ലോകത്തെ ഭ്രമിപ്പിക്കുന്ന പെരുമ്പറകള്‍ എന്നിവയില്‍ നിന്നു മഹാസാമ്രാജ്യങ്ങളുണ്ടായി. എന്നാല്‍ കാലത്തിനു മുന്നില്‍ സാമ്രാജ്യങ്ങളെ നിഷ്പ്രഭമാക്കുന്ന മഹാദര്‍ശനങ്ങള്‍ നിസ്സാരമായ പരികല്‍പനയോടെ പറയിപെറ്റ പന്തിരു