കടല്‍ താണ്ടി പവിഴദ്വീപില്‍ പോകാം. ചെറിയനാട്ടിലെ വലിയ കാഴ്ചകള്‍ കാണാം... 

Lakshadweep

 

മുന്നൂറോളം പേരെ ഉള്‍ക്കൊള്ളാവുന്ന എം.വി. ലക്ഷദ്വീപ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. അലങ്കാരങ്ങള്‍, വര്‍ണ ബള്‍ബുകള്‍..., ഒരു വലിയ ഫഌക്‌സും: മിനിക്കോയ് ദേശീയോത്സവത്തിലേക്കു സ്വാഗതം! 

 

മിനിക്കോയ് ഫെസ്റ്റ് സന്ദര്‍ശകരാണ് യാത്രികരെല്ലാം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍. മഹാഭൂരിപക്ഷവും ആദ്യ കപ്പല്‍ യാത്ര നടത്തുന്നവര്‍. പ്രത്യേക മാധ്യമ ക്ഷണിതാക്കളായി ഞങ്ങള്‍ ചിലരും. എല്ലാവരുടെയും മുഖത്ത് ആഹ്ലാദവും അതേ സമയം ചെറിയൊരമ്പരപ്പും. ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, ബങ്കര്‍... കപ്പലിലെ രീതികളും വിശേഷങ്ങളും അറിഞ്ഞും പഠിച്ചും അല്‍പ്പനേരം. അതിനകം അവരവര്‍ക്കായി ഒരുക്കിയ സ്ഥലങ്ങളില്‍ എല്ലാവരും നങ്കൂരമിട്ടു കഴിഞ്ഞു. സാധനങ്ങളൊക്കെ വെച്ച് പരിചയപ്പെടല്‍, കുശലം... പതുക്കെ എല്ലാവരും ഡക്കിലേക്ക്. 

 

പാളപ്ലെയിറ്റില്‍ ഒരു മൃഷ്ടാന്നഭോജനം. മത്സ്യവും ഇറച്ചിയും പച്ചക്കറികളും എല്ലാം ഇഷ്ടം പോലെ. അല്‍പ്പം വിശ്രമിച്ച ശേഷം വീണ്ടും ഡക്കില്‍. വെയില്‍ ചാഞ്ഞതോടെ കപ്പല്‍ നീങ്ങിത്തുടങ്ങി, പതുക്കെ തുടങ്ങി വേഗതയാര്‍ജിച്ച് കുതിക്കുന്ന കപ്പലിനു ചുറ്റും അറബിക്കടലിന്റെ ഓളംകളി. എങ്ങും കടല്‍, കടല്‍ മാത്രം. ഇപ്പോള്‍ കപ്പലില്‍ ആരവങ്ങളുടെ മേളമാണ്. യാത്രികര്‍  പ്രത്യേകം സംഘങ്ങളായിരിക്കുന്നു. കളിയും ചിരിയുമായി കാഴ്ചകളില്‍ കണ്ണും നട്ട് എല്ലാവരും മുകള്‍ത്തട്ടില്‍ നിരന്നു. ചിലര്‍ ശീട്ടുകളിക്കുന്നുണ്ട്. കനത്ത കാറ്റില്‍ ശീട്ടുകള്‍ പാറി നടക്കുന്നു. സൂര്യന്‍ ചക്രവാളത്തിലേക്കു ചാഞ്ഞു തുടങ്ങി. സ്വര്‍ണവര്‍ണമാര്‍ന്ന സായാഹ്നസൂര്യനെ നോക്കി കപ്പലിന്റെ മുകള്‍പ്പരപ്പു മുഴുവന്‍ ആളുകള്‍. 

 

പാട്ടും കളികളും ആര്‍പ്പുവിളികളുമായി സന്ധ്യ കടന്നു പോയി. രാത്രി ചപ്പാത്തിയടക്കമുള്ള വമ്പന്‍ ഭക്ഷണം. എല്ലാവരും മതിമറന്ന് കഴിച്ചു. രാത്രി കനത്തു. തണുത്ത കാറ്റ് വീശിത്തുടങ്ങി. ഇരുട്ടും ഉറക്കവും കപ്പലിനെ മൂടി. കടലിന്റെയും കാറ്റിന്റെയും താരാട്ടു കേട്ട്, തിരകളുടെ തൊട്ടിലില്‍ ആലോലമാടി ഒരു രാത്രി അങ്ങനെ കടന്നു പോയി...

***

Lakshadweep

 

സൂര്യോദയം. തിരകളില്‍ വെളിച്ചത്തിന്റെ പ്രളയം. അതിരാവിലെത്തന്നെ എല്ലാവരും ഡെക്കിലെത്തിയിരിക്കുന്നു. ദൂരെ കര പ്രത്യക്ഷപ്പെട്ടു തുടങ്ങി. കപ്പല്‍ നങ്കൂരമിട്ടു. ജെട്ടിയിലെത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കടല്‍ അല്പം ക്ഷുഭിതമാണ്. അതുകൊണ്ടിനി യാത്ര ബോട്ടില്‍. കപ്പലിലെ വെല്‍ഫെയര്‍ ഓഫീസര്‍ അന്ത്രോത്തു ദ്വീപുകാരന്‍ കെ.കെ. ജബ്ബാര്‍ പാഞ്ഞു നടന്ന് കാര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നു. ആദ്യത്തെ ബോട്ടില്‍തന്നെ ഞങ്ങള്‍ കയറി. അര മണിക്കൂര്‍ ബോട്ടുയാത്ര. ഓളങ്ങളെ കീറിമുറിച്ച് ബോട്ട് അതിവേഗം പാഞ്ഞു. 

 

ദൂരെ നിന്നേ കാണാം, മിനിക്കോയ് ജെട്ടി ത്രിവര്‍ണനിറത്തില്‍ ആറാടി നില്‍ക്കുന്നു. കരയില്‍ വിവിധ നിറങ്ങളിലുള്ള കൊടികള്‍ പാറിപ്പറക്കുന്നു. സംഘാടക സംഘം സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ട്. ബോട്ടെത്തിയപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും ഇളനീര്‍. ദഫ്മുട്ടും കോല്‍ക്കളിയും പരിചമുട്ടുമൊക്കെയായി നാടന്‍കലാകാരന്മാരും അതിഥികള്‍ക്ക് സ്വാഗതമോതി. തീരത്ത് വിവിധ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍. വലിയ ബോട്ടുകള്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുന്നു. ചെറുതും വലുതുമായ തോണികളിലും സ്പീഡ് ബോട്ടുകളിലും മത്സരാര്‍ഥികള്‍. 

 

Lakshadweep

 

മിനിക്കോയ് നിവാസികള്‍ മുഴുവന്‍ ജെട്ടിയിലെത്തിയിരിക്കുന്നു. 10.6 കിലോമീറ്റര്‍ നീളം മാത്രമുള്ള ദ്വീപാണിത്. ജനസംഖ്യ വെറും 10444. കടലോരം നിറയെ വര്‍ണ വസ്ത്രങ്ങളണിഞ്ഞ നൂറുകണക്കിനു സ്ത്രീകള്‍. പരമ്പരാഗത വസ്ത്രങ്ങൡ കുട്ടികളും മുതിര്‍ന്നവരും. പല നിറത്തിലുള്ള മുണ്ടുകളും ടീഷര്‍ട്ടുകളുമണിഞ്ഞ യുവാക്കള്‍ കടലിലും മത്സരത്തിനായി ഒരുങ്ങിനില്‍ക്കുന്നു. ഇതിനിടയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ എച്ച്. രാജേഷ് പ്രസാദ് എത്തി. അദ്ദേഹത്തെയും കുടുംബത്തെയും പരമ്പരാചാരങ്ങളോടെ ഉദ്യോഗസ്ഥരും ജനങ്ങളും നാടന്‍ കലാകാരന്മാരും ചേര്‍ന്നു സ്വീകരിച്ചു. സ്വാഗതപ്രസംഗമില്ല, അധ്യക്ഷനില്ല, ഫഌഗ് ഓഫ് മാത്രം. അതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യം തോണി തുഴയല്‍. ആദ്യം നാടന്‍ വള്ളങ്ങള്‍, പിന്നീട് ചെറുവള്ളങ്ങള്‍, അതുകഴിഞ്ഞ് വലിയവ. ഇരുപതോളം തോണികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉച്ചവരെ ഇതുതുടര്‍ന്നു. അതിനിടയില്‍ സ്പീഡ് ബോട്ടുകളില്‍ അഭ്യാസപ്രകടനങ്ങള്‍. വൈകുന്നേരം മിനിക്കോയ് ഗവ. സീനിയര്‍ സെക്കന്റഡറി സ്‌കൂള്‍ മൈതാനിയില്‍ ആഹാര്‍ ഫെസ്റ്റ്, കരകൗശല വസ്തുപ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍. 

 

നാലുമണിക്ക് വിശാലമായ സ്‌കൂള്‍ മൈതാനിയിലെത്തി. വന്‍ജനാവലി അവിടെ തടിച്ചുകൂടിയിരിക്കുന്നു. വിവിധ ദ്വീപുകളില്‍നിന്നെത്തിയവരൊരുക്കിയ വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍. ടൂണ മത്സ്യത്തിന്റെ അച്ചാര്‍ മുതല്‍ തേങ്ങാപൗഡര്‍ വരെ ദ്വീപിന്റെ തനതു രുചിഭേദങ്ങള്‍. സ്റ്റാളുകള്‍ കയറിയിറങ്ങുന്നതിനിടയില്‍ പുറത്ത് വടംവലി പോലുള്ള മത്സരങ്ങളും വിവിധ ദ്വീപുകളില്‍ നിന്നുള്ള കലാകാരന്മാരുടെ നാടന്‍കലാരൂപങ്ങളും തകര്‍ക്കുന്നു. സാരികുത്തുകളി, മലക്കൂട്ട,് പരിചമുട്ടുകളി, കോല്‍ക്കളി.. രാത്രി കൊച്ചിയില്‍ നിന്നെത്തിയ സംഘത്തിന്റെ ഗാനമേള. 

***
അടുത്തദിവസം പുലര്‍ന്നത് മിനിമാരത്തോണ്‍ മത്സരത്തോടെയായിരുന്നു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം മത്സരങ്ങള്‍. സമ്മാനത്തുക യഥാക്രമം ഒരുലക്ഷവും അരലക്ഷവും. സ്‌കൂള്‍ മൈതാനം മത്സരാര്‍ഥികളെക്കൊണ്ടും കാണികളെക്കൊണ്ടും നിറഞ്ഞു. പുരുഷന്മാര്‍ സ്‌കൂള്‍ മൈതാനിയില്‍നിന്നും അരകിലോമീറ്റര്‍ അകലെയുള്ള ഹെലിപാഡില്‍ പോയി തിരിച്ചുവരണം. വനിതകള്‍ മൂന്നു കിലോമീറ്ററകലെ ഈവനിങ് സ്റ്റാര്‍ ജങ്ഷനില്‍ പോയി തിരിച്ചെത്തണം. പുരുഷന്മാരുടെ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയി ജഹദ് തന്നെ ഒന്നാമതെത്തി. വനിതകളുടെതില്‍ സിഫാന ഹുസൈനും.

 

Lakshadweep

 

പതിനൊന്നരയ്ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കണ്ടു. ദ്വീപിനെക്കുറിച്ച് അതിന്റെ വികസനത്തെക്കുറിച്ച്, വിനോദസഞ്ചാരത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. അപ്പോഴേക്കും വിനോദസഞ്ചാരികള്‍ ലൈറ്റ്ഹൗസിനു സമീപത്തെ ബീച്ച് റിസോര്‍ട്ടിലെത്തിയിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ബീച്ച്. പവിഴമണല്‍ വെള്ളപ്പരവതാനി വിരിച്ച ബീച്ചും വിവിധ വര്‍ണങ്ങള്‍ വിരിയിക്കുന്ന വിശാലമായ ലഗൂണും ആരാണിഷ്ടപ്പെടാതിരിക്കുക. ജനവാസകേന്ദ്രത്തില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ തികച്ചും ശാന്തമായ അന്തരീക്ഷം. വൈകീട്ടായതോടെ മനമില്ലാമനസ്സോടെ വീണ്ടും കപ്പലിലേക്ക്. ഇനി രാത്രി കപ്പലില്‍ കല്‍പ്പേനിയിലേക്ക്...

കല്‍പ്പേനിയില്‍ മറ്റൊരു ചെറുകിട വ്യവസായ സ്ഥാപനം കൂടിയുണ്ട്. ടീഷര്‍ട്ടും കുഞ്ഞുടുപ്പുകളുമൊക്കെയാണ് അവിടെ ഉത്പാദിപ്പിക്കുന്നത്. വില വളരെ കുറവ്. ആവശ്യക്കാര്‍ക്കു മുഴുവന്‍ സാധനങ്ങള്‍ നല്‍കാന്‍ കഴിയാത്തതിന്റെ നിരാശയാണ് അവിടെയുള്ളവര്‍ക്കുണ്ടായത്. ഇത്രത്തോളം കച്ചവടം അവരും പ്രതീക്ഷിച്ചിരുന്നില്ല. തുടര്‍ന്ന് കല്‌പേനിയുടെ മുനമ്പിലേക്ക്. അതിമനോഹരമായ ഒരിടം. മൂന്നുഭാഗവും കടല്‍. ചെറിയൊരു പാര്‍ക്ക്. വീശിയടിക്കുന്ന കാറ്റ്. അവസാനത്തെ വണ്ടിയും അവിടെയെത്തി.

 

വീണ്ടും കപ്പലിലേക്ക്. കടല്‍ പരിഭവത്തിലാണ്. പത്തും പതിനഞ്ചും പേരെ കയറ്റാവുന്ന യാത്രാബോട്ടുകളാണ്. യാത്രക്കാരെ ബോട്ടിലേക്ക് കൈപിടിച്ചു കയറ്റാന്‍ ദ്വീപുകാരുണ്ട്. അവര്‍ക്ക് കടലിന്റെ ഈ രൗദ്രഭാവമൊന്നും പ്രശ്‌നമേയല്ല. ആടിയുലയുന്ന ബോട്ടില്‍ നിന്ന് കപ്പലിനുള്ളിലേക്ക് കയറാന്‍ അല്പം പ്രയാസപ്പെട്ടു. അടുത്തദിവസം രാവിലെയായപ്പോള്‍ കല്‌പേനി ദ്വീപില്‍നിന്ന് ഏറെയകലെയല്ലാതെ കപ്പല്‍ നങ്കൂരമിട്ടു. സന്ദര്‍ശകരെ സ്വീകരിക്കാന്‍ അഞ്ചോളം ബോട്ടുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഏറെ സന്തുഷ്ടര്‍. ഓരോരുത്തരും വേഗം വേഗം ബോട്ടുകളിലേക്ക്. ജെട്ടിയില്‍ മിനിക്കോയിലെതുപോലെ ഉദ്യോഗസ്ഥര്‍. അവര്‍ സന്ദര്‍ശകരെ റിസോര്‍ട്ടിലേക്ക് വാഹനങ്ങളില്‍ എത്തിച്ചു. 

Lakshadweep

 

ഏറെയകലെയല്ലാതെ കിടക്കുന്ന, ആള്‍താമസമില്ലാത്ത, കൊച്ചുദ്വീപിലേക്ക് ചെറിയ തുഴബോട്ടുകളില്‍ സന്ദര്‍ശകര്‍ പൊയ്‌ക്കൊണ്ടിരുന്നു. ശാന്തമായ കടല്‍. ആരോരുമില്ലാത്ത കടല്‍ത്തീരം. തിരകളൊന്നുമില്ല. ആഴവും നന്നേകുറവ്. ചെറിയ കുട്ടികള്‍ക്കുപോലും കടലിലിറങ്ങാം. കുളിക്കാം. ഉച്ചയോടെ തിരിച്ച് റിസോര്‍ട്ടിലേക്ക്. കല്‌പേനിയിലെ നാടന്‍കലാകാരന്മാരെത്തി. അവരുടെ വക പലവിധത്തിലുള്ള കലാരൂപങ്ങള്‍. അപ്പോഴേക്കും വാഹനങ്ങള്‍ തയ്യാര്‍. തുറന്ന വാഹനങ്ങളില്‍ കയറാനാണ് എല്ലാവര്‍ക്കും താത്പര്യം. നേരെ തേങ്ങ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറിയിലേക്ക്. അവിടെ തേങ്ങാപ്പൊടിയുണ്ട്, തേങ്ങയില്‍നിന്നുണ്ടാക്കുന്ന മധുരപലഹാരങ്ങളുണ്ട്, വെന്ത വെളിച്ചണ്ണയുണ്ട്. ആവശ്യക്കാരൊക്കെ അത്തരം സാധനങ്ങള്‍ വാങ്ങിക്കൂട്ടി.

 

സന്ധ്യയോടെ സന്ദര്‍ശകര്‍ കപ്പലില്‍ കയറി. ദ്വീപിനോട് വിടപറയുകയാണ്. സന്ദര്‍ശകരുടെ മനസ്സുകളിലും മുഖങ്ങളിലും നേരിയൊരു വേദന. പതുക്കെപ്പതുക്കെ പുറപ്പെട്ട കപ്പല്‍ പിന്നീട് വേഗത്തിലായി. രാത്രിയായപ്പോള്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.കെ. ജബ്ബാര്‍ ഞങ്ങളുടെ മുറിയിലെത്തി. ലക്ഷദ്വീപിനെക്കുറിച്ചും ദ്വീപുകാരെക്കുറിച്ചും സുദീര്‍ഘവും സരസവുമായ സംഭാഷണം. ഉറക്കം വരുന്നില്ല. ഈ രാത്രികൂടിയേ കപ്പലില്‍ ബാക്കിയുള്ളൂ. ഏറെനേരം കഥകള്‍ പറഞ്ഞിരുന്നു. പിന്നീടെപ്പോഴോ ഒന്നു മയങ്ങി. അപ്പോഴേക്കും കപ്പല്‍ കൊച്ചിയിലെത്താറായി. പ്രഭാതം കാണാന്‍ എല്ലാവരും ഡെക്കില്‍. പതുക്കെപ്പതുക്കെ വെല്ലിങ്ടണ്‍ ഐലന്‍ഡില്‍. എല്ലാവരും സാവധാനം കപ്പലിനു പുറത്തേക്ക്. ലോറിയില്‍ ബാഗുകള്‍ കയറ്റിവെച്ചു. ബസ്സുകളില്‍ കയറിപ്പറ്റി. വീണ്ടും സ്‌കാനിങ് കേന്ദ്രത്തിനു സമീപം. സന്തോഷകരമല്ലാത്ത വിടചൊല്ലല്‍. ഒരു യാത്രയുടെ അന്ത്യം.

 

Lakshadweep