തിരയടങ്ങാത്ത ആവേശത്തിന്റെ കടലുകള്‍ താണ്ടി കേരള കരയിലെത്തിയ ബ്‌ളോഗ് എഴുത്തുകാര്‍ക്ക് വയനാടിന്റെ ഹരിത ഭൂമിയില്‍ വിസ്മയത്തിന്റെ ദിനങ്ങള്‍. പച്ചപ്പിനുള്ളിലൂടെ വളഞ്ഞും പുളഞ്ഞും മലകയറിപോകുന്ന ചുരം പാതകളായിരുന്നു ആദ്യകാഴ്ചകള്‍. താമരശ്ശേരിയില്‍ നിന്നേ മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന മലനിരകളുടെ സൗന്ദര്യം ഇവര്‍ ക്യാമറകളിലേക്ക് പകര്‍ത്തി. അങ്ങകലെ മേഘ മുടിക്കെട്ടിലേക്ക് കയറി പോകുന്ന തീപ്പെട്ടി കൂടുകള്‍ പോലെയുള്ള വാഹനങ്ങള്‍ ഇവരില്‍ അത്ഭുതങ്ങള്‍ ജനിപ്പിച്ചു.

yathra
വയനാടന്‍ ചുരം ആര്‍ക്കും എന്നുമൊരു അത്ഭുതമാണ്.നീലിഗിരി പര്‍വ്വതത്തോട് ചേര്‍ന്ന് കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ വശ്യതകള്‍ ചേതോഹരമാണ്.പ്രകൃതിയൊരുക്കിയ കളിപ്പൊയ്കകളും കാടും കാട്ടാറും വയലുകളും ചേര്‍ന്ന ഭൂതലം വയനാടിനെ മറ്റ് നാടുകളില്‍ നിന്നും വേര്‍തിരിക്കുന്നു.വഴികാട്ടിയില്‍ നിന്നും ലഭിച്ച വിവരണങ്ങള്‍ കേട്ടതോടെ ടാബ്ലെറ്റുകളിലേക്ക് ഇവയൊക്കെ ആവേശപൂര്‍വ്വം പലരും കുറിച്ചിട്ടു. 

yathra
കുടിയേറ്റകാലത്തോളം പഴക്കമുള്ള റബ്ബര്‍ത്തോട്ടങ്ങള്‍ പിന്നിട്ട് അടിവാരത്ത് നിന്നും ചുരം ഒന്നാം വളവ് പിന്നിട്ട് ഉയരങ്ങളിലേക്ക് യാത്ര തുടങ്ങുമ്പോള്‍ കോഴിക്കോട് എന്ന ദേശം താഴ് വാരങ്ങളില്‍ പരന്ന് പരന്ന് കഴ്ചകളില്‍ നിന്നും ചിതറി കലങ്ങി പോകുന്നു.ഇടതൂര്‍ന്ന ചോലവനങ്ങള്‍ ഇടയ്ക്കിടെ കുളിരിന്റെ കൂടാാരത്തിലേക്ക് വിളിച്ചു കൊണ്ടുപോകുന്നു.പിന്നെയും അകലങ്ങളിലേക്ക് കാഴ്ചകള്‍ വാതില്‍ തുറക്കുമ്പോള്‍ കടലുപോലെ താഴെ ദേശത്തിന്റെ അതിര്‍ത്തികളെ മായ്ച്ച് കളഞ്ഞ് സമതലം മേഘങ്ങള്‍ക്ക് താഴെയായി.

യാത്ര ഉയരങ്ങളെ കീഴടക്കും തോറും അഗാധ ഗര്‍ത്തങ്ങളും പാറക്കെട്ടുകളും സഞ്ചാരികളുടെ നെഞ്ചിടിപ്പിന് വേഗത കൂട്ടി.എന്നാലും സാഹസികമായ ചുരം വഴികള്‍ യാത്രികര്‍ക്കെല്ലാം ഒരു ആവേശമായി മാറി.പതിവായി  ചുരം കയറുന്ന യാത്രികര്‍ പോലും ഓരോ സമയവും വേറിട്ട രീതിയില്‍ ആകാശം വരച്ചിടുന്ന മേഘങ്ങളെ വിസ്മയം പൂണ്ട് നോക്കിയിരിക്കുന്നത് ഇവരുടെ കൗതുകങ്ങള്‍ക്ക് മാറ്റ് കൂട്ടി.

 yathra
ചുരം വഴികള്‍ ധാരാളം സമയമെടുത്ത് പിന്നിട്ടതോടെ ലക്കിടിയിലെ വയനാടിന്റെ കവാടത്തില്‍ കുളിര്‍കാറ്റ് ഇവരെ സ്വാഗതം ചെയ്തു.വയനാട് ടൂറിസം നടതതിപ്പികാരുടെ പ്രത്യേക സ്വീകരണം.അതിനുശേഷം നേരെ വൈത്തിരി വില്ലേജ് റിസോര്‍ട്ടിലേക്ക്.

പരമ്പരാഗത വസ്ത്രങ്ങളായ മുണ്ടും ജൂബയും ധരിച്ച പുരുഷന്‍മാരും സെറ്റ് സാരിയുടുത്ത സ്ത്രീകളുമടങ്ങുന്ന സംഘത്തെ കേരളീയാചാരങ്ങളോടെയാണ് താമസ സ്ഥലമായ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ വരവേറ്റത്. പാശ്ചാത്ത്യവേഷങ്ങള്‍ക്ക് പകരം കേരളത്തിന്റെ പരമ്പരാഗതമായ സെറ്റുമുണ്ടും കസവു മേല്‍മുണ്ടുമെല്ലാം  ഇവിടെ ഒരുക്കിയിരുന്നു.പുതിയ വേഷണണിഞ്ഞ് ഇവരെല്ലാം പുറത്തിറങ്ങിയതോടെ സെല്‍ഫിയുടെ മേളമായി.

yathra
ആവേശത്തിലായിരുന്നു സംഘാങ്ങളെല്ലാം. നെറ്റിയിലെ ചന്ദനക്കുറിയും കയ്യിലെ മൈലാഞ്ചിയും പലര്‍ക്കും പുത്തന്‍ അനുഭവമായി. പിന്നെ കൈരളിയുടെ തനതു വിഭവങ്ങളും ഇവര്‍ക്ക് രുചിഭേദങ്ങള്‍ നല്‍കി.വയനാടിന്റെ ഊഷ്മളമായ വരവേല്‍പ്പില്‍ ഇവര്‍ മനം മയങ്ങി.

പൂക്കോട് തടാകത്തെ പിന്നിട്ട് പുരാതന മനുഷ്യര്‍ ശിലയില്‍ ചിത്രഭാഷകള്‍ കേറിയിട്ട അമ്പുകുത്തിമലയിടുക്കിലേക്കായിരുന്നു ഇവരുടെ യാത്ര.യുറോപ്യന്‍ മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പഠനത്തിനായി എത്തിയ എടയ്ക്കല്‍ ഗുഹ ഇവരില്‍ വിസ്മയങ്ങള്‍ ഉയര്‍ത്തി.ഇതിനുമുകളില്‍ നിന്നുമുളള വയനാടിന്റെ വിദൂര കാഴ്ചകളില്‍ എല്ലാവരും ഏറെ നേരം നോക്കിനിന്നു. പ്രകൃതി ഭംഗിയെ ആവോളം പുകഴ്ത്തിയായിരുന്നു ഇവരുടെ മലയിറക്കം.

 
ഗോത്ര ജീവിത തുടിപ്പുകള്‍ ആലേഖലം ചെയ്യുന്ന നാട്ടുവഴികളിലൂടെയായിരുന്നു ഇവരുടെ രണ്ടാം ദിനത്തിലെ യാത്ര. ഗ്രാമീണ ജീവിതം അടുത്തറിഞ്ഞ് ഗ്രാമവാസികളോട് കുഴലം പറഞ്ഞായിരുന്നു ഇവരുടെ യാത്ര.  നെല്ലാറച്ചാല്‍, തൃക്കൈപ്പറ്റ, അമ്പലവയല്‍ എന്നിവിടങ്ങളിലെ ആദിവാസി ഊരുകള്‍, കൃഷി സ്ഥലങ്ങള്‍, കരകൗശലോത്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൂടെ ഇവര്‍ യാത്ര തുടര്‍ന്നു.
 
yathra
ടൂറിസം വകുപ്പിന്റെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന അന്താരാഷ്ട്ര ബ്ലോഗെഴുത്തുകാരുടെ സംഘം വയനാട് ജില്ലയിലെത്തിയത്.ഫിലിപ്പീന്‍സ്,സ്‌പെയിന്‍,ഇന്തോനേഷ്യ,അമേരിക്ക തുടങ്ങിയുള്ള രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്.മാര്‍ക്കിയോ റൊമാനിയോ,സൂസന്ന ചിമിലിയോ തുടങ്ങിയ പാശ്ചാത്തയരാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള എഴുത്തുകാരണ് ബ്ലോഗ് എക്‌സപ്രസ്സിലുള്ളത്. 

 

കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ബ്ലോഗെഴുത്തുകാരുടെ സംഘത്തെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചത്.ടൂറിസം വകുപ്പിന്റെ കേരള ബ്ലോഗ് എക്‌സ്പ്രസ്സ് എന്ന ബ്ലോഗിലൂടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയവരാണ് സംഘത്തിലുള്ളത്. 

 

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി മുപ്പത് പേരെയാണ് സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത്. ഇവരുടെ യാത്രാ ചെലവുകള്‍ ടൂറിസം വകുപ്പാണ് വഹിക്കുന്നത്. താമസവും ഭക്ഷണവും മറ്റ് ചെലവുകളും പൊതുമേഖല സ്ഥാപനങ്ങളും ഹോട്ടലുകളടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നു.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ  പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെ പിന്നിട്ടാണ്  ഇവര്‍ ഈ നാടിനെ അടുത്തറിയുന്നത്.