നമ്മളെ കാടുമായി തൊടുവിപ്പിക്കുന്ന ചില വിരലുകള്‍ ഉണ്ട്. അത്യപൂര്‍വമായ വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ആവാസ ഇടങ്ങളിലേക്ക് നമ്മെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുന്നവര്‍. വനശോഷണത്തെക്കുറിച്ചും അന്യം വന്നു കൊണ്ടിരിക്കുന്ന ജന്തു-സസ്യജാലങ്ങളെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നവര്‍. കാടിന് ചേരാത്തത് ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ 'അരുതേ...' എന്നു വേദനിക്കുന്നവര്‍. വന്യശുദ്ധിയോടെ നില്ക്കുന്ന  ഇവരെ നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ട്. ഇവരാണ് കാടിന്റെ യഥാര്‍ഥ കാവലാള്‍...

പെരിയാര്‍ കാടുകളിലൂടെയുള്ള അലച്ചിലുകളില്‍ വാച്ചര്‍ കണ്ണന്റെ സാന്നിധ്യം എല്ലായ്‌പ്പോഴും കാടുപോലെത്തന്നെ എന്നില്‍ നിറഞ്ഞു നില്ക്കുന്നു. കണ്ണനോടൊപ്പമുള്ള ഓരോ കാടുകയറ്റവും എനിക്ക് ഓരോ പഠന പുസ്തകമാണ്. പൂമ്പാറ്റകളെയും പുല്‍ച്ചാടികളെയും മരങ്ങളെയും വേഴാമ്പലുകളെയും ആനയെയും കടുവയെയും കരടിയെയും മത്സ്യങ്ങളെയുമൊക്കെ ജീവിതചക്രങ്ങളോടെയാണ് പരിചയപ്പെടുത്തി തരിക. അവയുടെ ഒക്കെ ശാസ്ത്രനാമവും കണ്ണന് പരിചിതമാണ്. ഒരു വൃക്ഷത്തിന്റെയോ പുല്‍ക്കൊടിയുടെയോ പേര് തിരിച്ചറിയാന്‍ അതിന്റെ ഇല കീറി നോക്കിയോ കൊമ്പൊടിച്ച് നോക്കിയോ വേര് പിഴുത് നോക്കിയോ പൂക്കള്‍ നോക്കിയോ ഒന്നും കണ്ണന് അറിയേണ്ട. ആ വൃക്ഷമോ പുല്‍ക്കൊടിയോ കണ്ടാല്‍ മാത്രം മതി. 

ഇന്ത്യയിലെ പ്രസിദ്ധ ജന്തുശാസത്രജ്ഞനായ ഡോ: ജോണ്‍ സിങ് ഒരിക്കല്‍ പെരിയാര്‍ കാടുകളിലൂടെ പഠന സംഘവുമായി സഞ്ചരിക്കുമ്പോള്‍ ഒരു കാട്ടുവൃക്ഷം ചൂണ്ടി അതിന്റെ പേര് ഏതെന്ന ഒരു ചോദ്യം കൂടെയുള്ളവരിലേക്ക് എറിഞ്ഞു. കൂടെ ഉണ്ടായിരുന്ന സസ്യലോക സ്‌പെഷലിസ്റ്റുകള്‍ക്കൊന്നും ഏത് വൃക്ഷമാണെന്ന് തിരിച്ചറിയാനായില്ല. പക്ഷേ, കണ്ണന്‍ ആ വൃക്ഷത്തിന്റെ ശാസ്ത്രനാമം പറഞ്ഞു; എല്ലാവരേയും അദ്ഭുതപ്പെടുത്തി. 

ഒരു ഉച്ചയ്ക്ക് ശേഷമാണ് ഞാനും ജലീലും കണ്ണനോടൊപ്പം മുളംചങ്ങാടം തുഴഞ്ഞു പോയത്. ഡിയര്‍ ഐലന്‍ഡില്‍ ഒരു കാട്ടുപോത്തിനെ കടുവ പിടിച്ചു എന്ന വാര്‍ത്ത കിട്ടിയിരുന്നു. രാത്രിക്കുള്ള ഭക്ഷണസാധനങ്ങള്‍ കൂടി കരുതിയായിരുന്നു ഞങ്ങളുടെ യാത്ര. താന്നിക്കുടിയില്‍ നിന്നും ആറുമണിക്കൂര്‍ മുളംചങ്ങാടം തുഴയുമ്പോള്‍ കടുവയെ ഉടനെ എടുത്തുകളയാം എന്ന വ്യാമോഹമൊന്നും ഉണ്ടായിരുന്നില്ല. കണ്ണനോടൊത്ത് പെരിയാര്‍ തടാകത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു യാത്ര. കാറ്റിനെ എങ്ങനെ നേരെ നയിക്കണം എന്നൊക്കെയുള്ള പാഠങ്ങള്‍. തുഴഞ്ഞു ശരീരം ഏറെ ചൂടാകുമ്പോള്‍ ചങ്ങാടത്തില്‍ പിടിച്ച് പെരിയാറിന്റെ കുളിരിലേക്ക് ഇറങ്ങിക്കിടക്കും. വീണ്ടും ചങ്ങാടത്തില്‍ കയറി തുഴച്ചില്‍ തുടരും. സന്ധ്യയോടെ ഞങ്ങള്‍ ഡിയര്‍ ഐലന്‍ഡില്‍ എത്തിച്ചേര്‍ന്നു. ഒരു വലിയ കാട്ടുപോത്തിനെയാണ് കൊന്നിട്ടിരിക്കുന്നത്. തൊട്ടരികില്‍ വലിയൊരു മല്‍പ്പിടിത്തം കഴിഞ്ഞപോലെ മണ്ണ് ഇളകി കിടന്നിരുന്നു. തടാകത്തില്‍നിന്നും അല്പം നീങ്ങി ആയിരുന്നു ആ ജഡം കിടന്നിരുന്നത്. അതിന് രണ്ടു വശങ്ങളിലുമായി ഒരോ കുറ്റി നാട്ടി രണ്ട് ക്യാമറ ട്രാപ്പുകളും വെച്ചിരിക്കുന്നു. 

എന്നെ കുറച്ചപ്പുറത്തുള്ള ഒരു വൃക്ഷത്തില്‍ ഇരുത്തിയിട്ട് കണ്ണനും ജലീലും തുഴഞ്ഞു പോയി. രാവേറെ ചെന്നിട്ടും കടുവ വന്നില്ല. തിരിച്ചെത്തിയ കണ്ണനോടൊപ്പം ചത്ത കാട്ടുപോത്തിനെ ഉപേക്ഷിച്ച് തിരികെ തുഴയുമ്പോള്‍ പരിചയമില്ലാത്ത ചാലുകളിലൂടെയാണല്ലോ തുഴയുന്നതെന്ന ചിന്തയൊന്നും തോന്നിയില്ല. കൂടെ പെരിയാര്‍ കാടുകളുടെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന കണ്ണനും കൂടെയുള്ളപ്പോള്‍....

പുലരി വരെ തടാകക്കരയിലെ പരന്ന ഒരു പാറയിലാണ് കഴിഞ്ഞത്. ഇടയ്ക്ക് ഉറങ്ങിയും ഉറങ്ങാതെയും അരികിലെവിടെയോ ഒരു ആനക്കുട്ടത്തിന്റെ അനക്കങ്ങള്‍ കേട്ടിരുന്നു. കടുവയുടെ ചിന്ത വീണ്ടും മനസ്സിലേക്ക് വന്നപ്പോള്‍ കണ്ണന്‍ പറയുന്നുണ്ടായിരുന്നു.

''സാറെ ഇതിലും ഭേദം സ്റ്റുഡിയോവില്‍ കൊണ്ടു പോയി ഒരു കാട്ടുപോത്തിനെ കിടത്തുകയായിരിക്കും. ആ ക്യാമറ ട്രാപ്പുകള്‍ കണ്ടാല്‍ ഒരു കാക്ക പോലും ആ ജഡത്തില്‍ അടുക്കില്ല. കടുവ ഏറെ ബുദ്ധിമുട്ടിയാണ് ഓരോ ഇരയേയും പിടിക്കുന്നത്. അതിനെ ഭക്ഷിക്കാന്‍ കൂടി സമ്മതിക്കാത്ത തരത്തിലാണ് കടുവ പഠനം പോകുന്നത്''

അല്‍പ്പം അകലെ മറച്ചു വെക്കേണ്ടതായിരുന്നു ആ ക്യാമറ ട്രാപ്പുകള്‍ എന്ന് എനിക്കും തോന്നിയിരുന്നു. കാടിനെയും അതിലെ ജീവജാലങ്ങളെയുംക്കുറിച്ച് അറിയാത്തവര്‍ കാടു കയറുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്.

മറ്റുള്ള ആനകളെ ഉപദ്രവിക്കുന്ന ഒരു കൊമ്പന്‍ ആനയുണ്ട് പെരിയാര്‍ കാടുകളില്‍, പ്രത്യേകിച്ച് പിടിയാനകളെ. ചില ആനകള്‍ ചത്തുപോവുകയും ചിലതിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. കണ്ണന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഗാര്‍ഡ് സുഭാഷും വാച്ചര്‍ മോഹനനും ആ ആനയെക്കുറിച്ച് പഠനം നടത്തുകയാണ്.  'ആല്‍ഫാ മെയില്‍'  എന്ന ഒരു പേരാണ് അവരതിന് ഇട്ടിരിക്കുന്നത്. ഒരു വര്‍ഷമായി അവനു പിന്നാലെയാണ് കണ്ണനും കൂട്ടരും. പഠന റിപ്പോര്‍ട്ടുകള്‍ വനം വകുപ്പില്‍ കൊടുത്തിരുന്നു. 

കോരിച്ചൊരിയുന്ന മഴയില്‍ പാല്‍കാച്ചിമലയില്‍ ആളനക്കം കണ്ട് പാതിരാവില്‍ ഒരു ടോര്‍ച്ചു മാത്രം എടുത്ത് കഠിനമായ ആ കയറ്റം കയറി തനിയെ ചെന്ന കണ്ണനെ റെയ്ഞ്ച് ഓഫീസറായിരുന്ന രാധാകൃഷ്ണന് മറക്കാനാകില്ല. പെരിയാറിനെ വേട്ടക്കാരില്‍ നിന്നും മോചിപ്പിച്ചതില്‍ കണ്ണന്റെ സ്ഥാനം എന്നും മുന്നില്‍ തന്നെയാണ്.

രണ്‍തംഭോര്‍ ടൈഗര്‍ ഫൗണ്ടേഷന്റെ 'ടൈഗര്‍ ലിങ്ക് അവാര്‍ഡ്', സാങ്ച്വറി ഏഷ്യ മാസികയുടെ 'ടൈഗര്‍ കണ്‍സര്‍വേഷന്‍ അവാര്‍ഡ്', മാധവന്‍പിള്ള ഫൗണ്ടേഷന്റെ ഒരുലക്ഷം രൂപയുടെ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് എന്നിവ കണ്ണനെ തേടിയാണ് ചെന്നത്. 

*  *  *  *  *  *

forest watchmen


പറമ്പിക്കുളത്തെ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് നെല്‍സണ്‍ സാര്‍ ആണ് വിജയനെ എന്റെ കൂടെ പറഞ്ഞുവിട്ടത്. പക്ഷേ, അതിലും മുമ്പെ പറമ്പിക്കുളം കാടുകള്‍ പോലെ എനിക്ക് പരിചിതനായിരുന്നു വിജയന്‍. 

ഒരിക്കല്‍ വിജയനും ജിമ്മിയും കണ്ണനും പ്രഭുവുമൊക്കെ ചേര്‍ന്ന് ഞങ്ങള്‍ പണ്ടാരവരയിലെ വരയാടുകളെ കാണാന്‍ പോയി. കുത്തനെയുള്ള കയറ്റം കയറി മുകളിലെത്തുമ്പോള്‍ അസ്തമയം. പണ്ടാരവരയുടെ മുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ തടാകങ്ങളും തേക്കുതോട്ടങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന പറമ്പിക്കുളം. പണ്ടാരവരയുടെ കാല്‍ച്ചോട്ടില്‍ കരിയാന്‍ചോല ഇരുണ്ടും കിടന്നു. അടുത്ത ദിവസം പുലര്‍ച്ചെ വരയാടുകളെ ക്യാമറയിലാക്കിയ ഞങ്ങള്‍ക്ക് കരിയാന്‍ചോലയില്‍ എത്തിയപ്പോള്‍ വഴിതെറ്റി. ഒരു ലക്ഷ്യവും ഇല്ലാത്ത അലച്ചില്‍ പോലെ. കാലില്‍ നിറയെ അട്ടകള്‍ കയറിക്കഴിഞ്ഞിരുന്നു. 

ആ മഴക്കാട് അന്ന് അതിന്റെ നിഗൂഢതയില്‍ ചിരിച്ചു കാണും. ജിമ്മിയായിരുന്നു ആദ്യം ഞങ്ങളെ നയിച്ചത്. പിന്നെ കണ്ണന്‍. അപ്പോഴൊക്കെ ഞാന്‍ ആ വഴിതെറ്റല്‍ ആസ്വദിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് വഴി ഒന്നും തെറ്റിയിട്ടുണ്ടായിരുന്നില്ല. കാട്ടില്‍ നാം നടക്കുന്നതൊക്കെ ഒരോ വഴികളല്ലേ?

ഒടുവില്‍ വിജയന്റെ പിറകെ ആയി എല്ലാവരും നടത്തം. വിജയനു മുന്നില്‍ കരിയന്‍ചോല വഴി തുറക്കുകയായിരുന്നു. കാടിനു പുറത്തുകടന്നപ്പോള്‍ വിജയന്‍ കരിയന്‍ചോലയെ തിരിഞ്ഞുനിന്നു വന്ദിച്ചു. കൂടെ ഞങ്ങളും. 

'വിജയന്‍ ആദിവാസിയാണ്, കാട്ടിലെ കോമ്പസ് ആണ്' ഞങ്ങളുടെ കാട്ടുവിശേഷങ്ങള്‍ കേട്ടു നെല്‍സണ്‍ സാര്‍ ചിരിച്ചു. 

കേരളത്തിന്റെ ആദ്യത്തേയും വ്യക്തതയാര്‍ന്നതുമായ ഒരു കടുവാമുഖം പറമ്പിക്കുളത്തു നിന്നും എന്റെ ക്യാമറയിലേക്ക് പകര്‍ത്തിയത് വിജയനോടൊപ്പമായിരുന്നു. എന്റെ ആദ്യകാല പറമ്പിക്കുളം വന്യജീവി ചിത്രങ്ങള്‍ക്കായി എന്നെ നയിച്ചിരുന്നവരില്‍ വിജയന്‍ എപ്പോഴും മുന്നിലായിരുന്നു. വന്യജീവികളുടെ ചവിട്ടടിപ്പാടുകള്‍ നോക്കി അവയുടെ ആവാസ ഇടങ്ങളില്‍ എത്താനുള്ള വിജയന്റെ കഴിവ് അപാരമായിരുന്നു. 

കോരിച്ചൊരിയുന്ന മഴയിലൂടെ ഞങ്ങള്‍ ഒരിക്കല്‍ പറമ്പിക്കുളത്ത് നിന്നും വാഴച്ചാലിലേക്ക് നടന്നുപോയ ഓര്‍മ മഴയുടെ നനവോടെയും മഴക്കാടിന്റെ ഗന്ധംപോലെയും നില്‍ക്കുന്നു. ശക്തമായി ഒഴുകുന്ന ചാലക്കുടി പുഴയെ ഒരുകൊമ്പന്‍കുട്ടിയില്‍ വെച്ച് മുറിച്ചു കടക്കുമ്പോള്‍ വിജയന്റെ ഇടറാത്തതും ഉറച്ചതുമായ കാല്‍പ്പാദങ്ങളുടെ പിന്തുണയുണ്ടായിരുന്നു.

സിംഹവാലന്‍മാരെ തേടി നെല്ലിയാംപതി മലനിരകളിലേക്ക് പറമ്പിക്കുളത്തുനിന്നും ഞാനും ജലീലും നടക്കുമ്പോഴും വിജയന്‍ വഴിതെളിച്ചു മുന്നിലുണ്ടായിരുന്നു. അന്നത്തെ കാട്ടുവഴി അലച്ചിലുകളില്‍ ഞങ്ങളുടെ പ്രധാന ആഹാരം 'അവില്‍' ആയിരുന്നു. അത് കട്ടന്‍ ചായയില്‍ കുതിര്‍ത്തി ഭക്ഷിക്കും. എപ്പോഴും അതു തന്നെ ആഹാരം. ഒടുവില്‍ അവിലിന്റെ കാര്യം പറഞ്ഞാല്‍ വിജയന്‍ ചിരിച്ചു കൈകുപ്പി പറയുന്നു ''സാമി ആളെ വിട്. അവില്‍ ചവച്ച്, ചവച്ച് വായ തുറക്കാതെ ആയിപ്പോയി''.

നെല്‍സണ്‍ സാറിന്റെ ടൈഗര്‍ മോണിറ്ററിന്റെ പ്രധാനി വിജയനായിരുന്നു. അക്കാലത്ത് പറമ്പിക്കുളത്തെ മുക്കിലും മൂലയിലും അലഞ്ഞ് വിജയനും സംഘവും കടുവകളുടെ കാലടയാളങ്ങള്‍ (പഗ്മാര്‍ക്ക്) ശേഖരിച്ചു. പറമ്പിക്കുളം കടുവാസങ്കേതമായി ഉയരാനുള്ള അടിത്തറ പാകുകയായിരുന്നു നെല്‍സണ്‍ സാറിന്റെ കീഴില്‍ വിജയനും കൂട്ടരും. വിജയനും കടുവകളും മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍ ഏറെ. 
മലമുഴക്കികളെ തേടിയുള്ള എന്റെ അലച്ചിലുകളില്‍ വിജയനും ഉണ്ടായിരുന്നു. ഞാന്‍ ഏതെങ്കിലും വൃക്ഷത്തില്‍ കാത്തിരുപ്പ് തുടരുമ്പോള്‍ വിജയന്‍ ചോലയിലെവിടെയെങ്കിലും തനിച്ചിരുന്നു സിനിമാ ഗാനങ്ങള്‍ ആസ്വദിക്കും. അതയാള്‍ക്ക് ജീവനാണ്. 

ഇപ്പോള്‍ പറമ്പിക്കുളം കടുവ സങ്കേതത്തിലെ ടൈഗര്‍ മോണിട്ടറിങ്ങില്‍ ജോലി നോക്കുന്നു വിജയന്‍. കാട്ടിലൂടെ കടുവകളുടെ കാലയടാളങ്ങള്‍ തേടി അയാള്‍ നടന്നു കൊണ്ടിരിക്കുന്നു...

*  *  *  *  *  *

forest watchmen
'ടൈഗര്‍ ശ്രീനി'യെ പരിചയപ്പെടുത്തിത്തന്നത് വിജയനായിരുന്നു. അന്ന് വെറും ശ്രീനിവാസനായിരുന്നു. തെല്ലിക്കല്‍ പുഴയിലൂടെ എന്നോടൊപ്പം ശ്രീനി നടക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ആദിവാസിയുടെ എല്ലാ കഴിവുകളും ശ്രീനിക്കുണ്ടായിരുന്നു. ഏത് വൃക്ഷവും കയറും, ഏത് പുഴയും മറികടക്കും, എല്ലാ വന്യജീവികളേയും തിരിച്ചറിയാം. ഒന്നിനേയും ഭയമില്ല...

പിന്നീട് ശ്രീനി വളരുകയായിരുന്നു. കടുവകളെ തേടി മാത്രമായിരുന്നു എന്റെയും ശ്രീനിയുടെയും അലച്ചില്‍. പറമ്പിക്കുളം കടുവാസങ്കേതമായി ഉയര്‍ത്താനുള്ള ശ്രമങ്ങളും കടുവ ചിത്രങ്ങള്‍ക്കായുള്ള ക്യാമറ ട്രാപ്പുകളും കടുവകളുടെ എക്‌സ്‌പേര്‍ട്ടുകളും ഒക്കെ പറമ്പിക്കുളത്ത് എപ്പോഴും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഞാനും ശ്രീനിയും കാടിനകത്ത് ലയിച്ചു. കടുവാ സങ്കേതമാകുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഞ്ചു കടുവകളാണ് എന്റെ ക്യാമറയില്‍ ഒറ്റദിവസം പതിഞ്ഞത്. ആദ്യമേ ശ്രീനിയുടെ കൊച്ചു ക്യാമറയില്‍ അവ ഒരുമിച്ചു നിന്നുകൊടുക്കുകയായിരുന്നു. അതിനുശേഷമായിരുന്നു ശ്രീനിയോടൊപ്പം എന്നെ കാത്തു കിടന്ന കടുവകളെ തേടി ചെന്നത്.

പിന്നീടങ്ങോട്ട് കടുവകളും ശ്രീനിയും എന്നോടൊപ്പം സഞ്ചരിക്കുകയായിരുന്നു. എന്റെ ഓരോ കടുവ ചിത്രങ്ങള്‍ക്കും പിന്നില്‍ പറമ്പിക്കുളത്ത് ശ്രീനിയുണ്ടായിരുന്നു. ശ്രീനി കാട്ടിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അപ്പോഴൊക്കെ അയാളുടെ കൊച്ചു ക്യാമറയിലേക്ക് കടുവകള്‍ വന്നു നിറയുകയായിരുന്നു. അങ്ങനെ 'ടൈഗര്‍ ശ്രീനി' യിലേക്ക് ഉള്ള മാറ്റം. ഒരു ക്യാമറ ശ്രീനിക്കു വാങ്ങിക്കൊടുത്തു. നിമിഷ നേരംകൊണ്ട് അതിന്റെ എടുക്കുന്ന രീതികള്‍ പഠിച്ചു. പറമ്പിക്കുളത്തേക്കുള്ള എന്റെ യാത്രയില്‍ കടുവകളുടെയും പുള്ളിപുലിയുടെയും കരടിയുടെയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തി ശ്രീനി എന്നെ അദ്ഭുതപ്പെടുത്തി. 

കാട്ടിലൂടെയുള്ള ശ്രീനിയുടെ ഏകാന്തയാത്രകളില്‍ ഒരിക്കല്‍ ഒരു ചെറിയ വള്ളിപ്പടര്‍പ്പിലെ ഏറ്റവും താഴത്തെ കൊമ്പില്‍ വെറുതെ ഇരിക്കുകയായിരുന്നു. കുറച്ചപ്പുറം മാറി ഒരു നീര്‍ച്ചാല്‍ ഒഴുകുന്നുണ്ടായിരുന്നു. അതിലേക്ക് വെള്ളം കുടിക്കാനായി വരുന്ന വന്യജീവികളാണ് ശ്രീനിയുടെ നോട്ടം. നല്ല ഉച്ചസമയം, പെട്ടെന്നാണ് ഒരു പുള്ളിപ്പുലി നടന്നു വരുന്നത് കണ്ടത്. അത് ശ്രീനിയുടെ ഇരിപ്പിടത്തില്‍ നിന്നും ഒരു പത്ത് പന്ത്രണ്ട് അടി മാത്രം താഴെക്കൂടി  നടന്ന് നീങ്ങിയ ആ മുഹൂര്‍ത്തം ശ്രീനി കൊച്ചു ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഫ്രെയിം നിറഞ്ഞു നില്‍ക്കുകയായിരുന്നു ആ പുള്ളിപ്പുലി. അതും നല്ല വ്യക്തതയേടെ. 

നാലു കടുവകള്‍കൂടി ഒരു കാട്ടുപോത്തിനെ കൊന്നിട്ടതും ശ്രീനിവാസനും പ്രഭുവും അങ്ങോട്ടടുത്തപ്പോള്‍ അതില്‍ നിന്നും ഒരു കടുവ അവരുടെ നേരെ നടന്നു ചെന്നതും ശ്രീനിവാസന്‍ വിശദീകരിച്ചു. അപ്പോള്‍ ആ കടുവകളുടെ മുഖവും മുന്‍കൈകളും രക്തം പുരണ്ടിരുന്നത് അവരെ ഭയപ്പെടുത്തി, അവിടെനിന്ന് എളുപ്പം മാറിപ്പോരാന്‍ പ്രേരിപ്പിച്ചു. 

കോട്ടാളി ഭാഗത്തെ വലിയൊരു കടുവയെക്കുറിച്ച് ശ്രീനിവാസന്‍ എപ്പോഴും പറയും. ആ കടുവ ഇണചേരുന്ന കാലത്തും ഒറ്റയ്ക്കു തന്നെയാണത്രേ നടപ്പ്. പറമ്പിക്കുളത്തെ ഏറ്റവും വലിയ കടുവ അതായിരിക്കാം എന്ന് ശ്രീനിക്കു തോന്നി. ഒരിക്കല്‍ ചാറ്റല്‍മഴ നനഞ്ഞു പറമ്പിക്കുളത്തുനിന്ന് ശ്രീനിവാസന്‍ തനിയെ കോട്ടാളിയിലേക്ക് നടക്കുകയാണ്. ഇടതുവശം ഷോളയാര്‍ പുഴ ഒഴുകുന്നു. അതിനപ്പുറം കറുത്തിരുണ്ട ഷോളയാര്‍ കാട്.

പുഴയോരത്തെ ഈറ്റക്കാടുകളുകളില്‍ എന്തോ ഞെരിഞ്ഞമരുന്ന ശബ്ദങ്ങള്‍ കേട്ട് ശ്രീനി നോക്കി. ആ കാഴ്ച ഒരിക്കലും മറക്കില്ല എന്നാണ് പിന്നിടയാള്‍ പറഞ്ഞത്.

വലിയൊരു കാട്ടുപോത്ത് വീണു കിടക്കുന്നു. അപ്പോള്‍ വീണതേയുള്ളു. അതിന്റെ മുതുകില്‍ പല്ലുകള്‍ ആഴ്ത്തി ആ വലിയ കടുവ ഈറ്റക്കാടിനകത്തേക്ക് വലിച്ചു കയറ്റുന്നു. ശ്രീനിവാസനെ കണ്ടതും അത് കാട്ടുപോത്തിനെ വിട്ട് മുഖമുയര്‍ത്തി നോക്കി. മഴത്തുള്ളികളോടൊപ്പം ഇറ്റുവീഴുന്ന രക്തത്തുള്ളികളും ഷോലയാറിലേക്ക് ഒഴുകി ക്കൊണ്ടിരിക്കുന്ന ചുടുചോരയും. ആ പ്രദേശം മുഴുവന്‍ ഉഴുതുമറിച്ചപോലെ ആയിരുന്നു. വലിയൊരു മല്‍പ്പിടുത്തത്തോടെ ആയിരിക്കണം വലിയ ആ കാട്ടുപോത്ത് വീണത്. അത്തരം കാട്ടുപോത്തുകളെ കടുവ ഒറ്റയ്ക്ക് കൊല്ലുകയില്ല എന്നായിരുന്നു അതുവരെ ശ്രീനിവാസന്‍ കരുതിയിരുന്നത്. 

ഇന്ന് പറമ്പിക്കുളത്തിന്റെ ടൈഗര്‍ മോണിറ്ററിങ് ടീമിന്റെ നട്ടെല്ലാണ് ശ്രീനിവാസന്‍. കടുവകളെക്കുറിച്ചുള്ള എന്ത് വിവരത്തിനും ശ്രീനിവാസനെയാണ് ആ കടുവസങ്കേതം തേടുന്നത്.  

*  *  *  *  *  *

forest watchmen


മനോഹറിന് പളനി ഹില്‍സിന്റെ ഗന്ധമാണ്. മുപ്പതോളം വര്‍ഷമായിക്കാണും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്. മനോഹറിന് ചുറ്റും എപ്പോഴും വെള്ളക്കാരുണ്ടാവും അവരോടയാള്‍ അയാളുടെ ഇംഗ്ലീഷില്‍ സംസാരിക്കും. നമ്മള്‍ക്കത് മനസ്സിലാവുകയില്ല. തമാശയായി തോന്നാം. പക്ഷേ, വെള്ളക്കാര്‍ക്കത് പിടികിട്ടും. 

മനോഹറിന് കാടുകയറാന്‍ രാവും പകലുമൊന്നും പ്രശ്‌നമല്ല. ഏത് പാതിരാവിലും അയാള്‍ കൊടൈക്കനാലിലേക്ക് നടന്നുപോകാന്‍ തയ്യാര്‍. കാരണം അയാള്‍ പിറന്നു വീണത് പളനി ഹില്‍സിന്റെ മടിയിലാണ്.

ഗണേശന്‍ എന്ന ആനയുടെയും അവന്റെ പ്രണയിനിയുകളുടെയും ഒപ്പം ഞങ്ങള്‍ ഒത്തിരി അലഞ്ഞിട്ടുണ്ട്. പലപ്പോഴും ആനകള്‍ ഞങ്ങളെ തിരിച്ചറിയാറുമുണ്ടായിരുന്നു. ഒരിക്കലും പ്രകോപന രീതിയിലൊരു സമീപനം ഉണ്ടായിരുന്നില്ല. 

മഞ്ഞിലും മഴയിലും നിലാവിലും വെയിലിലും കൊണ്ടൊക്കെ ഞങ്ങള്‍ ഷോലക്കാടുകളിലും പുല്‍മേടുകളിലുമൊക്കെ ഏറെ അലഞ്ഞിട്ടുണ്ട്. നീലഗിരി മാര്‍ട്ടെന്റെയും മൂക്കന്‍ അണ്ണാന്റെയുമൊക്കെ ചിത്രങ്ങള്‍ ഞാന്‍ ഇവിടുത്തെ കാടുകളില്‍നിന്ന് പകര്‍ത്തുമ്പോള്‍ മനോഹറും കൂടെയുണ്ടായിരുന്നു.

പളനി ഹില്‍സിലെ ഏറ്റവും ഉയരമാര്‍ന്ന വന്തറവു മല ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ 'പാമ്പാടുംഷോല നാഷണല്‍ പാര്‍ക്ക.്'  നാഷണല്‍ പാര്‍ക്ക് ആകുന്നതിന് മുന്‍പ് ആ ഷോലക്കാടിന്റെ കാവല്‍ക്കാര്‍ ഞങ്ങള്‍ ആയിരുന്നു എന്ന് ഉറപ്പിച്ച് പറയാനാകും. കഞ്ചാവു വെട്ടാനും കള്ളന്‍മാരെ പിടിക്കാനും മനോഹറും എന്റെ കരാട്ടെ സുഹൃത്തുക്കളും ഒത്തിരി കയറി ഇറങ്ങിയിട്ടുണ്ട് ആ മലനിരകളില്‍. അത്തരം അനുഭവങ്ങളിലൂടെ കടന്നു വന്ന ഞങ്ങള്‍ക്ക് ഇപ്പോള്‍ ആ വനപ്രദേശം പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കാക്കിയപ്പോള്‍ ഏറെ സന്തോഷം തോന്നി. പക്ഷേ, ഇപ്പോള്‍ ദുഃഖമാണ് തോന്നുന്നത് എന്ന് മനോഹര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. 

വന്യജീവികള്‍ എപ്പോഴും കാണുന്ന ഭാഗത്ത് കെട്ടിടങ്ങള്‍ പണിത് അവയെ അവിടെനിന്നും അകറ്റി. ആവശ്യമില്ലാത്ത ഇടങ്ങളിലൊക്കെ ചെക് ഡാമുകള്‍ പണിത് പുല്‍മേടിനെയും ചതുപ്പിനെയും നശിപ്പിച്ചു. ആ കൊച്ചു ഷോലക്കാടിനകത്തളങ്ങളില്‍ ട്രക് പാത്തുകള്‍ എന്ന പേരില്‍ അത്യപൂര്‍വ മരക്കുറിഞ്ഞി ചെടികളെയും മറ്റും വെട്ടിനീക്കി. ഷോലക്കാട് ഇപ്പോള്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിറയുകയാണ്.
മനോഹറിന്റെ യാത്രകളിലൊക്കെ അയാള്‍ വഴിയില്‍ കിടക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുമായിരുന്നു. ഇപ്പോള്‍ എത്ര പെറുക്കിയാലും തീരത്ത അത്രയും ഉണ്ട്. 

മൂന്നാറിനെ ടൂറിസ്റ്റ് മാപ്പിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതില്‍ മനോഹറിനും പങ്കുണ്ട്. കൊടൈക്കനാലില്‍നിന്ന് വെള്ളക്കാരന്റെ കൈ പിടിച്ച് പളനി ഹില്‍സിലൂടെ രണ്ടുമൂന്ന് നാള്‍ നടത്തിക്കൊണ്ടുവരുന്ന മനോഹര്‍. അവരില്‍ ചിലരൊക്കെ പല  ട്രാവല്‍മാസികകളിലും മൂന്നാറിനെക്കുറിച്ചും മനോഹറിനെ കുറിച്ചുമൊക്കെ എഴുതി. അന്ന് മൂന്നാറില്‍ ടൂറിസ്റ്റുകള്‍ ആരും വരാറില്ല. ടോപ്‌സ്റ്റേഷന്‍ ആകട്ടെ ആര്‍ക്കും തിരിച്ചറിയാത്ത ഒരിടവും. 

എന്നെ സംബന്ധിച്ച് പളനി ഹില്‍സും മനോഹറും ഒരിക്കലും മടുക്കാത്ത കാഴ്ച്ചകളും അനുഭവങ്ങളുമാണ്. അതെ ഷോലക്കാടിന്റെ ഗന്ധമുള്ള മനുഷ്യന്‍.

*  *  *  *  *  *

കാടിനെന്നും കാവലും കരുത്തും

 

forest watchmen

 

വനം വകുപ്പില്‍ ഒത്തിരി നല്ല ഉദ്യോഗസ്ഥന്‍മാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ പലരും റിട്ടയേര്‍ഡ് ആവുകയും ചിലര്‍ അതിനു മുന്‍പെ സ്വയം വിരമിക്കുകയും ചെയ്തു. നേരത്തെ നല്ലവരുടെ ഒരു കൂട്ടായ്മയൊക്കെ ഉണ്ടായിരുന്നു. അത്തരം ആളുകളുടെ സമീപനം കൊണ്ടായിരുന്നു, ശേഷിക്കുന്ന കാടെങ്കിലും ബാക്കിനിന്നത്. 

ഇപ്പോള്‍ എനിക്ക് മുന്നില്‍ എടുത്തു പറയാന്‍ ഡി.എഫ്.ഒ. പി. ധനേഷ്‌കുമാര്‍ ഒരു പ്രതിഭാസമായിത്തന്നെ നില്‍ക്കുന്നു. ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം. അദ്ദേഹം ജോലി നോക്കിയിരുന്ന ഇടങ്ങളിലൊക്കെ നാം അന്വേഷിച്ചാല്‍ അറിയുവാനാകും അദ്ദേഹം കാടിനുവേണ്ടി എന്താണ് ചെയ്തതെന്ന്. കഞ്ചാവ്, ചന്ദനം, വന്യജീവിവേട്ട, വനഭൂമി കൈയേറ്റം, അനധികൃത ക്വാറികള്‍ ഇവയില്‍ ഏര്‍പ്പെടുന്നു വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ഡി.എഫ്.ഒ.   ധനേഷ്‌കുമാര്‍ ഒരു പേടി സ്വപ്‌നമാണ്. വെള്ളിക്കുളങ്ങരയില്‍ അദ്ദേഹം ജോലിനോക്കുമ്പോള്‍ എത്രമാത്രം വേട്ടക്കാരാണ് അഴികള്‍ക്കുള്ളില്‍ ആയത്. തെക്കേ ഇന്ത്യയിലെ വേട്ടക്കാരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ആ പ്രദേശം. അവിടെനിന്ന് കര്‍ണാടക വനാന്തരങ്ങളില്‍ പോയി കടുവയെയും ആനയെയും വെടിവെക്കുന്നുണ്ടായിരുന്നു.

മറയൂരിലിരുന്നപ്പോള്‍ ചന്ദനലോബികള്‍ക്ക് ഭയമായി, അട്ടപ്പാടിയില്‍ കഞ്ചാവുകൃഷിക്കാരെ നിയമത്തിന് മുന്നിലെത്തിച്ചു. നെല്ലിയാംപതിയിലെ പാട്ടക്കരാര്‍ തീര്‍ന്ന എസ്‌റ്റേറ്റുകളും കള്ളപ്പട്ടയം ചമച്ച എസ്റ്റേറ്റുകളും അദ്ദേഹം പിടിച്ചെടുത്തു. രാഷ്ട്രീയക്കാരും ഗുണ്ടകളും വനംകൈയേറ്റക്കാരും എത്രയോ വട്ടം ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്തുകയും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹം വിട്ടുകൊടുക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടില്ല. അന്നും കാടും പുഴയും മണ്ണും ഒന്നും നഷ്ടപ്പെടരുതെന്ന് എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന കുറെ ചെറുപ്പക്കാരും ഏതാനും മാധ്യമപ്രവര്‍ത്തകരും മാത്രമായിരുന്നു കൂടെനിന്നത്. 

കാട്ടുകള്ളന്‍മാരെ പിടിക്കാനും വനഭൂമി തിരിച്ചു പിടിക്കാനുമൊക്കെ ഞാനും എന്റെ ആയോധന പ്രാവീണ്യം നേടിയ സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം നിന്നിട്ടുണ്ട്. പലപ്പോഴും അദ്ദേഹം അറിയാതെതന്നെ വരുന്ന അപകടങ്ങള്‍ തടഞ്ഞിട്ടുമുണ്ട്. 

''പിടിച്ചെടുത്ത സ്ഥലം നിങ്ങള്‍ കാടാക്കുകയാണല്ലേ?'' എന്ന് രോഷത്തോടെ ചോദിച്ച രാഷ്ട്രീയക്കാരനോട് പറഞ്ഞത്  ''ഞാന്‍ വനം വകുപ്പ് ജോലിക്കാരനാണ്. എനിക്ക് വനമല്ലേ സംരക്ഷിക്കേണ്ടത്'' എന്നാണ്. 

പറമ്പിക്കുളം കടുവസങ്കേതത്തിന് പുറത്തുള്ള വെള്ളിക്കുളങ്ങര, നെല്ലിയാംപതി എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ജോലിനോക്കുമ്പോള്‍ പറമ്പിക്കുളത്ത് കാട്ടുകള്ളന്‍മാര്‍ കയറാന്‍ ഭയപ്പെട്ടിരുന്നു.

നെല്ലിയാംപതി പൂര്‍ണമായും പറമ്പിക്കുളത്തോട് ചേര്‍ക്കേണ്ടതായിരുന്നു. ഡി.എഫ്.ഒ. ധനേഷ്‌കുമാര്‍ തിരിച്ചുപിടിച്ച എസ്റ്റേറ്റുകളൊക്കെ ഇപ്പോള്‍ ചോര്‍ന്നു പോകുന്ന അവസ്ഥ. അദ്ദേഹം നെന്മാറ ഡി.എഫ്.ഒ. ആയിരുന്ന കാലത്ത് ദിനവും പത്രത്താളുകളില്‍ വാര്‍ത്ത വരുമായിരുന്നു. 'ഇന്ന എസ്റ്റേറ്റ് തിരിച്ചു പിടിച്ചു, വനംകൈയേറ്റം തടഞ്ഞു, കരിങ്കല്‍ക്വാറി അടപ്പിച്ചു.'

ഇപ്പോള്‍ ദിനവും കേള്‍ക്കുന്ന വാര്‍ത്തകള്‍ പിടിച്ചെടുത്തവയൊക്കെ വിട്ടു കൊടുക്കുന്ന വാര്‍ത്തകളാണ്. 

നെന്‍മാറയിലായിരുന്നപ്പോള്‍ രാപകലില്ലാതെ ഉറക്കവും ഭക്ഷണവുമില്ലാതെ ഓരോ ഫയലുകള്‍ പഠിക്കുന്നതും  കോടതികള്‍ കയറിയിറങ്ങുന്നതുമൊക്കെ ഞങ്ങള്‍ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. അതൊക്കെ ഒരോ ഇഞ്ചു വനഭൂമിയും തിരിച്ചുപിടിക്കുന്ന നാളുകളായിരുന്നു. അന്ന് പാലക്കാട് വനം കൈയേറ്റക്കാര്‍ക്കെതിരെ പ്രകൃതിസ്‌നേഹികള്‍ ഡി.എഫ്.ഒ. ധനേഷ്‌കുമാറിനെ പിന്തുണച്ചു കൊണ്ട് ഒരുമിച്ചു കൂടുകയുണ്ടായി.

ഡി.എഫ്.ഒ. ധനേഷ്‌കുമാറോടൊപ്പം ജോലി ചെയ്യുന്നവര്‍ പറയും 'ഇത്തരം നാല് ഉദ്യാഗസ്ഥന്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ വനഭൂമിക്കൊന്നും ഈ ഗതികേട് വരില്ലായിരുന്നു' എന്ന്. അദ്ദേഹം നെല്ലിയാംപതിയില്‍ ജോലിനോക്കുന്ന സമയത്ത് അവിടെ പരന്ന ഒരു വാര്‍ത്തയുണ്ട്: 'വനത്തില്‍ കയറരുത് ഇവിടെ വനംവകുപ്പ് ഒരു കടുവയെ കൊണ്ടുവന്നു വിട്ടിട്ടുണ്ട്. സൂക്ഷിക്കണം അല്‍പ്പം പ്രശ്‌നക്കാരനാണ്.' ആ കടുവയുടെ പേര് ഡി.എഫ്.ഒ. ധനേഷ്‌കുമാര്‍ എന്നായിരുന്നു!

ഇത്തരം അപൂര്‍വം ആളുകളുടെ കരങ്ങളിലാണ് നമ്മുടെ അവശേഷിക്കുന്ന പച്ചപ്പുകളുടെ ഭാവി  നിലനില്‍ക്കുന്നത്. പുതിയ ചെറുപ്പക്കാരായ വന ഉദ്യോഗസ്ഥര്‍ നല്ല പ്രതീക്ഷയോടെ വരുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും വേണ്ടത്ര സപ്പോര്‍ട്ടുകളില്ലാതെ ഉള്‍വലിയുന്ന കാഴ്ചകള്‍ കാണുമ്പോള്‍ ധനേഷ്‌കുമാറിന്റെ പ്രത്യേകതയാണ് ശ്രദ്ധിക്കേണ്ടത്.