കട്ടച്ചല്‍ കുഴിയില്‍ വി.വി.ഐ.പി.കള്‍ ഒന്നും താമസമില്ല. കല്യാണമോ പാലു കാച്ചോ (ഗൃഹപ്രവേശം) ഇല്ല. പക്ഷേ, കട്ടച്ചല്‍ക്കുഴി റോഡ് ചില ദിവസങ്ങളില്‍ നിറഞ്ഞ് കവിയും. ബെന്‍സും ലാന്‍സറും സിറ്റിയും ആക്‌സന്റും... കട്ടച്ചല്‍ക്കുഴിക്ക് എന്താണ് ഇത്ര പ്രത്യേകത? ഇവിടെയാണ് 'കോഴി ഉസ്താദ്' സാക്ഷാല്‍ കൃഷ്ണന്‍കുട്ടി ചേട്ടന്റെ കട. ''പത്തായത്തില്‍ നല്ല നെല്ല് ഉണ്ടെങ്കില്‍ അങ്ങ് വയനാട്ടില്‍ നിന്ന് എത്തും എലി'' എന്നതാണ് ഇവിടത്തെ കഥ.

സമയം 11.45. രാവിലെയാണെങ്കില്‍ ഒരു കാലിച്ചായ മാത്രം! ആര്‍ക്കായാലും വിശക്കും. ആ സമയത്ത് നല്ല കോഴിക്കറിയുടെ മണം അടിച്ചാലോ? എന്തായാലും ഒരു കഷ്ണം ചൂടു പുട്ടും ഒരു ചിക്കന്‍ പെരട്ടും കഴിക്കാം. ബൈക്ക് ബാലരാമപുരത്ത് നിന്നും വലത്തോട്ട് തിരിയുന്നു. കട്ടച്ചല്‍ക്കുഴിയിലേക്ക്. ''കൃഷ്ണന്‍കുട്ടി ചേട്ടാ, ഒരു കഷ്ണം പുട്ടും പെരട്ടും''. കഴിച്ചു തുടങ്ങിയപ്പോള്‍ ചിന്ത മാറി. ''12 മണി ആയില്ലേ? ഇന്നത്തെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ചാകാം

''ചേട്ടാ...ഒന്നുകൂടി''

ഒടുവില്‍ ബില്ല് നാല് പുട്ടും അഞ്ച് പെരട്ടും. കുശാല്‍!

നാടന്‍ കോഴിക്കറി, കോഴി പെരട്ട്, കോഴി തോരന്‍, കപ്പ, പുട്ട് ഇവ മാത്രമാണ് വിഭവങ്ങള്‍. ആവി പറക്കുന്നതേ വിളമ്പൂ. നല്ല സ്വാദുള്ള ചാറാണ് കോഴിക്കറിയുടെ പ്രത്യേകത. കഷ്ണങ്ങളോടൊപ്പം നന്നായി വെന്ത ചെറിയ ഉള്ളി കാണാം. എരിവ് ഒരല്പം മുമ്പില്‍ നില്‍ക്കും. ചൂടു പുട്ടും കൂടി ആകുമ്പോള്‍ കണ്ണില്‍ നിന്നും ഒരിറ്റ് കണ്ണീരു പൊടിയും. കോഴി പെരട്ടിന് കപ്പയാണ് 'കോമ്പിനേഷന്‍'. നന്നായി വറ്റിച്ച കോഴിക്കറിയാണ് പെരട്ട്. ചില വിരുതന്മാര്‍ പെരട്ട് വാങ്ങിയിട്ട് ചാറ് ചോദിക്കും. എന്നാലും കോഴി ഉസ്താദിന് സന്തോഷം.
ഇവിടത്തെ 'ഹൈലൈറ്റ്'-നാടന്‍ കോഴി തോരനാണ്. പല കൊതിയന്മാരും ചേട്ടന്റെ 'സീക്രട്ട്' പഠിച്ച് വീട്ടില്‍ പോയി പയറ്റി, ഫലം 'നഹീം'.

ചേട്ടന്‍ പറഞ്ഞു ''മക്കളേ, ടൈമിങ് ആണ് പ്രധാനം. ഓരോ ചേരുവയും വെന്തു വരുന്നതിന്റെ പരുവം നോക്കി അടുത്തത് ചേര്‍ക്കണം. ചെയ്യുന്ന ജോലി ഇഷ്ടത്തോടെ ചെയ്യണം.'' കന്യാകുമാരി, കൊല്ലം, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നും കഴിക്കാന്‍ വേണ്ടി മാത്രം വന്ന ആരാധകരോട് ചേട്ടന് വല്ലാത്ത ഒരു അടുപ്പം. അവര്‍ക്കെല്ലാര്‍ക്കും ചേട്ടന്റെ വക 'ഫ്രീ' തോരന്‍.

കറികള്‍ക്ക് രുചി കൂടാന്‍ ചില സൂത്രങ്ങള്‍ ഉണ്ട്. നാടന്‍ കോഴി മാത്രമേ ഉപയോഗിക്കൂ. അത് വീടുകളില്‍ നിന്ന് വാങ്ങും. നാടന്‍ കോഴി വാങ്ങി ചേട്ടന് എത്തിക്കുന്നത് പ്രധാന തൊഴില്‍ ആക്കിയ പലരും കട്ടച്ചല്‍ക്കുഴിയില്‍ ഉണ്ട്. ഷാപ്പില്‍ പാചകക്കാരനായിരുന്ന അച്ഛന്‍ നാരായണന്‍ ആണ് രുചിയുടെ 'സീക്രട്ട്' ചേട്ടനെ പഠിപ്പിച്ചത്. ഒടുവില്‍ കള്ളിനെക്കാള്‍ ഡിമാന്റ് കോഴിക്കറിയ്ക്കായപ്പോള്‍ ഷാപ്പ് പൂട്ടി. അങ്ങനെ അച്ഛന്റെ ഇരുമ്പുചട്ടി ചേട്ടന് കിട്ടി. ഒരു പക്ഷേ, ഈ സ്വാദിന്റെ രഹസ്യം ഇരുമ്പുചട്ടി ആയിരിക്കാം. ഇരുമ്പുചട്ടിയിലാണ് എല്ലാ കറികളും (തോരന്‍ ഉള്‍പ്പെടെ) ഇപ്പോഴും വെക്കുന്നത്.

ചഏ: കോഴി ഉസ്താദിന്റെ പലകറികളും ഞാനും പലവട്ടം പയറ്റി... ഒടുവില്‍ ഞാന്‍ സമ്മതിച്ചു കൊടുത്തു ''ആപ് ഹേ ഉസ്താദ്''.
തിരുവനന്തപുരം കന്യാകുമാരി റൂട്ടില്‍ ബാലരാമപുരത്ത് നിന്നും വലത്തോട്ട് രണ്ടര കി.മീ. പോയാല്‍ കട്ടച്ചല്‍ക്കുഴി. ഹോട്ടല്‍ കൃഷ്ണ- കൃഷ്ണന്‍കുട്ടി. ഫോണ്‍-04712404836