തേക്കടി -എയര്‍കണ്ടീഷന്‍ കണ്ട് പിടിക്കുന്നതിന് മുമ്പ് തന്നെ ഈശ്വരന്‍ സെന്‍ട്രലൈസ്ഡ് ഏ.സി.യാക്കിയ സ്ഥലം. ശരിക്കും തേക്കടിക്കാരോട് അസൂയയാണ്. നല്ല വെള്ളം, ശുദ്ധവായു, തണുപ്പുള്ള കാലാവസ്ഥ, പ്രകൃതി ഭംഗി, എല്ലായ്‌പ്പോഴും വന്യമൃഗങ്ങളെയും സഞ്ചാരികളെയും സായ്പ്പന്‍മാരെയും കാണാനുളള ഭാഗ്യം, സുഗന്ധവ്യഞ്ജനങ്ങളുടെ ലഭ്യത. പോരാത്തതിന് രുചികരമായ ഭക്ഷണവും.

അതിരാവിലെ തന്നെ തേക്കടിയിലേക്ക്. രാവിലെ കഴക്കൂട്ടത്തെ പോറ്റി മാമന്റെ കടയില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ്, ഉച്ചയ്ക്ക് മുഹമ്മയില്‍ വൈദ്യരുടെ കടയില്‍ നിന്നും കാളാജി മപ്പാസും കൂട്ടി ഊണ്, വൈകുന്നേരം കുമളിയില്‍ നിന്നും കടുപ്പത്തില്‍ ഒരു ചായയും കൂടിയായപ്പോള്‍ യാത്ര കുശാല്‍. അല്പം ചുറ്റിയാണെങ്കിലും കൃത്യം അഞ്ചരയോടെ തേക്കടിയില്‍.

ചെക്ക് പോസ്റ്റ് കടന്ന് വനത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോഴെക്കും തണുത്ത് വിറക്കാന്‍ തുടങ്ങി. റോഡില്‍ വന്യമൃഗങ്ങള്‍ കുറുകെ ചാടും എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ബോഡി അല്പം ചൂടായി. വൈകുന്നേരം അഞ്ചരക്കാണ് എത്തിയതെങ്കിലും ആറരയുടെ ഫീലായിരുന്നു. ആരണ്യനിവാസില്‍ എത്തിചേര്‍ന്ന ഞങ്ങളെ സ്വാഗതം ചെയ്തത് പൂര്‍വ്വികരാണ്. മരചില്ലയില്‍ തൂങ്ങിയാടി കളിക്കുന്ന ഒരു റഷ്യന്‍ സര്‍ക്കസ്. ബൈക്ക് നിറുത്തി ഇറങ്ങുമ്പോള്‍ സെക്യുരിറ്റി പറഞ്ഞു: ബൈക്കിന്റെ സീറ്റ് മൂടിവെക്കണം കുരങ്ങന്‍മാര്‍ മാന്തികീറും.

തേക്കടി ഒരു ആദിവാസി മേഖലയാണ്. കൂടുതലും മന്നാന്‍ സമുദായത്തില്‍പ്പെട്ടവരാണ്. ചിക്കന്‍ ഗുനിയയും പകര്‍ച്ചപ്പനിയും ഒക്കെ കേരളം മുഴുവന്‍ പടര്‍ന്നിട്ടും ആദിവാസികളില്‍ ഒരാള്‍ക്ക്‌പോലും വരാത്തതിന് കാരണം അവരുടെ ആഹാരരീതിയും ജീവിതശൈലിയുമായിരിക്കാം. റാഗി, അരി, ശുദ്ധജലമത്സ്യം, കാട്ടിലെ പഴങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മുളയരി, കാട്ട്ചീര എന്നിവയാണ് ഇവരുടെ ആഹാരപദാര്‍ത്ഥങ്ങള്‍. എണ്ണ മിക്കവാറും ഉപയോഗിക്കാറില്ല. പണ്ട് കാലത്ത് ഇവരുടെ ആഹാരം കാട്ടുകൂവയിലയില്‍ ചുട്ടെടുത്ത റാഗി അട, കനലില്‍ ചുട്ടെടുത്ത പുഴമീന്‍, മുളക്കുഴലില്‍ വേവിച്ച ഇറച്ചി. ഇതൊക്കെയായിരുന്നു.'' ആരണ്യനിവാസിലെ ജനറല്‍ മാനേജര്‍ ജോജിത്ത് ആന്റണി വാചാലനായി. ഇതുപോലെ എന്തെങ്കിലും കിട്ടുമോ എന്നായി നമ്മുടെ ചോദ്യം. ശ്രമിക്കാം എന്ന് മറുപടി കിട്ടിയപ്പോള്‍ ആശ്വാസമായി. അങ്ങനെ ലേയ്ക്ക് പാലസില്‍ വച്ച് ആദിവാസി വിഭവങ്ങള്‍ പാചകം ചെയ്യാം എന്നും തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്‌നം. ചില ചേരുവകള്‍ വനത്തില്‍ മാത്രം കിട്ടുന്നതാണ്. അതിന് പകരം നാട്ടില്‍ കിട്ടുന്ന ചില സാധനങ്ങള്‍ വെച്ച് അഡ്ജസ്റ്റ് ചെയ്യാം എന്നും തീരുമാനിച്ചു. പാചകത്തിനായി രാജന്‍ ജേക്കബ്, സണ്ണി, സജു, ഇബ്രാഹിം എന്നിവരെ ചുമതലപ്പെടുത്തി. വര്‍ഷങ്ങളായി ഇവര്‍ തേക്കടിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പലപ്പോഴും അവര്‍ക്ക് ആദിവാസി ഭക്ഷണം കഴിയ്ക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഇവിടെ ലഭ്യമായ ചേരുവകള്‍ ഉപയോഗിച്ച് പലപ്പോഴും ഇവര്‍ ഈ ആദിവാസി രുചികള്‍ പരീക്ഷിക്കാറുമുണ്ട്. വ്യത്യസ്ത രുചികള്‍ ആഗ്രഹിക്കുന്ന പല സായിപ്പന്‍മാരും ഈ പരീക്ഷണങ്ങളൊക്കെ രുചിച്ചു ആത്മസംതൃപ്തി അടയാറുണ്ട്.

പിറ്റെ ദിവസം ലേയ്ക്ക് പാലസിലേക്ക് ബോട്ടിലാണ് പോകേണ്ടത്. ബൈക്കിലുള്ള അഭ്യാസം നടക്കില്ല, ബോട്ട് ജെട്ടിയിലെത്തി അവിടെ ജോജിത്ത് പാപ്പിച്ചേട്ടനെ പരിചയപ്പെടുത്തി. പാപ്പിച്ചേട്ടന്‍ ആളൊരു 'പുലി'യാണ്. പുലി എന്ന് പറയാന്‍ കാരണമുണ്ട് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിങ്ങനെ മൂന്നുതലമുറയിലെ രാഷ്ട്രീയ പ്രമുഖരെയും, സിനിമയിലെ മുടിചൂടാമന്നന്മാരായ ശിവാജി ഗണേശന്‍, ജമിനി ഗണേശന്‍, എം.ജി.ആര്‍, പ്രേംനസീര്‍, തിക്കുറിശി....... തുടങ്ങി അന്യന്‍ വിക്രമിനെയും വരെ പെരിയാറിന്റെ ഓളപരപ്പിലൂടെ സുരക്ഷിതമായി ചുറ്റിച്ച ആളാണ് പാപ്പിച്ചേട്ടന്‍. ഇങ്ങനെ പറഞ്ഞു വന്നാല്‍. ഇദ്ദേഹത്തെ 'പുപ്പുലി' എന്ന് വിശേഷിപ്പിക്കണം.

കേരള രാഷ്ട്രിയത്തിലെ ഒട്ടുമിക്ക മന്ത്രിമാരും ഇവിടെ വന്നാല്‍ ആദ്യം അന്വേഷിക്കുന്നത് പാപ്പിചേട്ടനെയായിരിക്കും. എന്നാല്‍ അതിന്റെ 'ഗമ'യൊന്നും പാപ്പിചേട്ടനില്ല. മൂളിപാട്ടിനും കൊച്ചുവര്‍ത്തമാനത്തിനും ഇടയ്ക്ക് പെരിയാറില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപകടത്തെകുറിച്ച് പാപ്പിചേട്ടന്‍ സൂചന നല്‍കി. ഈ ജലപാതയ്ക്ക് അടിയിലായി തടിക്കുറ്റികള്‍ ഉണ്ട്. സ്ഥിരം ശീലമുള്ള ഒരാള്‍ക്ക് മാത്രമേ അതിനിടയിലൂടെ ബോട്ട് സുരക്ഷിതമായി ഓടിക്കാന്‍ പറ്റൂ. പാപ്പിചേട്ടന് എല്ലാം കാണാപാഠമാണ്. എവിടെ എപ്പോള്‍ വന്യമൃഗങ്ങളെ കാണാന്‍ പറ്റും എന്നത് വരെ ഇദ്ദേഹത്തിന് സുനിശ്ചിതം. പാറ വളവിന് താഴെയായി ചിലപ്പോള്‍ ആനക്കുട്ടം കാണും എന്നു പറഞ്ഞത് ഇദ്ദേഹമാണ്. പറഞ്ഞത് പോലെ തന്നെ അവിടെ ആനകൂട്ടം. അടുത്ത് വരെ ബോട്ടില്‍ കൊണ്ടുപോയി. യാത്ര മുല്ലപെരിയാര്‍ ഡാം വരെ നീണ്ടു. തേക്കടിയുടെ ഭംഗി ആസ്വദിച്ച് പാപ്പിചേട്ടന് നന്ദി പറഞ്ഞു ഞങ്ങള്‍ ലേയ്ക്ക് പാലസില്‍ എത്തി. വന്‍ സന്നാഹങ്ങളാണ് അവിടെ ഒരുക്കിയിരുന്നത്. സണ്ണിചേട്ടന്‍ മുളംകുഴലില്‍ ചുട്ട ഇറച്ചിയും, ഇബ്രാഹിമും, സജുവും ചേര്‍ന്ന് കാട്ട് കൂവയിലയല്‍ പൊതിഞ്ഞ കനലില്‍ ചുട്ട മീനും, രാജന്‍ ജേക്കബ് ഹൈറേഞ്ച് സ്‌പെഷ്യല്‍ പച്ച കുരുമുളക് അരച്ച് കോഴിക്കറിയും തയ്യാറാക്കി.

മുളങ്കുഴലില്‍ ചുട്ട ഇറച്ചി ഉണ്ടാക്കിയത് സണ്ണി ചേട്ടനാണ്. ലേയ്ക്ക് പാലസിന് മുന്നിലായി പെരിയാറിന്റെ തീരത്ത് ഒരു ഇടം കണ്ടെത്തി. ചെന്നപ്പോള്‍ തന്നെ നല്ല കട്ടിയുള്ള വിറക് കത്തിച്ച് കനലുണ്ടാക്കിയിരുന്നു. അതുപോലെ നല്ല മുളയുടെ അടിഭാഗം മുറിച്ച് മയക്കി എടുത്തു. (തിളച്ച വെള്ളത്തിലിട്ടാണ് മുള പരുവപ്പെടുത്തിയെടുക്കുന്നത്. അതിനെ 'മയക്കുക' എന്നാണ് പറയുന്നത്.)

മസാലകളെല്ലാം ചേര്‍ത്ത ഇറച്ചി ഒരു ചട്ടിയിലാക്കി കനലില്‍ തിളപ്പിച്ച് വെള്ളം വറ്റിക്കുന്നു. വെള്ളം വറ്റി കഴിയുമ്പോള്‍ മുളം കുഴലിലാക്കി വാഴപിണ്ടികൊണ്ട് അടച്ച് കനലില്‍ ചുട്ട് എടുക്കുന്നു. മുളം കുഴല്‍ കരിയുന്നതാണ് ഇതിന്റെ പരുവം. അതിനായി ഏകദേശം ഒന്നരമണിക്കൂര്‍ എടുക്കും. നന്നായി വേവുമ്പോള്‍ വാഴപിണ്ടി അടപ്പിനിടയിലൂടെ നന്നായി ആവിവരുന്നു. നല്ല സുഗന്ധവും. മാര്‍ദ്ദവത്വമാണ് ഇതിന്റെ ഹൈലൈറ്റ്. ഈ രുചിയ്ക്ക് കാരണം ഒരു പക്ഷെ 'ദം' ബിരിയാണി ഉണ്ടാക്കുന്നതുപോലെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വേവുന്നതുകൊണ്ടോ അല്ലെങ്കില്‍ മുളഞ്ചാര്‍ ഇറച്ചിയിലേയ്ക്ക് ഊറി ഇറങ്ങുന്നതോ ആയിരിക്കാം. ഇതുവരെയും ആസ്വദിച്ചിട്ടില്ലാത്ത ഒരു അപൂര്‍വ്വ രുചി.

ഹൈറേഞ്ച്കാരുടെ പച്ചകുരുമുളക് അരച്ച കോഴിക്കറിയായിരുന്നു രാജന്‍ ജേക്കബ് ഒരുക്കിയത്. ചുവന്ന മുളകോ പച്ചമുളകോ ചേര്‍ക്കാതെയാണ് ഇത് ഉണ്ടാക്കുന്നത്. മല്ലിപൊടിയാണ് ഇതിന്റെ മറ്റൊരു പ്രധാനചേരുവ. നല്ല തണുപ്പുള്ള കാലാവസ്ഥ ആയതിനാല്‍ എരിവുള്ള ആഹാരത്തിന് ഹൈറേഞ്ച് മേഖലയില്‍ ആരാധന കൂടും. ഇത് വെന്ത് വരുമ്പോള്‍ ഉയരുന്ന മണം ഒരല്പം വിശപ്പ് കൂട്ടും.ഞങ്ങള്‍ എല്ലാവരും നന്നായി ആസ്വദിച്ചുകഴിച്ചു. നൂല്‍പുട്ടിനും കള്ളപ്പത്തിനും കോമ്പിനേഷനായി ഇത് ഉപയോഗിക്കാം.

സജുവും ഇബ്രാഹിമും ചേര്‍ന്ന് ഉണ്ടാക്കിയ മീന്‍ കനലില്‍ ചുട്ടെടുത്തതായിരുന്നു മറ്റൊരുവിഭവം. ശുദ്ധജല തടാകത്തിലെ മീനാണ് സാധാരണ ചുട്ടെടുക്കാന്‍ ഉപയോഗിക്കുന്നത്. ഇതിലും മസ്സാലകൂട്ട് ആദിവാസികളുടേത് തന്നെ. കാന്താരിമുളകാണ് പ്രധാന ചേരുവ. മീന്‍ വരഞ്ഞ് മസ്സാല അരച്ച് തേച്ച്, കട്ടിയുള്ള രണ്ടുമൂന്ന് കൂവയിലയില്‍ പൊതിഞ്ഞ് ചുട്ടെടുക്കുന്നു. ഇല കരിയുന്നതാണ് പരുവം. ഒരു പ്രത്യേകമണം വരുന്നതോടെ വെന്തു എന്ന് മനസ്സിലാക്കാം. കരിഞ്ഞ ഇല മാറ്റികഴിഞ്ഞാല്‍ കഴിക്കാന്‍ റെഡി. മുള്ള് അല്പം കൂടുതലാണ് എന്നതൊഴിച്ചാല്‍ രുചി ഗംഭീരം. ചുട്ടകപ്പയാണ് ഇതിന്റെ കോമ്പിനേഷന്‍.

ഇങ്ങനെ മൂന്ന് ദിവസം രാജാക്കന്മാരായി തേക്കടിയില്‍ വിരാജിച്ച് കാഴ്ചകളൊക്കെ കണ്ട്, ഇനി നാളെ മുതല്‍ പൊറോട്ടയും മീന്‍കറിയുമായി കഴിഞ്ഞുകൂടണമല്ലോ എന്ന് സങ്കടപ്പെട്ട് പ്രജകളായി ഞങ്ങള്‍ യാത്രതിരിച്ചു.