വിദൂരഗ്രാമങ്ങളും വിജനക്ഷേത്രങ്ങളും പോള്‍പോട്ടിന്റെ നരകോദ്യാനവും താണ്ടി കമ്പോഡിയയുടെ ഉള്‍ത്തടങ്ങളിലൂടെ ഒരു സാഹസിക ബൈക്ക് യാത്രപുതിയ നഗരങ്ങളിലെത്തുമ്പോള്‍ ചില ശീലങ്ങളുണ്ട്. വെയിലില്‍ ഇറുകിപ്പോയ കണ്ണുമായി നടക്കുമ്പോള്‍ പല ചിന്തകളും മനസ്സിലൂടെ കടന്നു പോകും. ചെയ്യേണ്ട കാര്യങ്ങള്‍, കാണേണ്ട സ്ഥലങ്ങള്‍, കഴിച്ചുനോക്കേണ്ട രുചികള്‍... അങ്ങനെ അങ്ങനെ... പക്ഷെ എന്റെ മനസ്സില്‍ മുഴങ്ങിയത് എന്റെ റൂം മേറ്റിന്റെ തെറികളാണ്. താന്‍ കാരണം വൈകിയല്ലോ.. ഫോണില്‍ നേരായ നേരത്ത് അലാം സെറ്റു ചെയ്യാത്തതിന്റെ പുകിലു ഇപ്പോ മനസ്സിലായില്ലെ..... ബ്ലാബ്ലാ, ബ്ലാ... ഫോണ്‍ കിട്ടിയാല്‍ എറിഞ്ഞു തകര്‍ക്കണം ! ഫോണിനെ ശപിച്ചു കൊണ്ടു റൂമിനു ചുറ്റും ഞാന്‍ നടന്നു. ഫോണ്‍ പക്ഷെ എന്റെ പ്ലാന്‍ പൊളിച്ചു കളഞ്ഞു. അവന്‍ അപ്രത്യക്ഷനായിരിക്കുന്നു! അവന്‍ മാത്രമല്ല എന്റെ ഐ പോഡ്, ഞങ്ങളുടെ ജി.പി എസ്. സിസ്റ്റം, എന്റെ കൂട്ടുകാരന്റെ പാസ്‌പോര്‍ട്ട്, 2000 ഡോളര്‍.. എല്ലാം സ്വാഹ!

പുതിയ കാലമല്ലേ, ഫോണുകള്‍ക്ക് കടന്നുകളയാന്‍ മാത്രമുള്ള ബുദ്ധി വികാസം വന്നു കാണണം. അത് പോട്ടെ എന്നു വെക്കാം, പക്ഷെ എതോ കമ്പോഡിയന്‍ പഹയന്‍ അടിച്ചുമാറ്റിയ സാധനങ്ങളുമായി ലോകം ചുറ്റാന്‍ പോവുകയാണല്ലോ എന്ന ചിന്ത എന്നില്‍ അരിശമായി വിറ കൊണ്ടു കയറി. ജി. പി. ആര്‍. എസ.് അവന് വഴി കാണിച്ചു കൊടുക്കും. കാതില്‍ ഐ പോഡ് സംഗീതവുമായി അവന് ചുറ്റിക്കറങ്ങാം. എന്റെ ക്യാമറ ചൂണ്ടാന്‍ മറന്നതു കൊണ്ട്, അവന് പക്ഷെ സുഹൃത്തുക്കളുടെ മുന്നില്‍ തന്റെ സാഹസങ്ങള്‍ പൊലിപ്പിക്കാന്‍ പറ്റില്ലല്ലോ. അവന്‍ തെണ്ടിപ്പോകട്ടെ. ഞങ്ങള്‍ പരിഭ്രാന്തരായി ഹോട്ടല്‍ മുഴുവന്‍ ഓടിനടന്നു. ടെറസ്സ് അരിച്ചു പെറുക്കിയും, ഇടനാഴികളിലൂടെ പോകുന്ന ജീവനക്കാരെ ചോദ്യം ചെയ്തും, ഹോട്ടലിലെ മറ്റതിഥികളെ കുറ്റം പറഞ്ഞും മൂന്നു നിലകള്‍ മാത്രമുള്ള ആ ചെറിയ ലോഡ്ജിനെ ഞങ്ങള്‍ ഇളക്കിമറിച്ചു. ലോബിയില്‍ എത്തിയ ഞങ്ങളെ ഹോട്ടലിന്റെ ജാപ്പനീസ് ഉടമ ചിരിച്ചു കൊണ്ട് എതിരേറ്റു. കൂട്ടത്തിലുള്ള സുഹൃത്തിനു നേര്‍ക്ക് മിഠായി നീട്ടി ഒരു റേഡിയോ അവതാരകന്റെ ഉല്ലാസപൂര്‍വമായ ശബ്ദവിന്യാസത്തിലൂടെ അയാള്‍ മൊഴിഞ്ഞു. 'ഗൂഡ്‌മോണിങ്ങ് പോം പെന്‍'. ദേഷ്യവും മൗഢ്യവും കലര്‍ന്ന വികാരവുമായി നിന്ന ഞാന്‍ ആ മിഠായി വായിലേക്ക് തള്ളി എന്താണു വേണ്ടതെന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു. കംബോഡിയയിലൂടെയുള്ള ഞങ്ങളുടെ ബൈക്ക് റൈഡിന്റെ (ടൂം റൈഡേഴ്‌സ്. കമ്പോഡിയ കേന്ദ്രമായി ചിത്രീകരിച്ച ആഞ്ചലീന ജൂലിയുടെ ടൂം റെയ്‌ഡേഴ്‌സിനോടു കടപ്പാട്) തുടക്കം ഇങ്ങനെയായിരുന്നു.


ലക്കി റോ('ഗ്') ഹോട്ടലില്‍ നിന്നും പുറത്തു ചാടി മുമ്പേ ബുക്കു ചെയ്ത ഹോട്ടലിലേക്കു ഞങ്ങള്‍ നീങ്ങി. പാര്‍ക്കിങ്ങ് ഏര്യയില്‍ തിരിയുകയായിരുന്ന ടൂം റൈഡേഴ്‌സിനെ അവിടെ കാത്തുനിന്ന വിചിത്രമായ നെറ്റിക്കണ്ണുള്ള 250 സി.സി ബാജാകള്‍ തീഷ്ണമായി നോക്കി. ബൈക്കുകളില്‍ കൂട്ടുകാര്‍ പരിശോധനകള്‍ തുടങ്ങി. അന്തരീക്ഷം ആകാംക്ഷയാലും തിളക്കാത്ത ഇന്ധനത്തിന്റെ ഗന്ധത്താലും വിങ്ങി. ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ എന്തുകൊണ്ടും വ്യത്യസ്തമാണ് ബാജ. ഡര്‍ട് ട്രാക്കിലൂടെ (ചെളി നിറഞ്ഞ സ്്‌പോര്‍ട്ട്‌സ് ട്രാക്കുകള്‍) ഓടിക്കുന്ന ബൈക്കുകളെ പോലെ തോന്നിപ്പിക്കുന്ന 250 സി.സി. മെഷീന്‍. കൊണ്ടു പോകുന്ന എവിടേക്കും പ്രശ്‌നമില്ലാതെ വരുന്ന, ഏതു പരിതസ്ഥിതിക്കും അനുയോജ്യമായ ബൈക്കുകള്‍.ടൂറിന്റെ ആദ്യ സ്റ്റോപ്പ് കെപ്പ് (Kep) ആയിരുന്നു. ഒറ്റപ്പെട്ട, ആരുമധികം കടന്നു കയറാത്ത (പ്രത്യേകിച്ച് ടൂറിസ്റ്റുകള്‍) കമ്പോഡിയയുടെ തെക്കു ഭാഗത്തുളള ഒരു കടലോര നഗരം. കെപ്പിലേക്കു നീളുന്ന പാത ഹൈവെ 3 ആണ്. വഴിയില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞങ്ങള്‍ മറ്റൊരു വഴിയാണ് സഞ്ചരിച്ചത്. ഉള്‍നാടുകളിലൂടെയുള്ള ഒരു യാത്ര. കോഴികളെ പോലെ ചിതറിയോടുന്ന പശുക്കളും, തിമിര്‍ത്തു കളിക്കുന്ന കുട്ടികളും, ഓരം പറ്റി പോകുന്ന കാല്‍നടക്കാരും, സൈക്കിളുകളും നിറഞ്ഞ, ചെളിയില്‍ കുഴഞ്ഞു മറിഞ്ഞ റോഡുകളിലൂടെ. ഈ റോഡുകള്‍ കമ്പോഡിയയുടെ യഥാര്‍ഥ മുഖങ്ങള്‍ കാട്ടിത്തരുന്നു. പോം പെന്നിലെ സ്ഫടിക കെട്ടിടങ്ങളില്‍ നിന്നും റാപ്പ് സ്റ്റാറുകളെപ്പോലെ തോന്നിക്കുന്ന ഫാഷണബിളായ ഖെമര്‍ ചെറുപ്പക്കാരില്‍ നിന്നും വളരെ അപ്പുറത്തുള്ള ഇടങ്ങള്‍. മുളവീടുകളും, പൊട്ടിക്കീറിയ മീന്‍ വലകള്‍ കൊണ്ടുള്ള ഊഞ്ഞാല്‍ ഇരിപ്പടങ്ങളുമുള്ള ഗ്രാമങ്ങള്‍. പ്രാണി മുതല്‍ അങ്ങോട്ട് ജീവനുള്ള ഏതും ചോറിനു കൂട്ടായി കഴിക്കുന്ന പ്രദേശങ്ങള്‍. അതെ, ഇതു തന്നെയാണ് ഞങ്ങള്‍ അന്വേഷിച്ചിറങ്ങിയ കംമ്പോഡിയ.

മണിക്കൂറുകള്‍ പിറകോട്ടോടിയപ്പോള്‍ കെപ്പ് എത്തി. കടലിലേക്ക് ക്ഷീണത്തോടെ കണ്ണയച്ചിരിക്കുന്ന, ജീര്‍ണ്ണിച്ചുപോയ, പ്രേതഭവനങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന ഫ്രഞ്ച് ബംഗ്ലാവുകള്‍ ചിതറിക്കിടക്കുന്ന ഒരു തീരത്തേക്കാണ് ഞങ്ങള്‍ ഇരമ്പിയെത്തിയത്. കോളോണിയല്‍ കാലത്ത് ഒരു ജനകീയ ബീച്ച് റിസോര്‍ട്ടായിരുന്നു ഇത്, പതുക്കെ കാലത്തിന്റെ കുതിപ്പില്‍ അത് നിശ്ചേഷ്ടമായി, കിളിയൊഴിഞ്ഞ കൂടുപോലെയായി. ഈയിടെ ചില ഇക്കോ റിസോര്‍ട്ടുകള്‍ അവിടെ മുളച്ചു പൊന്തിത്തുടങ്ങിയിട്ടുണ്ട്. വന്യതക്കായുള്ള ആവേശാന്വേഷണത്തിലാണ് പഴയൊരു ഫ്രഞ്ച് മോട്ടോര്‍ക്രോസ് റൈഡര്‍ ഞങ്ങളുടെ മുന്നില്‍ വന്നു വീണത്. കെപ്പ ഫോറസ്റ്റ് റിസര്‍വിന്റെ ഭാഗമായ ദുര്‍ഘടമായ ഒരു പര്‍വ്വത വനപാതയിലേക്കു അയാള്‍ ഞങ്ങളെ വഴികാട്ടി. അത് വന്നിറങ്ങിയതാവട്ടെ വരണ്ടു പോയ ഒരു ഡാമിന്റെ മുന്നിലും. അവിടെ നിന്ന് ഞങ്ങള്‍ ബൈക്കുകളെ ഒരു പുരാതന ക്ഷേത്രത്തിന്റെ ഏണിപ്പടികളിലൂടെ അതിന്റെ കവാടം വരെ ഓടിച്ചു കയറ്റി. പര്‍വത മുകളിലുള്ള, കാടുപിടിച്ച പഴയ ഫ്രഞ്ച് കാസിനോയിലേക്കും ഇത്തരമൊരു സാഹസത്തിനു ഞങ്ങള്‍ മുതിര്‍ന്നെങ്കിലും അത് നടന്നില്ല. ലോകത്തെവിടെയായാലും ഏറ്റവും ഫലപ്രദമായ ക്ഷിപ്രായുധം നോ എന്ന വാക്കാണെന്ന് ഇതിനകം എനിക്ക് ബോധ്യം വന്നിരുന്നു.
++++++++++


കെപ്പിനു ശേഷം 'ടോണ്‍ലെ സാപ്പ്' (Tonle Sap) തടാകം ചുറ്റിക്കറങ്ങുകയായിരുന്നു ഉദ്ദേശ്യം. അതിനു മുമ്പ് തലസ്ഥാനത്ത് ഒരു രാത്രി തങ്ങേണ്ടിയിരുന്നു. കമ്പോഡിയയുടെ ഇരുണ്ട ഭുതകാലം വെളിവാക്കുന്ന ജിനോസൈഡ് മ്യൂസിയം കാണാന്‍ വേണ്ടിയായിരുന്നു അത്. അസ്വസ്ഥതയുളവാക്കുന്ന ഗേറ്റു കടന്നപ്പോള്‍ ഭീകരമായ ചോങ്ക് എക് ഉദ്യാനമായി. ഇവിടെയാണ് പോള്‍ പോട്ട് എന്ന ഭീകരന്റെ ഖമര്‍ റൂഷ് എന്ന സംഘടന 17000 പേരെ കൂട്ടക്കൊല ചെയ്തത്. നരകോദ്യാനം! ചൂടുള്ള തെളിഞ്ഞ ആ ദിനത്തില്‍ പെട്ടന്ന് മിന്നലും ഇടിയും വെട്ടി. അന്തരീക്ഷം ചൂടാല്‍ വിങ്ങിനില്‍ക്കുന്നതാവാം കാരണമെങ്കിലും ഈ അന്തരീക്ഷത്തിലെ അഭൗമശക്തികള്‍ അസ്വസ്ഥരായതാവാം കാരണം എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. ചുടലയായി തീര്‍ന്ന ഈ ഉദ്യാനത്തില്‍ ഗതി കിട്ടാതെ പിടയുന്ന ആത്മാക്കള്‍ അവരുടെ ശപ്തമായ സാന്നിധ്യം വിളിച്ചറിയിക്കും പോലെ.

സിയം റീപ്പ് (Siem Reap), ബാത്താംബാംഗ്് (Battambang) വഴി ടോണ്‍ലെ സാപ്പ് തടാകം ചുറ്റാനായിരുന്നു ഞങ്ങളുടെ പരിപാടി. തടാകം വെറുമൊരു നീര്‍ച്ചാലായി മാറിയത് പക്ഷെ ഞങ്ങളറിഞ്ഞില്ല. പഴയ തടാകം ഞങ്ങള്‍ക്ക് ഒരു മൈതാനമായി മാറി. ഹൈവേയില്‍ നിന്നും വിട്ടു മാറി തടാകത്തില്‍ ശേഷിക്കുന്ന ജലം തേടി മൈലുകളോളം ഞങ്ങള്‍ സഞ്ചരിച്ചു. അന്വേഷണം പക്ഷെ വ്യര്‍ഥമായിരുന്നു. തിരിച്ചു വരുമ്പോള്‍ അപകടമുണ്ടായി. കൂടെയുണ്ടായിരുന്ന സിമൃത് വെട്ടില്‍ ചാടി ചെളിയില്‍ വീണു. മോട്ടോര്‍ ബൈക്ക് അവനു മേലും. പിന്നില്‍ അനുഗമിക്കുന്ന ജീപ്പില്‍ അവനെ കരപറ്റിച്ചു. തകര്‍ന്ന ഒരു മോട്ടോര്‍സൈക്കിള്‍, ചതവുപറ്റിയ ഒരു കൈ, ക്ഷതമേറ്റ ഈഗോ, ഇതൊക്കെയായിരുന്നു അതിന്റെ ബാക്കി പത്രം.

സിയം റെപ്പിലേക്കുള്ള വഴി ഞങ്ങള്‍ സ്റ്റോങ്ങില്‍ (Stoung) ഇറങ്ങി. സ്വാദിഷ്ഠമായ പുല്‍ച്ചാടി, എട്ടുകാലി വിഭവങ്ങളാല്‍ പ്രശസ്തമാണ് സ്റ്റോങ്ങ്്. എട്ടുകാലി സംഭവം കാമവര്‍ധകമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. എന്നാലും അതിനൊരു എട്ടുകാലിയുടെ രുചിയുണ്ടാവുമല്ലോ എന്നാലോചിച്ചപ്പോള്‍ ഞാന്‍ സാഹസത്തില്‍ നിന്നും പിന്‍മാറി. കൂടെയുളള സഖാക്കള്‍ എല്ലാ വെറൈറ്റിയും പരീക്ഷിക്കാന്‍ ധൈര്യം കാട്ടി.

അങ്കോര്‍ വാട് ക്ഷേത്രത്തിനടുത്തായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ അവിടെ പോയിരുന്നതിനാല്‍ അതിനത്ര പ്രാധാന്യം ഞാന്‍ കൊടുത്തില്ല. നാഷണല്‍ റോഡ് 66 ലൂടെയുള്ള യാത്രക്കായാണ് ഞാന്‍ ആവേശത്തോടെ കാത്തിരുന്നത്.


ഈ റോഡ്്്് അങ്കോര്‍ സമുച്ചയത്തെ ചുറ്റി കൊടും കാട്ടിലേക്ക് കടന്നു പോകുന്നു. മെറ്റല്‍ റോഡ് മണ്‍ റോഡായി രൂപാന്തരം പ്രാപിക്കും. ടൂറിസ്റ്റുകളുടെ ഹര്‍ഷോന്മാദങ്ങള്‍ വനനിശ്ശബ്ദദതക്കു വഴി മാറും. കാനന പാതക്കിടെ ചില ജനപദങ്ങള്‍ കണ്ടു. പൊടിമണ്‍ വലയങ്ങളിലൂടെ ഓടിച്ചുപോകുന്ന ഞങ്ങള്‍ക്കു നേരെ കൊച്ചു കുട്ടികള്‍ കൈവീശി കാണിച്ചു. കംബോഡിയയിലെ വിദൂരസ്ഥമായ ഉള്‍ക്കാമ്പുകളില്‍ കൂടിയാണ് കടന്നു പോകുന്നതെന്നു മനസ്സിലായി. ഉറപ്പില്ലാതെ ഉലയുന്ന പഴയ മരപ്പാലങ്ങള്‍ക്കു കുറുകേയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍പ്പാലങ്ങള്‍ കടന്നും അതു നീണ്ടു. വഴിയില്‍ മാരകമായ അപകടം പതിയിരിപ്പുണ്ടെന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പു കിട്ടിയിരുന്നു.


++++++++++ചില സ്ഥലങ്ങളില്‍ റോഡിനിരുഭാഗവും മൈന്‍ പാടങ്ങളാണ്. ഞാന്‍ റൈഡു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദുര്‍ഘടമായ 130 കിലോമീറ്ററും മൂന്നു മണിക്കൂറും കഴിഞ്ഞപ്പോള്‍ സന്ധ്യയായി. ഞങ്ങള്‍ ബെങ്ങ് മേല (Beng Mealea) ക്ഷേത്ര സന്നിധിയിലെത്തി. ശാന്തഗംഭീരമായ അന്തരീക്ഷം. പൊടുന്നനെ ഞങ്ങളുടെ ബൈക്കുകളുടെ മുരള്‍ച്ചയാല്‍ ഭംഗപ്പെട്ടു.

പൊടിപടലങ്ങള്‍ ക്രമേണ അടങ്ങിയപ്പോള്‍, ചന്ദ്രികയിലാറാടിയ ക്ഷേത്ര രൂപം തെളിഞ്ഞു. നിശ്ശബ്ദത വീണ്ടും നിറഞ്ഞു. പരിഷ്‌കൃതമായ ലോകത്തു നിന്നും ഏറെ ദൂരെയാണെന്നും എന്നാല്‍ സംസ്‌കൃതികളുടെ കളിത്തൊട്ടിലിനരികിലാണെന്നും എനിക്ക്്് പതിയെ ബോധ്യം വന്നു. പ്രകൃതിയുടെ മാറില്‍ അലിഞ്ഞു ചേര്‍ന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. അതു പ്രാപ്യമാക്കിയതോ ജീവനില്ലാത്ത ഒരു മെഷീന്‍. ഒരു മോട്ടോര്‍സൈക്കിള്‍. ഇരുചക്രങ്ങള്‍ക്ക്്് ചില നേരങ്ങളില്‍ ഹൃദയത്തെ ചലിപ്പിക്കാനാവും!

Travel Info

Cambodia

Cambodia is in the southwestern part of the Indo-China Peninsula.The Kingdom of Cambodia has 24 provinces and a city. The Capital is Phnom Penh. International borders are shared with Thailand and the Lao People's Democratic Republic on the West and the North, and the Social Republic of Vietnam on the East and the Southeast. The country is bounded on the Southeast by the Gulf of Thailand. Cambodia is famous for its Angkorwat Temple, which is believed to be the largest temple complex of its kind in the world.


How to Reach
By air:
Cambodia has international airports at Phnom Penh and Siem Reap.

Entry Info
Passport and visa are required. Tourists and business travellers may purchase a Cambodian visa valid for one month at the airports in Phnom Penh and Siem Reap. Both require a passport-sized photograph. A departure tax is charged on all domestic and international flights.

Contact
Embassy in India Delhi: Tel: (91-11) 649 5091. 649 5092, Fax : (91-11) 649 5093
E-mail : camboemb@hclinfinet.com

Tips
Airport Tax (Passenger Service Charges)aFor International TravelaForeigner: AdultS$25
Under 12 years old US$13aUnder 2 years old free
For more details
aVisit: www.tourismcambodia.com

ബൈക്ക് ടൂര്‍സ്
ഇന്‍ഡിമോട്ടാര്‍ഡ് അഡ്വെഞ്ച്വേഴ്‌സ്, പുത്തന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 സി.സി.കളുടെ നിര സ്വന്തമായുള്ള ഒരു പ്രൊഫഷണല്‍ മോട്ടോര്‍സൈക്കിള്‍ ടൂറിങ്ങ് പ്രസ്ഥാനമാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഒരു ഹെല്‍മറ്റുമായി എത്തുക. ഭക്ഷണം, താമസം, മെഡിക്കല്‍ സൗകര്യങ്ങള്‍ മറ്റുള്ളവയൊക്കെ അവര്‍ കൈകാര്യം ചെയ്യും. ഇന്ത്യക്കകത്ത് ഇടക്കിടെ ടൂറുകള്‍ സംഘടിപ്പിക്കുന്ന ഇന്‍ഡിമോട്ടാര്‍സ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വിദേശടൂറുകളും നടത്താറുണ്ട്. വിശദാംശങ്ങള്‍ക്ക് www.indimotard.com