വാഗമണിലെ കോടമഞ്ഞിലൂടെ, ഗൂഡല്ലൂരിലെ മുന്തിരത്തോപ്പുകളിലൂടെ, സുരുളിയിലെ വെള്ളച്ചാട്ടത്തിലൂടെ, കമ്പത്തെ തമിഴ്ഗ്രാമഭംഗിയിലൂടെ.. എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പതിനെട്ടംഗ സംഘത്തിന്റെ സാഹസികയാത്രഇഴചേര്‍ന്നും പിരിഞ്ഞും പായുന്ന, അന്തമില്ലാ പാതകള്‍... കൊടിയ വളവുകളും കണ്ണു പൊത്തുന്ന കോടമഞ്ഞും വഴികളില്‍ മറഞ്ഞിരുന്നു. പതിനെട്ട് ബോഗികളുള്ള 'ബുള്ളറ്റ്' ട്രെയിന്‍ ആ വഴികളിലൂടെയെല്ലാം പാഞ്ഞു, കിതപ്പേതുമില്ലാതെ. ഇടയ്ക്കിടെ ബന്ധം മുറിഞ്ഞ് പോകുന്ന ബോഗികള്‍ പിന്നീടെപ്പോഴോ സന്ധിച്ചു, വീണ്ടും മുറിഞ്ഞു. ആവേഗങ്ങളെ കൈവെള്ളയില്‍ ആവാഹിച്ചവര്‍ തേടിയത്, തമിഴ്ഗ്രാമങ്ങളും മുന്തിരിത്തോപ്പുകളും വെള്ളച്ചാട്ടങ്ങളും ഉയരങ്ങളുമായിരുന്നു...


'ബ്ലഡി ഫൂള്‍' ഷമീം അഥവാ ആറടി പൊക്കത്തില്‍, ഭീമരൂപത്തിലുള്ള ഒരു പാവത്താന്‍. പത്തനംതിട്ട മുതല്‍ കമ്പം വരെയുള്ള 'എന്‍ഫീല്‍ഡ് ബുള്ളറ്റ്' യാത്രയിലെ യഥാര്‍ത്ഥ ഹീറോ. ആരോട് എന്തു പറഞ്ഞാലും 'ബ്ലഡി ഫൂള്‍' എന്നു പറഞ്ഞേ തുടങ്ങൂ. ഒടുവില്‍ ആ പേര് ആ ദേഹത്തിന് തന്നെ വീണു. പത്തനംതിട്ടയില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ ഷമീമിനെ പരിചയപ്പെടനുള്ള ധൈര്യമുണ്ടായില്ല. ആദ്യദിവസത്തെ യാത്ര അവസാനിക്കാറായപ്പോഴാണ് ആളുമായി അടുത്തത്. സര്‍ക്കാര്‍ സര്‍വ്വീസിലാണത്രേ! അതും ഹെല്‍ത്ത് വിഭാഗത്തില്‍. ഊഹിച്ചത് പോലെ തന്നെ. ഭക്ഷ്യവകുപ്പിലോ ആരോഗ്യവകുപ്പിലോ മാത്രമേ കക്ഷിയുടെ ശരീരം കടക്കുമായിരുന്നുള്ളു (ഷമീം ക്ഷമിക്കട്ടെ...). കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും യാത്രയ്ക്കിടയില്‍, പതിനെട്ടംഗ ബൈക്കേഴ്‌സിന് ആവോളം ചിരി സമ്മാനിച്ചത് ഷമീമിന്റെ വര്‍ത്തമാനങ്ങളായിരുന്നു.

പുറപ്പെടുമ്പോള്‍ എല്ലാവര്‍ക്കും സഭാകമ്പം പോലെ 'വഴിക്കമ്പമായിരുന്നു'. എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ പവര്‍ ബൈക്കുകളായ ക്ലാസ്സിക് 500ഉം 350യും ഉണ്ടായിരുന്നിട്ട് പോലും വേഗമെടുക്കാന്‍ പലരും മടിച്ചു. വഴിയിലൊരിടത്ത് ഗജരാജനെ കണ്ടപ്പോള്‍ ഉത്സാഹത്തിന്റെ തിരി കത്തി... ആനയ്‌ക്കൊപ്പം ബൈക്കുകളിലിരുന്നൊരു പോസ്. റാന്നി വഴി എരുമേലിയിലെത്തുമ്പോള്‍ ഏതാണ്ട് 11 മണി. പേട്ട ശാസ്താവിന്റെയും വാവരു പള്ളിയുടെയും മുന്നില്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായി ഒരു പേട്ടതുള്ളല്‍!

കണക്ടറ്റഡ്് ബോഗികള്‍ പോലെ ബൈക്കുകള്‍ വഴികള്‍ പിന്നിട്ടു. ഒരു വളവില്‍ വെച്ചാണ് അദ്ദേഹമങ്ങനെ വായുവില്‍ ബുള്ളറ്റോടിക്കുന്നത് കണ്ടത്! കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ചുവന്ന തലേക്കെട്ടുമായി മോഹന്‍ലാല്‍. ഏതോ ഫാന്‍സ് അസോസിയേഷന്റെ വക ഒരുഗ്രന്‍ ഹോര്‍ഡിങ്ങാണ്. 'ലാലേട്ടനും നമ്മളും ബുള്ളറ്റില്‍.. ഒരു ഫോട്ടോ ആകാം'. കൂട്ടത്തിലാരോ പറഞ്ഞു. തകൃതിയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് ഹോര്‍ഡിങ്ങിലെ വാചകങ്ങള്‍ ശ്രദ്ധിച്ചത്; 'ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന്‍ വാ പൊളിക്കാറായിട്ടില്ല...' ഇനി ഇവിടെ നില്‍ക്കരുത്, വണ്ടികളെല്ലാം പെട്ടന്ന് തന്നെ സ്റ്റാര്‍ട്ടായി. ഹോര്‍ഡിങ്ങിനെയൊന്ന് തിരിഞ്ഞു നോക്കി...സോറി സാര്‍, ഇനി വാ പൊളിക്കില്ല!

ഈരാറ്റുപേട്ടയില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മഴയുടെ ആരവം. നനഞ്ഞ മണ്ണിന്റെ ഗന്ധം മത്തുപിടിപ്പിച്ചു. ബുള്ളറ്റ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, വേഗങ്ങള്‍ തീ തുപ്പി. മലയുടെ പച്ചശരീരത്തില്‍ നിന്ന് ചീന്തിയെടുത്ത കറുത്തവഴി... വശങ്ങളില്‍ രക്തം വറ്റി, ചുക്കിചുളിഞ്ഞ്, കറുകറുത്ത പാറച്ചെതുമ്പലുകള്‍. ഇപ്പുറത്ത് അഗാധതയിലേക്ക് ഒഴുകിയിറങ്ങുന്ന പച്ചപ്പ്. കോടയുടെ കൈകള്‍ എവിടെ നിന്നോ ഓടി വന്ന് കവിളത്ത് തൊട്ടു. വാഗമണിലേക്കുള്ള വഴി വളഞ്ഞ് വളഞ്ഞ് പോവുന്നു... വളവുകള്‍ പ്രത്യേക ഹരമാണ്. ബൈക്കുകള്‍ കിടത്തി വളയ്്ക്കുന്നതിന്റെ സുഖം. എന്‍ഫീല്‍ഡ് ആയതുകൊണ്ട് ഒരു പരിധിവിട്ട് ബൈക്ക് ചരിക്കാന്‍ സാധിക്കില്ല. ഒടുവില്‍ കാരിക്കാട് ടോപ് വ്യൂ പോയിന്റില്‍ ബൈക്കുകള്‍ നിര്‍ത്തി. ദൂരെ മലയുടെ ഞരമ്പിലൂടെ ഒരു ബസ്സ് ഒഴുകിയിറങ്ങുന്നു. ഇതിനിടെ മഴ പെയ്‌തൊഴിഞ്ഞിരുന്നു.
++++++++++ഇനി കുരിശുമലയിലേക്കുള്ള കയറ്റം. യേശുക്രിസ്തു കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന കുരിശുമലയ്ക്കു മുകളില്‍ കോടയുടെ നേരിയൊരാവരണമുണ്ട്. അതിനിടെ ചിലര്‍ ഓഫ്‌റോഡിങ്ങിനായി തൊട്ടടുത്ത മലയുടെ പച്ചപ്പിലേക്ക് ബൈക്കോടിച്ചു കയറ്റി. മഞ്ഞു പെയ്തു കിടക്കുന്നതിനാല്‍ ടയറുകള്‍ തെന്നുന്നത് അറിയുന്നുണ്ടായിരുന്നു. ചിലയിടത്ത് മുന്നോട്ട് പോകാനാവാതെ ടയര്‍മാത്രം കറങ്ങി. ബുള്ളറ്റ് ഇലക്ട്രയുമായി വന്ന പത്തനംതിട്ടയിലെ ഹോട്ടല്‍ ഉടമ ഫൈസല്‍, ആദ്യമൊന്നു മടിച്ചു. എല്ലാവരും കയറുന്നത് കണ്ടപ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താനായില്ല. കൂട്ടത്തിലെ 'സ്റ്റൈല്‍ മന്നന്‍' ബൈക്കുമായി മുകളിലെത്തി.

കോടയിറങ്ങി വഴിമുടക്കും മുന്നേ കുമിളിയിലെത്തണം. വേഗത്തിന് ചിറക് മുളച്ചു. തേയിലത്തോട്ടങ്ങള്‍ക്കിടയിലെ വളഞ്ഞു പുളഞ്ഞ റോഡുകളിലൂടെ ബൈക്കുകള്‍ പാഞ്ഞു. സ്പീഡ് ഏറ്റില്ല... കുട്ടിക്കാനമെത്തും മുന്നേ വഴി കോട മൂടിക്കഴിഞ്ഞിരുന്നു. മുന്നിലുള്ള ഒന്നും കാണാന്‍ വയ്യ. ഹെഡ് ലൈറ്റുകള്‍ തെളിഞ്ഞു. ടീമിനെ നയിച്ചിരുന്ന റൈഡിങ് എക്‌സപര്‍ട്ട്, പത്തനംതിട്ട മരിക്കാര്‍ മോട്ടോഴ്‌സിലെ മാനേജര്‍ അനസ് മുന്നേ പോയി. പിറകേ ഓരോരുത്തരായി വേഗം നന്നേ കുറച്ച് കോടയ്ക്കുള്ളിലേക്ക് കയറി. മുന്നേ പോകുന്ന ബൈക്കിന്റെ പിന്നിലെ ചുവന്ന ഒറ്റക്കണ്ണും ഏതിരെ വരുന്ന വാഹനത്തിന്റെ വെളുത്ത ഇരട്ടക്കണ്ണുകളും ചേര്‍ന്നപ്പോള്‍ കോട, ഇടയ്ക്കിടെ തന്റെ തൃക്കണ്ണ് തുറന്നപോലെ.

കുട്ടിക്കാനമെത്തിയപ്പോള്‍ രാത്രിയുടെ ആദ്യയാമം തുടങ്ങി. അവിടെ നിന്ന് ഇരുട്ടിന്റെ തോളില്‍ കയ്യിട്ട് കുമിളിയുടെ മടിത്തട്ടിലെത്തി. കുമിളി ഹോളിഡേ ഹോമിലാണ് അന്തിമയക്കം. രാത്രി നല്ല 100 ഡിഗ്രി എരിവുള്ള ചിക്കനും കൂട്ടി ശാപ്പാട്. പിന്നെ ക്യാംപ് ഫയര്‍. എല്ലാവര്‍ക്കും പരിചയപ്പെടാനുള്ള അവസരം. അഭിലാഷായിരുന്നു കൗതുകമുണര്‍ത്തിയത്. മാവേലിക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ്. രാവിലെ മുതല്‍ രാത്രി വരെ നില്‍ക്കാന്‍ നേരമില്ലാതെ യാത്ര ചെയ്യുന്ന ഈ മനുഷ്യന്‍ ലീവെടുത്ത് യാത്രയ്ക്ക് വന്നിരിക്കുന്നോ...? 'യാത്ര ബുള്ളറ്റിലായതു കൊണ്ട് മാത്രം' ചിരിയുടെ അകമ്പടിയോടെ അഭിലാഷിന്റെ മറുപടി. ഇനിയുമുണ്ട് മുഖങ്ങള്‍. കൂട്ടത്തിലെ പ്രായം കൂടിയ ആള്‍ വെങ്കിടാചലമാണ്, എസ്.ബി.ടിയില്‍ അസിസ്റ്റന്റ് മാനേജര്‍. അല്‍പ്പം ഗൗരവക്കൂടുതലുണ്ട്. എങ്കിലും കടുത്ത ബുള്ളറ്റ് പ്രേമി തന്നെ! സൗദിയില്‍ എഞ്ചിനിയര്‍മാരായ ജ്യേഷ്ഠാനുജന്‍മാര്‍ രഞ്ജിത്തും രതീഷും. ലീവിന് നാട്ടില്‍ വന്നതാണ്.

രാവിലെ കമ്പത്തേക്കാണ് യാത്ര. പുറപ്പെടുന്നതിന് മുന്‍പ് എന്‍ഫീല്‍ഡ് സെയില്‍സ് മാനേജര്‍ ലിജിന്‍, എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അപ്പോഴാണ് ഷമീമിന്റെ ശക്തമായൊരു നെടുവീര്‍പ്പ്... ' എനിക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല'. അന്തംവിട്ട് നോക്കിനിന്നവര്‍ക്ക് നേരെ കണ്ണിറുക്കി ഒരു ചിരിയും പാസാക്കി ആള്‍ ബൈക്കില്‍ കയറി. തണുപ്പ് മാറും മുന്നേ യാത്ര തുടങ്ങി. കുമിളി ടൗണും തമിഴ്‌നാട് ഫോറസറ്റ് ചെക്ക് പോസ്റ്റും പിന്നിട്ട് ചുരത്തിലേക്കിറങ്ങി. സ്‌കൂള്‍ പാഠപുസ്തകത്തിലെ വന്‍കുടലിന്റെ ചിത്രം പോലെ ചുരുണ്ടു പിരിഞ്ഞ് കിടക്കുന്ന ചുരത്തിലൂടെ ബൈക്കുകള്‍ പാഞ്ഞു. ഇരുവശവും കാടാണ്, വല്ലതും കിട്ടുമോ എന്നറിയാന്‍ കുരങ്ങന്‍മാര്‍ ഭിക്ഷയ്ക്കിരിക്കുന്നു!

കാറ്റില്‍ ഭ്രമണപഥം തെറ്റി, തെന്നി തെന്നി താഴേക്ക് വീഴുന്ന അപ്പൂപ്പന്‍ താടികളായി ബൈക്കുകള്‍ ചുരമിറങ്ങി. തമിഴന്‍ ബസ്സുകള്‍ വളവുകളില്‍ ശ്വാസം മുട്ടിനില്‍ക്കുന്നു. ഒന്ന് കിതപ്പാറിയ ശേഷമാണ് കയറ്റം. ചിലയിടത്ത് റോഡുകള്‍ പൈപ്പിന്‍ ചുവട്ടിലെ അലുമിനിയ കുടമാണ്, 'ചളുക്ക പിളുക്ക...' അത്തരമൊരു തിരിവില്‍ എല്ലാവരും പെട്ടന്ന് ബ്രേക്കിട്ടു. ഇരുട്ടുമൂടിയ സിനിമാ തിയേറ്ററില്‍ ആദ്യവെളിച്ചം വീണപോലെ തമിഴ്ക്കാഴ്ച്ച തെളിഞ്ഞു. തെങ്ങിന്‍തോപ്പുകളുടെ പച്ചപ്പും ചെമ്മണ്ണിന്റെ നരച്ച ചുവപ്പും ഇടകലര്‍ന്ന കമ്പം മേടിന്റെ ആകാശ വീക്ഷണം. അപ്പോഴാണ് എതിര്‍വശത്തെ ഉയരങ്ങളില്‍ നിന്ന് നാല് വലിയ പൈപ്പുകള്‍ കമ്പത്തേക്ക് ഇറങ്ങി പോവുന്നത് ശ്രദ്ധിച്ചത്. തമിഴ്‌നാടിന്റെ ദാഹം തീര്‍ക്കാന്‍ പെരിയാറിന്റെ തെളിനീര് കൊണ്ടുപോകുന്നവഴി. വ്യൂ പോയിന്റിന്റെ പേരൊന്നും എഴുതി വെച്ചിട്ടില്ല. അതു വഴിവന്ന 'തമിഴ്അരശ'നോട് അറിയാവുന്ന തമിഴില്‍ സ്ഥലപേര് ആരാഞ്ഞു. പേര് പറഞ്ഞു, ഒന്നും മനസ്സിലായില്ല! മലയാളിയുടെ സ്വതവേയുള്ള ദീര്‍ഘമായ 'ങേ....' പലവട്ടമായപ്പോള്‍ തമിഴന്റെ മുഖം മാറിത്തുടങ്ങി. ഇനിയും നിന്നാല്‍ അതൊരു മുല്ലപ്പെരിയാര്‍ തര്‍ക്കമായി മാറുമെന്ന് തോന്നിയപ്പോള്‍ വണക്കം ശൊല്ലി പിരിഞ്ഞു. 'യാനക്കുഴൈ' എന്നോ മറ്റോ ആണെന്ന് തോന്നുന്നു അയാള്‍ പറഞ്ഞത്. ലോവര്‍ക്യാംപ് ആയിരുന്നു അത്.
++++++++++


പട്ടുമെത്തപോലെ റോഡുള്ള ഗൂഡല്ലൂരേക്കാണ് ചുരമിറങ്ങിയത്. വേഗത്തെ സ്‌നേഹിക്കുന്നവരുടെ കൈകള്‍ അറിയാതെ ആക്‌സിലറേറ്ററില്‍ മുറുകി. ടീമിലെ 'സ്പീഡ്സ്റ്റാര്‍' പത്തനംതിട്ടക്കാരന്‍ സല്‍മാന്‍, വിളിച്ച് കൂവാന്‍ തുടങ്ങി.. 60, 80, 100, 120....അതുവരെ കമിഴ്ന്നു കിടന്ന് ഉറങ്ങുകയായിരുന്ന സ്പീഡോ മീറ്ററിലെ സൂചി എഴുന്നേറ്റ് നിന്ന് നടുവളച്ചു! ആയിരം കൈകളുള്ള പലജാതി മരങ്ങള്‍ റോഡിനിരുവശവും നിന്ന് കുടപിടിക്കുന്നു. മലനിരകളുടെ പശ്ചാത്തലത്തില്‍, കണ്ണെത്താദൂരം മുന്തിരിപ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും ... തമിഴ്ഗ്രാമഭംഗിയുടെ കാഴ്ച്ചശീവേലി.

കുറച്ച് ചെന്നപ്പോള്‍ കാളവണ്ടികളും നാട്ടുകൂട്ടവും ഒച്ചപ്പാടും. 'റേക്‌ല പാച്ചിലി'നുള്ള ഒരുക്കമാണ്. അതായത് കാളവണ്ടി ഓട്ടമത്സരം. കണ്ടത്തിലൂടെയല്ല, ദേശീയപാത 220 ലൂടെ... 'അണ്ണന്‍ സ്‌പെഷ്യല്‍'. എല്ലാവരും വണ്ടികള്‍ തിരിച്ചു. കാളകള്‍ക്കൊപ്പം ഒരു മത്സരമാവാം. നാട്ടുകാര്‍ ബൈക്കുകളുമായി കാളവണ്ടികള്‍ക്ക് പിന്നാലെ കൂക്കിവിളിയും ഹോണടിയുമായി, എന്‍ഫീല്‍ഡ് സംഘം കാളവണ്ടികള്‍ക്കൊപ്പം... ഹരം പിടിച്ച കാളവണ്ടിയോട്ടക്കാരന്‍ കാളകളെ ആഞ്ഞ് തെളിച്ചു, 'ഹോയ് ഹോയ് ...'

ഏറെ ദൂരമൊന്നും പോയില്ല, കാളകളെ വഴിയിലുപേക്ഷിച്ച് ബൈക്കുകള്‍ തിരിച്ചു. തമിഴ്‌നാടന്‍ കോവിലുകളും പാടശേഖരങ്ങളും നിറഞ്ഞ ചെറുവഴികളിലൂടെയായി സഞ്ചാരം. പത്തനംതിട്ടയില്‍ നിന്ന് ഒറ്റസീറ്റുള്ള ബുള്ളറ്റ് ക്ലാസ്സിക്കുമായി വന്ന മാത്യൂസിന് ഗ്രാമക്കാഴ്ച്ചകള്‍ വല്ലാതെ രസിച്ചെന്ന് തോന്നുന്നു. ഇരുവശവും നോക്കി ആസ്വദിച്ച് വളരെ പതുക്കെയാണ് പോക്ക്. കരുണ മുത്തേവന്‍പ്പട്ടിയിലെത്തിയപ്പോള്‍ പച്ചപ്പാടങ്ങളുടെ നിറം മാറി. കാറ്റില്‍ ഇളകിയാടുന്ന ജമന്തിപ്പൂക്കള്‍. ജമന്തിപ്പാടങ്ങള്‍ക്ക് നടുവിലൊരു ഫോട്ടോസെഷന്‍. അധികനേരം നിന്നില്ല. ഓലമടലുകളും വലിയ ചുവന്ന മുളകുകളും ഉണക്കാനിട്ടിരിക്കുന്ന വഴികളിലൂടെ സുരുളിയിലേക്ക്...

പേരാലുകളുടെ വേരുകള്‍ ജടതിങ്ങിയ മുടികളായി മണ്ണിനെ തൊടുന്നു. അവിടെ തണലില്‍ മേശനിരത്തി കുറച്ച പേര്‍ ഇരിക്കുന്നു. സുരുളി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നവര്‍ വാഹനത്തിന്റെ പാര്‍ക്കിങ് ഫീസ് അടയ്‌ക്കേണ്ടത് ഇവിടെയാണ്. കുറേക്കൂടി മുന്നോട്ട് ചെന്ന് ബൈക്കുകള്‍ പാര്‍ക്ക് ചെയ്തു. നല്ല തിരക്ക്, തമിഴ്‌നാട് മൊത്തം ഇളകി പോന്നിട്ടുണ്ടെന്ന് തോന്നുന്നു. ഇവിടെ നിന്നിനി കയറണം. കുളിക്കാന്‍ പോകുന്നവരുടേയും കുളികഴിഞ്ഞിറങ്ങുന്നവരുടെയും തിരക്കാണ്. തമിഴര്‍ വെള്ളച്ചാട്ടം കാണാനല്ല, അറിയാനാണ് വരുന്നത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തില്‍ പരാമര്‍ശമുള്ളതാണ് സുരുളി വെള്ളച്ചാട്ടം. രോഗശമനത്തിനുത്തമമാണത്രേ സുരുളിയിലെ കുളി.

വെള്ളിനൂലുള്ള സാരിയുടെ മുന്താണി വിടര്‍ത്തിയിട്ടപോലെ നാല്‍പ്പതടി ഉയരത്തില്‍ നിന്ന് സുരുളി നദിയിലെ വെള്ളം താഴേക്ക് പതിക്കുന്നു. താഴെ തലയുമായി എണ്ണിയാല്‍ തീരാത്തത്രപേര്‍. സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നൊരു കുളിയുത്സവം. ജലപാതത്തിന്റെ ആരവത്തില്‍ ആളുകളുടെ ശബ്ദം മുങ്ങിപ്പോകുന്നു. അപ്പോഴാണ് വെള്ളച്ചാട്ടത്തിന് മുകളില്‍ കുറച്ചു പേരെ കണ്ടത്. ഇതിന് മുകളിലേക്ക് വഴിയുണ്ടോ.? കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം കണ്ടെത്തി. അല്‍പ്പം സാഹസമാണ്. കുത്തനെയുള്ളകയറ്റം. വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ പാറക്കല്ലുകളില്‍ ചവിട്ടി കയറണം. എങ്ങാനും തെന്നിയാല്‍ പിന്നെ താഴെ നോക്കിയാല്‍ മതി. ഒടുവില്‍ വെള്ളച്ചാട്ടത്തിന് മുകളിലെത്തി. അവിടെ മറ്റൊരു വെള്ളച്ചാട്ടം. ഷമീമും സല്‍മാനും ഫൈസലും പോസ്‌റ്റോഫീസ് ജീവനക്കാരന്‍ ശ്രീകുമാറുമെക്കെ പാറയില്‍ കിടന്നൊരു കുളിപാസാക്കി. വെള്ളത്തിന്റെ തണുത്ത സ്പര്‍ശവും പാറയുമായപ്പോള്‍ പലരും വിറച്ചു കൊണ്ട് അലറി വിളിച്ചു...

തിരിച്ച് ഗൂഡല്ലൂര്‍ക്ക്. മുന്തിരിത്തോപ്പുകളാണ് ലക്ഷ്യം. രാവിലെ പോരുമ്പോള്‍ മുന്തിരിമുതലാളി സ്ഥലത്തില്ലാത്തില്ലായിരുന്നു. നട്ടുച്ചയ്ക്കാണ് മുന്തിരിത്തോപ്പിലെത്തിയത്. റോഡ് അല്‍പ്പം ഉയരത്തിലാണ്. അവിടെ നിന്ന് നോക്കിയാല്‍ വെറുതെ കാട് പിടിച്ച് കിടക്കുന്നയിടമാണെന്നേ തോന്നു. അതിന് മുകളില്‍ കാവല്‍മാടങ്ങള്‍. മുന്തിരിക്കുലകള്‍ കിളികള്‍ കൊത്താതെ നോക്കുന്നത് പത്തുവയസ്സു തികയാത്ത കുട്ടികളാണ്്. നിറയെ മൈനകള്‍ വട്ടമിട്ട് പറക്കുന്നു. കാവല്‍മാടത്തിലൊരു തുണിത്തൊട്ടില്‍. അതിലൊരു പെണ്‍കുഞ്ഞ്. മുന്തിരിപ്പടര്‍പ്പിന് മുകളില്‍ കാവലിരുന്ന പയ്യനെ വിളിച്ചു. പേര് സൂര്യ, അച്ഛനും അമ്മയും കൂലിപ്പണിക്ക് ദൂരെയെവിടെയോ പോയതാണ്. മൂന്നരവയസ്സുകാരി അനിയത്തി പാണ്ടിമതിയെ സൂര്യയെ ഏല്‍പ്പിച്ചിട്ട്. പഠിക്കാനൊന്നും പോകുന്നില്ലേ എന്ന ചോദ്യത്തിന് അലസമായൊരു നോട്ടമായിരുന്നു മറുപടി. 'മുതലാളി അങ്കെയിരിക്കെ നാന്‍ മാടത്ത്ക്ക് പോറേന്‍...' മറുപടിക്ക് കാത്ത് നില്‍ക്കാതെ അവന്‍ തിരിഞ്ഞു നടന്നു...

ബൈക്കുകള്‍ മുന്തിരിത്തോപ്പിലേക്ക് കയറ്റാന്‍ അനുമതി വാങ്ങി. ആകാശം നിറയെ മുന്തിരിക്കുലകള്‍...ചുണ്ടെത്തും ഉയരത്തില്‍ ഇളംമുന്തിരികളും കറുത്ത് പാകമായ മുന്തിരികളും...സ്വപ്‌നലോകത്തെത്തിയ പോലെ. പുളിപ്പും മധുരവും ഒരുപോലെ നാവില്‍ നൃത്തമാടി. മുന്തിരിത്തോട്ടത്തില്‍ കറങ്ങിയ ശേഷം മുന്തിരിമുതലാളിക്ക് 'നന്ദ്രിസൊല്ലി', ബൈക്കുകള്‍ ചുരം കയറി. കുമിളിയില്‍ നിന്ന് ഉച്ചഭക്ഷണവും കഴിച്ച് പരുന്തും പാറയിലേക്ക്.

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വൈകുന്നേരമാവാറായപ്പോള്‍ പരുന്തുംപാറയ്ക്ക് മുകളിലെത്തി. പാറക്കൂട്ടങ്ങള്‍ക്ക് മുകളിലും പച്ചപുതച്ച കുന്നിന്‍മുകളിലും ഓഫ് റോഡിങ്ങ്, ഒരുഗ്രന്‍ കലാശക്കൊട്ട്. പരുന്തുംപാറയില്‍ കിടന്ന് സൂര്യാസ്തമനവും കണ്ട് മുണ്ടക്കയം വഴി പത്തനംതിട്ടയിലെത്തുമ്പോള്‍ രാത്രി പത്തുമണി. എല്ലാവരും പലവഴിക്ക് പിരിഞ്ഞു. ഉറങ്ങാന്‍ കിടന്നപ്പോഴും പിറ്റേന്ന് ഉറക്കമുണരുമ്പോഴും മനസ്സ് മുന്തിരിപടര്‍പ്പിനുള്ളിലായിരുന്നു....

Travel Info

Cumbum & Suruly

Cumbum: A scenic valley in Western Ghats. Situated in Tamilnadu bordering Kerala, 22 Km east to Kumili with lush green fields, cultivated paddy, coconut and vineyards.
Suruly: The Suruly falls is the most attractive destination in Cumbum (16 Km ). which lies on the way to Periyar National Park, The falls originate from the Megamalai hills and descend from a height of 150 feet. They are surrounded by the astounding beauty of the dense forest. It is a round the year fall. The fall finds mention in Tamil Epic, 'Silappathikaram' written by poet Ilango Adikal.
Location: State-Tamilnadu, Theni Dt. (Suruly falls is 30km from Kumily, Cumbum is 22 Km from Kumily)
Distance Chart: Kumily-Cumbum: 22km, Cumbum-Suruly: 16km, Theni-Suruly: 56 km, Madurai-Suruly: 123km

How to reach
By road: From Kumily town, proceed towards east to Kerala-Tamilnadu Checkpost. Then 14km to Gudallur via lower camp and Irachipalam (Kollam-Theni Highway, NH-220). Then to Cumbum (8km). Take right deviation from Cumbum town to Palayam-Surulipatty road( Opp. to Cumbum Police Station). Just after 3km take deviation to Suruly falls road. There is another route to Suruly via Gudallur Jn. and Karuna Muthevanpatty. You can also reach Cumbum and Suruly via Dindigul (nearly 120 Kms from Dindigul).
By rail: Theni, connecting Theni and Madurai.
By air: Madurai

Contact
Madurai Tourism Enquiry : Ph: 0452-2334757
Chengannur Rly Station: Ph: 0479-2452340
KSRTC Pathanamthitta, Ph: 0468-222366
Tourist Information office, Pathanamthitta, Ph: 0468-2326409
DTPC, Pathanamthitta, Ph: 0468-2229952
Tourism Office, Kumily, Ph: 04869-222620
Best season: June - October, when the thickness of the water column is astounding.
Festival: Summer Festival, organized every year by the Tamilnadu Tourism Department at Surulyfalls.
Stay at Kumily (STD Code-04869)
Holiday home, Ph: 222017, Hotel Kumily Gate, Ph: 222279, Hotel Sithara International, Ph: 222288, Highrange Residency, Ph: 223343, Revathy International, Ph: 222434 , Mukkuckal Regent-Tower, Ph: 222570, Thekkady Wild Corridor, Ph: 224414, Cardamom County, Ph: 224501, Shalimar Spice Garden, Ph: 222132.
Bikers: P.Lijin Raj, Anass Hussain, Najeeb.A, J.Ramesh, Faizal Kallil, Shemeem, Salman Mohammed, S.S.Shah, Mathews. P. Varghese, Chinchu.C, Sreekumar.B, Binoy.R.Pillai, Sudheesh.S, Rengith.S, Ratheesh.S, Manesh.P.Unnithan, Venkitachalam, Mohammed Arif, Pradeep Nair, David Ninan, Babu.


ബൈക്ക് യാത്രയില്‍ ശ്രദ്ധിക്കേണ്ടത്
യാത്രയ്ക്ക് മുന്‍പ് ബൈക്ക് ഒരു മെക്കാനിക്കിനെ കൊണ്ട് പരിശോധിപ്പിക്കുക. ടയറുകളുടെ കണ്ടിഷന്‍ നല്ലതാണെന്ന് ഉറപ്പ് വരുത്തുക പഴകിയ എന്‍ജിന്‍ഓയില്‍ മാറ്റുക. ബ്രേക്ക്, ചെയിന്‍, ക്ലച്ച് കേബിള്‍, ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ബ്രേക്ക് ലൈറ്റ്, ഗിയര്‍ ലിവര്‍ എന്നിവയുടെ പ്രവര്‍ത്തനം സുഗമമാണോ എന്ന് പരിശോധിക്കുക. ബൈക്കിന്റെ താത്കാലിക അറ്റകുറ്റപണികള്‍ക്കാവശ്യമായ ടൂള്‍ബോക്‌സ്്, ടൂര്‍കിറ്റ്, എക്‌സ്ട്രാ ബള്‍ബുകള്‍ എന്നിവ കരുതുക. ബൈക്കിന്റെ രേഖകള്‍ കരുതുക. യാത്രയ്ക്കിടയിലല്ല ഇന്‍ഷൂറന്‍സിന്റെ കാലാവധി തീരുന്നതെന്ന് ഉറപ്പ് വരുത്തുക. ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കുക. ബൈക്കിന് പിന്നിലിരിക്കുന്ന ആള്‍ക്ക് കൂടി ഹെല്‍മറ്റ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ലഗേജുകള്‍ കുറയ്ക്കുക. കുടിവെള്ളം ധാരാളം കരുതുക. പോകേണ്ട സ്ഥലത്തിന്റെ റൂട്ട് മാപ് ഉണ്ടാക്കണം. ചില പോയിന്റുകളില്‍ നിര്‍ത്തി, അല്പം വിശ്രമിച്ച ശേഷം യാത്ര തുടരുക. ദീര്‍ഘനേരം വാഹനമോടിക്കുന്നത് പെട്ടന്ന് തീരുമാനമെടുക്കുവാനുള്ള കഴിവിനെ ബാധിക്കും. ബൈക്ക് യാത്രയില്‍ ഹരം മൂത്ത് അച്ചടക്കം ഇല്ലാതാവരുത്. സംഘം ചേര്‍ന്നുളള ബൈക്ക് യാത്രയ്ക്ക് ഒരു ടീം ലീഡര്‍ ഉണ്ടാകണം. തണുപ്പുള്ള കാലാവസ്ഥയാണെങ്കില്‍ ജാക്കറ്റ് നിര്‍ബന്ധമാണ്. ചുരമിറങ്ങുമ്പോഴും കയറുമ്പോഴും സാഹസങ്ങള്‍ക്ക് മുതിരരുത്.

Useful Tips at Suruly Falls
Entry timing: 6.30 am to 5.30pm
Don't block the passage towards the falls.
Take care of your belongings.
Ladies and Gents requested to go in separate Q's
Use of Shampoo/oil sachets strictly prohibited
Parking Fee: Rs.5/Two Wheeler, Rs.10/Car, Rs.20/Bus
Do not litter the forest
Avoid plastics