ആരെയും വശീകരിക്കുന്ന ഹരിതമന്ത്രവുമായി ഒരു വനമേഖലമുന്നില്‍ കാട്ടുപാത നീളുന്നു. ഒരു വന്‍മരത്തിന് മുറിവേറ്റ പോലുള്ള ചോരപ്പാട്.. മരത്തിന്റെ തൊലി ആന കീറിയെടുത്ത അടയാളം. നിലത്ത് നോക്കിയപ്പോള്‍ ആനപിണ്ഡങ്ങള്‍ വരിവരിയായി കാണാം. ആവി പറക്കുന്നു...

പതുക്കെ നടന്നാല്‍ മതി. ശബ്ദമുണ്ടാക്കരുത്. വനംവകുപ്പിലെ വാച്ചര്‍ ദിവാകരന്‍ പറഞ്ഞു. കാട്ടുപാത ചെറുതാണ്. ഇരുവശത്തും വൃക്ഷങ്ങളും അടിക്കാടും വളര്‍ന്ന് നില്‍ക്കന്നു. ആനപ്പുല്ലുമുണ്ട് കൂട്ടത്തില്‍. മരകൊമ്പ് ഒടിയുന്ന ശബ്ദം. എവിടെയോ ആനയുണ്ട്. കാണുന്നില്ലെന്ന് മാത്രം. അല്‍പ്പം നടന്നപ്പോള്‍ ആനച്ചൂര്. ചുററും നോക്കി നടന്നു. കാട്ടുപാതയില്‍ ഒരു മരം വീണു കിടക്കുന്നു. അത് മുറിച്ചു കടന്നു.

പിന്നീടുള്ള ഇറക്കം അതിമനോഹരമായ പുല്‍മേട്ടിലേക്കാണ്. ഹരിതഭംഗികളുടെ മാസ്മരമേഖല. താഴ്‌വരകള്‍ ചുറ്റും. ആകാശത്തിന് കുടപിടിക്കുന്ന വന്‍വൃക്ഷങ്ങള്‍. ഇടയ്ക്ക് ശീതക്കാറ്റ് മെല്ലെ വീശി. താഴ്‌വരകളിലെ പുല്‍മേടുകളില്‍ നോക്കെത്താത്ത ദൂരത്തില്‍ മഞ്ഞിന്റെ വലയം. മാട്ടുമലയില്‍ പ്രകൃതിയുടെ ഹരിതമന്ത്രം ആരേയും ആകര്‍ഷിക്കും.നെല്ലിയാംപതിയിലെ പാടഗിരിയില്‍ നിന്നും കുത്തനെയുള്ള കയറ്റം കയറി ഒമ്പത് കിലോമീറ്ററോളം യാത്ര ചെയ്താല്‍ മാട്ടുമലയില്‍ എത്താം. ഏറ്റവും ഉയരം കൂടിയ ഭാഗം. വന്‍വൃക്ഷങ്ങളുടെ കിരീടം പോലെ വിശാലമായി പരന്നു കിടക്കുന്ന മേലാപ്പുകള്‍. സഞ്ചാരികളുടെ സ്വര്‍ഗമായി മാട്ടുമല മാറികഴിഞ്ഞു. ഒഴിവ് ദിവസങ്ങളില്‍ വിനോദസഞ്ചാരികള്‍ കൂട്ടമായെത്തും.

ജീപ്പ് യാത്ര ദുഷ്‌കരമാണെങ്കിലും മാട്ടുമലയില്‍ എത്തികഴിഞ്ഞാല്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ഹരിതാഭ ചാര്‍ത്തിനില്‍ക്കുന്ന മലനിരകളില്‍ വരയാടുകളെ കാണാറുണ്ടെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ പറഞ്ഞു.

സാഹസികരായ യുവാക്കള്‍ കുത്തനെയുള്ള കയറ്റം കാല്‍നടയായി കയറിവരും. മാട്ടുമല എത്തുന്നതിനു മുമ്പാണ് മിന്നാമ്പാറ. സിനിമാ ഷൂട്ടിങ് നടക്കാറുള്ള പ്രദേശം. സാഹസിക രംഗങ്ങള്‍ക്ക് അനുയോജ്യം. വന്‍വൃക്ഷങ്ങളില്‍ ചിലതില്‍ മലമുഴക്കി വേഴാമ്പലിന്റെ കൂടുകള്‍ കാണുമെന്ന് പറഞ്ഞു. ആകര്‍ഷകമായ മറ്റു പക്ഷികളെയും മാട്ടുമലയിലേക്കുള്ള യാത്രയില്‍ കാണാം.ഒഴിവുദിവസങ്ങളില്‍ സ്‌കൂള്‍ കുട്ടികളുടെ തിരക്കുണ്ടാവും. പുല്‍മേടുകള്‍ പലപ്പോഴും പാഴ്‌വസ്തുക്കള്‍ കൊണ്ട് നിറയും. പ്ലൂസ്റ്റിക് കടലാസുകള്‍ പെറുക്കിയെടുക്കുന്ന തിരക്കിലായിരുന്നു ചിലര്‍. ദിവാകരന്‍ അവയെല്ലാം മറ്റൊരിടത്ത് നിക്ഷേപിച്ചു.
സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞാല്‍, രാത്രി ആനകള്‍ മലമുകളില്‍ എത്തും. അവരുടെ വിഹാരകേളികളാണ് പിന്നെ അവിടെ.

സായാഹ്നങ്ങള്‍ ഹൃദ്യമാണ്. ആകാശത്ത് ചിത്രപ്പണികള്‍... പ്രകൃതി സൗന്ദര്യവും വര്‍ണമേഘങ്ങളും ആസ്വദിക്കുമ്പോള്‍, ഒരു സ്വപ്‌നത്തില്‍ നിന്ന് മറ്റൊരു സ്വപ്‌നത്തിലേക്ക് വീഴുന്ന പ്രതീതി.. ചൂടേറിയ മധ്യാഹ്നത്തില്‍ പോലും മാട്ടുമലയില്‍ സുഖകരമായ കാറ്റ് വീശും.Location
Palakkad

Distance chart
Nelliyampti 9 km, Nenmmara 39 km, Palakkad 109 km.

How to reach

By road:Mattumala is 9 km from Nelliyampati. Only jeeps run to Mattumala from Nelliyampati. Buses and Jeeps are there to Nelliyampati from Nenmmara, the nearest major town. Buses are in plenty from Palakkad to Nenmmara (70 km).
By rail: Palakkad Town and Olavakkode station.
By Air: Coimbatore (55 Km)

Best season
Sept-May

Elevation (Nelliyampati Hills): 460 mt-1500 mt.

Stay
At Nelliyampati - Kairali Ayurvedic Health Resort, Ph 04923 222553. ITL Holidays & Resort, 246357. CEe Dee Regency, Ph 222208.

Contact
DTPC Palakkad , 0491 2538996. DFO Mannarkkad 04924 222574.