ദക്ഷിണ വാരണാസിയായ കൊട്ടിയൂരിന്റെ ആകര്‍ഷണങ്ങളിലൊന്നാണ് പാലുകാച്ചി മല. വിശ്വാസികള്‍ക്ക് ശിവ-പാര്‍വതി ചൈതന്യം തുടിക്കുന്ന പാവനഭൂമിയാണിവിടം. സഞ്ചാരികള്‍ക്കോ പ്രകൃതിരമണീയമായ ട്രക്കിങ്ങ് പോയിന്റും

മൂന്നു മലകള്‍ മൂന്നു കല്ലുകളായി പാര്‍വ്വതിദേവിക്കു മുമ്പില്‍ തലകുനിച്ചു നിന്നു. ശിവപത്‌നി മാമലകളെ ഒരു അടുപ്പാക്കി മാറ്റി. അടുപ്പില്‍ ഒരു പാത്രത്തില്‍ പാല്‍ പകര്‍ന്നു. തരുനിരകള്‍ താഴ്മയോടെ വണങ്ങി, ശിഖരങ്ങള്‍ താഴ്ത്തി അടുപ്പിനുള്ളിലേക്ക് വിറക് നിറച്ചു. അരണിയില്‍നിന്നും അഗ്നി പാല്‍പാത്രത്തിനു ചൂടു പകര്‍ന്നു.

ഭഗവാന്‍ പരമശിവന്‍ തിരുജട അഴിച്ചിട്ടു. നീലാകാശത്ത് ചന്ദ്രബിംബം മിഴിതുറന്നു. ചുറ്റും പാല്‍നിലാവിന്റെ കടല്‍. മലയടിവാരത്തെ ചുംബിച്ചൊഴുകുന്ന ബാവലിയില്‍ ശശികിരണങ്ങള്‍ സ്വര്‍ണഞൊറികളായി ഇതള്‍ വിടര്‍ത്തി. നിലാവിന്റെ നീലകളഭത്തില്‍ കുളിച്ചു നില്‍കുന്ന മലനിരകള്‍..ഏതോ പുളകിത നിമിഷങ്ങളെ പ്രതീക്ഷിച്ചപോല്‍ താഴേക്ക് കണ്ണും നട്ട് ആകാശത്ത് നക്ഷത്രങ്ങള്‍ ഇമ പൂട്ടാതെ കാത്തുനിന്നു..പ്രകൃതി ശാന്തസുന്ദരമാക്കിയ ആ നീലനിശീഥിനിയില്‍ പാര്‍വതീപരമേശ്വരന്‍മാരുടെ മധുവിധു തുടങ്ങി, അടുപ്പില്‍വച്ച പാല്‍പ്പാത്രം തിളച്ച് തുളുമ്പിയതെല്ലാം ആ മനോഹരരാവിന്റെ വശ്യതയില്‍ വധൂവരന്മാര്‍ മറന്നുപോയിപോലും.

പാല്‍ തിളച്ചു. പാല്‍പ്പാത്രം തുളുമ്പി. പാലരുവികളായി അത് മലയില്‍നിന്നും താഴോട്ടൊഴുകി. വെണ്ണിലാവില്‍ പാലരുവികള്‍ അലകളുതിര്‍ത്തു. ശിവപാര്‍വതിമാരുടെ മധുവിധുവിനിടെ മൂന്നു കല്ലുകളും വീണ്ടും മലകളായി മാറി. കാച്ചിയ പാല്‍ തുളുമ്പി ഒഴുകിയ മല പാലുകാച്ചിമലയായി മാറി. അങ്ങിനെ ശിവചൈതന്യം തുടിക്കുന്ന പാലുകാച്ചിമലയുണ്ടായെന്ന് ഐതീഹ്യം.

പേരാവൂര്‍ -കൊട്ടിയൂര്‍ റോഡില്‍ കേളകം ടൗണ്‍ കഴിഞ്ഞാല്‍ കിഴക്ക് -വടക്ക് ദിശയിലായി തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നു മലകള്‍ കാണാം. ദക്ഷിണകാശിയെന്ന കൊട്ടിയൂരിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള പാലുകാച്ചിമലയാണത്.ഓര്‍മ്മയില്‍ പാലുകാച്ചിമലയെന്ന പേര് കടന്നു ചെല്ലുന്നത് കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ടാണ്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴെന്നോ അലങ്കരിച്ച ഒരു വലിയ ലോറിയില്‍ കുറെ വിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത് നോക്കിനിന്നത് ഓര്‍മ്മയിലുണ്ട്. പാലുകാച്ചിയിലേക്കാണെന്ന് ആരോ പറഞ്ഞതും ഇപ്പോഴും ഓര്‍ക്കുന്നു.

മഴ തുടങ്ങുന്ന കാലത്താണ് 28 നാള്‍ നീളുന്ന കൊട്ടിയൂര്‍ തീര്‍ത്ഥാടനം. മെയ് മാസം ഒടുവിലോ ജൂണ്‍ ആദ്യമോ ആയിരിക്കും തുടക്കം. കൊട്ടിയൂരിലേക്കു പോയിട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് വലിയൊരു കാഴ്ച കൂടിയാണ് പാലുകാച്ചി. വയനാടന്‍ മലനിരകളുമായി ചേര്‍ന്നു കിടക്കുന്ന കുന്നിന്‍കൂട്ടങ്ങളിലൊന്നാണ് പാലുകാച്ചിയും. മഴക്കാലത്ത് പാലുകാച്ചി കൂടുതല്‍ പച്ചയണിയും. മലഞ്ചെരിവില്‍ നിറയെ പാറക്കൂട്ടങ്ങളാണ്. മഴയില്‍ പിറവിയെടുക്കുന്ന കാട്ടരുവികള്‍ കുത്തൊഴുക്കില്‍ പാറക്കൂട്ടങ്ങളില്‍ ചിന്നിച്ചിതറി പാലരുവികളായി താഴോട്ടൊഴുകും. ആ പാലരുവികളാണ് പാലുകാച്ചിയുടെ ആകര്‍ഷണീയതയും പേരിന്നാധാരവും. കൊട്ടിയൂരിലേക്ക് പോകുമ്പോഴൊക്കെ ഈ മലകള്‍ ഒരു പാട് മോഹിപ്പിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും കയറണമെന്ന ആഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്.

തലശ്ശേരി- കൊട്ടിയൂര്‍ റോഡില്‍ കേളകം കഴിഞ്ഞ് മൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ ചുങ്കക്കുന്നായി. അവിടെ നിന്നും കൊട്ടിയൂരിലേക്ക് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ കൂടി മാത്രം. ചുങ്കക്കുന്ന് പള്ളി കഴിഞ്ഞാല്‍ പൊട്ടന്‍തോട്- ഒറ്റപ്ലാവ് കവലയായി. ഈ കവലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞാല്‍ ഒറ്റപ്ലാവ് വഴി പാലുകാച്ചിമലയിലെത്താം. വേറെയും രണ്ട് വഴികള്‍ കൂടിയുണ്ട് പാലുകാച്ചിയിലേക്ക്. കൊട്ടിയൂര്‍ നീണ്ടുനോക്കി വഴിയും, അടക്കാത്തോട് രാമച്ചി വഴിയും.കാഴ്ചകളുടെ വശ്യത ആസ്വദിക്കാന്‍ ഒറ്റപ്ലാവ് വഴിതന്നെയാണ് നല്ലത്.

കേളകത്തുനിന്നോ ചുങ്കക്കുന്നില്‍ നിന്നോ ജീപ്പിലാക്കണം യാത്ര. ചുങ്കക്കുന്നില്‍ നിന്നും ഒറ്റപ്ലാവുവരെ വീതി കുറവാണെങ്കിലും സാമാന്യം നല്ല റോഡാണ്. ചുങ്കക്കുന്നില്‍ നിന്നും ഒറ്റപ്ലാവ് വരെ ഏതാണ്ട് നാലു കിലോമീറ്റര്‍ വരും. ഒറ്റപ്ലാവ് ചെറിയൊരു കവലയാണ്. അവിടെ നിന്നും നേരെയുള്ള വഴിയാണ് പാലുകാച്ചിയിലേക്ക്. വലത്തോട്ടേക്കുള്ള റോഡ് തുള്ളന്‍പാറയിലേക്കാണ്. കവലയില്‍ നിന്നും കുറച്ചുദൂരം കൂടി പിന്നിട്ടപ്പോള്‍ ടാറിട്ട റോഡ് അവസാനിച്ചു. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡാണ് മുന്നില്‍. ഡ്രൈവര്‍ പുഷ്പകുമാര്‍ വണ്ടി നിര്‍ത്തി. ഇനി കയറണമെങ്കില്‍ ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് തന്നെ വേണം. പാലുകാച്ചി സ്വദേശികളും ടൂറിസ്റ്റുകള്‍ക്ക് അത്യാവശ്യം സൗകര്യങ്ങളൊക്കെ ഒരുക്കിക്കൊടുക്കുന്ന ജോര്‍ജും സിജോയും സഹായത്തിനെത്തി. ഒരു കല്ല്യാണവീട്ടിലെത്തിയ ജീപ്പിനെ ഡ്രൈവര്‍ സഹിതം അരമണിക്കൂര്‍ നേരത്തേക്ക് പൊക്കി.മലമ്പാതയിലൂടെ ബിജുവിന്റെ ജീപ്പ് ഇരമ്പിക്കയറി. ഒരു വശത്ത് വവലിയ കുന്നുകള്‍. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡിനു കുറുകെ വെള്ളം കൊണ്ടുപോകുന്ന റബര്‍ പൈപ്പുകള്‍ ഇടക്കിടെയുണ്ട്. മലയോരങ്ങളില്‍ കിണറുകളില്ല. പകരം പാറകള്‍ നല്ല ശുദ്ധമായ വെള്ളം തരും. കൈക്കുമ്പിളില്‍ ഏറ്റുവാങ്ങിയാല്‍ മതി. സിജോ ഇറങ്ങി പൈപ്പുകള്‍ ഉയര്‍ത്തി. ജീപ്പ് പൈപ്പിനടിയിലൂടെ ഊളിയിട്ടു. മലയോരത്തിന്റെ കുടിവെള്ളം ഒരിക്കലും മുട്ടിക്കരുത്.

ഇരമ്പിയും ഇടക്ക് ഞരങ്ങിയും ജീപ്പ് മലകയറ്റം തുടര്‍ന്നു. ജീപ്പിന്റെ ഇളക്കങ്ങള്‍ പേടിപ്പെടുത്തുമെന്നായപ്പോള്‍ ഡ്രൈവറെ നോക്കി. ഒരു ഭാവമാറ്റവുമില്ലാതെ ബിജു ഡ്രൈവിങ്ങില്‍ തന്നെ ശ്രദ്ധിക്കുകയാണ്. ഇറങ്ങി നടന്നാലോ എന്നുവരെ തോന്നിപ്പോയി. ഒടുവില്‍ ഒറ്റപ്ലാവ് ടോപ്പിലെത്തിയപ്പോള്‍ ജീപ്പില്‍ നിന്നിറങ്ങി. എത്ര വര്‍ഷമായി ഡ്രൈവറായിട്ട്... ഹസ്തദാനത്തിനിടെ ബിജുവിനോട് ചോദിച്ചു. 12 വര്‍ഷം. ...ഈ മലയില്‍ വണ്ടിയോടിക്കണമെങ്കില്‍ കുറച്ചു ഡ്രൈവിങ്ങ് പരിചയമൊന്നും പോര.

ഒറ്റപ്ലാവ് ടോപ്പില്‍ നിന്ന് പാലുകാച്ചിമലയിലേക്കുള്ള ട്രെക്കിങ്ങ് തുടങ്ങും. ഒന്നാം മലയുടെ അടിവാരത്തുകൂടിയാണ് ട്രെക്കിങ്ങ്. സ്വകാര്യസഥലങ്ങളിലൂടെയാണ് തുടക്കം. ഒരുകാലത്ത് കുടിയേറ്റ മേഖലയായിരുന്ന ഇവിടെ ഇപ്പോള്‍ ഒരു കുടുംബം മാത്രമാണ് ബാക്കിയുള്ളത്. ബാക്കിയെല്ലാവരും കുടിയിറങ്ങിക്കഴിഞ്ഞു. ട്രെക്കിങ്ങ് പാതയില്‍ അവിടവിടെയായി ഉപേക്ഷിച്ച വീടുകള്‍ കാണാം. കാട്ടുമൃഗശല്യവും ഉരുള്‍പ്പൊട്ടലും കുടിയിറക്കത്തിന്റെ കാരണങ്ങളായി. കാട്ടുപന്നികള്‍ ഇളക്കിമറിച്ചിട്ട മണ്ണിലൂടെയായിരുന്നു അവിടുന്നങ്ങോട്ടുള്ള യാത്ര. കുത്തനെയുള്ള കയറ്റം കയറാന്‍ സിജോ കുറെ ഊന്നുവടികള്‍ സംഘടിപ്പിച്ചു. കരിയിലകള്‍ മൂടിയ നിലത്ത് ഒളിഞ്ഞിരിക്കുന്ന ഉരുളന്‍കല്ലുകള്‍ ഇടക്കിടെ നടത്തത്തിന്റെ ബാലന്‍സ് തെറ്റിക്കും.

ട്രെക്കിങ്ങിന് ഹരം പകര്‍ന്ന് പാലുകാച്ചിമലയുടെ വിവിധദൃശ്യങ്ങള്‍ മുന്നില്‍ തെളിഞ്ഞു. ആകാശം മുട്ടെ ഉയര്‍ന്നുനില്കുന്ന ഗിരിനിരകള്‍. പാറകളും കുറ്റിക്കാടുകളും പുല്‍മേടുകളും ഇടകലര്‍ന്ന ചെങ്കുത്തായ മലഞ്ചെരിവുകള്‍. പാറകളില്‍ നിന്ന് കനിഞ്ഞിറങ്ങുന്ന അരുവികള്‍. മൂന്നു മലകളില്‍ ഒന്നിന്റെ ചെരിവിലൂടെയാണ് ട്രെക്കിങ്ങ്. കാട് തുടങ്ങുന്നതറിയിച്ചുകൊണ്ട് പുല്‍മേടുകള്‍ അപ്രത്യക്ഷമായി. ഒരു മരത്തിനടുത്തെത്തിയപ്പോള്‍ പ്രത്യേക മണം.'ഭൂതിയുണര്‍ത്തി എന്ന മരമാണ്, ആയുര്‍വേദചികിത്സകരുടെ ഇഷ്ടഇനം', ജോര്‍ജ് പറഞ്ഞു.

പുല്‍മേട് താണ്ടി കാടിനകത്തേക്ക് കടന്നപ്പോള്‍ നല്ല തണുപ്പ്. എല്ലാത്തിനും മീതെ ചീവീടുകളുടെ ശബ്ദം. വള്ളിപ്പടര്‍പ്പുകളില്‍ ഊഞ്ഞാലാടിയും അടിക്കാടുകള്‍ വകഞ്ഞുമാറ്റിയും യാത്രതുടര്‍ന്നു. നിത്യഹരിതവനത്തിന്റെ എല്ലാ സൗന്ദര്യവും ഒത്തിണങ്ങിയ കാട്. ട്രെക്കിങ്ങ് തുടങ്ങി ഒന്നര മണിക്കൂറിനുശേഷം രണ്ടാം മലയുടെ മുകളിലെത്തി. ട്രെക്കിങ്ങ് പാത രണ്ടായി ഒന്ന് ഒരു വള്ളിപ്പടര്‍പ്പിനിടയിലേക്കു നീണ്ടു. അവിടെയൊരു കരിങ്കല്‍ശില്പം. തലയില്ല. കയ്യിലെ ഗദയില്‍ നിന്നു മനസ്സിലായി ഹനുമാന്റേതാണ് പ്രതിമയെന്ന്. മുന്നോട്ട് നടന്നപ്പോള്‍ വീണ്ടും പ്രതിമകള്‍. ശിവപാര്‍വതിമാര്‍, നന്ദികേശ്വരന്‍, അയ്യപ്പന്‍, ഗണപതി തുടങ്ങി കരിങ്കല്ലില്‍ തീര്‍ത്ത ശില്പങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഈ ഉയരത്തില്‍ ഈ പ്രതിമകള്‍ എത്തിക്കാന്‍ എന്തു പാടുപെട്ടുകാണും. പരിചരണമില്ലാത്തതിനാല്‍ പ്രതിമകള്‍ക്ക് അംഗഭംഗമുണ്ടായിട്ടുണ്ട്.കാടവസാനിച്ചു. വീണ്ടും പുല്‍മേട്. കൂടെ തൊടലി എന്ന മുള്ളിന്റെ ആക്രമണവും. സിജോയുടെ കയ്യിലെ വാക്കത്തിക്കുമുമ്പില്‍ മുള്ളുകള്‍ കീഴടങ്ങി. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പാലുകാച്ചി.ഒട്ടേറെ ചെടികള്‍ പൂവിട്ടുനില്‍ക്കുന്നുണ്ട്. നീലയും മഞ്ഞയും ചുവപ്പും നിറമുള്ള പൂക്കള്‍. പുല്‍മേടവസാനിക്കുന്നിടത്ത് കൂറ്റന്‍ പാറകള്‍. അവിടെനിന്നാല്‍ പാലുകാച്ചിയുടെ ഏറ്റവും മനോഹരമായ ദൃശ്യഭംഗി ആ സ്വദിക്കാം.

ചുറ്റിലും മലകള്‍. തെക്ക് -കിഴക്ക് - വടക്കു ദിക്കുകളിലായി വയനാടന്‍ മലകളെ ആവോളം ആസ്വദിക്കാം. പടിഞ്ഞാറോട്ട് നീളുന്ന മലകള്‍ ആറളം വന്യജീവിസങ്കേതം വഴി കുടകിലേക്കു കയറുന്നു. ഇക്കരെകൊട്ടിയൂര്‍ ക്ഷേത്രപരിസരവും ടൗണും തെളിഞ്ഞു കാണാം. കിഴക്കു ഭാഗത്ത് ദൂരെ ബ്രഹ്മഗിരി മലനിരകളുടെ ഉച്ചി. താഴെ മലയടിവാരത്തിലൂടെ , വയലുകളെ കീറിമുറിച്ച് കിഴക്കുനിന്നും പടിഞ്ഞാറ് ലക്ഷ്യമിട്ട് ഒഴുകുന്ന ബാവലിയുടെ കാഴ്ചയാണ് പാലുകാച്ചിയിലെ വിസ്മയദൃശ്യങ്ങളിലൊന്ന്. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ പാലുകാച്ചി കയറിയാല്‍ ബാവലിപ്പുഴയുടെ ഏറ്റവും നല്ല കാഴച കാണാം.

ഇനിയൊരിറക്കമാണ്. അത് മൂന്നാമത്തെ മലയിലേക്കു കയറിച്ചെല്ലും. ദൂരെ നിന്നു നോക്കിയാല്‍ കടന്നു ചെല്ലാന്‍ പറ്റില്ലെന്നു തോന്നും. ജോര്‍്ജ് നല്‍കിയ ധൈര്യത്തില്‍ യാത്ര തുടര്‍ന്നു. വഴി സുഖകരമല്ല. മുള്ളും ഉണങ്ങിയ പുല്ലും ദേഹത്ത് അവിടവിടെ തോണ്ടി. അര മണിക്കൂറെടുത്തു ആ മലയിലെത്താന്‍. ചെങ്കുത്തായ കിഴക്കുവശം കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പിനെ ഓര്‍മിപ്പിച്ചു. മരങ്ങളും പുല്‍മേടും നിറഞ്ഞ ഈ മലയിലേക്ക് അധികമാരും പോകാറില്ലെന്നു തോന്നുന്നു. അവിടെയുമുണ്ട് ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ശില്‍പങ്ങള്‍.

സഞ്ചാരികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പാലുകാച്ചിമലയില്‍ ഒരു കുരിശടി കൂടിയുണ്ട്. തോമാശ്ലീഹയുടെ കുരിശടിയില്‍ ദുഖവെള്ളി ആചരണനാളില്‍ ഭക്തര്‍ കൂട്ടമായെത്തും. പാലുകാച്ചിയില്‍ രാത്രി തങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുവാദം വാങ്ങി ഇവിടെ ക്യാമ്പ് ഒരുക്കാം. ഇവിടെനിന്ന് ആരംഭിക്കുന്ന റോഡിലൂടെ നീണ്ടുനോക്കി വഴി കൊട്ടിയൂരിലും ശാന്തിരിരി വഴി അടക്കാത്തോട്ടിലും എത്താം. നിലാവുള്ള രാത്രിയില്‍ പാലുകാച്ചി കൂടുതല്‍ സുന്ദരിയാവും. നീലിമയാര്‍ന്ന മലകളുടെ താഴെത്തട്ടില്‍ ആളനക്കങ്ങളുള്ളിടത്ത് സന്ധ്യയോടെ വിളക്കുകള്‍ മിഴിതുറക്കുന്നത് ഇമ പൂട്ടാതെ കണ്ടിരിക്കാം. ദൂരെ കേളകം ,കൊളക്കാട് , കൊട്ടിയൂര്‍ ടൗണുകള്‍ പ്രഭാപൂരമാവുന്നതും താഴെ ബാവലിയില്‍ നിലാവ് ഓളം വെട്ടുന്നതും കാണുമ്പോള്‍ നമ്മള്‍ ആകാശത്തിരുന്ന് ഭൂമിയിലെ കാഴ്ചകള്‍ കാണുകയാണെന്നു തോന്നും. വെറുതെയാവില്ല തിളക്കാന്‍ വച്ച പാലിന്റെ കാര്യം പാര്‍വതീദേവി മറന്നുപോയത്.കൊട്ടിയ തീര്‍ത്ഥാടന ടൂറിസംപാലുകാച്ചിമലയെ ഉള്‍പ്പെടുത്തി കൊട്ടിയൂരില്‍ തീര്‍ത്ഥാടന ടൂറിസത്തിന് സര്‍ക്കാര്‍ രൂപരേഖയുണ്ടാക്കി കഴിഞ്ഞു. കൊട്ടിയൂര്‍ ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ടാണ് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുക. മണത്തണ, ചാണപ്പാറ, കണിച്ചാര്‍, ചുങ്കക്കുന്ന്, പാലുകാച്ചിമല, വയനാട്ടിലെ മുതിരേരി തുടങ്ങിയ സ്ഥലങ്ങള്‍ ഇതിലുള്‍പ്പെടും. ബാവലിപ്പുഴയില്‍ സ്‌നാനഘട്ടവും പാലുകാച്ചിയിലേക്ക് ട്രെക്കിങ്ങ് പാത്തും ഒരുക്കും. സര്‍ക്യൂട്ടിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാവും പാലുകാച്ചിമല.


കൂടുതല്‍ വിവരങ്ങള്‍പാലുകാച്ചി ഉള്‍ക്കൊള്ളുന്ന മലനിരകളുടെ വടക്കു കിഴക്കു ഭാഗത്താണ് പക്ഷിപാതാളം. കൊട്ടിയൂര്‍-അമ്പലപ്പാറ വഴി കാട്ടിലൂടെ ഇവിടെ എത്താം. സാഹസികര്‍ക്ക് ഈ യാത്ര ആസ്വദിക്കാം. വനം വകുപ്പിന്റെ അനുവാദം വാങ്ങണം. വഴിയറിയുന്ന പരിചയസമ്പന്നരായ വാച്ചര്‍മാര്‍ കൂടെ വേണം.

ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രം പാലുകാച്ചിയുടെ താഴ് വരയിലാണ്. കൊട്ടിയൂരില്‍ നിന്നും റിസര്‍വ് വനത്തിലൂടെ ഒരു ദിവസം യാത്രചെയ്താല്‍ അമ്പലപ്പാറ വഴി തിരുനെല്ലിയിലെത്താം. പക്ഷിനിരീക്ഷകര്‍ക്ക് കൊട്ടിയൂര്‍ റിസര്‍വ് വനം ഒരു പറുദീസയാണ്. പശ്ചിമഘട്ടത്തില്‍ കാണാവുന്ന എല്ലാ ഇനം പക്ഷികളെയും ഈ വനത്തില്‍ കാണാം. കൊട്ടിയൂരില്‍ നിന്നും മാനന്തവാടിയിലേക്ക് ബോയ്‌സ് ടൗണ്‍ റോഡിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.

നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് യാത്രയെങ്കില്‍ ഈ യാത്രയില്‍ കുറെ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ കഴിയും. വളപട്ടണം പുഴയുടെ ഉത്ഭവസ്ഥാനം ഈ വഴിയിലാണ്. കൊട്ടിയൂര്‍ വനത്തിന്റ തുടര്‍ച്ചയാണ് ആറളം വന്യജീവിസങ്കേതം. ചുങ്കക്കുന്ന്്-കേളകം-കണിച്ചാര്‍-വളയന്‍ചാല്‍ വഴിയും കേളകം-അടക്കാത്തോട്-വളയന്‍ചാല്‍ വഴിയും വാഹനത്തില്‍ ആറളം വന്യജീവിസങ്കേതത്തിന്റെ കവാടത്തിലെത്താം.Location
Kannur District
Distance Chart: Kannur 74kms, Thalassery 61 kms, Mananthavady 27 kms.(Wynad dist)
How to Reach
By Road: Palukachi, near Kottiyoor, is 74 kms from Kannur town. KSRTC and private buses to Kottiyoor are available from Kannur and Thalassery. From Mananthavady, KSRTC Buses to Kannur via Boy's Town and Kottiyoor stop at Chunkakunnu. Hire a 4 wheel drive jeep from there to Palukachi. Trekking path starts from Ottaplavu.
By Air: Karippur (Kozhikode): 172 kms
By Rail: Thalassery. 61 kms
Best Season
November- May.
Contact
Railway Station: Kannur 0497 2705555, Thalassery 0490 2344131
Tourist information: DTPC 0497 2706336, 2702466
KSRTC Kannur: 0497 2707777
Police station: Kelakam: 0490 2412043
Local assistance: 9846845285, 9526633660