ഹരിതാഭമായ പുഷ്പ്പഗിരി മലനിരകളുടെ മടിത്തട്ടിന് ശുഭ്ര ഞൊറിവുകള്‍ മെടഞ്ഞപോലെയാണ് മല്ലള്ളി വെള്ളച്ചാട്ടം. 220 അടി മുകളില്‍ നിന്നും പച്ചപ്പിനെ വകഞ്ഞു മാറ്റിയുള്ള ജലപാതത്തിന്റെ കണ്ണിനിമ്പമാര്‍ന്ന കാഴ്ച്ച. പുഷ്പ്പഗിരി മലനിരകളിലൂടെ ഒഴുകി നേത്രാവതി നദിയിലേക്കെത്തും മുന്നേ കുമാരധാര വന്യമാകുന്നത് ഇവിടെയെത്തുമ്പോഴാണ്. 

കറുകറുത്ത പാറകളിലേക്ക് ജലം പതിക്കുന്ന ശബ്ദം നദിയുടെ അലര്‍ച്ചയായി തോന്നും. പാറപ്രതലങ്ങളില്‍ നിന്നും വെള്ളം തട്ടിതെറിക്കുന്ന അതിമനോഹരമായ കാഴ്ച്ച. മഴക്കാലത്ത് ജലപാതത്തിന്റെ ശ്വേതരേഖകള്‍ ചുറ്റുമുള്ള പച്ചയേക്കാള്‍ തെളിമയുള്ളതാകും. വെള്ളച്ചാട്ടം കാണുന്നതിനായി വ്യൂ പോയിന്റുണ്ട്. സാഹസികതയുടെ കൈ പിടിക്കണമെന്നുള്ളവര്‍ക്ക് പതനസ്ഥാനത്തേക്ക് ഒരു ട്രക്കിങ് ആകാം.

 

Mallalli Falls

 

കുത്തനെയുള്ള ഇറക്കമാണ് ആദ്യം പിന്നീട് വഴുക്കലുള്ള പാറകള്‍. വളരെ സൂക്ഷിച്ചു വേണം ഇറങ്ങാന്‍. വഴുക്കലിനു പുറമെ മറ്റൊന്നു കൂടിയുണ്ട്, അട്ടകള്‍. അവയെ തുരത്താനുള്ള മുന്‍കരുതലും ഉണ്ടായിരിക്കണം. നമ്മുടെ ആളുകള്‍ക്ക് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതൊരു ഹരമാണ്. പക്ഷെ ഇവിടെ അതു വേണ്ട, അപകടമാണ്. പാറകളില്‍ കുഴികളുള്ളത് ചിലപ്പോള്‍ കാണാന്‍ കഴിഞ്ഞേക്കില്ല. കുശാല്‍ നഗറില്‍ നിന്നും 42 കിലോമീറ്ററും സോമാവര്‍പേട്ടില്‍ നിന്നും 25 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്ക്. 

 

Mallalli Falls

 

സോമാവര്‍പേട്ടില്‍ നിന്നുള്ള യാത്രാ മാര്‍ഗ്ഗമാണ് മനോഹരം. കാടകത്തിലൂടെയാണ് ആ യാത്ര. ജലപാതത്തിന് രണ്ടു കിലോമീറ്റര്‍ അടുത്തു വരെ മാത്രമേ വാഹനം പോകു. പിന്നെ നടക്കണം. ഫോര്‍വീല്‍ഡ്രൈവ് ജീപ്പ് കുറേക്കൂടി മുന്നോട്ട് പോകും. പ്രവേശന കവാടത്തില്‍ തുച്ഛമായൊരു തുക നല്‍കണം. കുറച്ചു കൂടി സാഹസികമായ ട്രക്കിങ് നടത്തണമെന്നുള്ളവര്‍ക്ക്, ജലപാതത്തിനടുത്തുള്ള ഹെഗ്ഗഡേമാനെ ഗ്രാമത്തില്‍ നിന്നും കുമാരപര്‍വ്വതത്തിലേക്ക് ട്രക്കിങ് നടത്താം (13കി.മീ).

Mallalli Falls