മഞ്ഞും മഴയും പ്രണയിക്കുന്ന വയനാടന്‍ മലയിടുക്കിലൂടെ സൈക്കിളില്‍ ഒരു സാഹസിക സഞ്ചാരം.അന്താരാഷ്ട്ര സൈക്ലിങ്ങ് മത്സരങ്ങള്‍ക്ക് വയനാട് ഇത് രണ്ടാം തവണയാണ് ആതിഥ്യമരുളുന്നത്. കഴിഞ്ഞ തവണ പൊഴുതനയിലെ ചെമ്മണ്‍ പാതയിലാണ് മത്സരം നടന്നതെങ്കില്‍ ഇത്തവണ മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ് സൈക്കിളില്‍ സാഹസിക യാത്രകള്‍ ഏവരുടെയും മനം കവര്‍ന്നത്.ലോകമറിയുന്ന സൈക്കിളോട്ടക്കാരെ അണി നിരത്തുന്ന മത്സരങ്ങള്‍ക്ക്  ആവേശമായി ഒരുനാട് ഒന്നാകെ ഒഴുകിയെത്തിയപ്പോള്‍ എം ടി ബി തേര്‍ഡ് എഡിഷന്‍ വന്‍ വിജയമായി.

 
പച്ചപ്പുകള്‍ക്കിടയില്‍ നൂലുപിടിച്ചതു പോലെ പാതകള്‍.പ്രീയദര്‍ശിനി തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന അഞ്ചു കിലോമീറ്റര്‍ പാതയില്‍ സാഹസികര്‍ സൈക്കിളുകളില്‍ മിന്നിമറഞ്ഞു. തേയിലതോട്ടങ്ങള്‍ക്ക് ഇടയിലൂടെ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ചെമ്മണ്‍ പാതകള്‍. വെല്ലുവിളിയായി പാറക്കെട്ടുകള്‍..അനുനിമിഷങ്ങള്‍ കൊണ്ട് മിന്നിമറഞ്ഞുപോകുന്ന സൈക്കിള്‍ അഭ്യാസികള്‍.സാഹസികര്‍ക്ക് മാത്രമായുള്ള ഒരു ലോകത്ത് കാഴ്ചക്കാരായി അമ്പരന്ന് നില്‍ക്കുകയായിരുന്നു ആയിരങ്ങള്‍.

 

cycling

 


കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ നേതൃത്ത്വത്തില്‍ സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ടൂറിസം വകുപ്പ് എന്നിവയുമായി  സഹകരിച്ചാണ് അന്താരാഷ്ട്ര സൈക്കിള്‍ മത്സരം നടത്തിയത്.പതിനഞ്ചോളം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള സാഹസികരായ മത്സരാര്‍ത്ഥികള്‍ എം ടി ബി കേരള 2015 എഡിഷനില്‍ പങ്കെടുത്തു.രാജ്യത്തിന്റെ അതിരുകടന്ന് ഈ നാടിന്റെ കുന്നും മലകളും കീഴടക്കാന്‍ ഒരുങ്ങിതന്നെയായിരുന്നു സൈക്കിളോട്ടക്കാരുടെ വരവ്.സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിലുള്ള വയനാട് അന്താരാഷ്ട്ര സൈക്കിള്‍ മത്സരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണെന്നാണ് വിലയിരുത്തലിലാണ് വീണ്ടും മത്സരങ്ങള്‍ ഇവിടേക്ക് ചുരം കയറിയെത്തിയത്.അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമെ ദേശീയ തലത്തിലുള്ള മത്സരങ്ങളും ഇവിടെ നടന്നു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന സാഹസിക യാത്രികര്‍ നാ.ണല്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

 


 cycling

 


മൂന്നാമത് അന്താരാഷ്ട്ര സൈക്ലിംഗ് മത്സരത്തില്‍ തായ്‌ലന്റുകാരന്‍ പിരാപോള്‍ ചാവ് ചിയാംഗ് വാംഗിന് തുടര്‍ച്ചയായ രണ്ടാം കിരീടം.  കഴിഞ്ഞവര്‍ഷം പൊഴുതനയില്‍ നടന്ന മത്സരത്തില്‍ വിജയിച്ച വാംഗ് ഒരു മണിക്കൂര്‍ 13 മിനിറ്റ് സമയം കൊണ്ട് ലക്ഷ്യത്തിലെത്തിയാണ് ഇത്തവണ ഇരട്ടകിരീടം സ്വന്തമാക്കിയത്.  ആദ്യ റൗണ്ടില്‍തന്നെ ലീഡ് കരസ്ഥമാക്കിയ വാംഗ് അഞ്ച് റൗണ്ടുകളിലും വ്യക്തമായ ആധിപത്യം നിലനിര്‍ത്തി.  ന്യൂസിലന്റ് താരം റൊമാന്‍ വാന്‍ ഉഡാന്‍ രണ്ടാം സ്ഥാനവും ഫിലിപ്പയിന്‍സിന്റെ സുര്‍ബാന്‍ നിനോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികള്‍ക്ക് യഥാക്രമം 1,50,000, 1,00,000, 50,000 രൂപയും ക്യാഷ് അവാര്‍ഡ് നല്‍കി. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 18 താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.  ഇതോടൊപ്പം നടന്ന ദേശീയ സൈക്ലിംഗ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിന്റെ ദേവേന്ദ്ര കുമാര്‍ ഒന്നാം സ്ഥാനം നേടി.  കര്‍ണ്ണാടകയുടെ കിരണ്‍ കുമാര്‍ രാജു രണ്ടാം സ്ഥാനവും ഇന്ത്യന്‍ ആര്‍മിയുടെ രമേഷ് ചന്ദ്ര ജോഷി മൂന്നാം സ്ഥാനവും നേടി.  64 കായിക താരങ്ങളാണ് ദേശീയ മത്സരത്തില്‍ പങ്കെടുത്തത്.  


പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ സംഘടിപ്പിച്ച മത്സരം ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. രാവിലെ മുതല്‍ അന്താരാഷ്ട്ര താരങ്ങളുടെ മത്സരം വീക്ഷിക്കുന്നതിന് ആയിരങ്ങളാണ് പഞ്ചാരക്കൊല്ലിയില്‍ എത്തിച്ചേര്‍ന്നത്.  മത്സരത്തിനായി തയ്യാറാക്കിയ ട്രാക്കും അനുബന്ധ സൗകര്യങ്ങളും മികച്ച നിലവാരത്തിലുള്ളതാണെന്ന് പങ്കെടുത്ത അന്താരാഷ്ട്ര കായിക താരങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

 

cycling

 


സാഹസികരുടെ പ്രിയപാതകള്‍

  
വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തിയ സൈക്ലിങ് താരങ്ങള്‍ക്കും വയനാട് ഒരു ആവേശമായിരുന്നു.ഇതിന് അടിവരയിടുന്നതായിരുന്നു കഴിഞ്ഞ തവണ പൊഴുതനയില്‍ നടന്ന മത്സരങ്ങള്‍.അന്താരാഷ്ട്ര മൗണ്ടൈന്‍ ബൈക്കിങ്ങ് മത്സരത്തിന്റെ ത്രില്ലിലായിരുന്നു പൊഴുതനയെന്ന ഗ്രാമവും അലിഞ്ഞുചേര്‍ന്നു.ഇത്തവണ മത്സരം മാനന്തവാടിയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെ പഞ്ചാരക്കൊല്ലിയില്‍ എത്തുമ്പോള്‍ ത്രില്ലിന് ഒട്ടും കുറവുണ്ടായിരുന്നില്ല.


കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് നീളുന്ന അഞ്ച് കിലോമീറ്റര്‍ ദൂരം. പലയിടത്തും പാതകളില്ല.വളവുകളും തിരിവുകളും വന്‍കുഴികളുമെല്ലാമുണ്ട്.ഇവയെല്ലാം പിന്നിട്ട് താഴ് വാരത്തില്‍ വേഗത്തില്‍ എത്തുന്നവര്‍ക്കായിരുന്നു സമ്മാനം.സാഹസികതപോലെ സമ്മാനവും ചെറതല്ല.ഒന്നാം സ്ഥാനക്കാരന് കിട്ടും രണ്ടലക്ഷം രൂപ.ആകെ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങള്‍.ഇതിനെല്ലാം ഉപരിയായി സാഹസികതയുടെ ലോക കിരീടവും.അന്താരാഷ്ട്ര മത്സാരാര്‍ത്ഥികല്‍ക്ക് വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് അടക്കം നല്‍കിയാണ് കേരള അഡൈ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി താരങ്ങളെ ക്ഷണിച്ചത്.മുന്‍ വര്‍ഷം തെന്മലയില്‍ നടന്ന ഇന്റര്‍നാഷണല്‍ മൗണ്ടൈന്‍ ബൈക്കിങ് നല്‍കിയ ഊര്‍ജമാണ് രണ്ടാമത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വയനാട്ടിലെ പൊഴുതന വേദിയൊരുക്കിയത്.പിന്നീടത് മാനന്തവാടിയിലെ പ്രീയദര്‍ശിനിക്കുന്നിലുമെത്തി.

 


cycling

 


ലക്ഷങ്ങള്‍ വിലയുള്ള സൈക്കിള്‍ താരങ്ങള്‍


അഴിച്ചെടുത്ത് പെട്ടിയിലാക്കി തോളില്‍ തൂക്കാന്‍ പറ്റുന്ന സൈക്കിളുകള്‍.വില രണ്ടു ലക്ഷം മുതല്‍.ഒട്ടുമിക്ക വിദേശ സാഹസികരും വരുന്നത് ഇവയുമാണ്. നാട്ടിന്‍പുറത്തെ സൈക്കിള്‍ അഭ്യാസികള്‍ക്ക് ഇതെല്ലാമൊരു വിസ്മയമാണ്.കൂളിങ്ങ് ഗ്ലാസും സ്‌പെക്കും റബ്ബര്‍തലപ്പാവും ഗ്ലൗസുമെല്ലാം അണിഞ്ഞ് വിവിധ രാജ്യക്കാര്‍ അണിനിരന്നതോടെ കഴിഞ്ഞ തവണ പൊഴുതനയെന്ന പഴയ ഇംഗ്‌ളീഷ് ഗ്രാമവും ഓര്‍മ്മകളെല്ലാം വീണ്ടെടുത്തു. ബ്രിട്ടീഷ് അധിനിവേശകാലത്തെ കുതിര പന്തയക്കാരുടെ താവളമായിരുന്നു ഇവിടം.മദ്രാസ് പ്രവശ്യയിലെആദ്യകാല തേയിലത്തോട്ടവും ഇവിടെ ഇംഗ്ലീഷുകാരാണ് സഥാപിച്ചത്.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സാഹസികപ്രീയരായ മറുനാട്ടുകാരുടെ ഒരു ഒത്തുകൂടലും വേറിട്ടതായി.ഒപ്പം സൈക്കിള്‍ എന്ന സാധാരണക്കാരന്റെ യാത്രാവാഹനത്തിന്റെയും ദിനങ്ങള്‍.

 


cycling

 

യു എസ് എ ,ഫ്രാന്‍സ് ,മലേഷ്യ,തായ്‌ലാന്റ് , സിംഗപ്പൂര്‍. നേപ്പാള്‍ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 182 പേരാണ് അന്ന് മത്സരത്തിനെത്തിയത്.രണ്ടു വിഭാഗങ്ങളായാണ് മത്സരം നടന്നത്.ആവേശത്തിനും സാഹസികതയ്ക്കും ഒട്ടും കുറവില്ലാതെ ഇന്ത്യന്‍ താരങ്ങളും കുന്നും മലകളും കീഴടക്കി ഫിനിഷിങ്ങ് റിബണിനെ മുത്തമിട്ടു.ഒ ഇറ്റസ് അമേസിങ്ങ് ..വണ്ടര്‍ഫുള്‍ ഫീല്‍ഡ്, എവര്‍ ഫോര്‍ ചലഞ്ചേഴ്‌സ് ഇതായിരുന്നു വയനാട്ടിലെ സൈക്ലിങ് ട്രാക്കിനെക്കുറിച്ച് തായ്‌ലാന്റില്‍ നിന്നും വന്ന ലീപെങ്ങിന്റെ പ്രതികരണം.മാസങ്ങള്‍ക്ക് മുമ്പേ യൂണിയന്‍ സൈക്ലിങ്ങ് ഇന്റ്ര്‍നാഷണല്‍ വയനാട്ടിലെ അഡൈ്വഞ്ചര്‍ ട്രാക്കുകള്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.ടി.ബി കേരള വയനാട്ടിലേക്കുള്ള ചുരം കയറിയത്.