Mathrubhumi - Sanchari POST OF THE WEEK ___________

യൂറോപ്യന്‍ നഗരങ്ങളെ കുറഞ്ഞ ചെലവില്‍, ചുരുങ്ങിയ സമയത്തില്‍ അടുത്തറിയാനായി അന്‍വറും സുഹൃത്ത് സമദും കൂടി നടത്തിയ യാത്രയുടെ ഭാഗം

സൂറിക് (Zurich, switzerland)

ബസില്‍ 10 മണിക്കൂര്‍ യാത്ര ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ നഗരമായ സൂരികില്‍ എത്തി. അവിടെയും ഒണ്‍ഡേ 9o'clock പാസ് എടുത്ത് നഗരത്തിന്റെ നെറുകയില്‍ ഉള്ള യൂട്ടലിബെര്‍ഗ് (Uetliberg) മലമുകളില്‍ നിന്നും നഗരത്തിന്റെയും നദികളുടെയും വിശാലമായ ദൃശ്യം വീക്ഷിച്ചു. മൂടല്‍ മഞ്ഞ് മാറുമ്പോള്‍ ദൂരെയായി മഞ്ഞില്‍ കുളിച്ച ആല്‍പ്‌സ് പര്‍വ്വതനിരകള്‍ കാണാമായിരുന്നു. അവിടെ നിന്നും തിരിച്ചിറങ്ങി നഗരമധ്യത്തില്‍ ലിമ്മത് നദിക്കരയിലായുള്ള ലിന്‍ഡോഫ്(Lindenhof) പാര്‍കില്‍ കുറച്ചു നേരം വിശ്രമിച്ച ശേഷം ബുക്ക് ചെയ്തിട്ടുണ്ടായിരുന്ന ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചു. ഒരു ഇറ്റലിക്കാരന്റെ സഹായത്തോടെ റൂം കണ്ടുപിടിച്ചു സ്വന്തമായി ചെക്ക് ഇന്‍ ചെയ്യേണ്ടി വന്നു. പിന്നീട് ട്രെയിനില്‍ യുറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈന്‍ ഫാളിലേക്ക്(Rhein fall) പുറപ്പെട്ടു. ഒരു മണിക്കൂര്‍ യാത്രയിലുടനീളം വളരെ ഭംഗിയുള്ള കാഴ്ചകള്‍ കാണാന്‍ സാധിച്ചു. 

വെള്ളച്ചാട്ടത്തിനു മധ്യത്തിലുള്ള പാറയിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത്, പടവുകളിലൂടെ മുകളിലെത്തി പാല്‍ പോലുള്ള വെള്ളച്ചാട്ടത്തിന്റെ ഭംഗി ആവോളം ആസ്വദിച്ചു. മാറുകരയിലേക്ക് നടന്ന് ചുറ്റുപാടും വ്യൂ പോയിന്റുകളും കണ്ട ശേഷം തിരികെ റൂമിലെത്തി. പിറ്റേന്ന് രാവിലെ തന്നെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി ഐസ് കാണാന്‍ എവിടെ പോകണം എന്ന് തിരക്കി. തൊട്ടടുത്തുള്ള ബസ് സ്റ്റേഷനില്‍ നിന്നും, ഐസ് പാലസ് ഉള്ള Jungfraujoch യും റെക്കോര്‍ഡ് ഉയരത്തില്‍ കുത്തനെ കയറുന്ന ട്രെയിന്‍ ഉള്ള Pilatus ഉം നയന മനോഹരമായ Rigi ഉം ഒഴിവാക്കി Titlis ടൂര്‍ പാക്കേജ് ബുക്ക് ചെയ്തു. രാവിലെ തുടങ്ങിയ ടൂര്‍ ആദ്യം പോയത് ആല്‍ബിസ് എന്ന മനോഹരമായ മലമ്പാതയിലൂടെയാണ് ആഭൂപ്രദേശത്ത് (Cantons) സ്വിസ് ആള്‍ക്കാരുടെ ഭംഗിയുള്ള വീടുകള്‍ കാണാം. പിന്നീട് എത്തിയത് അടുത്ത നഗരമായ ലൂസേണില്‍ (Lucern) ആണ്. 

1792 ലെ ഫ്രഞ്ച് വിപ്ലവസമയത്ത് ഫ്രഞ്ച് രാജകുടുംബത്തെ രക്ഷിച്ചപ്പോള്‍ മരണമടഞ്ഞ സ്വിസ് സൈനികരുടെ ഓര്‍മക്കായി തടാകത്തിനു മുകളില്‍ പാറയില്‍ കൊത്തിയ സിംഹത്തിനെയും(Dying Lion) ലൂസേണ്‍ നദിയെയും കണ്ടുകഴിഞ്ഞു ഓള്‍ഡ് ടൗണില്‍ എത്തി. 14 ആം നൂറ്റാണ്ടില്‍ തടിയില്‍ തീര്‍ത്ത ചാപ്പല്‍ ബ്രിഡ്ജിലൂടെ നടന്നു മറുകര എത്തി വ്യാപാരസമുച്ചയങ്ങളും ക്ലോക്ക് മ്യൂസിയവും കണ്ടശേഷം എന്‍ഗേല്‍ബെര്‍ഗിലെ ടൈറ്റിലിസ് മലയില്‍ എത്തി. താഴെ നിന്ന് മഞ്ഞ് മൂടിയ മലനിരകള്‍ക്ക് മുകളിലൂടെ പോകുന്ന കേബിള്‍ കാറിന്റെ ആദ്യസ്റ്റോപ്പ് സൗജന്യമായി പ്രവേശിക്കാവുന്ന ഗ്ലേസിയര്‍ പാര്‍ക്ക് ആണ്. വിശാലമായ ദൃശ്യം തരുന്ന കറങ്ങുന്ന കേബിള്‍ കാറില്‍(Rotair) നെറുകയില്‍ എത്തി. നല്ല കാറ്റ് ഉണ്ടായിരുന്നതിനാല്‍ ഐസ് ഫ്‌ലയര്‍ നിര്‍ത്തി വെച്ചിരുന്നു എങ്കിലും ആടിയുലയുന്ന പാലത്തിലൂടെ(Cliff walk) നടന്ന് അവിടെയുള്ള ദൃശ്യഭംഗി ആസ്വദിച്ചു ഐസില്‍ കളിച്ചു നടന്നു. DDLJ ഷൂട്ട് ചെയ്ത ലൊക്കേഷന്‍ ആയതു കൊണ്ട് ചിത്രത്തിന്റെ ഫ്‌ലക്‌സ് അവിടെ ഉണ്ട്. തണുത്തുറഞ്ഞ ഐസ് ഗുഹയിലൂടെ(Glacier Cave) നടന്നു കഴിഞ്ഞ് കുറെ നേരം അവിടെ ചിലവഴിച്ചശേഷം തിരികെ മടങ്ങി. മെട്രോയില്‍ സൂറിക് എയര്‍പോര്‍ട്ടില്‍ എത്തി രാത്രി ഫ്‌ലൈറ്റില്‍ ദുബൈക്ക് പുറപ്പെട്ടു. 

sanchari

Exp: Pass - 26 Chf, Boat - 15 Chf, Tour - 160 Chf, Room - 210 Aed(for 2) (1 Chf = 65. 45 Inr)(1 Dh = 17. 4 Rs)

sanchari

sanchari

sanchari

യൂറോപ്പിലേക്കുള്ള ആദ്യയാത്രയുടെ ആകാംക്ഷയും, മാതൃഭാഷ ഉപയോഗിക്കുന്നവരുടെ ഇടയിലെ ചെറിയ ബുദ്ധിമുട്ടുകളും, കബളിപ്പിക്കപ്പെടലുകളും, രസകരങ്ങളായ അനുഭവങ്ങളും അടക്കം ഓര്‍ത്തിരിക്കാന്‍ ഏറെ സന്തോഷനിമിഷങ്ങള്‍ സമ്മാനിച്ചതായിരുന്നു ഈ യാത്ര. ബസും ഫ്‌ലൈറ്റുമെല്ലാം മുന്‍പേ ബുക്ക് ചെയ്തിരുന്നതിനാല്‍ സമയത്ത് എത്തുമോ എന്നുള്ള ഉത്കണ്ഠ ഉണ്ടായിരുന്നു. ആതിഥേയരും പല വിധത്തില്‍ സഹായിക്കാന്‍ സന്മനസ് കാട്ടി. ദുബായ് പ്രവാസത്തില്‍ അവധിയായി കിട്ടിയ 10 ദിവസത്തെ യാത്ര ഇവിടെ തീരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി ദുബായില്‍ കാത്തിരിക്കുന്ന മറ്റു രണ്ടു കൂട്ടുകാര്‍ക്കൊപ്പം തായ്ലന്‍ഡിലെ ഫുക്കറ്റിലും, ജപ്പാനിലെ ടോക്കിയോയിലും പോകണം....