ഇനിയൊന്നും പറയാനും എഴുതാനും ഇല്ല, സ്വിറ്റ്സര്‍ലാന്റിനെ പറ്റി. സിനിമകളിലൂടേയും വിവരണങ്ങളിലൂടേയും ആ നാടിന്റെ എത്രയോ സൗന്ദര്യ ഭാവങ്ങള്‍ നാം കണ്ടു കഴിഞ്ഞു. പകരം സ്വിറ്റ്സര്‍ലാന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയിലുള്ള ഒരു സ്ഥലത്തെക്കുറിച്ചു ഞാന്‍ പറയാം.

യാത്ര ചെയ്യുമ്പോള്‍ അതിര്‍ത്തികള്‍ മുറിച്ചു കടക്കേണ്ടി വരിക സ്വാഭാവികമാണ്. ചില അതിര്‍ത്തികള്‍ മാറുന്നത് നാം അറിയാത്തവണ്ണം സുഖദമായാണ്. നെതര്‍ലാന്റിന്റേയും ജര്‍മ്മനിയുടേയും അതിര്‍ത്തി അത്തരത്തിലുള്ള ഒന്നാണ്. റോഡരികുകളിലെ ചിഹ്നങ്ങളിലെ ഭാഷ മാറുമ്പോള്‍ മാത്രമാണ് പുതിയ രാജ്യത്താണു നാം എന്നു മനസ്സിലാവുക. ഇമിഗ്രേഷന്‍ ചെക് പോയന്റുകളോ, കസ്റ്റംസ് നിയന്ത്രണങ്ങളോ, ട്രാഫിക്ക് നിയന്ത്രണങ്ങളോ ഇല്ലാതെ ഒഴുകിപ്പോകുന്ന പാത. തൊട്ടടുത്ത മിനുറ്റിനുള്ളില്‍ നാം പുതിയൊരു രാജ്യത്ത്. ലോകം മുഴുവനും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആലോചിച്ചു പോവാറുണ്ട്! യൂറോപ്പിലെ രാജ്യാതിര്‍ത്തികള്‍ കടക്കുന്നത് നമ്മുടെ രാജ്യത്തെ സംസ്ഥാനാതിര്‍ത്തികള്‍ കടക്കുന്നതിനേക്കാള്‍ എത്രയോഎളുപ്പമാണെന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം.

La Cure Village

എന്നാല്‍ എല്ലാ അതിര്‍ത്തികളും അത്ര സുഗമമല്ല താനും. ഇസ്രായേലിനും പലസ്തീനും ഇടയിലുള്ള എര്‍സ് (Erez)അതിര്‍ത്തി ഒരു വൈതരണി തന്നെയാണ്. കനത്ത കോണ്‍ക്രീറ്റ് മതിലുകളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന അതിര്‍ത്തി. ചുറ്റിലും തോക്കേന്തിയ പട്ടാളക്കാരും നീരീക്ഷണ ഗോപുരങ്ങളും. ഇമിഗ്രേഷനും കസ്റ്റംസ് ക്ലിയറന്‍സിനും സെക്യൂരിറ്റി പരിശോധനകള്‍ക്കുമായി ഒന്നിലധികം ചെക്ക്പോയന്റുകള്‍. അന്താരാഷ്ട്ര ഉദ്യോഗസ്ഥര്‍ക്കു പോലും നാലു മണിക്കൂറുകള്‍ വരെ  നീളുന്ന പരിശോധന. സാധാരണക്കാരനെങ്കില്‍ അത് ഒരു ദിവസത്തിലേറെ നീളാം.

ഞാന്‍ താമസിക്കുന്ന ജനീവയുടെ മൂന്നു ഭാഗങ്ങളും ഫ്രാന്‍സിനെ പുണര്‍ന്നു കിടക്കുന്നു. ഫ്രാന്‍സിലേക്കു കടക്കുക എന്നത് സങ്കീര്‍ണതയൊട്ടുമില്ലാത്ത  സാധാരണമായ ഒരു കാര്യം മാത്രമാണവിടെ.  ജനീവ താമസച്ചെലവവേറിയ നഗരമായതിനാല്‍ അവിടെ ജോലിയുള്ള പകുതിയിലേറെപ്പേരും താമസിക്കുന്നത് ഫ്രാന്‍സിലാണ്. ജനീവക്കാര്‍ ഷോപ്പിങ്ങിനു പോകുന്നതു പോലും ഫ്രാന്‍സിലേക്കാണെന്നു പറയാം. അതിര്‍ത്തികളില്‍ ചിലയിടങ്ങളില്‍ ബോര്‍ഡുകളും ചില്ലറ നിയന്ത്രണങ്ങളുമുണ്ടെങ്കിലും പൊതുവെ വലിയ പരിശോധനകളൊന്നുമില്ല. അതിര്‍ത്തികളില്‍ ഇരു ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നത് ഫ്രഞ്ചു ഭാഷയായതിനാല്‍ അതിര്‍ത്തി മാറിയത് ചിലപ്പോള്‍ അറിഞ്ഞെന്നു തന്നെ വരില്ല. സ്വിറ്റസര്‍ലാന്റില്‍ താമസിക്കുന്നവര്‍ റോഡിന്റെ നിലവാരം നോക്കിയാണ് അതിര്‍ത്തി കണക്കാക്കുന്നതെന്ന് തമാശയായി പറയാറുണ്ട്.

സ്വിസ്-ഫ്രഞ്ച് അതിര്‍ത്തിയിലുള്ള ഒരു ഹോട്ടലിനെ പറ്റി ഈയിടെയാണ് ഞാനറിഞ്ഞത്. അതായത് അതിര്‍ത്തി വരയില്‍ തന്നെയുള്ള ഒരു ഹോട്ടല്‍. നെപ്പോളിയന്‍ മൂന്നാമന്‍ ജനീവക്കും ഫ്രാന്‍സിനുമിടക്ക് അതിര്‍ത്തി വരച്ചപ്പോള്‍ ഒരു പാവം കെട്ടിടം നടുവില്‍ കുടുങ്ങിപ്പോയി. സാധ്യത മണത്ത ചില സമര്‍ഥന്‍മാര്‍ കെട്ടിടത്തെ ഒരു ഹോട്ടലാക്കി മാറ്റി. ഹോട്ടലിന്റെ ഒരു പകുതി ഫ്രാന്‍സിലും ഒരു പകുതി സ്വിറ്റ്സര്‍ലാന്റിലുമാണ്. എന്തായാലും ഭാര്യക്കൊപ്പം അവിടെ ഒരു ദിനം ചെലവിടുന്നത് രസകരമായ അനുഭവമാകുമെന്നു തോന്നി.

ജനീവയില്‍ നിന്നും മുപ്പത്തിയഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലാ ക്യുര്‍(La Cure)ഗ്രാമത്തിലാണ് ഹോട്ടല്‍. ന്യോണ്‍ എന്ന പഴയ റോമന്‍ ടൗണ്‍ വഴി കടന്നു പോകുന്ന പാത 1140 മീറ്റര്‍ ഉയരത്തിലുള്ള സെന്റ്. സെര്‍ഗ്യു എന്ന ഹില്‍ സ്റ്റേഷനിലെത്തും. തിരക്കുള്ള ഒരു സ്‌കീ സ്റ്റേഷനാണ് അത്. വീണ്ടും അവിടെ നിന്ന് കുന്നുകളുടെ ഇടയിലുള്ള ഒരു ചെറു താഴ്വരയിലൂടെ നാലു കിലോമീറ്റര്‍ ഡ്രൈവ് ചെയതാല്‍ ലാ ക്യുര്‍ എന്ന കൊച്ചു ഗ്രാമമായി. അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന ആര്‍ബെസ് ഹോട്ടല്‍   (Hotel Arbez) ചെറുതാണ്. പത്തോളം റൂമുകള്‍ മാത്രം. ഒരേ സമയത്ത് രണ്ടു രാജ്യങ്ങളില്‍ ശയിക്കാം എന്ന അപൂര്‍വ അനുഭവത്തിനായി മാത്രം വരുന്നവരാണ് അവിടുത്തെ താമസക്കാരില്‍ ഏറേയും.

La Cure Village

വൈകീട്ട് 4.30ന് ഞങ്ങള്‍ അവിടെയെത്തി. കാര്‍ അതിര്‍ത്തിക്കു തൊട്ടു മുമ്പായി നിര്‍ത്തി. കാര്‍ പാ ര്‍ക്കിനു എതിര്‍ വശത്തായി കാണു ന്ന ഹോട്ടലിന്റെ എന്‍ട്രന്‍സിലൂടെ ഞങ്ങള്‍ അകത്തു കയറി. ആളും അനക്കവുമൊന്നുമില്ല. അടുക്കള, റസ്റ്ററന്റ്, ലോബി, കിടപ്പുമുറികള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു. ആരെയും എവിടേയും കാണുന്നുമില്ല. ഞങ്ങള്‍ അമ്പരന്നു നിന്നു, പിന്നെ  എന്തൊക്കെ അടിച്ചുമാറ്റാന്‍ പറ്റും എന്നതിനേക്കുറിച്ച് അമ്പിളിയുമായി ചര്‍ച്ച തുടങ്ങി. ഒടുവില്‍ അവിടെ കണ്ട അഞ്ചു ലിറ്ററിന്റെ ഒരു ഷാംപെയ്ന്‍ കുപ്പിയില്‍ ഞങ്ങള്‍  ഒത്തുതീര്‍പ്പിലെത്തി. പിന്നെ തനി സ്വഭാവം ഇത്ര വേഗം കാണിക്കണ്ട എന്നു കരുതി ക്ഷമിച്ചു.

എന്തു ചെയ്യേണ്ടൂ എന്നറിയാതെ കുഴങ്ങി നില്‍ക്കെ, ഹോട്ടലിനു മറ്റൊരു എന്‍ട്രന്‍സു കൂടിയുണ്ടെന്നു ഞങ്ങള്‍ കണ്ടെത്തി. അതു തേടി നടന്നപ്പോള്‍ ഞങ്ങള്‍ ഫ്രാന്‍സിലെത്തി! കവാടത്തില്‍ ഒരു കുറിപ്പു കിടക്കുന്നു. ''ഞങ്ങള്‍ ഉച്ചതിരിഞ്ഞ് 3 മുതല്‍ 5വരെ മയക്കത്തിലായിരിക്കും. അത്യാവശ്യമെങ്കില്‍ മാത്രം വിളിക്കുക.'' നില്‍ക്കുന്നത് ഫ്രാന്‍സിലാണെന്ന് ഉറപ്പായി. കാരണം കാര്യങ്ങള്‍ ഇത്ര ലാഘവത്തോടെ എടുക്കുന്നവര്‍ അവര്‍ മാത്രമാണ്. എല്ലാം തുറന്നിട്ടിരിക്കുന്ന മറുഭാഗം സ്വിറ്റ്സര്‍ലാന്റുകാരുടെ സുരക്ഷിതത്വബോധത്തിനു തെളിവായി കിടന്നു.

വരുന്ന വഴിക്ക് മഞ്ഞു പുതച്ച ഒരു കുന്നിന്‍ ചെരിവ് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഹോട്ടലുകാരുടെ ഉച്ചമയക്കം കഴിയുന്നതുവരെ കുറച്ചു സമയം അവിടെ ചെലവഴിക്കാമെന്ന് കരുതി  അങ്ങോട്ടു തിരിച്ചു. മഞ്ഞെ റിഞ്ഞും ഹിമമനുഷ്യനെ നിര്‍മ്മി ച്ചും ആരുമില്ലാത്ത ആ മഞ്ഞണിത്താഴ്വരയില്‍ ഞങ്ങള്‍ തകര്‍ത്തു.

La Cure Village

അഞ്ചു മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തെുമ്പോഴേക്കും അന്തരീക്ഷം തണുത്തിരുണ്ടിരുന്നു. ഹോട്ടലിലെ ആകെയുള്ള പത്തു മുറികളില്‍ ചിലത് ഫ്രാന്‍സിലും ചിലത് സ്വിറ്റ്സര്‍ലാന്റിലുമാണ്.  ചില മുറികളിലാകട്ടെ, തല വെക്കുന്ന ഭാഗം സ്വിസ്സിലും കാല്‍ വെക്കുന്ന ഭാഗം ഫ്രാന്‍സിലുമാണ്. സ്വിസ്സ് പകുതിയിലാണ് ഞങ്ങള്‍ക്ക് മുറി കിട്ടിയത്. ദിവസവും ആ രാജ്യത്ത് തന്നെ കിടന്നുറങ്ങുന്നതിനാല്‍  ഞങ്ങള്‍ക്ക് ചെറിയ ഇഛാഭംഗം ഉണ്ടായി. .മുറിയില്‍ സാധനങ്ങളെല്ലാം വെച്ചശേഷം ഹോട്ടലിലെ കഫെ പരിശോധിക്കുന്നതു നന്നായിരിക്കുമെന്ന് എനിക്കു തോന്നി. മലമുകളിലുള്ളവര്‍ കുടിക്കുന്ന വിന്‍ ചാദ് (vin Chaud -ചൂടു വീഞ്ഞ്) എന്ന വൈനിന്റെ പ്രത്യേക ചേരുവകളെ പറ്റി ഞാനേറെ കേട്ടിരുന്നു. വിവിധ സുഗന്ധദ്രവ്യങ്ങളും മധുരനാരങ്ങാ കഷ്ണങ്ങളും ഇട്ട് തിളപ്പിക്കുന്ന വൈന്‍, ചഷകത്തില്‍ ഒഴിച്ച് ചൂടോടെ കുടിക്കണം. 

ചിരപരിചിതരെപ്പോലെ ഞങ്ങള്‍ വിന്‍ ചാദ് ഓര്‍ഡര്‍ ചെയ്തു. ചൂടു പാറുന്ന ചുവന്ന വൈന്‍ പതയുന്ന രണ്ടു മഗ്ഗുകള്‍ മുന്നില്‍ നിരന്നു. ഒന്നു രുചിച്ചു നോക്കി, വൈനിന്റെ രുചിയില്ല. മുന്തിരിയുടേയും. കവിളൊന്നിറക്കാന്‍ പാടുപെട്ടു. കുറച്ച 'ടച്ചിങ്ങ്സ്' ഉണ്ടെങ്കില്‍ നന്നായേനെ എന്ന് അമ്പിളി അഭിപ്രായം പറഞ്ഞു. അച്ചാറൊക്കെ ഇവിടെ എവിടെ കിട്ടാന്‍? വീട്ടില്‍ നിന്ന് കുറച്ചു കണ്ണിമാങ്ങാ അച്ചാര്‍ കൂടെ കൊണ്ടു വന്നിരുന്നെങ്കില്‍ എന്നു വെറുതെ ആശിച്ചുപോയി. ഒടുവില്‍ ഉരുളക്കിഴങ്ങു ചിപ്പ്സും ടബാസ്‌കൊ സോസും കൊണ്ട് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.

റെസ്റ്ററന്റു സ്ഥിതി ചെയ്യുന്നതും രണ്ടു രാജ്യങ്ങളുടെ ഇടയിലാണ്. അതിര് അവര്‍ വ്യക്തമായി മാര്‍ക്കു ചെയ്തിട്ടുണ്ട്. ഫ്രഞ്ച് അതിരിനുള്ളില്‍ ഇരിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. രണ്ടു രാജ്യങ്ങളിലുമായി കാല്‍ വെച്ച് കുറച്ചു മെമന്റൊ പടങ്ങളുമെടുത്തു. അടുക്കള ഫ്രാന്‍സിലായതിനാല്‍ മെനു കാര്‍ഡിലെ വില മുഴുവന്‍ യൂറോയിലായിരുന്നു. എന്നാല്‍ ബില്ലു വന്നപ്പോള്‍ കാഷ്യര്‍ ഇരിക്കുന്നത് സ്വിസ്സു പകുതിയില്‍. അതിനാല്‍ അതിര്‍ത്തി താണ്ടി സ്വ്സ്സ് ഫ്രാങ്കായി പണം അടച്ചു. മൊത്തം തമാശ.

La Cure Village

പുറത്തു മഞ്ഞു പൊഴിയാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പുറത്തിറങ്ങി. സ്വിസ്സ് ഭാഗത്ത് പാര്‍ക്കു ചെയ്തിരുന്ന കാര്‍ ഞാന്‍ ഫ്രഞ്ചു ഭാഗത്തേക്കു മാറ്റി. രാത്രി മുഴുവന്‍ സ്വിസ്സ് ഭാഗത്തു പാര്‍ക്കു ചെയ്യണമെങ്കില്‍  പണം കൊടുക്കണം, കുറച്ചു സോഷ്യലിസ്റ്റു മനോഭാവം പുലര്‍ത്തുന്നതു കൊണ്ട് ഫ്രഞ്ചു ഭാഗത്ത് പാര്‍ക്കിങ്ങ് ഫ്രീയാണ്. കുറച്ചു നേരം മഞ്ഞാസ്വദിച്ച ശേഷം ഞങ്ങള്‍ റൂമിലേക്കു മടങ്ങി. ചൂടുള്ള വൈന്‍ പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ കിടക്കയില്‍ വീണതേ പിന്നെ ഓര്‍മ്മയുള്ളൂ.

ഒമ്പതു മണിക്ക് ഞെട്ടിയെഴുന്നേറ്റു. വിശപ്പുണ്ട്. സ്വിറ്റ്സര്‍ലാന്റി ല്‍ റസ്റ്ററന്റുകള്‍ രാത്രി ഒമ്പതരയോടെ അടക്കും. ഫ്രാന്‍സിനേയും സ്വി റ്റ്സര്‍ലാന്റിനേയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലൂടെ ഞങ്ങള്‍ തിരക്കിട്ടു നടന്നു. ഭാഗ്യവശാല്‍ റസ്റ്ററന്റ് ഫ്രാന്‍സിലായിരുന്നു. അവിടെ കാര്യങ്ങള്‍ അവസാനിക്കണമെങ്കില്‍ പാതിരാത്രി കഴിയും. വെജിറ്റേറിയനിസത്തിലേക്ക് മാറിയതിനാല്‍ ഹോട്ടലിലേക്കുള്ള യാത്രകള്‍ പഴയതു പോലെ ആവേശകരമായിരുന്നില്ല. മെനുക്കാര്‍ഡ് വലിയ ഔത്സുക്യമില്ലാതെ മറിച്ചു നോക്കിയെങ്കിലും ഭാഷ ഫ്രഞ്ചായതിനാല്‍ ഒന്നും മനസ്സിലായില്ല. 

''ഇവിടെ പച്ചക്കറി എന്തു കിട്ടും?'' പരിചാരികയോടു ഞാന്‍ ചോദിച്ചു. ''സര്‍. ഫോണ്ട് (Fondue) അല്ലെങ്കില്‍ റേസ്ലറ്റ് (Raclttee)  തരാം '', അവള്‍ മൊഴിഞ്ഞു. ഫോണ്ട് ഒരു സ്വിസ്സ് സംഗതിയാണ്. ചീസ് ഉരുകുന്ന ഒരു പാത്രത്തിനു ചുറ്റും കുറേപ്പേര്‍ ഇങ്ങനെ ഇരിക്കും. ബ്രെഡ്ഡിനെ കഷ്ണങ്ങളാക്കി ഒരു ഫോര്‍ക്കില്‍ കുത്തിയെടുത്ത് ഉരുകിയ ചീസില്‍ മുക്കി വയറു നിറയും വരെ തിന്നും. ഇത്തരമൊരു സാംസ്‌കാരിക പരിപാടി മുമ്പ് അനുഭവിച്ചിട്ടുള്ളതിനാലും സംഗതി അത്ര ഇഷ്ടമല്ലാത്തതിനാലും ഞാന്‍ റേസ്ലറ്റ് മതി എന്നു തീരുമാനിച്ചു. അതും ചീസില്‍ അധിഷ്ഠിതമായ ഒരു ഭക്ഷ്യവസ്തു തന്നെ. ഇവിടെ ചീസിനെ ഉരുകാന്‍ വിടാതെ ഇളം ചൂടില്‍ മൃദുവാക്കും. തുടര്‍ന്ന് ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ അതില്‍ മുക്കി തിന്നും. സത്യത്തില്‍ സ്പൈസില്ലാത്ത ചീസ് തിന്നുന്നത് രുചികരമായ ഒരു അനുഭവമൊന്നുമല്ല. യാത്രകള്‍ നമുക്കു തരുന്ന അനുഭവങ്ങളില്‍ രുചി വൈവിധ്യങ്ങളും ഒന്നാണെന്നു കരുതിയില്ലെങ്കില്‍ പ്രശ്നമാണ്.

La Cure

മഞ്ഞു വീഴ്ച്ച നിന്നപ്പോള്‍ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. എഴുന്നേല്‍ക്കുമ്പോല്‍ ഒമ്പതുമണിയായിക്കാണണം. ജാലകം തുറന്നിട്ടപ്പോള്‍ അടിമുടി ഹിമാര്‍ദ്രമായ അന്തരീക്ഷം. മരങ്ങളും തലേന്നിരുന്ന ബെഞ്ചും അടുത്ത കെട്ടിടവുമെല്ലാം മഞ്ഞു പുതച്ചിരിക്കുന്നു. ഞാന്‍ ആവേശത്തോടെ അമ്പിളിയെ വിളിച്ചു. ഭൂപ്രകൃതി ഒരു യക്ഷിക്കഥയിലേതെന്നതു പോലെ മാറിയതു കണ്ട് അവള്‍ അത്ഭുതപ്പെട്ടു.

ആവേശം പെട്ടെന്നു ആശങ്കകള്‍ക്കു വഴി മാറി. കാര്‍ പുറത്താണ്. മിക്കവാറും മഞ്ഞില്‍ പുതഞ്ഞു കാണണം. മഞ്ഞു തോണ്ടി കാര്‍ പുറത്തെടുക്കേണ്ടി വന്നതു തന്നെ. ഇത്ര തണുപ്പില്‍ പുറത്തിട്ടതു കൊണ്ടു തന്നെ കാര്‍ എങ്ങനെ സ്റ്റാര്‍ട്ടാകും?  ഇനി സ്റ്റാര്‍ട്ടാക്കിയാല്‍ തന്നെ ഈ മഞ്ഞില്‍  കുന്നുള്‍ക്കിടയിലൂടെ  എങ്ങനെ ഡ്രൈവ് ചെയ്തു പോകും? ഇവിടുത്തെ താമസം നീട്ടിയാല്‍ മഞ്ഞു വീഴ്ച്ച കൂടി റോഡ് അടച്ചിട്ടാല്‍ എന്തു ചെയ്യും?ചോദ്യങ്ങള്‍ മനസ്സിലൂടെ സ്‌കേറ്റിങ് നടത്തി.

മഞ്ഞിലൂടെ ഓടിക്കുന്നതിന്റെ ബുദ്ധിമുട്ടും അപകടവും അമ്പിളിക്കറിയാത്തതിനാല്‍ എന്റെ ടെഷന്‍ അവള്‍ക്കു മനസ്സിലായില്ല. അവള്‍ പുറത്തേക്കോടി ചാടിത്തുള്ളാനും  ഫോട്ടോപിടിക്കാനും എനിക്കു നേരെ മഞ്ഞുരുള എറിയാനും (എനിക്കതത്ര പിടിച്ചില്ല എന്നത് വേറെക്കാര്യം) തുടങ്ങി. .മഞ്ഞു വീഴ്ച്ച തുടരുമെന്ന് കാലാവസ്ഥാ അറിയിപ്പുകള്‍ വന്നതോടെ ഉച്ചയോടെ മടങ്ങാന്‍ ഞാന്‍ പദ്ധതിയിട്ടു. ഹോട്ടലില്‍ നിന്ന ഒരു പിക്കാസ് സംഘടിപ്പിച്ച് കാറിനെ മഞ്ഞില്‍ നിന്നും മോചിപ്പിച്ചു. ഭാഗ്യത്തിന് കാര്‍ പൈട്ടന്നു തന്നെ സ്റ്റാര്‍ട്ടായി. എന്നാല്‍ പാര്‍ക്കിങ്ങ് സ്ഥലം മുഴുവന്‍ ഐസും മഞ്ഞും നിറഞ്ഞതിനാല്‍ വണ്ടി മുന്നോട്ടും പിന്നോട്ടും നീങ്ങാത്ത അവസ്ഥയായിരുന്നു. എനിക്കു ടെന്‍ഷനായി.
ഫ്രഞ്ചു ഭാഗത്ത് വണ്ടി പാര്‍ക്കു ചെയ്തത് നന്നായി. ഒരു ഫ്രഞ്ചു മാന്യന്‍ വന്ന് വണ്ടി പതിയെ തള്ളിത്തന്നു. മെയിന്‍ റോഡു വരെ അദ്ദേഹം എന്നെ അനുഗമിച്ചു. സ്വിസ്സ് ഭാഗത്തായിരുന്നു കാര്‍ കിടന്നതെങ്കില്‍ ഒരുത്തനും സഹായത്തിനു വരുമായിരുന്നില്ല. വണ്ടി പൊക്കി മാറ്റുന്ന ക്രെയിന്‍ വിളിക്കേണ്ടി വരുമായിരുന്നു എന്നുറപ്പ്.

വഴി ഒരു രാത്രി കൊണ്ട് അപ്പടി മാറിപ്പോയിരിക്കുന്നു. റോഡില്‍ വാഹനങ്ങളൊന്നുമില്ല. ചിലയിടത്ത് ഡ്രൈവര്‍മാര്‍ ഗ്രിപ്പിനായി ടയറുകളില്‍ ചങ്ങല കെട്ടുന്ന തിരക്കിലാണ്. വിന്റര്‍ ടയറുണ്ടെങ്കിലും മഞ്ഞി ല്‍ ഇതു പോലുള്ള സ്ഥലങ്ങളിലൂടെ ഡ്രൈവു ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചെറിയൊരു പിഴ, ബ്രേക്കിങ്ങിലോ സ്പീഡിലോ വരുന്ന ചെറിയൊരു മാറ്റം, എല്ലാം തകിടം മറിക്കും. നിങ്ങളറിയും മുമ്പ് വണ്ടി കൊക്കയിലെത്തും.
''വണ്ടി നിര്‍ത്തിയാല്‍ കുറച്ചു പടങ്ങളെടുക്കാമായിരുന്നു'' ഭാര്യ അഭിപ്രായപ്പെട്ടു.

''തല്‍ക്കാലം സാധ്യമല്ല, ഒരു വിധത്തില്‍ ഇതൊന്നോടിച്ചോട്ടെ'', ഞാന്‍ ദേഷ്യപ്പെട്ടു. ''മാത്രവുമല്ല ഒരു സേഫ്റ്റി ഓഫീസറായ ഞാന്‍ മഞ്ഞില്‍ അപകടത്തില്‍ പെട്ടുപോയി എന്ന് വാര്‍ത്ത വരുന്നത് അത്ര നല്ല കാര്യവുമല്ല.''
ഞങ്ങള്‍ സമവായത്തിലെത്തി. അവള്‍ തുറന്നിട്ട വാതിലിലൂടെ പടം എടുക്കാനും ഞാന്‍ അതീവ ജാഗരൂകനായി കാറോടിക്കാനും തുടങ്ങി.

അത്ഭുതം! ഹില്‍ സ്റ്റേഷനു  100 മീറ്റര്‍ താഴെ മഞ്ഞു തീര്‍ന്നു. ഞാന്‍ കാര്‍ നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. അമ്പിളിയാകട്ടെ മലമുകളിലേക്ക് നോക്കി സങ്കടത്തോടേയും നിശ്വസിച്ചു.
''എനിക്കവിടേക്കു മടങ്ങാന്‍ തോന്നുന്നു'' അവള്‍ പറഞ്ഞു.

''അടുത്ത തവണ നമുക്കു ട്രെയിന്‍ പിടിച്ചു വരാം''. ഞാന്‍ അര്‍ഥഗര്‍ഭമായി പ്രതിവചിച്ചു. മഞ്ഞു കാലം ഇവിടെ മാജിക്കു തീര്‍ക്കുമെങ്കിലും മറ്റെല്ലാ ഋതുക്കളിലും ഈ പ്രദേശം സൗന്ദര്യത്തിന്റെ വൈവിധ്യച്ചാര്‍ത്തണിയും. ഗ്രീഷ്മത്തില്‍ ഈ കുന്നിന്‍ പുറമാകെ പശുക്കളായിരിക്കും. സെന്റ്. സെര്‍ഗ്യൂവില്‍ ഒരു വാര്‍ഷിക  കാലിപ്രദര്‍ശനം നടക്കുന്നത് ആ സമയത്താണ്. അന്ന് എല്ലാ കുടുംബങ്ങളും അവരുടെ ഏറ്റവും നല്ല പശുവിനെ അലങ്കരിച്ച് ടൗണിലൂടെ പരേഡായി നടത്തും. മണിക്കൂറുകളോളം നീളുന്ന പരേഡ്. അന്ന് ബാര്‍ബിക്ക്യൂ ഗ്രില്ലില്‍ ഒരു മുഴുത്ത പശു കിടന്ന് മൊരിയും.

ശരത് കാലത്ത് നേടാണ്‍ മുതല്‍ ലാ ക്കൂര്‍ വരെ ഡ്രൈവ് ചെയ്യുന്നത് ഒരനുഭവമാണ്. വഴിനിറയെ പൂമരങ്ങള്‍ പൂത്തു നില്‍ക്കും. ദൂരെ നിന്നു നോക്കുമ്പോള്‍ കുന്നിന്‍ ചെരിവ് നിറങ്ങളാല്‍ ആറാടിയ പോലെ തോന്നും.
സ്വിറ്റ്സര്‍ലാന്റ് സന്ദര്‍ശിക്കുന്നവര്‍  തീര്‍ച്ചയായും ഇനി ഹോട്ടല്‍ ആര്‍ബേസിലേക്കു കൂടി വരണം എന്നു ഞാന്‍ റെക്കമെന്റു ചെയ്യുന്നു. ഇവിടെയൊന്നു താമസിച്ചു മടങ്ങിയാല്‍, ഞാന്‍ രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് നിങ്ങള്‍ക്കു പറയാം. രണ്ടു സംസ്‌കാരങ്ങളെ അടുത്തറിഞ്ഞു എന്നും രണ്ടു തരത്തിലുള്ള ഭക്ഷണം കഴിച്ചു എന്നും അതിന്റെ ബില്ല് രണ്ടു രീതിയിലുള്ള പണമായി അടച്ചു എന്നും അവകാശപ്പെടാം.

La Cure Village

Location
bordering France and Switzerland 

How to reach: 
By Air:Geneva International Airport (0km)
By Rail:From Nyon, take the mountain train to La Cure, which is the final stop.
By Road: from Geneva, Take A1 towards Lausanne, at Exit Nyon-St Cergue, leave the highway and drive towards St Cergue. At St. Cergue round about, take left turn till you reach the boarder village of La Cure.  
Best season
Month to Month
Sights Around
The village itself has little to offer except beautiful scenery. However, you can go mountain trekking (in spring and summer) and skiing in winteraNearest Tourist Destination : St Cergue
Stay
Hotel Arbez
Tips
LAltitude: 1155 m 
LCurrencies: Swiss Francs, Euros