ബരിമലയിൽ പോകുമ്പോൾ ഇടത്താവളങ്ങളായി പല ക്ഷേത്രങ്ങളിലും ദർശനംനടത്താറുണ്ട്. എന്നാൽ ജനനമരണങ്ങൾക്കിടയിലുള്ള ദശാസന്ധികൾ തരണംചെയ്ത് മോക്ഷപ്രാപ്തിയിലേക്കൊരയ്യപ്പപാതയുണ്ട്. ശബരീശ ജീവിതത്തിലെ ദശാസന്ധികളിലൂടെയാണാ യാത്ര. പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ക്ഷേത്രങ്ങളിലൂടെ... കുളത്തൂപ്പുഴ-ആര്യങ്കാവ്-അച്ചൻകോവിൽ വഴി ശബരിമലയ്ക്ക്... ഇതിൽ മൂന്നുക്ഷേത്രങ്ങളും കൊല്ലം ജില്ലയിലും ശബരിമല പത്തനംതിട്ട ജില്ലയിലുമാണ്‌. അഞ്ചാമതൊരു ക്ഷേത്രമുണ്ടായിരുന്നത് കാന്തമലയാണ്. അത് കലിയുഗാരംഭത്തോടെ ലൗകികലോകത്തുനിന്നു മറയുകയും ഇപ്പോൾ വിശ്വാസികൾ സങ്കൽപ്പത്തിൽവെച്ചാരാധിക്കുകയും ചെയ്യുന്നു എന്ന് ഐതിഹ്യം. ശബരിമലയും പതിനെട്ടാംപടിയുമെന്നപോലെ ഈ കാനനക്ഷേത്രങ്ങൾ തമ്മിൽ കാട്ടിലൂടെയുള്ള ദൂരം 18 കാതം വീതമാണെന്നതും ഒരു കൗതുക വർത്തമാനം.

ബാലനായി കുളത്തൂപ്പുഴയിൽ

യാത്ര തുടങ്ങേണ്ടത് കുളത്തൂപ്പുഴയിൽനിന്നാണ്. അയ്യപ്പന്റെ ബാല്യം ഇവിടെയായിരുന്നു. പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ച് ധർമശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാമത്തെ ക്ഷേത്രമാണ് കുളത്തൂപ്പുഴ ധർമശാസ്താക്ഷേത്രം. പണ്ട് കാടായിരുന്നെങ്കിലും ഇന്ന് പട്ടണത്തോളം വളർന്ന കുളത്തൂപ്പുഴ മണ്ഡലകാലത്ത് ഭക്തജനസാന്ദ്രമാകും. ക്ഷേത്രത്തിനുമുന്നിലൂടെ പുഴയൊഴുകുന്നു. ക്ഷേത്രക്കടവിലെ മത്സ്യങ്ങൾ തിരുമക്കൾ എന്നാണറിയപ്പെടുന്നത്. മത്സ്യകന്യകമാർ ശാസ്താവിനെ മോഹിച്ചെന്നും സേവിച്ചു കഴിഞ്ഞുകൊള്ളാൻ നിർദേശിച്ചെന്നുമാണ് ഐതിഹ്യം. ഏത് മലവെള്ളപാച്ചിലിലും മത്സ്യങ്ങൾ ഒഴുകി​പ്പോകാറില്ലെന്നും വിശ്വാസികളുടെ സാക്ഷ്യം.

ക്ഷേത്രോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. കോക്കുളത്ത് മഠം തന്ത്രി കോട്ടത്തല കുറുപ്പൻമാരോടൊപ്പം രാമേശ്വരത്തുനിന്ന് മടങ്ങവേ കുളത്തൂപ്പുഴയിൽ വിശ്രമിച്ചു. കുറുപ്പൻമാർ മൂന്നുകല്ലുകൾ എടുത്തു അടുപ്പുകൂട്ടി. ഒരു കല്ലിന് വലുപ്പം കൂടുതലായിരുന്നു. അത് ഉടച്ച് കഷണങ്ങളാക്കിയപ്പോൾ ചോരയൊഴുകി. ലക്ഷണവിധിപ്രകാരം അയ്യപ്പന്റെ ബാല്യം കുളത്തൂപ്പുഴയിലായിരുന്നുവെന്ന് തന്ത്രി വിധിച്ചു. അതുപ്രകാരം പ്രതിഷ്ഠയുംനടത്തി. കൊട്ടാരക്കര രാജാക്കൻമാരാണ് ക്ഷേത്രം പണിതത്. മേടവിഷുവാണ് പ്രധാന ഉത്സവം. അടിമ സമർപ്പണമാണ് പ്രധാന നേർച്ച. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമിഴ്ത്തിക്കിടത്തി ഭഗവാന് സമർപ്പിക്കുന്നതാണ് ആചാരം.

 തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്-പാലോട്-മടത്തറ വഴി 60 കിലോ മീറ്ററാണ് ദൂരം. കൊല്ലത്തുനിന്ന് കൊട്ടാരക്കര-പുനലൂർ- അഞ്ചൽ വഴി 70 കിലോ മീറ്ററും. തമിഴ്‌നാട്ടിൽനിന്ന് തെങ്കാശി, ചെങ്കോട്ട ആര്യങ്കാവ് തെൻമല വഴി 40 കിലോ മീറ്ററും.

Kulathooppuzha Temple
കുളത്തൂപ്പുഴ

കൗമാരം ആര്യങ്കാവിൽ

കുളത്തൂപ്പുഴയിൽനിന്ന് നേരേ ആര്യങ്കാവിലേക്ക് വിടാം. തെൻമല വന്ന് ചെങ്കോട്ട റോഡിൽ 22 കിലോമീറ്റർ സഞ്ചരിക്കണം. യുവാവായ ശാസ്താവിന്റെ പ്രതിഷ്ഠയാണ്. ഇടതുവശത്ത് ദേവിയും വലതുവശത്ത് ശിവനും.  വാൾപ്പയറ്റ് പഠിക്കാനായി മധുരയിലെത്തിയ അയ്യപ്പനോട് സൗരാഷ്ട്ര ബ്രാഹ്മണകുടുംബത്തിലെ പെൺകുട്ടി വിവാഹാഭ്യർഥന നടത്തി. ആര്യങ്കാവിൽ വിവാഹംനടത്താമെന്നും പറഞ്ഞു. താലികെട്ടാനൊരുങ്ങുമ്പോൾ പെൺകുട്ടി ഋതുമതിയാവുന്നു. കല്യാണം മുടങ്ങുന്നു. ഇതാണ് ക്ഷേത്രത്തിനും ഉത്സവാചാരങ്ങൾക്കും പിന്നിലുള്ള ഐതിഹ്യം. ഇവിടുത്തെ തൃക്കല്യാണം പ്രസിദ്ധമാണ്. അയ്യപ്പന്റെ വിവാഹനിശ്ചയ ചടങ്ങാണിത്. ആര്യങ്കാവ് ദേവസ്ഥാനം ആൺ വീട്ടുകാരും മധുരയിൽനിന്നുള്ള സൗരാഷ്ട്ര മഹാജനസംഘം പെൺവീട്ടുകാരുമായെത്തുന്നു. വിവാഹനിശ്ചയ ചടങ്ങ്-ധനു 10-നായിരിക്കും. തൃക്കല്യാണം ധനു 11-നും. മണ്ഡലാഭിഷേകം ധനു 12-നും ആഘോഷിക്കുന്നു. കൊടിയേറ്റില്ല. പകരം വാടാവിളക്ക് അണയാതെ സൂക്ഷിക്കും. ശബരിമലയിലെപോലെ 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഇവിടെയും പ്രവേശനമില്ല.

Aryankavu
ആര്യങ്കാവ്‌

അച്ചൻകോവിലിലെ യൗവനകാലം

ആര്യങ്കാവിൽനിന്ന്‌ ചെങ്കോട്ട വഴി 50 കിലോമീറ്റർ സഞ്ചരിച്ച് അച്ചൻകോവിലിലേക്ക് പോകാം. പത്നീസമേതനായ അയ്യപ്പനാണ് ഇവിടത്തെ പ്രതിഷ്ഠ. ഭാര്യമാരായ പൂർണയും പുഷ്കലയും ദേവനു സമീപമുണ്ട്. കാവ്യഭാഷയിൽ പറഞ്ഞാൽ അവിടെ പൂർണപുഷ്കലാദേവിമാർ കൂപ്പുന്ന രാജാധിരാജനുണ്ട്. ഭാർഗവരാമന്റെ തൃക്കൈകൾ തീർത്ത പുണ്യപ്രതിഷ്ഠയുണ്ട്. കാളകൂടവിഷം കാറ്റിൽ പറപ്പിക്കും തീർഥജലമുണ്ട്.

ടി.കെ. രാമചന്ദ്രൻനായരുടെ ഭക്തിഗാനശകലമാണിത്. അച്ചൻകോവിൽ ക്ഷേത്രത്തോടുചേർന്ന് താമസിക്കുന്ന രാമചന്ദ്രൻ നായർ പോസ്റ്റൽ വകുപ്പിലായിരുന്നു. ഐതിഹ്യങ്ങൾ അദ്ദേഹമാണ് പറഞ്ഞുതന്നത്. കാന്തമലയിലാണ് വാനപ്രസ്ഥം അഥവാ മോക്ഷപ്രാപ്തി. പക്ഷേ, അങ്ങനെയൊരിടം ഇപ്പോഴില്ല. കലിയുഗാരംഭത്തോടുകൂടി കാന്തമലയിൽ ശാസ്തസേവ നടത്തിയിരുന്ന മുനീശ്വരൻമാരെല്ലാം ഭൂമി വിട്ടുപോയതായാണ് ഐതിഹ്യം. ശബരിമല ദർശനം കഴിഞ്ഞ് വീണ്ടും അച്ചൻകോവിലിൽ വന്ന് അയ്യപ്പന്റെ വാൾ ദർശിച്ചാൽ കാന്തമലദർശനം നടത്തിയതിനു തുല്യമാണെന്നും വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു.

വിഷഭയം ഏറ്റാൽ ഏതുസമയത്തു വന്നാലും ഇവിടെ നടതുറക്കും. ഭഗവത് തൃക്കൈയിലിരിക്കുന്ന പ്രസാദവും ക്ഷേത്രമുറ്റത്തെ കിണറ്റിലുള്ള തീർഥജലവും മുറിവേറ്റ സ്ഥലത്ത് ചാലിച്ച് പുരട്ടും. രണ്ടുമൂന്നു ദിവസം വ്രതത്തോടെ ക്ഷേത്രത്തിൽ ഇരിക്കും. ധാരാളം ഭക്തർ ഇപ്പോഴും വിഷചികിത്സയ്ക്കായി എത്താറുണ്ട്. ഉത്സവം ധനു ഒന്നിന് കൊടിയേറും. 10 ദിവസം ഉത്സവമാണ്. 9-ാം ദിവസത്തെ രഥോത്സവം വളരെ പ്രധാനമാണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽനിന്നുമായി ധാരാളം ഭക്തജനങ്ങൾ അന്നിവിടെ വരും. മകരത്തിലെ രേവതിയിലാണ് ഇപ്പോഴത്തെ പ്രതിഷ്ഠ. ആ നാളിൽ പുഷ്പാഭിഷേകം, വൃശ്ചികം, ധനു മാസങ്ങളിൽ 18 പടികളിലെ പൂജ, വരുണപ്രീതിക്കായി അരി നനച്ചിടുക എന്നിവ പ്രധാന വഴിപാടാണ്. നീരാഞ്ജനം, അരവണ, ഉണ്ണിയപ്പം വഴിപാടുകളുമുണ്ട്. ദർശനസമയം രാവിലെ 5-11.30.

 

വൈകീട്ട് 5-8. തിരുവനന്തപുരത്തുനിന്ന് പാലോട് കുളത്തൂപ്പുഴ, ആര്യങ്കാവ് ചെങ്കോട്ട വഴി (ചെങ്കോട്ടയിൽ നിന്ന് 30 കിലോ മീറ്റർ) കൊല്ലത്തുനിന്ന് കൊട്ടാരക്കര പുനലൂർ അലിമുക്ക് വഴി (പുനലൂരിൽ നിന്ന് 48 കിലോ മീറ്റർ). ഇവിടെനിന്ന്‌ നേരേ ശബരിമലയിലേക്കാണ് പോകേണ്ടത്- അലിമുക്ക് പത്തനാപുരം കോന്നി വഴി 100 കിലോ മീറ്റർ കാണും അച്ചൻകോവിൽ-അലിമുക്ക് റോഡ് മോശമാണ്. അതുകൊണ്ട് യാത്രക്കാർ ചെങ്കോട്ട ആര്യങ്കാവ് പുനലൂർ പത്തനാപുരം കോന്നി വഴിയാണ് ശബരിമലയ്ക്ക് പോകാറ്. 180 കിലോ മീറ്റർ വരും. ഞങ്ങൾ ബൈക്കിലായിരുന്നു ഈ വഴി സഞ്ചരിച്ചത്. ഐതിഹ്യങ്ങളിലൂടെയുള്ള സഞ്ചാരം എന്നതിനൊപ്പം പ്രകൃതിയിലൂടെയുള്ള ഒരു തീർഥാടനം കൂടിയായിരുന്നു അത്.

Kulathupuzha 9447427549
Aryankav 0475-2211 566.  
Achankovil Contact 0475 2342383