രാവിലെ ഫെയ്‌സ്ബുക്ക് ചാറ്റിനിടെ ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു, അവരുടെ നാട്ടില്‍ (കണ്ണൂര്‍) ഇന്നൊരു കളിയാട്ടമുണ്ടെന്ന്. തളിപ്പറമ്പ് ഭാഗത്താണ് നടക്കുന്നതെന്നും വിശദവിവരങ്ങള്‍ വൈകുന്നേരം അറിയിക്കാമെന്നും ഉറപ്പ് നല്‍കി. കോഴിക്കോട്ട് എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും കോലത്തുനാട്ടില്‍ പോയി തെയ്യം കാണാന്‍ ഇതുവരെ സാധിച്ചില്ല. എങ്കില്‍ പിന്നെ പോയേക്കാമെന്നു ഞാനും കരുതി. വൈകുന്നേരം നാലരയോടെ ബൈക്കുമെടുത്ത് ഇറങ്ങി...

ബപ്പിരിയന്‍, ബപ്പരാന്‍ എന്നീ പേരുകളിലും ബപ്പീരന്‍ ദൈവം അറിയപ്പെടുന്നു. കപ്പിത്താന്‍ എന്ന വാക്കിന്റെ പഴയ രൂപമായ ബപ്പൂരനില്‍ നിന്നാണ് ഈ പേര് ലഭിക്കുന്നത്. ആര്യത്തുനാട്ടില്‍ പിറന്ന ഭഗവതി കോലത്തുനാട്ടിലേക്ക് സഞ്ചരിച്ച കപ്പലിന്റെ സാരഥിയാണ് ബപ്പീരനെന്നാണ് വിശ്വാസം. 

വിശ്വകര്‍മ്മാവ് നിര്‍മിച്ച നാല്പത്തിയൊന്ന് അറയുള്ള കപ്പലില്‍, മധ്യത്തിലുള്ള അറയിലിരുന്ന് ഭഗവതി എഴുന്നള്ളി എന്നാണ് സങ്കല്‍പം. മറ്റ് അറകളില്‍ അകമ്പടിയായി പരിചാരകരും. കേരളത്തില്‍ ഇന്നുകാണുന്ന എല്ലാ ജാതി സമ്പ്രദായത്തിന്റെ പ്രതിനിധികളും ഈ കപ്പലിലുണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു.

ചിലയിടങ്ങളില്‍ മാപ്പിള തെയ്യമായും മറ്റുചിലയിടങ്ങളില്‍ ഹനുമാനായും ബപ്പീരന്‍ തെയ്യം അവതരിപ്പിക്കുന്നു. കഥകളിക്ക് സമാനമായി വട്ടമുടിയാണ് ഹനുമാന്‍ ധരിക്കുക. ഭഗവതി തെയ്യം കപ്പലിന്റെ ആകൃതിയിലുള്ള മുടിയും.

കടലില്‍ വെച്ച് കൊള്ളക്കാര്‍ കപ്പല്‍ തടഞ്ഞപ്പോള്‍ താന്‍ ചെയ്ത വീരകൃത്യങ്ങളാണ് ബപ്പീരന്‍ തെയ്യം ഭക്തജനങ്ങളോട് വിവരിക്കുക. പ്രാചീന മലയാളത്തിനോട് അടുത്തുനില്‍ക്കുന്ന വാച്ചാല് ശൈലിയിലുള്ള ഭാഷയാണ് തെയ്യം ഉപയോഗിക്കുന്നത്‌. 

കടപ്പാട് - പ്രൊഫ. ആര്‍.സി. കരിപ്പത്ത്
(നാടന്‍കലാ ഗവേഷകനും പ്രഭാഷകനും) 

ഒരു മണിക്കൂര്‍ ബൈക്ക് യാത്രയ്‌ക്കൊടുവില്‍ തലശേരിയെത്തി. വഴിക്കുവെച്ച് സുഹൃത്തിന്റെ വിളി വന്നു. വഴി പറഞ്ഞുതരാനായിരുന്നില്ല, മറിച്ച് അവര്‍ ഉദ്ദേശിച്ച തെയ്യം കഴിഞ്ഞദിവസമാണ് നടന്നതെന്നു പറയാനായിരുന്നു ആ വിളി. ഒപ്പം ഒരു സോറിയും. സമയം രാത്രി ഏഴര കഴിഞ്ഞു. മടങ്ങണോ അതോ മുന്നോട്ടുപോകണോ എന്ന ആശയക്കുഴപ്പം. ഏതായാലും ഇറങ്ങിത്തിരിച്ചു, ഇനി തെയ്യം കണ്ടിട്ടുതന്നെ ബാക്കി കാര്യമെന്ന് കരുതി ഞാന്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

അടുത്ത വഴി തിരയുന്നതിന് മുമ്പായി ഒരു മസാലദോശയാവാം എന്നു കരുതി. തലശേരിയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ കയറി. കുറച്ചു സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു. കണ്ണൂര്‍ ടൗണില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി ശ്രീകണ്ഠാപുരത്ത് എള്ളെരിഞ്ഞി എന്ന ഗ്രാമത്തില്‍ ഒരു കളിയാട്ടമുണ്ടെന്ന് വിവരം ലഭിച്ചു. ബൈക്ക് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.

എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലമാണ് കണ്ണൂര്‍. ഒപ്പം രാത്രിസമയവും. ഏതായാലും 'ചോദിച്ച് ചോദിച്ച്' യാത്ര തുടര്‍ന്നു.

തിരക്കുള്ള നഗരവീഥികളില്‍ നിന്ന് വിജനമായ നാട്ടുവഴികളിലേക്ക് ബൈക്ക് പ്രവേശിച്ചു. അന്തരീക്ഷത്തില്‍ റബ്ബറിന്റെ മണവും ഡിസംബര്‍ മാസത്തെ അനുസ്മരിപ്പിക്കുന്ന തണുപ്പും. കോട്ടയംകാരനായ എനിക്ക് നാട്ടില്‍ എത്തിയ പ്രതീതി! വഴിവിളക്കുകള്‍ വിരളമെങ്കിലും വെളിച്ചം പകര്‍ന്ന് തൂവെള്ള നിലാവ്. വഴിയില്‍ പലയിടങ്ങളിലും ബൈക്കിന്റെ വെളിച്ചം അണച്ച് ഏറെ നേരം ഞാന്‍ നിന്നു. നഗരങ്ങളിലെ പ്രകാശമലിനീകരണത്തെ കുറിച്ച് അപ്പോഴാണ് ചിന്തിച്ചത്‌. പവര്‍ക്കെട്ട് ഉണ്ടായാല്‍ മനസമാധാനം നഷ്ടപ്പെടുന്ന മനുഷ്യസമൂഹത്തിന് നഷ്ടമാകുന്ന പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം.

എള്ളെരിഞ്ഞി ഗ്രാമത്തിലെത്തിയപ്പോഴേയ്ക്കും സമയം ഒമ്പതര കഴിഞ്ഞിരുന്നു. ശ്രീ എള്ളെടത്ത് ഭഗവതി ക്ഷേത്രത്തിലാണ് കളിയാട്ടം. ചെറിയൊരു വീടിനോട് ചേര്‍ന്നുള്ള തറവാട്ടുക്ഷേത്രമാണ്. കുടുംബത്തിലെ ബന്ധുക്കളും നാട്ടുകാരുമടങ്ങിയ ചെറിയ സദസ്സ്. 

ധര്‍മ്മദൈവം, ബപ്പീരന്‍ ദൈവം, എള്ളെടത്ത് ഭഗവതി എന്നീ തെയ്യങ്ങളാണ് അരങ്ങേറുക. 'കോമഡി' തെയ്യമെന്നാണ് സംഘാടകരിലൊരാള്‍ ബപ്പീരന്‍ ദൈവത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്.

വൈകുന്നേരം അഞ്ചുമണിക്ക് ധര്‍മ്മദൈവത്തിന്റെ തോറ്റത്തോടെയാണ് കളിയാട്ടം ആരംഭിച്ചത്. രാത്രി പതിനൊന്നോടെ ധര്‍മ്മദൈവം തെയ്യവും പുലര്‍ച്ചെ ഒരുമണിയോടെ ബപ്പീരന്‍ ദൈവവും അരങ്ങിലെത്തി.

Bapperan Theyyam

ചൂട്ടുവെളിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് പണ്ടൊക്കെ തെയ്യം നടന്നിരുന്നതെങ്കില്‍ മിന്നിത്തെളിയുന്ന മൊബൈല്‍കാമറകളുടെ വെളിച്ചമാണ് ഇന്ന് കാവുകളിലെങ്ങും. എന്നാല്‍ ഇവിടെ ആരും ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു കണ്ടില്ല. അബാലവൃദ്ധം ജനങ്ങളും കാവില്‍ നിറഞ്ഞാടുന്ന ദൈവത്തെ ഭക്തിയോടെ വണങ്ങുന്നു. ഗ്രാമത്തിന്റെ നിഷ്‌കളങ്കത എന്നെല്ലാം വിശേഷിപ്പിക്കുന്നത് ഇതിനെയാവും, അല്ലേ?

Bapperan Theyyam

ഭയത്തിലൂടെ ഭക്തി പകരുന്ന തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, രസകരമായ സംഭാഷണങ്ങളും ചേഷ്ടകളുമാണ് ബപ്പീരന്‍ ദൈവത്തിനുള്ളത്. തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആട്ടം നിര്‍ത്തുന്ന തെയ്യം, കൊട്ടിന് ശബ്ദം പോരാ എന്ന പരാതിയുമായി മേളക്കാരുടെ അടുത്ത് എത്തുന്നു. കാണികളെ നോക്കിയും 'കേള്‍ക്കുന്നേയില്ലാ' എന്ന പരാതി ആവര്‍ത്തിച്ചു. എങ്കില്‍ കാണിച്ചുതന്നിട്ടു തന്നെ ബാക്കികാര്യമെന്ന ഭാവത്തില്‍ കൊട്ടിന്റെ വേഗം വര്‍ധിപ്പിച്ച് മേളക്കാരും. ഇരട്ടി ആവേശത്തോടെ തെയ്യം ആടാന്‍ തുടങ്ങി. മേളക്കാരുടെ ആവേശം ചോരാതിരിക്കാന്‍ അടിക്കടി പരാതിപറച്ചിലും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

Bapperan Theyyam

ആടിത്തീര്‍ന്ന ബപ്പീരന്‍ ദൈവം ഒരു കൊട്ട മലരുമായി ഭക്തജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. മലര്‍ വാരിക്കൊടുക്കുന്ന തെയ്യത്തിന് തിരികെ അവര്‍ ദക്ഷിണ നല്‍കുന്നുണ്ട്. രസകരമായ സംഭാഷണങ്ങളിലൂടെയാണ് പിന്നീടുള്ള മലര്‍ കച്ചവടം പൊടിപൊടിക്കുന്നത്. ഓട്ടംതുള്ളലിലെന്ന പോലെ കാണികളില്‍ പലരെയും തെയ്യം കണക്കിന് കളിയാക്കി. ആള്‍ക്കൂട്ടിന് ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരെ പോലും തെയ്യം വെറുതെ വിട്ടില്ല. 

Bapperan Theyyam

അതേസമയം തെയ്യത്തിന്റെ കളിവാക്കുകള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരിയെന്ന പോലെ മറുപടിയുമായി കൂട്ടത്തില്‍ നിന്നും ഒരു വിദ്വാന്‍. തെയ്യവും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇരുവരുടെയും വാക്ക്‌പോര് കാവിനെ ചിരിമയമാക്കുകയായിരുന്നു. ഭക്തജനങ്ങള്‍ക്കൊപ്പമുള്ള ബപ്പീരന്‍ ദൈവത്തിന്റെ കളിയും ചിരിയും മണിക്കൂറോളം തുടര്‍ന്നു. 

Bapperan Theyyam

പിന്നീട്‌ പ്രധാന തെയ്യമായ എള്ളെടത്ത് ഭഗവതി രംഗപ്രവേശം ചെയ്യുകയും പുലര്‍ച്ചെ ആറുമണിയോടെ കളിയാട്ടം പര്യവസാനിക്കുകയും ചെയ്തു.

Bapperan Theyyam

Bapperan Theyyam

ഗ്രാമവീഥിയിലൂടെ മടക്കയാത്ര ആരംഭിച്ചു. അങ്ങോട്ട് രാത്രിയാത്രയായതിനാല്‍ സ്ഥലങ്ങളൊന്നും വ്യക്തമായിരുന്നില്ല. പ്രഭാതവെളിച്ചത്തിലുള്ള മടക്കയാത്രയില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്കുള്ള വഴി ശ്രദ്ധയില്‍പ്പെട്ടു. രാത്രി ഒരുപോള കണ്ണടയ്ക്കാത്തതിനാല്‍ നല്ല ഉറക്കക്ഷീണവുമുണ്ടായിരുന്നു എങ്കിലും വണ്ടി അങ്ങോട്ടേയ്ക്ക് തിരിക്കാന്‍ തീരുമാനിച്ചു. വളപട്ടണം നദിയും മുത്തപ്പന്‍ ക്ഷേത്രവും കണ്ട് യാത്ര തുടര്‍ന്നു.

കണ്ണൂര്‍ ടൗണ്‍ കടന്ന് എന്‍.എച്ച്. 17-ലൂടെ പോകുമ്പോഴാണ് മുഴുപ്പിലങ്ങാട് ബീച്ചിന്റെ ബോര്‍ഡ് കാണുന്നത്. കേരളത്തിലെ ഒരേയൊരു ഡ്രൈവിങ് ബീച്ചായ മുഴുപ്പിലങ്ങാട് കടല്‍ത്തീരത്തിലൂടെ ഏതാനും സമയം ബൈക്കോടിച്ച ശേഷം നേരെ കോഴിക്കോട്ടേക്ക്...