അത്രയധികം ഉയരമുള്ള വൃക്ഷത്തിലല്ലായിരുന്നു ആ കരിങ്കുരങ്ങ്. എന്നെ കണ്ടപ്പോള്‍ അലസതയോടെ മറ്റൊരു ശാഖയിലേക്ക് മാറിയിരുന്നു. ഇടയ്ക്കിടെ എന്തോ ഓര്‍ത്തിട്ടെന്നപോലെ മുഖം ആകാശത്തേക്കുയര്‍ത്തി ഒരു പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. പൊടുന്നനെ മൗനത്തിലേക്ക് പോവുകയും ചെയ്തു. ചിലവേള പല്ലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ചിരിക്കുന്നപോലെ. പിന്നെ നിശ്ചലമായി അകലങ്ങളിലെവിടെയോ ദൃഷ്ടി പതിപ്പിച്ചു. ഞാന്‍ കുറെ ചിത്രങ്ങള്‍ എടുത്തശേഷം കാമറയിലൂടെയല്ലാതെ ഏറെനേരം ആ കുരങ്ങനെ നോക്കി ഇരുന്നു. സാധാരണ കരിങ്കുരങ്ങുകളുടെ വൃക്ഷശാഖയിലൂടെയുള്ള ഓട്ടവും ചാട്ടവുമൊക്കെ ഷൂട്ട് ചെയ്യാറുണ്ട്. പെട്ടെന്നാണ് അതിന്റെ കണ്ണുകളിലെയും മുഖത്തെയും ഭാവമാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാന്‍തുടങ്ങിയത്. എന്തുകൊണ്ട് അത് ഷൂട്ട്‌ചെയ്തുകൂടാ?

2

പിന്നെ താമസമുണ്ടായില്ല. തുടരെ തുടരെ കാമറ ക്ലിക് ചെയ്തുകൊണ്ടിരുന്നു. അപ്പോഴേക്കും ആ കുരങ്ങും എനിക്കൊപ്പം ചലിക്കുവാനാരംഭിച്ചു. അവന്റെ മുഖത്ത് 'നവരസങ്ങള്‍' വിടര്‍ന്നു. ചിന്തയിലാണ്ടും സങ്കടംപൂണ്ടും കൗതുകം വിരിഞ്ഞും ഇടയ്ക്ക് അല്പം വഴക്കാളിയായും അത് ഭാവങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ചിലവേള ഇരിക്കുന്ന ശാഖയില്‍നിന്ന് എഴുന്നേറ്റ് മറ്റൊരു ശാഖയ്ക്കിടയില്‍ മറഞ്ഞുനിന്ന് എന്റെ ലെന്‍സിലേക്കെന്നപോലെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

3

 

kaaduകാടും ക്യാമറയും എന്ന പുസ്തകം വാങ്ങാം

അതിയായ ആനന്ദത്തോടെയാണ് ഓരോ നിമിഷവും കടന്നുപോയത്. ഭാവസാന്ദ്രമായ ഫ്രെയിമുകള്‍ സമ്മാനിച്ച ആ കരിങ്കുരങ്ങിനെ വിട്ടു പോരുമ്പോള്‍ കരിങ്കുരങ്ങിന്റെ കണ്ണുകള്‍ പകര്‍ത്തുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ ഉത്കണ്ഠയെക്കുറിച്ച് ഓര്‍ത്തുപോയി. സാധാരണ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ക്ക് കരിങ്കുരങ്ങിനെ ഷൂട്ട്‌ചെയ്യുക അത്ര പ്രയാസമില്ലാത്ത കാര്യമാണ്. പക്ഷേ, അവയുടെ കറുത്ത വര്‍ണത്തില്‍നിന്ന് കണ്ണുകളുടെ വ്യക്തത ക്യാമറയിലേക്കു പകര്‍ത്തുന്നത് പലപ്പോഴും ശ്രമകരമായി മാറാറുണ്ട്. ഇതുതന്നെയാണ് കരടിയുടെ കണ്ണുകളെ ഫോക്കസ്‌ചെയ്യുമ്പോഴും സംഭവിക്കുന്നത്. എക്‌സ്‌പോഷര്‍ ഓവറായോ അണ്ടറായോ പതിയുന്നതു കാണാം. ഞാന്‍ സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ 'സ്‌പോട്ട് മീറ്ററി'(spot meter)ലേക്കാണ് ഫോക്കസ് മാറ്റുക. കണ്ണുകളില്‍തന്നെ ഫോക്കസ്‌ചെയ്യുകയാണ് വേണ്ടതും.

4

ഈ ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തിയത് canon 70 camera, 100-400 mm Canon  ലെന്‍സിലാണ്. അപ്പര്‍ച്ചര്‍ പ്രയോറിറ്റിയിലാണ് (aperture priority)  കാമറ വര്‍ക്ക് ചെയ്യിപ്പിച്ചത്. ഇമേജ് സ്റ്റെബിലൈസര്‍ (IS) ലെന്‍സായിരുന്നതുകൊണ്ട് ട്രൈപ്പോഡ് ഉപയോഗിച്ചില്ല.

5

 

kaadine chennu thodumbolകാടിനെ ചെന്നു തൊടുമ്പോള്‍ എന്ന പുസ്തകം വാങ്ങാം

എല്ലാത്തിലുമുപരി ഒരു നല്ല വന്യജീവിചിത്രം പിറക്കണമെങ്കില്‍ മുന്നിലുള്ള വന്യജീവിയും ഫോട്ടോഗ്രാഫറും തമ്മില്‍ മാനസികമായ ഒരു അടുപ്പം ഉടലെടുക്കണം. അതൊരിക്കലും കാടിനെ ബഹുമാനിക്കാത്ത, വന്യജീവികളോട് ദയവില്ലാത്ത ഒരാള്‍ക്ക് ലഭിക്കില്ല. നൃത്തംവയ്ക്കുന്ന മരങ്ങളെയും മൂകമായ പര്‍വതങ്ങളെയും പൊഴിഞ്ഞുകിടക്കുന്ന ഇലകളെയും ധ്യാനത്തിലുറഞ്ഞുപോയ തടാകങ്ങളെയും നിലാവൊഴിഞ്ഞ രാവുകളെയും വാത്സല്യം മിഴികളില്‍ നിറച്ച് കാണാന്‍ ശീലിക്കണം. ഒരു കാട്ടുപൂവിന്റെ സുഗന്ധം കണക്കെ അവ നമ്മുടെ കാമറക്കണ്ണുകളെ ധന്യമാക്കും.

6

സാധാരണ ഫ്രെയിമുകളില്‍നിന്ന് അസാധാരണ ഭാവങ്ങളും നീക്കങ്ങളുമൊക്കെ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ കണ്ടെത്താനാവും. നിരന്തരം വന്യജീവികളെ ഷൂട്ട്‌ചെയ്യുമ്പോള്‍ അവയുടെ പെരുമാറ്റ സവിശേഷതകളും ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ മനസ്സിലാക്കിയിരിക്കണം.

7