വൈകുന്നേരമാണ് കര്‍ണാടകയിലെ രംഗനതിട്ടു പക്ഷിസങ്കേതത്തില്‍ എത്തിയത്. സന്ദര്‍ശകര്‍ അധികമില്ലാത്ത ഒരു ദിനം. നീര്‍പ്പക്ഷികളുടെ പലവിധ ശബ്ദങ്ങളാല്‍ അവിടം സമ്പന്നമായിരുന്നു. അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ തുഴബോട്ടില്‍ കയറി തടാകത്തിലൂടെ നീങ്ങുമ്പോള്‍ സ്പൂണ്‍ ബില്‍ സ്റ്റോര്‍ക്ക്, പെയിന്റ് സ്റ്റോര്‍ക്ക്, പെലിക്കണ്‍ എന്നീ പക്ഷികളൊക്കെ പലവിധ പോസുകള്‍ നല്‍കിക്കൊണ്ടിരുന്നു.

ചാഞ്ഞുവീഴുന്ന സൂര്യപ്രകാശമേറ്റ് ഒരു വലിയ മുതല പാറയില്‍ വിശ്രമിക്കുന്നതു കണ്ടു. കുറച്ചുസമയം അതിനരികില്‍ തങ്ങിയപ്പോള്‍ അത് ആ വലിയ വായ പിളര്‍ന്ന് കുറെനേരം എന്റെ കാമറയ്ക്ക് പോസ് ചെയ്തു. വീണ്ടും ബോട്ട് നീങ്ങുവാന്‍ ആരംഭിച്ചപ്പോള്‍ തുഴച്ചില്‍കാരനെ ഞാന്‍ വിലക്കി. ''കുറച്ചു സമയംകൂടി നമ്മള്‍ക്കിവിടെ നില്‍ക്കാം...'' എന്തോ അങ്ങനെ തോന്നി. എന്നുവെച്ചാല്‍ ചിലവേള നാം കാട്ടില്‍ ആയിരിക്കുമ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. നമ്മള്‍ക്ക് അറിയാത്ത ഒട്ടനവധി നിഗൂഢസന്ദേശങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ ചുറ്റും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയോ നമ്മെ കടന്നുപോവുകയോ ഒക്കെ ചെയ്യുന്നുണ്ട്. പലപ്പോഴും നാം അത് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, തിരിച്ചറിയുന്നില്ല എന്നുമാത്രം. 

2

അത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ മനുഷ്യനൊഴികെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്കെല്ലാം അപാരമായ കഴിവുകളുണ്ട്. നമ്മുടെ ജീവിതരീതികളും സാഹചര്യങ്ങളും അത്തരത്തിലുള്ള പല കഴിവുകളില്‍നിന്നും നമ്മെ പിന്നോട്ടാണ് കൊണ്ടുപോയിരിക്കുന്നത്. പൊടുന്നനെ ആ മുതല പതുക്കെ പാറയില്‍നിന്ന് തടാകത്തിലേക്ക് ഇറങ്ങി. പിന്നെ തൊട്ടപ്പുറത്ത് ചാഞ്ഞുനില്‍ക്കുന്ന വൃക്ഷത്തിന് ചുവട്ടിലേക്ക് നീങ്ങി. ജലോപരിതലത്തില്‍ അതിന്റെ ആ വലിയ തല മാത്രം. ബാക്കി ശരീരഭാഗങ്ങള്‍ ജലത്തില്‍ താഴ്ന്നുകിടന്നു. കാമറയിലൂടെ ഞാനതിനെ വ്യക്തമായി കാണുകയും ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു.

പൊടുന്നനെയാണ് വൃക്ഷത്തില്‍നിന്ന് ഒരു 'സ്പൂണ്‍ ബില്‍ സ്റ്റോര്‍ക്ക്' എന്ന കൊറ്റി തടാകത്തിലേക്ക് വീണത്. അത് ചിറകുകള്‍ അടിച്ച് ജലത്തിലൂടെ മുന്നോട്ട് നീങ്ങി. തൊട്ടു പിന്നില്‍ അപാര വേഗത്തോടെ ആ മുതലയും. അധിക സമയമൊന്നും എടുത്തുകാണില്ല. തുറന്നുപിടിച്ച മുതലയുടെ വായില്‍ ആ പക്ഷി അകപ്പെട്ടു. പക്ഷേ, അപ്പോഴും അതിന്റെ കണ്ണുകളില്‍ എന്താണ് സംഭവിച്ചുകൊïിരിക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത നിസ്സഹായതയുണ്ടായിരുന്നു. തുറന്നടച്ച വായിലെ വലിയ ദംഷ്ട്രങ്ങള്‍ക്കിടയില്‍പ്പെട്ട ആ പക്ഷിയുമായി തടാകത്തിന്റെ ആഴങ്ങളിലേക്ക് മുതല മറഞ്ഞു. ജലോപരിതലത്തില്‍ ഏതാനും നീര്‍ക്കുമിളകള്‍ പൊന്തിവന്ന് ചിന്നിച്ചിതറി.

3
 
കൂടെയുണ്ടായിരുന്ന ജോണിച്ചായനും (കാന്തല്ലൂര്‍) കൂട്ടുകാര്‍ക്കുമൊക്കെ ആകെ ഒരസ്വസ്ഥത. ഞങ്ങളുടെ ബോട്ട് തുഴയുന്ന ആള്‍ക്ക് അതിയായ ആഹ്ലാദം. ''സര്‍, ഇത്തരം ഒരു ഫ്രെയിമിനുവേണ്ടി മാസങ്ങളോളം കാമറയുമായി ഇവിടെ വന്നുകിടന്നവരുണ്ട്... പിന്നെ നിരാശരായി അവര്‍ മടങ്ങുകയും ചെയ്യും... ഇത് വലിയ ഭാഗ്യമാണ്...''

കൂട്ടുകാര്‍ക്ക് മുതലയുടെ വിശപ്പിനെക്കുറിച്ചും പ്രകൃതിയിലെ ഇത്തരം ശരികളുടെ പ്രാധാന്യത്തെക്കുറിച്ചും ഞാന്‍ ചെറിയൊരു വിവരണം നല്‍കി. എന്നെ സംബന്ധിച്ച്, ആ 'നിഗൂഢസന്ദേശത്തിന്റെ' അദ്ഭുത ലോകത്തിലെത്തപ്പെട്ട ആഹ്ലാദമായിരുന്നു. അല്ലെങ്കില്‍ ആ മുതല കൃത്യമായി കൊക്ക് ഇരിക്കുന്ന വൃക്ഷത്തിനടിയിലേക്ക് നീന്തി എത്തിയതെന്തിനായിരുന്നു? ഞങ്ങള്‍ അവിടെ ആ സമയത്ത് എത്തിപ്പെട്ടതോ? യാദൃച്ഛികമെന്നു പറയാം. പക്ഷേ, ഇത്തരം 'യാദൃച്ഛികതകള്‍' നിരന്തരം നടന്നുകൊണ്ടിരിക്കുന്ന വേദിയാണ് കാടിനകം!

4

100-400mm കാനണ്‍ ലെന്‍സും കാമറയുമാണ് ഇതിനായി ഉപയോഗിച്ചത്. ലെന്‍സ് ഇമേജ് സ്റ്റബിലൈസര്‍ (IS / Image Stabilization) ആയിരുന്നതുകൊണ്ട് ട്രൈപ്പോഡും മറ്റും ഉപയോഗിച്ചില്ല. കന്റിന്യൂസ് മോഡിലാണ് (Continuous Mode ) ക്യാമറ പ്രവര്‍ത്തിപ്പിച്ചത്.

വ്യത്യസ്തമായ ആവാസവ്യവസ്ഥകളിലൂടെ കടന്നുപോവുമ്പോള്‍ ശാന്തവും തിരക്കുകള്‍ അകറ്റിയും തുറന്നുവെച്ച കണ്ണുകളോടെ, അതിലുപരി എല്ലാ വന്യജീവികളെയും ആദരപൂര്‍വം നോക്കിക്കാണാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. അതിമനോഹരമായ ഫ്രെയിമുകള്‍, കാഴ്ചകള്‍, അനുഭവങ്ങള്‍ ഒക്കെ കാത്തിരിക്കുന്നുണ്ട്.

Get There  

Bangaluru - 120 km.  Srirangapatina, 5 km  

120km from Bangaluru to Srirangapatina, then 4kms to the Sanctuary. From Mysore 19 km to Srirangapatina, then 3 kms to the Sanctuary. Well connected by road, can hire autorikshaws from Srirangapatina or taxis from Mysuru. No direct bus service to the sanctuary.

Contact: STD code: 0821 There is no direct number available for Ranganathittu sanctuary. So contact Karnataka State Tourism Development Corporation. ? 9108022352901, 22352902, 22352903. Regional Tourist Office, Old Exhibition Building, Irwin Road, Mysuru. 2422096  KSTDC Transport wing, Mysuru  2423652

Best Season: Dec-Jun