Making of Photo Stories


യാത്ര തുടങ്ങുമ്പോഴുള്ള മനുഷ്യനല്ല യാത്രകഴിഞ്ഞ് തിരികെ വരുന്നതെന്ന് അര്‍ഥമുള്ള ഒരു യാത്രാ പഴമൊഴിയുണ്ട്. യാത്രകളിലെ ഉള്ളുരുക്കുന്ന, ഉള്ളുനിറയ്ക്കുന്ന അനുഭവങ്ങള്‍ നമ്മെ മറ്റൊരു മനുഷ്യനാക്കി തീര്‍ക്കും എന്നതാണ് ഇതിന്റെ സാരം. ആല്‍ബര്‍ട്ടോ ഗ്രനേഡോ എന്ന സുഹൃത്തിനോടൊപ്പം ലാറ്റിനമേരിക്കയിലൂടെ മോട്ടോര്‍സൈക്കിളില്‍ ഏണസ്‌റ്റോ ചെഗുവേര എന്ന യുവ ഡോക്ടര്‍ നടത്തിയ യാത്ര അദ്ദേഹത്തെ മറ്റൊരു മനുഷ്യനാക്കി. വിപ്ലവത്തിന്റെ ആകാശത്തിലേക്ക് 'ചെ' എന്ന ചുവന്ന നക്ഷത്രമുദിക്കുന്നത് ഈ യാത്രയിലൂടെയായിരുന്നു. യാത്രകള്‍ കവികള്‍ക്കും കലാകാരന്‍മാര്‍ക്കും സര്‍ഗാത്മകതയുടെ നിലയ്ക്കാത്ത ഊര്‍ജ്ജ ഖനികളൊരുക്കുന്നു.

ഒരു സഞ്ചാരിക്ക് തന്റെ അനുഭവങ്ങള്‍ അനശ്വരമാക്കാനുള്ള ഉപാധിയാണ് ക്യാമറ. യാത്രയിലെ അനുഭവങ്ങള്‍..അനുഭൂതികള്‍..ആല്‍ബങ്ങളിലൂടെ, ലാപ്‌ടോപ്പിലെ ചിത്രസഞ്ചയങ്ങളിലൂടെ നമ്മെ വീണ്ടും വീണ്ടും പലതും ഓര്‍മ്മിപ്പിക്കുന്നു. ഫോട്ടോഗ്രാഫി ഗൗരവമായി എടുക്കുന്നവര്‍ക്ക് ഓരോ യാത്രയും അനുഭൂതികളോടൊപ്പം വെല്ലുവിളിയും നല്‍കുന്നു. ഒറ്റച്ചിത്രത്തിന്റെ നാലു ചുവരുകളില്‍ നിന്ന് ഒരു യാത്രാനുഭവം വിവരണാതീതമാകുന്നു. ഇത്തരം ഘട്ടങ്ങളിലാണ് Picture story കള്‍ നമുക്ക് തുണയായെത്തുന്നത്. ഇഷ്ടപ്പെട്ടവരോടൊപ്പമുള്ള നല്ല നിമിഷങ്ങള്‍, യാത്രയിലെ നുറുങ്ങ് തമാശകള്‍, കാണാന്‍ വീണ്ടും ആഗ്രഹിക്കുന്ന-ആഗ്രഹിക്കാത്ത കാഴ്ചകള്‍, യാത്രയിലെ പുതിയ കണ്ടെത്തലുകള്‍... ഇവയെല്ലാം കൊച്ച് Picture story കളിലൂടെ ഓര്‍മ്മയുടെ വലിയ ക്യാന്‍വാസില്‍ നമുക്ക് അടയാളപ്പെടുത്താന്‍ പറ്റുന്നു.
Picture story കളുടെ വിഷയം ചിലപ്പോള്‍ വൈയക്തികമോ, സാമൂഹ്യാനുഭവമോ ആകാം. എന്നാല്‍ ഈ അനുഭവങ്ങള്‍ പകര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കുന്നത് നന്നാകും. നിങ്ങള്‍ പകര്‍ത്തുന്ന ചിത്രസന്ദര്‍ഭത്തിനെ സൗകര്യാര്‍ഥം ഒരു സ്റ്റോറി എന്നു വിളിക്കാം. സ്‌റ്റോറി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Picture storyയില്‍ നൈരന്ത്യരം(continuity) നിലനിര്‍ത്തുക

storyയെ സമഗ്രതയിലും(Visual context) സൂക്ഷ്മതയിലും(Closeup) അവയ്ക്കിടയിലെ Medium angle perceptionലും പകര്‍ത്തുക.
മേല്‍പറഞ്ഞ മൂന്നു ഘട്ടങ്ങള്‍ക്ക് വൈഡ് ആംഗിള്‍(24mm)Closeup(80-200mm) മീഡിയം റേഞ്ച്(24-70mm) ലെന്‍സുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇവ സ്റ്റോറികള്‍ക്ക് പൂര്‍ണത നല്‍കുന്നു. പ്രഫഷണല്‍ ക്യാമറകളില്‍ ഈ ലെന്‍സുകള്‍ അറ്റാച്ച് ചെയ്യാവുന്നതാണ്. സെമി പ്രൊഫഷണല്‍ അമച്വര്‍ ക്യാമറകളില്‍ ഇതിനോടുത്ത് ഫോക്കല്‍ ലെങ്തുകളില്‍ ലെന്‍സ് സെറ്റ് ചെയ്യാന്‍ പറ്റും.


ഏതാനും പിക്ചര്‍ സ്റ്റോറികള്‍ നമുക്കിനി കാണാം.ആണ്ടവനു മുന്നില്‍മുപ്പത്തി മുക്കോടി ദൈവങ്ങളുടെ അനുഗ്രഹമുള്ള നാടാണ് ഭാരതം. ചെറുതും വലുതുമായ ഈ ദൈവങ്ങള്‍ മനുഷ്യമനസ്സുകളില്‍ കുടിപാര്‍ക്കുന്നു. സര്‍വ്വശക്തനായ ദൈവത്തിന് വലുപ്പ ചെറുപ്പമില്ല. എന്നാല്‍ ദൈവങ്ങളുടെ വലിപ്പം അവയുടെ വിശ്വാസികളുടെ എണ്ണത്തിന്റെ വലുപ്പവുമായാണ് ഒത്തുവെയ്ക്കാറ്. ഈ നിലയില്‍ ചിന്തിച്ചാല്‍ ഭാരതത്തിലെ ഒരു 'പെരിയ' ദൈവമാണ് സുബ്രഹ്മണ്യന്‍. പഴനിയാണ്ടവന്‍, വേല്‍മുരുഗന്‍ എന്നിങ്ങനെ എത്രയോ നാമങ്ങളുള്ളവന്‍! മുരുഗന്റെ പ്രധാന ആരൂഢമാണ് തമിഴ്‌നാട്ടിലെ പഴനി. ബാലനായ സുബ്രഹ്മണ്യനാണ് പഴനിയില്‍ വാഴുന്നതെന്നാണ് വിശ്വാസം. ദൈവങ്ങളെ പോലെ കൗതുകകരമാണ് ദൈവങ്ങളുമായ ചേര്‍ന്നുള്ള വിശ്വാസങ്ങള്‍. ബാലനായ സുബ്രഹ്മണ്യന്‍ പഴനയില്‍ എത്തുന്നത് ഒരു പ്രതിഷേധത്തിന്റെ കഥയാണ്. അച്ഛനായ പരമശിവനോട് കലഹിച്ചാണ് മുരുഗന്‍ ഇവിടെയെത്തിയത്. നാരദന്‍ നല്‍കിയ 'ജ്ഞാനപ്പഴം' സഹോദരനായ ഗണപതിക്ക് നല്‍കിയപ്പോഴാണ് കുപിതനായി കൈലാസം വെടിഞ്ഞ് ഇങ്ങ് ദൂരെയുള്ള പഴനിമലയില്‍ കുടിപാര്‍ത്തത്. അച്ഛനോട് കലഹിച്ച സുബ്രഹ്മണന് പിതാവിന്റെ ശാപവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത് മറ്റൊരു കഥ. ആ കഥ ഇങ്ങനെ.. ജ്യോതിഷത്തിന്റെ ഗുരുവായിട്ട് കണക്കാക്കുന്നത് സുബ്രഹ്ണ്യനെയാണ്. തന്റെ പിതാവായ പരമശിവനില്‍ നിന്ന് ജ്യോതിഷം പഠിച്ച സുബ്രഹ്മണ്യന്‍ ഗുരുകൂടിയായ അച്ഛന്റെ ഹസ്തരേഖ നോക്കി പറഞ്ഞ കാര്യങ്ങള്‍ പരമശിവന് അത്ര രുചിച്ചില്ല. 'എത്രയൊക്കെ മഹത്വമുണ്ടെങ്കിലും ജഡാധാരിയായി ഭസ്മം പൂശി ശ്മശാന ഭൂമിയില്‍ അലഞ്ഞ് തിരിയാനാണ് അച്ഛന്റെ ഗതി' എന്നായിരുന്നു സുബ്രഹ്മണ്യന്റെ വാക്കുകള്‍. കുപിതനായ ശിവന്‍ മകനെ ശപിച്ചു; 'നീ പ്രവചിക്കുന്നത് പകുതി മാത്രം സത്യമാകട്ടെ'. അതിനു ശേഷമത്രേ ജ്യോതിഷം അര്‍ദ്ധസത്യമായത്.


പഴനിയില്‍ പ്രഭാതത്തില്‍ എത്തിയപ്പോള്‍ അങ്ങു ദൂരെ മുരഗന്റെ ആരൂഢമായ ശിവഗിരി കാണാം. നാടും വീടും വെടിഞ്ഞ് തനിച്ചെത്തിയ ബാലസുബ്രഹ്മണ്യനെ കാണാനെത്തിയ പോലെ, മലയെ ചൂഴ്ന്ന് മേഘങ്ങള്‍. 'ഹരഹരോ ഹരഹര' വിളികള്‍... ഇളം വെയിലില്‍ തപിക്കാന്‍ തുടങ്ങുന്ന കല്‍പ്പടവുകളില്‍ ഭക്തിയുടെ മുദ്ര പതിപ്പിക്കുന്ന പാദങ്ങള്‍...വൃദ്ധര്‍, ചെറുപ്പക്കാര്‍, പിച്ചവെയ്ക്കുന്ന കുട്ടികള്‍... അമ്പലം സ്ഥിതി ചെയ്യുന്ന ശിവഗിരക്കു താഴെ പൂജാദ്രവ്യങ്ങളുമായി ഭക്തരെ കാത്തിരിക്കുന്ന വാണിഭക്കാര്‍.. അതിപുരാതന നഗരത്തിലെ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങള്‍, കോവിലുകള്‍... നഗരത്തിലൂടെ നടക്കുമ്പോള്‍ വശങ്ങളില്‍ കാണാം, ഹസ്തരേഖ വായിക്കുന്നവരുടെ കൊച്ചു ഷെഡ്ഡുകള്‍. ജ്യോതിഷത്തിന്റെ ഗുരുവായ സുബ്രഹ്മണ്യ സ്വാമികളുടെ ചിത്രങ്ങള്‍ക്കു സമീപമുള്ള കൂട്ടില്‍, കുറിവായിക്കാന്‍ കാത്തു നില്‍ക്കുന്ന തത്തമ്മ... മനുഷ്യവിധിയുടെ വരുംവരായ്കയുടെ നിര്‍മ്മമതയില്‍, അഖിലാണ്ഡേശ്വരനായ മുരുഗന്റെ ചിരിയുടെ ഇളം വെയിലില്‍ മുണ്ഡനം ചെയ്ത ഭക്തശിരസ്സുകള്‍ തിളങ്ങി...

പഴനിയാണ്ഡവന്റെ കോവിലിലെ ചിത്രങ്ങളുടെ ഒരു Picture story

Tips

മനുഷ്യനെ മനുഷ്യനാക്കുന്നത് അവന്റെ വിശ്വാസങ്ങളും വിചാരങ്ങളുമാണ്. ഇത് മതത്തിന്റെയോ ദൈവത്തിന്റെയോ കാര്യത്തില്‍ മാത്രമല്ല എന്നു കാണാം. നമ്മുടെ വിചാരങ്ങളാണ് പ്രവര്‍ത്തികളായി പരിണമിക്കുന്നത്. വിചാരങ്ങള്‍ വിശ്വാസങ്ങളുമായി (Believes), ധാരണകളു (Convictions) മായി ബന്ധപ്പെട്ടു കിടക്കുന്നു. അച്ഛനമ്മമാരുമായി പിണങ്ങി കഴിയുന്ന മുരഗനെ കാണാന്‍ മുണ്ഡനം ചെയ്ത ശിരസ്സുമായി എത്തുന്നവര്‍ ഈ മല താണ്ടുന്നത് വിശ്വാസത്തിന്റെ കരുത്തിലാണ്. ശിവഗിരിക്കു താഴെ, വഴിയരികിലെ കൂടാരങ്ങളില്‍ ഹസ്തരേഖയില്‍ വായിക്കുന്നതും വിശ്വാസമാണ്.

അകലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന മലയും, അവയെ ചൂഴുന്ന മേഘങ്ങളിലും കൈലാസം വെടിഞ്ഞെത്തിയ സുബ്രഹ്മണ്യന്റെ ഏകാന്തയാത്രയുണ്ട്. ഇളവെയിലില്‍, പിന്‍വെളിച്ചത്തില്‍ (Back light) ഒരു തെന്നല്‍ പോലെ പഴനിയുടെ പടവുകള്‍ കയറുന്ന പാവാടക്കാരി...കാവടിയുമായി ലക്ഷ്യത്തിലെത്തുന്ന ബാലന്‍... കാവടിയാടുന്ന പലപ്രായക്കാര്‍... പുരാതന തെരുവ്.. ഇവയെല്ലാം ചേര്‍ന്ന് പഴനിയുടെ ഒരു Feel ഉണ്ടാക്കാന്‍ ശ്രമിച്ചിരിക്കുന്നു.