ഓട്ടോഫോക്കസിന്റെ പ്രായം മുപ്പതിനോടടുക്കുന്നു. 1985ല്‍ മിനോള്‍ട്ട കമ്പനിയാണ് ഓട്ടോഫോക്കസുള്ള എസ് എല്‍ ആര് ക്യാമറ ആദ്യമായി വിപണിയില്‍ എത്തിക്കുന്നത് (Minolta Maxxum 7000 ). ആദ്യകാലങ്ങളില്‍ ഓട്ടോഫോക്കസ് ചിത്രങ്ങള്‍ പ്രവചനങ്ങള്‍ക്ക് അതീതമായിരുന്നു, എങ്ങനെയാവുമെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല. ചിത്രങ്ങള്‍ക്ക് നല്ല റിസള്‍ട്ടും കിട്ടിയിരുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ ഓട്ടോഫോക്കസില്‍ നിന്ന് അകന്നു നിന്നു. വിശ്വാസ്യത ഒട്ടും ചോരാത്ത മാനുവല്‍ ഫോക്കസിനെയാണ് അവര്‍ ഇഷ്ടപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓട്ടോഫോക്കസില്‍ വലിയ സാങ്കേതിക വിപ്ലവങ്ങള്‍ നടന്നു വരികയാണ്. ഓട്ടോഫോക്കസ് ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ ക്ലാസ്സില്‍ നാം ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത് ഓട്ടോഫോക്കസിനെക്കുറിച്ചാണ്. പക്ഷെ അതിനു മുന്‍പായി എക്കാലവും വിശ്വസ്തനായിരിക്കുന്ന മാനുവല്ഫോക്കസിനെയൊന്നു പരിചയപ്പെടാം.
മാനുവല്‍ ഫോക്കസ്
സബ്ജക്ട് ഫോക്കസില്‍ വരുന്നതു വരെ ഫോക്കസിങ് റിങ് തിരിക്കുകയാണ് മാനുവല്‍ ഫോക്കസില്‍ ഒരു ഫോട്ടോഗ്രാഫര്‍ ചെയ്യുന്നത്. പഴയ മാനുവല്‍ ഫോക്കസ് ലെന്‍സുകളിലും ചില ഓട്ടോഫോക്കസ് ലെന്‍സുകളിലും ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധച്ചിട്ടുണ്ടോ? മിക്കവരും ഈ സൗകര്യം ഉപയോഗിച്ച് സബ്ജക്ടിനെ ഫോക്കസില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിന്, ക്യാമറയില്‍ നിന്ന് മൂന്നടി ദൂരെയാണ് സബ്ജക്ട് എങ്കില്‍ ഫോക്കസിങ് റിങ് 3 feet എന്ന് രേഖപ്പെടുത്തിയിരിക്കുന്നിടത്തേക്ക് തിരിച്ചാണ് ഫോട്ടോഗ്രാഫര്‍ ചിത്രമെടുക്കുക. മാനുവല്‍ ഫോക്കസിലുള്ള പ്രധാന പ്രശ്നം ഫോക്കസിങ്ങില് നിങ്ങള്‍ കണിശമായ കൃത്യത പാലിക്കണം എന്നതാണ്. ഫോട്ടോഗ്രാഫറുടെ കാഴ്ച്ച ശക്തിയും സബ്ജക്ടുമായുള്ള ദൂരം മനസ്സില്‍ അളന്നുള്ള പരിചയസമ്പന്നതയും ഇവിടെ പ്രശ്നമായി വരും. ഫോക്കസിലാണ് സബ്ജക്ട് എന്ന് നാം കരുതുന്നവ പലപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കും.
ആക്ഷന്‍ ഷോട്ടുകള്‍ (കായികരംഗം, പറക്കുന്ന പക്ഷികള്‍ മുതലായവ) എടുക്കാനും മാനുവല്‍ ഫോക്കസില്‍ വളരെ പ്രയാസമാണ്. എന്നിരുന്നാലും മാനുവല്ഫോക്കസിന് അതിന്റെതായ ഉപയോഗങ്ങളുണ്ട് അത് കാലഹരണപ്പെട്ടിട്ടില്ല. ഉദഹരണത്തിന് മൃഗങ്ങളുടെ ക്ലോസ് അപ്പ് എടുക്കാന്‍ നിങ്ങള്‍ ഒരു കാഴ്ച്ച ബംഗ്ലാവില്‍ എത്തിയെന്നിരിക്കട്ടെ ഓട്ടോ ഫോക്കസ് ആണ് ആശ്രയിക്കുന്നതെങ്കില്‍ ക്യാമറയോട് ഏറ്റവും അടുത്തുള്ളതായിരിക്കും ഫോക്കസ് ചെയ്യപ്പെടുക, ചിലപ്പോള്‍ അത് കൂടിന്റെ അഴികളാവാനും മതി. അങ്ങനയെങ്കില്‍ ഷൂട്ട് ചെയ്യാനുദ്ദേശിക്കുന്ന മൃഗം മുഴുവനായും ഔട്ട് ഓഫ്ഫോക്കസ് ആയിരിക്കും. ഇവിടെ നിങ്ങള്‍ മാനുവല്‍ ഫോക്കസിനെ വേണം ആശ്രയിക്കാന്‍.
ഇനി മറ്റൊരു ഉദാഹരണം പറയാം. ഒരു വഴിയോര വിളക്കുകാലിനു മുന്നിലൂടെ പോകുന്ന സൈക്കിള്‍ യാത്രക്കാരാനെയാണ് നിങ്ങള്‍ ഷൂട്ട് ചെയ്യുന്നതെന്ന് കരുതുക. നിങ്ങളിവിടെ ഓട്ടോഫോക്കസിനെ ആണ് ആശ്രയിക്കുന്നതെങ്കില്‍ സൈക്കിള്‍ യാത്രക്കാരന്റെ മുഴുവന്‍ ചിത്രവും ഫോക്കസില്‍ കിട്ടിക്കൊള്ളണമെന്നില്ല. സാങ്കേതികമായി എത്ര മികച്ച ക്യാമറയാണെങ്കില്‍ കൂടി ചലിച്ചു കൊണ്ടിരിക്കുന്ന ഒരു സബ്ജക്ട് ഓട്ടോഫോക്കസില്‍ ഷാര്‍പ്പ് ആയി ലഭിക്കാന്‍ സാധ്യത കുറവാണ്. ഇവിടെ നിങ്ങള്‍ മാനുവല്‍ ഫോക്കസിലേക്ക് മാറുക. തെരുവുവിളക്കു കാലില്‍ ഫോക്കസ് ചെയ്ത് സൈക്കിള്‍ യാത്രക്കാരന് അതിന് മുന്നിലൂടെ പോകുമ്പോള്‍ ചിത്രമെടുക്കുക (കുറഞ്ഞ അപ്പേര്‍ച്ചര്‍ ഉപയോഗിക്കുക. ഡെപ്ത് ഓഫ് ഫീല്‍ഡ് നന്നായി ലഭിക്കും). ഇങ്ങനെയാകുമ്പോള്‍ മുഴുവന്‍ ചിത്രവും ഷാര്‍പ്പ് ആയിരിക്കും. ഇനി നമുക്ക് ഓട്ടോഫോക്കസിനെക്കുറിച്ച് പഠിക്കാം.
ഓട്ടോഫോക്കസ്
ക്യാമറയ്ക്കുള്ളിലെ കംപ്യൂട്ടര്‍ വഴിയാണ് ഓട്ടോഫോക്കസ് മോഡില്‍ ക്യാമറ കാര്യങ്ങള്‍ മനസ്സിലാക്കുക. ഇത് വളരെ സങ്കീര്‍ണമായ ഒന്നാണ്, ഫോട്ടോഗ്രാഫറാകാന്‍ ക്യാമറയും അതിനുള്ളിലെ കംപ്യൂട്ടറും തമ്മിലുള്ള ബന്ധം പഠിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ ഏത് സാഹചര്യത്തില്‍ ഏത് മോഡ് ഉപയോഗപ്പെടുത്തി ചിത്രമെടുത്താല്‍ മികച്ച റിസള്‍ട്ട് ലഭിക്കും എന്നത് അറിഞ്ഞിരിക്കണം. ഓട്ടോഫോക്കസിങ്ങില് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ജിജ്ഞാസയുണ്ടെങ്കില്‍ നിക്കോണിന്റെയോ കാനണിന്റെയോ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നന്നായിരിക്കും. ഇവിടെ നമുക്ക് ചിത്രമെടുക്കുന്നത് സംബന്ധമായ കാര്യങ്ങള്‍ നോക്കാം.
ക്യാമറ അതിന്റെ ഓട്ടോഫോക്കസ് പോയിന്റുകള്‍ ഉപയോഗിച്ചാണ് ഓട്ടോഫോക്കസിങ് എന്ന പ്രവര്‍ത്തനം നടത്തുന്നത്. വിവിധ ക്യാമറ മോഡലുകളനുസരിച്ച് ഫോക്കസിങ് പോയിന്റുകളിലും വ്യത്യാസം വരും. ഉയര്‍ന്ന സാങ്കേതിക നിലവാരമുള്ള ക്യാമറകള്‍ക്ക് ഫോക്കസിങ് പോയിന്റുകളുടെ എണ്ണവും കൂടും (ഉദ: നിക്കോണ്‍ D 300 ന് 51 പോയിന്റുകളാണ്) എന്നാല്‍ നിലവാരം കുറഞ്ഞവയ്ക്ക് ഫോക്കസ് പോയിന്റുകള്‍ കുറവായിരിക്കും (മൂന്ന് ഓട്ടോഫോക്കസ് പോയിന്റുകളാണ് നിക്കോണ്‍ D40 ക്ക്). ഓട്ടോഫോക്കസ് പോയിന്റുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കൃത്യതയാര്‍ന്ന ഫോക്കസ് ക്യാമറയ്ക്ക് ലഭിക്കും. ഫോക്കസിങ് പോയിന്റുകളില്‍ മധ്യഭാഗത്തെ ഓട്ടോഫോക്കസ് പോയിന്റാണ് ഏറ്റവും കൃത്യതയാര്‍ന്നതായി കണക്കാക്കപ്പെടുന്നത്. സെന്റര്‍ ഫോക്കസിങ് പോയിന്റാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഫ്രേയിമിന്റെ മധ്യഭാഗമായിരിക്കും ഫോക്കസില്‍ വരിക. വശങ്ങളിലെ ഓട്ടോഫോക്കസ് പോയിന്റാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഫ്രേയിമിന്റെ വശങ്ങളായിരിക്കും ഫോക്കസില്‍ വരിക. താഴെകാണുന്ന രേഖാചിത്രം നോക്കു. നിങ്ങളുടെ ക്യാമറാമാനുവല് നോക്കി ഓട്ടോ ഫോക്കസ് പോയിന്റ,് ക്യാമറയില്‍ എങ്ങനെ മാറ്റാം എന്ന് മനസ്സിലാക്കി വെയ്ക്കുക.

നിക്കോണ്‍ രണ്ടുതരത്തിലുള്ള ഓട്ടോ ഫോക്കസ് മോഡുകളാണ് ഉപയോഗിക്കുന്നത്. AF-S (Single Servo) ഉം AF-C (Continuaous Servo) ഉം. AF-S ഉപയോഗിക്കുക സ്ഥായിയി നില്ക്കുന്ന സബ്ജക്ടിന് വേണ്ടിയാണ്. എന്നാല്‍ AF - C ഉപയോഗിക്കുക ചലിച്ചു കൊണ്ടിരിക്കുന്നവയെ ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയാണ്. ഇതു പോലെ തന്നെ കനണിന് മൂന്ന് ഓട്ടോഫോക്കസ് മോഡുകളാണ് ഉള്ളത് Single ( സ്ഥായിയ സബ്ജക്ടിന്), AI Servo, AI Focus ( രണ്ടും ചലിക്കുന്ന സബ്ജക്ടുകള്‍ക്ക് വേണ്ടി). സ്ഥായിയ സബ്ജക്ടുകളെ ഷൂട്ട് ചെയ്യുമ്പോള്‍ ഓട്ടോഫോക്കസ് മോഡ് AF-S അല്ലെങ്കില്‍ Single ( നിങ്ങളുടെ ക്യാമറ ബോഡിക്കനുസരിച്ച്) ലേക്ക് മാറ്റി ഷട്ടര്ബട്ടണ് മുഴവന്‍ അമര്‍ത്താതെ പകുതിക്ക് വെച്ച് നിര്‍ത്തുക. അതേ നിലയില്‍ സബ്ജക്ടിനെ നിങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ വീണ്ടും കമ്പോസ് ചെയ്യുക ( ഉദ: മധ്യഭാഗത്തല്ലാതെ വശങ്ങളിലായി സബ്ജകടിനെ പ്രതിഷ്ഠിക്കണമെങ്കില്‍) അതിനു ശേഷം ചിത്രമെടുക്കുക. ഷട്ടര്‍ ബട്ടണില്‍ നിന്ന് നിങ്ങള്‍ വിരല്‍ എടുക്കാതിരിക്കുകയോ സബ്ജക്ട് അനങ്ങാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഈ രീതി ധൈര്യമായി അവലംബിക്കാം. ചിത്രം ഷാര്‍പ്പ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഓട്ടോഫോക്കസ് മോഡില്‍ ഇങ്ങനെ ചിത്രമെടുക്കുന്നവരാണ് ഏറെയും.
താഴെകാണുന്ന ചിത്രം ഓട്ടോഫോക്കസ് മോഡിലെ AF-S ഉപയോഗിച്ച് എടുത്തതാണ്. മധ്യഭാഗത്തെ ഫോക്കസ് പോയിന്റാണ് ഞാന്‍ തിരഞ്ഞെടുത്തത്. പക്ഷിയുടെ കണ്ണിലാണ് ഫോക്കസ് പോയിന്റ് വെച്ചത്. അതിനുശേഷം ഷട്ടര്ബട്ടണ് പാതിയമര്ത്തി. ഫോക്കസ് അതോടെ ലോക്ക് ആയി. ഷട്ടര്ബട്ടണില് നിന്ന് വിരലെടുക്കാതെ ഞാന്‍ ആ ദൃശ്യം കുറച്ചു കൂടി വ്യത്യസ്തമായി കമ്പോസ് ചെയ്തു. ഫ്രേയമിന്റെ മധ്യഭാഗത്ത് നിന്നും പക്ഷിയെ അല്‍പ്പം താഴേക്കാക്കി ചിത്രമെടുത്തു.
ചലിക്കുന്ന സബ്ജക്ടുകളെ സംബന്ധിച്ചിടത്തോളം ഈ രീതിയില്‍ ചിത്രമെടുക്കാനാവില്ല. അവിടെ കഥ വേറെയാണ്. ഓട്ടോഫോക്കസ് മോഡ് AF-C അല്ലെങ്കില്‍ AI Servo (നിങ്ങളുടെ ക്യാമറ ബോഡിക്ക് അനുസരിച്ച്) യിലേക്ക് മാറ്റുക. AI-Focus അങ്ങിനെ സാധാരണമായി ഉപയോഗിക്കാറില്ല. അക്കാര്യത്തെക്കുറിച്ച് അവസാനം വിശദീകരിക്കാം. നിങ്ങളുടെ ക്യാമറ AF-C അല്ലെങ്കില്‍ AI-Servo യില്‍ ആയിരിക്കുമ്പോള്‍ ക്യാമറ Predictive autofocus ആണ് ഉപയോഗിക്കുന്നത്. ക്യാമറയ്ക്കുള്ളിലെ കംപ്യൂട്ടറിലൂടെ സബ്ജക്ടിലേക്കുള്ള ദൂരമളന്ന് ഫോക്കസ് സദാനിര്ണയിച്ചു കൊണ്ടിരിക്കും. ഇവിടെ എല്ലാം ചെയ്യുന്നത് ക്യാമറയാണ്, നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇത്രമാത്രം: സബ്ജക്ടില്‍ ഫോക്കസ് ലോക്ക് ചെയ്യുക. ക്യാമറക്ക് ഫോക്കസ് നിലനിര്‍ത്താനാവുന്നത് വരെ ലോക്കില്‍ തന്നെ തുടരുക. ഇത് നന്നായി പരിശീലിക്കുക.
നിങ്ങളൊരു പക്ഷിസങ്കേതത്തിലെ നദിക്കരയിലാണെന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് മുന്നിലൂടെ പറന്നു പോകുന്ന പക്ഷികളുടെ ചിത്രമാണ് എടുക്കേണ്ടത്. ആദ്യപടി ലെന്‍സ് ഓട്ടോഫോക്കസ് മോഡിലേക്ക് മാറ്റുക എന്നതാണ്. നിങ്ങളുടെ ക്യാമറബോഡി നിക്കോണ്‍ ആണെങ്കില്‍ AF-C യിലേക്കും കാനണ്‍ ആണെങ്കില്‍ AI Servo യിലേക്കും മാറ്റുക. നിങ്ങള്‍ക്കാവശ്യമുള്ള ഫോക്കസ് പോയിന്റ് തിരഞ്ഞെടുക്കുക. മധ്യഭാഗത്തെ ഫോക്കസ് പോയിന്റാണ് നല്ലത്. ഷട്ടര്ബട്ടണ് പകുതിയമര്ത്തി പക്ഷിയില്‍ ഫോക്കസ് ലോക്ക് ചെയ്യുക. പക്ഷിയില്‍ തന്നെയാണ് ഫോക്കസ് എന്ന് ഉറപ്പുവരും വരെ ഇതു തുടരുക (ആകാശമോ മരങ്ങളോ അല്ല ഫോക്കസിലാവുന്നത് എന്ന് ശ്രദ്ധിക്കുക). ഷട്ടര്ബട്ടണ് പകുതി അമര്‍ത്തി കൊണ്ടു തന്നെ മധ്യഭാഗത്തെ ഫോക്കസ് പോയിന്റ് പക്ഷിയുടെ ദേഹത്ത് (കണ്ണിലാവുന്നതാണ് നല്ലത്, പക്ഷെ ഏറെ ബുദ്ധിമുട്ടാണത്) പക്ഷി പറക്കുന്നതിനൊപ്പം ക്യാമറയും ചലിപ്പിക്കുക. പക്ഷിയുടെ അതേ വേഗം തന്നെ ക്യാമറ ചലിപ്പിക്കുന്നതിലും വേണം(ഏറെ പരിശീലനത്തിലൂടെ മാത്രം സാധിക്കുന്ന ഒന്ന്). ഷട്ടര്ബട്ടണില് നിന്ന് കയ്യെടുക്കരുത്, ഫോക്കസ് പോയിന്റ് പക്ഷിയുടെ ദേഹത്ത് നിന്നും മാറ്റുകയും അരുത്. ക്യാമറ ചലിപ്പിക്കുന്നതില്‍ വേഗം കൂടുകയോ കുറയുകയോ ചെയ്താല്‍ ഫോക്കസ് പോയിന്റിന് പക്ഷിയിലുള്ള ഫോക്കസ് നഷ്ടപ്പെടും. പക്ഷിയുടെ പശ്ചാത്തലത്തില്‍ എന്താണോ അതിലേക്കാവും ക്യാമറ ഫോക്കസാവുക. പക്ഷി നിങ്ങളുടെ ഷൂട്ടിങ് റേഞ്ചിലാകുമ്പോള് എത്രമാത്രം ഫ്രേയം ക്ലിക്ക് ചെയ്യാമോ അത്രയും ചെയ്യുക (ഫ്രേയിം റേറ്റ് എത്രയാണ് ക്യാമറയില്‍ സെറ്റ് ചെയ്തിരിക്കുന്നത് എന്നതിനനുസരിച്ച്). ഉറപ്പായും ഏതെങ്കിലും ഒരു ഫ്രേയിം ഷാര്‍പ്പായിരിക്കും. പക്ഷി ആകാശത്ത് പറക്കുന്ന നിശ്ചലചിത്രം എപ്പോഴും മോഹിപ്പിക്കുന്ന ഒന്നാണ്. ചലിക്കുന്ന ചിത്രം ഷാര്‍പ്പായി ലഭിക്കുന്നതിന് ഒരേ ഒരു രഹസ്യമേയുള്ളു, നിരന്തര പരിശീലനം. താഴെകാണുന്നവ എനിക്ക് ലഭിച്ച പക്ഷിപ്പറക്കലുകളിലെ മികച്ചവയില്‍ ചിലതാണ്. മുകളില്‍ പറഞ്ഞ ടെക്നിക്കുകള്‍ ഉപയോഗിച്ചെടുത്ത ചിത്രങ്ങളാണ്. നല്ല ലൈറ്റും ഈ ചിത്രങ്ങളെ സഹായിച്ചിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
1. ലെന്‍സ് ഓട്ടോഫോക്കസ് മോഡിലാണെന്ന് ഉറപ്പു വരുത്തുക. മാനുവല്‍ മോഡില്‍ ഓട്ടോഫോക്കസ് ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ ഇടവരരുത്.
2. നിക്കോണ്‍ ആണെങ്കില്‍ ലെന്‍സിനൊപ്പം ക്യാമറയും ഓട്ടോഫോക്കസ് മോഡിലായിരിക്കണം.
3. കാനണില്‍ AI Focus എന്നത് ഒരു മധ്യവര്‍ത്തി മാത്രമാണ്. ഇവിടെ സബ്ജക്ട് ചലിച്ചു തുടങ്ങുമ്പോള്‍ ക്യാമറ അത് തിരിച്ചറിയുകയും സിങ്കിളില്‍ നിന്ന് AI Focus ലേക്ക് മാറുകയും ചെയ്യും. ഇത് ഉപയോഗിക്കാതിരിക്കലാണ് നല്ലത്.