കഴിഞ്ഞ ക്ലാസ്സില്‍ പറഞ്ഞത് പോലെ Aperture priority ആണ് ഏറ്റവും സൗകര്യപ്രദമായ ഷൂട്ടിങ് മോഡ്. കാരണം, ഡെപ്ത് ഓഫ് ഫീല്‍ഡിന് മേല്‍ നമുക്ക് വ്യക്തമായ നിയന്ത്രണം ഇതിലൂടെ ലഭിക്കും. അതിവേഗത്തിലുള്ള ആക്ഷന്‍ ചിത്രങ്ങളെടുക്കാനും Aperture priortiy മോഡ് ഉപയോഗിക്കാം. ഒരു ഹൈജംപിങ് കായികതാരത്തിന്റെ ആക്ഷന്‍ ചിത്രമെടുക്കുകയാണെന്ന് വിചാരിക്കു. ഒരു ചലനം നിശ്ചലചിത്രമാക്കാന്‍ ചുരുങ്ങിയത് 1/250 ഷട്ടര്‍ സ്പീഡ് ആവശ്യമാണെന്നതിനാല്‍ ഷട്ടര്‍ പ്രയോറിറ്റി മോഡില്‍ 1/250 ആയിരിക്കും നിങ്ങള്‍ സെറ്റ് ചെയ്യുക. ഇനി നല്ല കത്തുന്ന സൂര്യനുള്ള സമയമാണ് ഈ ദൃശ്യം പകര്‍ത്തുന്നത് എന്ന് കരുതുക. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഷട്ടര്‍ പ്രയോറിറ്റിയായ 1/250 ക്ക് അനുസൃതമായി ക്യാമറ തരുന്ന അപ്പേര്‍ച്ചര്‍ f/16 ആയിരിക്കും. ഹൈജംപ് താരത്തിന്റെ ആക്ഷന്‍ ചിത്രം നിങ്ങള്‍ക്ക് ലഭിക്കും. പക്ഷെ f/16 ആണ് അപ്പേര്‍ച്ചര്‍ എന്നതിനാല്‍ പശ്ചാത്തലവും ധാരാളമായി ചിത്രത്തിലേക്ക് കടന്നു വന്നിട്ടുണ്ടാകും. ഹൈജംപ് താരത്തിന് പ്രാധാന്യം കുറവാണെന്ന് തോന്നുകയും ചെയ്യും.

ഇനി ഷട്ടര്‍ പ്രയോറിറ്റിക്ക് പകരം ക്യാമറ, അപ്പേര്‍ച്ചര്‍ പ്രയോറിറ്റിയിലേക്ക് മാറ്റി നോക്കു. അപ്പേര്‍ച്ചര്‍ f/8 ആണെങ്കില്‍ ഹൈജംപ് താരം മാത്രമേ ഷാര്‍പ്പ് ഫോക്കസില്‍ ഉണ്ടാവു. പശ്ചാത്തലം ഔട്ട് ഓഫ് ഫോക്കസ് ആയിരിക്കുകയും ചെയ്യും. ഇതിനനുസരിച്ച് ക്യാമറ നിങ്ങള്‍ക്ക് തരുന്ന ഷട്ടര്‍ സ്പീഡ് 1/1000 (f/16>f/11>f/8 is equivalent to 1/250>1/500>1/1000) ആയിരിക്കും. ഈ ഷട്ടര്‍ സ്പീഡില്‍ ഹൈജംപ് താരത്തിന്റെ ആക്ഷന്റെ മനോഹരമായ നിശ്ചലചിത്രം ലഭിക്കും. f/8 ആണ് അപ്പേര്‍ച്ചര്‍ എന്നതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമായതു മാത്രമേ ഫോക്കസിലുണ്ടാവുകയും ചെയ്യു. കഴിഞ്ഞ ക്ലാസ്സിലെ തേനീച്ചയുടെ ചിത്രം ഓര്‍ക്കുക. ആ ചിത്രമെടുക്കുവാന്‍ ഞാന്‍ അപ്പേര്‍ച്ചര്‍ മോഡ് ഉപയോഗിച്ചതിന്റെ കാരണം ഇതാണ്. ഒഴിവാക്കേണ്ട പശ്ചാത്തലങ്ങള്‍ ഒഴിവാക്കി നമുക്ക് ചിത്രമെടുക്കാന്‍ ഇതിലൂടെ സാധ്യമാണ്. കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലായെന്ന് വിശ്വസിക്കുന്നു.

അപ്പേര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍, നിങ്ങള്‍ എന്തു തരം മീറ്ററിങ് പാറ്റേണ്‍ ആണ് എടുത്തിരിക്കുന്നത് എന്നതിനനസുരിച്ചാണ് (Evaluative/Center weighted/Partial/Spot) ക്യാമറ ഷട്ടര്‍ സ്പീഡും തരുന്നത് ശരിയല്ലേ? നമ്മള്‍ പകര്‍ത്തുന്ന സബജക്ടിന് അനുസൃതമായാണ് ക്യാമറ നമുക്ക് ഷട്ടര്‍ സ്പീഡ് തരാന്‍ ശ്രമിക്കുക. അതു കൊണ്ട് തന്നെ ക്യാമറ കണക്കാക്കുന്ന എക്‌സോപഷര്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള എക്‌സപോഷര്‍ ആയിരിക്കില്ല ക്യാമറ തരുന്നത്. ഇവിടെയാണ് Exposure compensation എന്നത് ഏറെ ആവശ്യമായി വരിക. ക്യാമറ സ്വയം എടുക്കുന്ന തീരുമാനത്തെ മറികടക്കുന്നതിന് ഫോട്ടോഗ്രാഫറെ സഹായിക്കുന്ന ഒന്നാണ് exposure compensation. സാധാരണയായി ക്യാമറബോഡിയുടെ മുകള്‍ ഭാഗത്ത് ആണ് ഇതിനുള്ള ബട്ടണ്‍ കാണുക. a +/- എന്നീ പ്രതീകങ്ങളായിരിക്കും അതില്‍ ഉണ്ടാവുക.

ക്യാമറ ഒപ്പിയെടുക്കുന്ന പ്രകാശം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് അടിസ്ഥാനപരമായി Exposure compensation. നിങ്ങള്‍ നല്ല പ്രകാശമുള്ള ഒന്നാണ് ഷൂട്ട് ചെയ്യുന്നതെന്നിരിക്കട്ടെ, ഉദാഹരണമായി ബീച്ചിലെ വെള്ള മണല്‍. ക്യാമറ എല്ലാം ചാര നിറത്തിലേക്കാണ് ആക്കുക എന്നതിനാല്‍ ക്യാമറ തരുന്ന കണക്കുകളില്‍ ചിത്രമെടുത്താല്‍ വെള്ള മണല്‍, ചാര നിറത്തിലായിരിക്കും ലഭിക്കുക. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത്, exposure compensation +1 അല്ലെങ്കില്‍ +2 എന്നീ അളവില്‍ കൂട്ടുകയാണ് ചെയ്യേണ്ടത്. അതായത് മണല്‍ എത്ര വെള്ളയാണ് എന്നതിനെ അനുസരിച്ച് മാത്രം. ഇത് വളരെ ലളിതമാണ്. ഒരിക്കല്‍ ചെയ്താല്‍ പെട്ടെന്ന് ഹൃദിസ്ഥമാകുന്ന ഒന്ന്.

നല്ല കറുത്ത ഒന്നിനെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് കരുതുക. ഒരു കറുകറെ കറുത്തൊരു പാറ. ക്യാമറ അതിനെയും ചാര നിറത്തിലേക്ക് കൊണ്ടുവരും എന്നതിനാല്‍ കറുത്ത പാറ ചാര നിറത്തിലായിരിക്കും ചിത്രത്തില്‍ കാണുക. ഇവിടെ നിങ്ങള്‍ exposure compensation കുറയ്ക്കുകയാണ് വേണ്ടത് (-1 or -2 ). ഓരോ ക്യാമറ ബോഡിയിലും exposure compensation എങ്ങനെയാണ് ചെയ്യുന്നതെന്ന് നിങ്ങളുടെ ക്യാമറ മാനുവല്‍ നോക്കി മനസ്സിലാക്കുക. താഴെ കാനണിന്റെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് അതു കൂടി നോക്കുക.

ഇനി ഒരു ചോദ്യം ചോദിച്ചോട്ടെ. നിങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത് അപ്പേര്‍ച്ചര്‍ പ്രയോറിറ്റി മോഡിലാണെന്ന് കരുതുക. +2 exposure compensation ഉം തിരഞ്ഞെടുത്തിട്ടുണ്ട്. ക്യാമറയുടെ ഏത് കണക്കായിരിക്കും നിങ്ങള്‍ക്ക് അധിക വെളിച്ചം തരുന്നതിനായി മാറുക. ISO ആണോ?. അല്ല അത് ഷട്ടര്‍ സ്പീഡാണ്. നാം അപ്പേര്‍ച്ചര്‍ പ്രയോറിറ്റി മോഡ് തിരഞ്ഞെടുക്കുന്നതിലൂടെ ക്യാമറയോട് പറയുകയാണ് അപ്പേര്‍ച്ചര്‍ നാം നിയന്ത്രിക്കാം എന്ന്. അതു കൊണ്ട് തന്നെ ക്യാമറ അപ്പേര്‍ച്ചറില്‍ ഒരിക്കലും മാറ്റം വരുത്തില്ല. പകരം അധിക പ്രകാശം തരുന്നതിനായി ഷട്ടര്‍ സ്പീഡില്‍ മാറ്റം വരുത്തും ( ഫോട്ടോഗ്രാഫര്‍ മാറ്റാത്തിടത്തോളം ISO മാറില്ല). ഉദാഹരണത്തിന് ക്യാമറ തന്നിരിക്കുന്ന എക്‌സ്‌പോഷര്‍, അപ്പേര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ f/8 at 1/250 of a second ആണെന്ന് കരുതുക. പ്രകാശം രണ്ട് പടി ഉയര്‍ത്തണമെങ്കില്‍ നിങ്ങള്‍ ചെയ്യുക exposure compensation +2 ആക്കുകയായിരിക്കും, ശരിയല്ലേ? ഇതൊടൊപ്പം ക്യാമറയും ഒന്ന് ചെയ്യുന്നു, 1/250 എന്ന ഷട്ടര്‍സ്പീഡ് 1/60 ആക്കുന്നു (1/250>1/125>1/60). ഇപ്പോള്‍ നിങ്ങളുടെ പുതിയ എക്‌സ്‌പോഷര്‍ f8 at 1/60 എന്നതായിരിക്കും. ഇതു പോലെ തന്നെയാണ് ഷട്ടര്‍ പ്രയോറിറ്റി മോഡിലും. ക്യാമറ ഷട്ടര്‍ സ്പീഡില്‍ മാറ്റം വരുത്തില്ല. നിങ്ങള്‍ തിരഞ്ഞെടുത്ത exposure compensation അനുസരിച്ച് അപ്പേര്‍ച്ചര്‍ കൂട്ടുകയും കുറയ്ക്കുയും ചെയ്യും. മനസ്സിലായി എന്നു വിചാരിക്കുന്നു. സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ട.

Exposure Compensation നെക്കുറിച്ചുള്ള കാനണിന്റെ മികച്ച വിവരണത്തിന്റെ ലിങ്ക് ആണ് താഴെ
http://cpn.canon-europe.com/content/education/infobank/exposure_settings/exposure_compensation.do


ഒരു കാര്യം Exposure Compensation എന്നത് മാനുവല്‍ മോഡില്‍ ബാധകമല്ല. കാരണം ഫോട്ടോഗ്രാഫറാണ് അപ്പേര്‍ച്ചറും ഷട്ടര്‍ സ്പീഡും നിയന്ത്രിക്കുന്നത്. അടുത്ത ക്ലാസ്സില്‍ ഇതുമനസ്സിലാക്കാവുന്ന ചില ചിത്രങ്ങള്‍ കാണിച്ചു തരാം.


Depth of field Preview button


സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇതൊരു നല്ല ടൂള്‍ ആണ്. ചില ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇങ്ങനെയൊരു സംഗതി ക്യാമറയില്‍ ഉണ്ടെന്ന് തന്നെ അറിയില്ല! DOF പ്രിവ്യു ബട്ടണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഞാനൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങളുടെ കയ്യിലുള്ളത് നിക്കോണിന്റെ 24-70 f/2.8 ലെന്‍സ് ആണെന്ന് കരുതുക. ലെന്‍സിന്റെ പരമാവധി അപ്പേര്‍ച്ചര്‍ എന്നത് f/2.8, അതായത് നിങ്ങള്‍ ഏത് അപ്പേര്‍ച്ചര്‍ വാല്യു ഉപയോഗിച്ചാലും നിങ്ങളുടെ വ്യു ഫൈന്‍ഡറിലൂടെ കാണുക f/2.8 ല്‍ ആയിരിക്കും. കാരണം, നിങ്ങളുടെ പരമാവധി അപ്പേര്‍ച്ചറിലാണ് നിങ്ങള്‍ക്ക് എന്താണ് ഷൂട്ട് ചെയ്യുവാന്‍ പോകുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയു. ഇതേ ലെന്‍സ് ഉപയോഗിച്ച് f/22 ല്‍ നിങ്ങളൊരു ലാന്‍ഡ്‌സ്‌കേപ്പ് ഷൂട്ട് ചെയ്യുകയാണെന്ന് കരുതുക. എന്നാല്‍ വ്യൂ ഫൈന്‍ഡറിലൂടെ നിങ്ങള്‍ ആ ദൃശ്യം കാണുക f/2.8 ല്‍ ആയിരിക്കും. Depth of field preview ബട്ടണിലൂടെ നിങ്ങള്‍ക്ക് യഥാര്‍ത്ഥ അപ്പേര്‍ച്ചര്‍ അറിയാന്‍ സാധിക്കും. അതായത് പരമാവധി അപ്പേര്‍ച്ചര്‍ കാണുന്നതിന് പകരം നിങ്ങള്‍ തിരഞ്ഞെടുത്ത അപ്പേര്‍ച്ചറായിരിക്കും കാണാന്‍ സാധിക്കുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഷൂട്ട് ചെയ്യേണ്ട അപ്പേര്‍ച്ചര്‍ എത്രയെന്ന് തിരഞ്ഞെടുക്കുക. അതിനു ശേഷം Depth of field ബട്ടണ്‍ അമര്‍ത്തി വ്യൂ ഫൈന്‍ഡറിലൂടെ നോക്കിയാല്‍ യഥാര്‍ത്ഥ അപ്പേര്‍ച്ചര്‍ അറിയാം. അതായത് നിങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന ദൃശ്യം നിങ്ങള്‍ തിരഞ്ഞെടുത്ത അപ്പേര്‍ച്ചറനുസരിച്ച് എങ്ങനെയാണ് പകര്‍ത്തപ്പെടാന്‍ പോകുന്നതെന്ന് അറിയാന്‍ സാധിക്കും. ദൃശ്യത്തിന്റെ എത്രത്തോളം ഭാഗം ഫോക്കസിലുണ്ടാകുമെന്നും ആവശ്യമെങ്കില്‍ ഈ വിവരങ്ങള്‍ വെച്ച് നിങ്ങള്‍ക്ക് ഫോക്കസില്‍ ഫൈന്‍ട്യൂണിങ് നടത്താനും സാധിക്കും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, ഒരിക്കല്‍ നിങ്ങള്‍ Depth of field ബട്ടണ്‍ അമര്‍ത്തുകയും വ്യൂ ഫൈന്‍ഡറിലൂടെ നോക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് എല്ലാം ഇരുണ്ടതായെ കാണു. ഫോക്കസ് അഡ്ജസ്റ്റ് ചെയ്യും മുന്‍പ് നിങ്ങളുടെ കണ്ണിന് ഇതുമായി താദാത്മ്യം പ്രാപിക്കാന്‍ കുറച്ച് സമയം നല്‍കുക. മിക്ക ക്യാമറകളിലും, ക്യാമറ ബോഡിയില്‍ ലെന്‍സ് ഘടിപ്പിക്കുന്ന സ്ഥലത്തിനടുത്താണ് Depth of field ബട്ടണ്‍ ഉണ്ടാവുക. ഇനി എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുകയായണെങ്കില്‍ ഗൂഗള്‍ ഇമേജില്‍ സെര്‍ച്ച് ചെയ്ത് നോ്ക്കുകയാണെങ്കില്‍ എവിടെയാണ് Depth of field ബട്ടണ്‍ എന്നറിയാന്‍ സാധിക്കും.

ഈ ക്ലാസ് മനസ്സിലായെന്ന് കരുതുന്നു. അടുത്ത ക്ലാസ്സില്‍ എക്‌സ്‌പോഷര്‍ കണക്കാക്കുന്നതിനുള്ള Zone system, സ്‌പോട്ട് മീറ്ററിങ് എന്നിവയെക്കുറിച്ച് പഠിക്കാം.