മൂന്നാര്‍: പള്ളിവാസലില്‍ പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ലയങ്ങളില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കും. സമീപത്തെ പാറക്കെട്ടുകളുടെ ഉറപ്പ് പരിശോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം പള്ളിവാസലിലെ ടണലിനുസമീപം 2000 അടി ഉയരത്തില്‍നിന്നു പാറയടര്‍ന്നുവീണ് മൂന്നുവാഹനങ്ങള്‍ തകര്‍ന്നിരുന്നു. പള്ളിവാസല്‍ പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലുകള്‍ക്കു മുകളില്‍നിന്നാണ് വന്‍ പാറ ഉരുണ്ടുവന്നത്. വാഹനങ്ങള്‍ തകര്‍ത്തശേഷം റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് താഴെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് കെട്ടിലും മരത്തിലും ഇടിച്ചാണ് പാറ നിന്നത്. വാഹനത്തില്‍ ഡ്രൈവര്‍മാര്‍ കിടന്നുറങ്ങുകയായിരുന്നു എങ്കിലും അവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

100 മീറ്ററകലെ നിരവധി തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളാണ്. പരിസ്ഥിതിലോലപ്രദേശമായ ഈ മേഖലയില്‍ നടന്ന അനധികൃത റിസോര്‍ട്ട് നിര്‍മാണവും മണ്ണെടുപ്പും പാറപൊട്ടിക്കലുംമൂലമാണ് ഇത്തരത്തിലുള്ള അപകടമുണ്ടാകുന്നതെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.