വെല്ലിങ്ടണ്‍: ആകാശത്തിലെ വര്‍ണപ്രപഞ്ചത്തിലേക്ക് ഒരു വിമാനയാത്ര. ആകാശം വര്‍ണശബളമാകുന്ന ധ്രുവദീപ്തി (Aurora) പ്രതിഭാസം ആകാശത്തുനിന്ന് കാണാന്‍ അവസരം ഒരുക്കിയ ആദ്യ വിമാനയാത്ര ന്യൂസിലന്‍ഡില്‍ നടന്നു. 130 യാത്രികരുമായി സൗത്ത് ഐലന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനം എട്ടുമണിക്കൂറോളം ആകാശംചുറ്റി. 

aurora

ദക്ഷിണധ്രുവത്തിന്റെ മൂന്നിലൊന്ന് ഭാഗത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. വര്‍ണവെളിച്ചം നിറഞ്ഞ അത്ഭുതക്കാഴ്ചയ്ക്ക് യാത്രികര്‍ സാക്ഷ്യം വഹിച്ചു- യാത്രയുടെ സംഘാടകനായ ഡോക്ടര്‍ ഇയാന്‍ ഗ്രിഫിന്‍ പറഞ്ഞു. 

ക്രിസ്മസ് കാലത്തെ കുട്ടികളെ പോലെയായിരുന്നു യാത്രികരെന്നാണ് ഒരു ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അസുലഭമായ ഈയൊരു അവസരത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് പ്രതികരിച്ച യാത്രികര്‍ സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചു.

flighttothelights എന്ന ഹാഷ്ടാഗില്‍ പരതിയാല്‍ സമൂഹമാധ്യമങ്ങളില്‍ ഈ ആകാശക്കാഴ്ചകള്‍ കാണാം.

എക്കണോമി ക്ലാസില്‍ 4000 ന്യൂസിലന്‍ഡ് ഡോളറും (1.8 ലക്ഷം രൂപ) ബിസിനസ് ക്ലാസില്‍ 8000 ന്യൂസിലന്‍ഡ് ഡോളറുമായിരുന്നു ( 3.6 ലക്ഷം രൂപ ) യാത്രയ്ക്ക് ഈടാക്കിയത്. 

അടുത്ത കൊല്ലം രണ്ടാമതൊരു യാത്ര പദ്ധതിയിടുന്നതായും സംഘാടകര്‍ അറിയിച്ചു.

ധ്രുവദീപ്തി (Aurora)​

ഭൂമിയുടെ കാന്തികധ്രുവങ്ങളില്‍ നിന്ന് 18° മുതല്‍ 23° വരെ അകലെയുള്ള മേഖലകളില്‍ രാത്രിയുടെ ആദ്യയാമം മുതല്‍ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി (Aurora) എന്ന് പറയുന്നത്. പച്ച, ചുവപ്പ് നിറങ്ങളിലാണ് കൂടുതലായും കാണപ്പെടാറുള്ളത്. 

ദക്ഷിണധ്രുവത്തില്‍ ഇത്തരത്തില്‍ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്‌ട്രേലിസ് (Aurora Australis). ഉത്തരധ്രുവത്തില്‍ ഇത് അറോറ ബോറിയാലിസ് (Aurora Borealis) എന്നും അറിയപ്പെടുന്നു.