കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടി 'മഹാരാജ എക്‌സ്പ്രസ്' ആദ്യമായി കേരള സര്‍വീസിന് എത്തുന്നു. സെപ്റ്റംബറോടെയാണ് തീവണ്ടി കേരളത്തില്‍ എത്തുന്നത്. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ രണ്ട് യാത്രകള്‍ക്കാണ് പദ്ധതി. 

മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര. വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയാണ് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. വിദേശ വിനോദസഞ്ചാരികളാണ് കൂടുതലും യാത്ര നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഈ തീവണ്ടിയിലേത്. 

maharaja express

എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം നിര്‍ത്തിയിടും. മുംബൈയില്‍ നിന്ന് ഇവിടേക്ക് വിനോദസഞ്ചാരികളെ എത്തിക്കും. കേരളം കണ്ടു കഴിഞ്ഞ വിനോദസഞ്ചാരികളെ തിരികെ മുംബൈയിലേക്കു കൊണ്ടുപോവും. കേരളത്തിലുള്ളവര്‍ക്കും യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും.  

ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര തീവണ്ടി കാണാന്‍ പക്ഷേ, പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടാകില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണിത്. ഓരോ പാക്കേജായാണ് യാത്ര. നാലുലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ വരും ചെലവ്. ഭക്ഷണവും വെള്ളവും സൗജന്യമാണ്. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റസ്റ്റോറന്റുകള്‍ എന്നിവയാണ് എക്‌സ്പ്രസിലുള്ളത്.  

ലോകത്തിലെ രുചികള്‍ പരിചയപ്പെടുത്തുന്ന റസ്റ്റോറന്റാണ് ഇതിലുള്ളത്. 88 പേര്‍ക്ക് യാത്ര ചെയ്യാം. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ധാരണയായിട്ടില്ല. സപ്തനക്ഷത്ര നിലവാരത്തിലാണ് തീവണ്ടിയിലെ സൗകര്യങ്ങള്‍. 2016-ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരം ലഭിച്ച വണ്ടിയാണിത്. 2010-ലാണ് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. 2012 മുതല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. 

കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ സാധ്യത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഡംബര തീവണ്ടിയെത്തുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ആഡംബര തീവണ്ടികള്‍ ഉണ്ട്. പാലസ് ഓണ്‍ വീല്‍സ്, റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാന്‍ ഒഡീസി എന്നിവ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ആഡംബര തീവണ്ടികളാണ്.