തിരുവനന്തപുരം: രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മൂന്നാറില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. മൂന്നാര്‍ വിവാദങ്ങളുടെ കേന്ദ്രമാകുന്നത് ഗുണം ചെയ്യില്ല. നിരന്തരമായി അനാവശ്യ ഹര്‍ത്താലുകള്‍ മൂന്നാറില്‍ ഉണ്ടാകുന്നത് വിനോദസഞ്ചാരികളെ അകറ്റും. 

ഹര്‍ത്താല്‍ ദിനങ്ങളിലും മറ്റും ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ പങ്കുവെയ്ക്കുന്ന അനുഭവം നമ്മുടെ സംസ്ഥാനത്തെ കുറിച്ച് നല്ല പ്രതിഛായയല്ല സൃഷ്ടിക്കുന്നത്. അതിനാല്‍ മൂന്നാര്‍ ഒരു പ്രശ്നബാധിത മേഖലയാക്കി മാറ്റാനുള്ള നീക്കങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നാട്ടുകാരുമെല്ലാം ജാഗ്രത പാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.