തിരുവനന്തപുരം: കേരളത്തില്‍ ബാറുകള്‍ ഇല്ലാതായാല്‍ ബിസിനസ് കോണ്‍ഫറന്‍സിനും മറ്റുമായി കേരളം സന്ദര്‍ശിക്കുന്നവര്‍ ശ്രീലങ്കയിലേക്ക് പോകുമെന്ന് ധനമന്ത്രി തോമസ് ഐസക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റിന് മുന്നോടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മദ്യനയം വിനോദസഞ്ചാരത്തെ എങ്ങനെ ബാധിക്കും എന്ന വിഷയത്തില്‍ തോമസ് ഐസക്കിന്റെ നിരീക്ഷണം ഇങ്ങനെ -

സര്‍ക്കാരിന് നികുതിവരുമാനം നേടാനായി ആരും മദ്യപാനം നടത്തണമെന്നില്ല. എന്നാല്‍ ബിസിനസ് കോണ്‍ഫറന്‍സിനും മറ്റുമായി വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഒരു ദിവസത്തെ പരിപാടിക്ക് ശേഷം സാധാരണ മദ്യപിക്കാറുണ്ട്. കേരളത്തില്‍ അത് പറ്റില്ല എന്ന് അവരോട് പറഞ്ഞാല്‍, കോണ്‍ഫറന്‍സിന്റെ വേദി അവര്‍ ശ്രീലങ്കയിലേക്ക് മാറ്റും. അതേസമയം ജനങ്ങളെ മദ്യത്തിന് അടിമയാക്കാന്‍ കൂടുതല്‍ ബാറുകള്‍ തുറക്കുകയും വേണ്ട. വിനോദസഞ്ചാര മേഖലയെ ബാധിക്കാതെ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് നാം ചിന്തിക്കേണ്ടത്.