ഒരു പാസ്‌പോര്‍ട്ട് വച്ച് ഒരാള്‍ക്ക് എത്ര രാജ്യങ്ങള്‍ സഞ്ചരിക്കാനാവും? അങ്ങനെയൊരു കണക്കുണ്ടായിട്ടുണ്ടോ ഇതുവരെ? ഈയിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഉണ്ടെന്ന് തന്നെ പറയേണ്ടിവരും. ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്ര വിസാ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 179 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാവും. ഇക്കാര്യത്തില്‍ ജര്‍മനിയെയാണ് ഇരുരാജ്യങ്ങളും പിന്തള്ളിയത്. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു.

 ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ദക്ഷിണ കൊറിയയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. 176 രാജ്യങ്ങളിലേക്ക് വിസാ ഫ്രീ യാത്ര അനുവദിച്ചുകൊണ്ട് യു.എ.ഇ ആറാം സ്ഥാനത്തുണ്ട്. 69 രാജ്യങ്ങളിലേക്കുള്ള സഞ്ചാരവുമായി മലേഷ്യ 11-ാം സ്ഥാനത്തുണ്ട്. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി റഷ്യ 45-ാം സ്ഥാനത്തെത്തി. 

ഉക്രെയിന്‍ 16 റാങ്ക് ഉയര്‍ന്ന് 42-ാമതായും ജോര്‍ജിയ 14 റാങ്ക് ഉയര്‍ന്ന് 54-ാമതായും ഇരിപ്പിടമുറപ്പിച്ചു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കുതിച്ചുചാട്ടങ്ങളും ഇവരുടേത് തന്നെ.

ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിങ് ചുരുക്കത്തില്‍

1. ജപ്പാന്‍, സിങ്കപ്പുര്‍ : 180

2. ജര്‍മനി : 179

3. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ : 178

4. നോര്‍വേ, യു.കെ, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ : 177

5. സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, യു.എസ്.എ, കാനഡ : 176

6. ബെല്‍ജിയം, ആസ്‌ട്രേലിയ, ഗ്രീസ് : 174

7. ന്യൂസിലാന്‍ഡ്, ചെക്ക് റിപ്പബ്ലിക്, മാള്‍ട്ട : 173

8. ഐസ് ലാന്‍ഡ് : 172

9. ഹങ്കറി : 171

10. ലാത്വിയ : 170

 

57 രാജ്യങ്ങളിലേക്ക് സൗജന്യ വിസ അനുവദിക്കുന്ന ഇന്ത്യ പട്ടികയില്‍ 81-ാം സ്ഥാനത്താണ്. 24 രാജ്യങ്ങളിലേക്ക് വിസാ സൗജന്യമുള്ള അഫ്ഗാനിസ്ഥാന്‍, 27 രാജ്യങ്ങളിലേക്ക് വിസയുള്ള ഇറാഖ്, 28 രാജ്യങ്ങളിലേക്ക് പോകാവുന്ന സിറിയ, 30 രാജ്യങ്ങളിലേക്ക് സൗജന്യ വിസയനുവദിക്കുന്ന  പാകിസ്താന്‍, 32 ഇടങ്ങളിലേക്ക് ഫ്രീ വിസ നല്‍കുന്ന സോമാലിയ എന്നിവയാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2018 ന്റെ പൂര്‍ണരൂപം അറിയാന്‍ ക്ലിക്ക് ചെയ്യുക

(സിംഗപ്പൂരില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍)

( ജപ്പാനിലെ മനോഹരമായ 15 സ്ഥലങ്ങള്‍ )