ജനീവ: മാറുമറയ്ക്കല്‍ സമരം എന്ന് കേട്ടിട്ടില്ലേ? അതിനുനേരെ വിപരീതമായ ഒരു സംഭവമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ നഗരത്തില്‍ മാറുമറയ്ക്കാതെ കുളിക്കാനായി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന് ഒടുവില്‍ വിജയം. ജനീവയിലെ പ്രശസ്തമായ നഗരതടാകത്തിലും റോണ്‍ നദിയിലും ഇനി മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ക്ക് കുളിക്കാം.

1929 മുതല്‍ നിലവിലുള്ള നിയമത്തിന് എതിരെ നഗരസഭാ കൗണ്‍സിലില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇങ്ങനൊരു ഉത്തരവ് ഉണ്ടായത്.

നീന്തല്‍വസ്ത്രമോ, കുളിക്കുന്നതിന് അനുയോജ്യമായ വേഷമോ ധരിക്കാതെ ജനീവയിലെ പ്രകൃതിദത്ത ജലാശയങ്ങളില്‍ നീരാടാനാവില്ല എന്നാണ് നിയമം അനുശാസിക്കുന്നത്. വാക്കുകള്‍ അതേപടി നടപ്പിലാക്കിയ പോലീസ് അധികൃതര്‍, മാറുമറയ്ക്കാതെ ഇറങ്ങുന്ന സ്ത്രീകളില്‍ നിന്നും 70 സ്വിസ് ഫ്രാങ്ക് (ഏകദേശം 4500 രൂപ) പിഴ ഈടാക്കിയിരുന്നു.

ഇത്തരത്തില്‍ പിഴയടയ്‌ക്കേണ്ടി വന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് നടപടി ഉണ്ടായത്. മാറുമറയ്ക്കാതെ സൂര്യസ്‌നാനം ചെയ്യാമെങ്കില്‍ നീന്താന്‍ അനുവദിക്കാത്തത് എന്തുകൊണ്ട് എന്നുകാട്ടിയാണ് യുവതി കൗണ്‍സിലില്‍ പരാതി നല്‍കിയത്. 

lake geneva
ജനീവ ലേക്ക്‌ ( Photo credit - Lake Geneva Swimming Association )

സ്റ്റേറ്റ് കൗണ്‍സില്‍ പരാതി പഠിക്കുകയും പഴയ നിയമത്തില്‍ ഇളവുകള്‍ വരുത്തണമെന്നും തീരുമാനിക്കുകയും ചെയ്തു. ഇതുപ്രകാരം ജനീവയിലെ ജലാശയങ്ങളില്‍ സ്ത്രീകള്‍ക്ക്  മാറുമറയ്ക്കാതെ കുളിക്കാം -  ജനീവ സെക്യൂരിറ്റി വിഭാഗം അസി. സെക്രട്ടറി ജനറല്‍ നിക്കോളാസ് ബോള്‍ തീരുമാനം അറിയിച്ചു.