ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിദേശീയര്‍ക്ക് സൗജന്യ സിം കാര്‍ഡ് നല്‍കാനുള്ള പദ്ധതിയുമായി വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ്. ഇ-ടൂറിസ്റ്റ് വിസയില്‍ എത്തിച്ചേരുന്ന എല്ലാ വിദേശീയര്‍ക്കും സിം നല്‍കാനാണ് തീരുമാനം.

ബിഎസ്എന്‍എലാണ് സിം കാര്‍ഡ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് വിതരണം ആരംഭിക്കുക. തുടര്‍ന്ന് രാജ്യത്തെ 15 വിമാനത്താവളങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.

നിലവില്‍ 161 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ ഇ-വിസ നല്‍കുന്നുണ്ട്.

50 രൂപ സംസാരമൂല്യവും 50 എംബി ഡേറ്റായുമുള്ള സിമ്മാണ് ബിഎസ്എന്‍എല്‍ നല്‍കുക. സന്ദര്‍ശകന് ലഭിക്കുന്ന ഉടന്‍തന്നെ സിം ആക്ടിവേറ്റുമാകും. സന്ദര്‍ശകര്‍ ഇ-വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പാണ് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്.