മാഡ്രിഡ്: യൂറോപ്പിലെ ഏറ്റവും ഉയരമുള്ളതും വേഗമുള്ളതുമായ റോളര്‍ കോസ്റ്റര്‍ സ്‌പെയിനിലെ ഫെരാരി ലാന്‍ഡില്‍ ഓടിത്തുടങ്ങി. ബാഴ്‌സലോണയ്ക്കു സമീപമുള്ള കോസ്റ്റ ഡൊറാഡയിലെ പോര്‍ട്ട് അവന്‍ച്യുറ വേള്‍ഡിലാണ് ഈ സാഹസികസവാരി ഒരുക്കിയിരിക്കുന്നത്.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍, 367 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് വന്നുപതിക്കുന്ന സാഹസികാനുഭവമാണ് സന്ദര്‍ശകരെ ഇവിടെ കാത്തിരിക്കുന്നത്. ഫോര്‍മുല വണ്‍ റേസ് കാര്‍ ഡ്രൈവറുടെ അനുഭവം കാണികള്‍ക്ക് പകരുക എന്ന ലക്ഷ്യത്തിലാണ് റെഡ് ഫോഴ്‌സ് എന്നുപേരിട്ടിരിക്കുന്ന ഈ റോളര്‍കോസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്.

റേസ് സിമുലേറ്റര്‍, റേസ് കാറുകളുടെ ചെറുമാതൃകകള്‍, ഇറ്റാലിയന്‍ ഭക്ഷണശാലകള്‍ എന്നിവയാണ് കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനം ആരംഭിച്ച ഫെരാരി വേള്‍ഡിലെ മറ്റു ആകര്‍ഷണങ്ങള്‍. ഫെരാരിയുടെ പ്രമുഖ മോഡലുകള്‍ റോം നഗരത്തിലൂടെ ഓടിക്കാനുള്ള അവസരം സന്ദര്‍ശകര്‍ക്ക് സിമുലേറ്റര്‍ ഒരുക്കുന്നു.

മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ചുറ്റുന്ന അബുദാബിയിലെ ഫെരാരി വേള്‍ഡിലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍. ന്യൂജേഴ്‌സിയിലെ സിക്‌സ് ഫ്‌ളാഗ് ഗ്രേറ്റ് അഡ്വഞ്ചര്‍ പാര്‍ക്കിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള റോളര്‍ കോസ്റ്റര്‍. 456 അടിയാണ് ഇതിന്റെ ഉയരം.