മുഹമ്മ: വെയിലിന്റെ കാഠിന്യത്തില്‍നിന്ന് വേമ്പനാട് കായലിന്റെ കുളിര്‍മയിലേക്കും കായല്‍ തീരത്തെ പാതിരാമണലിന്റെ പച്ചപ്പിലേക്ക് കുറഞ്ഞ ചെലവില്‍ ഒരു ഉല്ലാസയാത്ര.

ചേര്‍ത്തലയില്‍നിന്നും ആലപ്പുഴയില്‍നിന്നും ബസ് മാര്‍ഗം കായിപ്പുറം കവലയിലെത്താം. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ കായിപ്പുറം ജട്ടിയിലെത്താം. ഇവിടെനിന്ന് എട്ടുപേര്‍ക്ക് ഇരിക്കാവുന്ന ശിക്കാരവള്ളങ്ങള്‍ യാത്രക്കാരെ കാത്ത് കിടക്കുന്നുണ്ടാകും. 400-500 രൂപാ മുടക്കിയാല്‍ ഈ വള്ളങ്ങള്‍ വേമ്പനാടിന്റെപച്ചത്തുരുത്തിലെത്തിക്കും. നീര്‍പക്ഷികളുടെ സങ്കേതവും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ പാതിരാമണല്‍ ദ്വീപിലെത്താം.

യാത്രക്കാര്‍ ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ൈകയില്‍ കരുതിയിരിക്കണം. പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ അവിടെ ഉപയോഗിക്കരുത്. ഭക്ഷണമില്ലാതെയാണ് വരുന്നതെങ്കില്‍ വള്ളക്കാരോട് പറഞ്ഞാല്‍ അവരെത്തിക്കും. സന്ദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ വള്ളക്കാര്‍ തന്നെ തിരികെയെത്തിക്കും.
alp
ചെലവ് കുറഞ്ഞ ഒരു കായല്‍ യാത്ര
മുഹമ്മ ജങ്ഷനില്‍ നിന്ന് അരകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുഹമ്മ ഫെറിയിലെത്താം. ഇവിടെനിന്ന് രാവിലെ 5.40 മുതല്‍ 45 മിനിറ്റ് ഇടവിട്ട് വൈകുന്നേരം ഏഴുമണിവരെ ജലഗതാഗതവകുപ്പിന്റെ ബോട്ട് സര്‍വീസ് ഉണ്ടായിരിക്കും.

വേമ്പനാട് കായലിന്റെ വിശാലമായ ഓളപ്പരപ്പിലൂടെ 9 കിലോമീറ്റര്‍ ദൂരം 45 മിനിട്ടുകൊണ്ട് വെറും 10 രൂപാ ചെലവില്‍ യാത്ര ചെയ്താല്‍ കുമരകം ബോട്ടുജെട്ടിയിലെത്താം. വേണമെങ്കില്‍ തിരിച്ചും യാത്ര ചെയ്യാം. കുമരകം ജെട്ടിയില്‍നിന്നും രാവിലെ 6.30 മുതല്‍ രാത്രിഎട്ടുവരെ ബോട്ട്‌സര്‍വീസ് ലഭ്യമാണ്. കുമരകം ജെ!ട്ടിയില്‍നിന്ന് നാലുകിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്താല്‍ കവണാറ്റിന്‍കര പക്ഷിസങ്കേതത്തിലെത്താം.

വിശാലമായ പക്ഷിസങ്കേതത്തില്‍ ഒരു കാടിന്റെ വശ്യതയറിയാന്‍ കഴിയും. മുഹമ്മയില്‍നിന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന ചീപ്പുങ്കല്‍ മണിയാപറമ്പ് മാന്നാനം ബോട്ടില്‍ ദീര്‍ഘമായുള്ള യാത്രക്കിടെ കുമരകം പക്ഷിസങ്കേതത്തിലെത്താം. 13 രൂപയാണ് ഒന്നരമണിക്കൂര്‍ യാത്രയ്ക്ക് ചെലവാകുക.
alappuzha
 
കുമരകത്ത്‌നിന്ന് ചേര്‍ത്തല ബസില്‍ കയറിയാല്‍ തണ്ണീര്‍മുക്കത്ത് ഇറങ്ങി ബണ്ടു കാണാന്‍ കഴിയും. ഇവിടെനിന്ന് ഇളനീരിന്റെ നേര്‍മയും ഐസ്‌ക്രിമിന്റെ തണുപ്പും ആസ്വദിക്കാം.
 
കായിപ്പുറം സഹകരണബാങ്കിന്റെ ഒഴുകുന്ന ഭക്ഷണശാലയില്‍നിന്ന് വിഭവസമൃദ്ധമായ ആഹാരവും കഴിക്കാം. സന്ധ്യാനേരത്തെ ഇളംകാറ്റും അസ്തമനവും കണ്ട് തണ്ണീര്‍മുക്കത്തു നിന്ന് മടക്കയാത്ര ആരംഭിക്കാം.