റ്റ ദിവസത്തെ അവധി ആസ്വദിക്കാനുള്ള ഒരു യാത്ര. ഇത്തവണ അത് കൊണ്ടെത്തിച്ചത് കാഞ്ഞങ്ങാട്ടെ മഞ്ഞംപൊതിക്കുന്നിലാണ്. അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരിടം. ഫോട്ടോഗ്രാഫറായ ശശിയാണ് ഇങ്ങനെയൊരിടത്തെപ്പറ്റി സൂചന തന്നത്. ആളുകള്‍ സ്ഥിരമായി പോകാത്ത ഒരു ഡെസ്റ്റിനേഷന്‍ തന്നെയായിരുന്നു ഞങ്ങളുടെയും ലക്ഷ്യം. പറഞ്ഞത് പോലെ ഗൂഗിളില്‍ അങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് സൂചനയൊന്നുമില്ല. അവിടെയുള്ള നാട്ടുകാര്‍ക്കാവട്ടെ അയ്യേ, ഇതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണോ എന്ന ഭാവവും. അല്ലെങ്കിലും നമുക്കായായാലും അങ്ങിനെയേ തോന്നൂ. സ്വന്തം നാട്ടിലെ  മനോഹരമായ സ്ഥലത്തെക്കുറിച്ച് ഒരു മതിപ്പുമുണ്ടാവില്ല.

Manjampothikunnu Kasaragod

കാഞ്ഞങ്ങാട്ടുകാര്‍ക്കാവട്ടെ, പ്രശസ്തങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അനവധിയാണ്. ചരിത്രപ്രാധാന്യമുള്ളതും കടല്‍ത്തീര ഡെസ്റ്റിനേഷനുമായ ബേക്കല്‍കോട്ട, കുടക് മലകളുടെ ഓരംപറ്റി മഞ്ഞണിഞ്ഞ് മയങ്ങുന്ന റാണിപുരം മലനിര, കേരളത്തിന്റെ വടക്കന്‍ മേഖലയിലെ കടല്‍ത്തീരക്കായലായ വലിയപറമ്പ് തുടങ്ങിയ വമ്പന്‍സ്ഥലങ്ങളൊക്ക തൊട്ടയല്‍പക്കമാണ്.

ഏതായാലും പോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് വൈകണ്ടല്ലോ. അതിരാവിലെതന്നെ കാഞ്ഞങ്ങാട്ടെത്തി. ഞങ്ങളുടെ ആതിഥേയനായ അശോകേട്ടന്‍ കാറുമായി കാഞ്ഞങ്ങാട്ട് റെയില്‍വേ സ്റ്റേഷനില്‍ റെഡി. പത്ത് മിനുട്ട് ഡ്രൈവ്. വീതികുറഞ്ഞ നാട്ടുപാതയിലൂടെ ചെറിയ കയറ്റം കയറി വണ്ടി കുന്നിന്റെ താഴ്വരയില്‍. 

Manjampothikunnu Kasaragod

കാലത്ത് 7.45  മഞ്ഞംപൊതിക്കുന്ന് 

പേരുപോലെ തന്നെ മഞ്ഞിന്റെ നേര്‍ത്ത ആവരണമണിഞ്ഞ് മഞ്ഞപ്പതിക്കുന്ന്. ചെങ്കല്‍പാറയില്‍ പരവതാനി വിരിച്ചപോലെ നിറയെ സ്വര്‍ണപുല്ലുകള്‍. മഞ്ഞ് പതിക്കുന്നത് കൊണ്ടാണോ അല്ല മഞ്ഞ നിറത്തിലുള്ള പുല്ല് നിറഞ്ഞത്കൊണ്ടാണോ ഈ പേരു വന്നത് എന്നറിയില്ല. അവിടവിടയായി ഒറ്റപ്പെട്ട് നില്‍ക്കുന്ന കുഞ്ഞുമരങ്ങള്‍ വെയിലെത്തിയാല്‍ തണല്‍തുരുത്താവും. വ്യൂപോയിന്റ് പോലെ തോന്നിക്കുന്നൊരിടം. പടിഞ്ഞാറ് കടല്‍ വ്യക്തമായി കാണാം.

Manjampothikunnu Kasaragod

കിഴക്ക് നീലമലനിരകള്‍. വിവാഹ ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടലൊക്കേഷന്‍. വൈകുന്നേരങ്ങളില്‍ പടിഞ്ഞാറന്‍ ആകാശം ചുവപ്പണിയുമ്പോഴുള്ള വര്‍ണക്കാഴ്ചകളെക്കുറിച്ച് അശോകേട്ടന്‍ വാചാലനായി. പണ്ട് രാമരാവണയുദ്ധകാലത്ത് ഹനുമാന്‍ മൃതസഞ്ജീവിനിയുള്ള പര്‍വതവുമായി പോകുമ്പോള്‍ അടര്‍ന്ന് വീണുണ്ടായതാണ് ഈ കുന്ന് എന്നൊരുകഥയുണ്ട്. ഈ കുന്നിന്റെ വടക്ക് ഭാഗത്ത് ഇപ്പോള്‍ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം.

Manjampothikunnu Kasaragod

കാലത്ത്  10.45  സുരംഗം

താഴേക്ക് ചെന്നാല്‍ ഗുഹകളുടെ ലോകമാണ്. ഇതിലെ വലിയൊരു ഗുഹയില്‍ എവിടുന്നോ വന്നെത്തിയ ചിരുതേയി എന്നൊരു സ്ത്രീ വളരെക്കാലം താമസിച്ചിരുന്നു. അതില്‍ പിന്നീടാണ് നാട്ടുകാര്‍ ഇതിനെ ചിരുതേയി ഗുഹ എന്ന് വിളിച്ചുതുടങ്ങിയത്.

Manjampothikunnu Kasaragod

മറ്റുള്ളവയൊന്നും യഥാര്‍ത്ഥത്തില്‍ ഗുഹകളല്ല. കാസര്‍കോട്ടെ ഉള്‍പ്രദേശങ്ങളില്‍ മുന്‍പ് വ്യാപകമായി കാണപ്പെട്ടിരുന്ന സുരംഗങ്ങളാണ്. കുന്നിന്റെ ചെരിവില്‍ വലിയ കുത്തനെയുള്ള വെട്ടുകുഴികളുണ്ടാക്കി അതില്‍നിന്നും ഊറിവരുന്ന വെള്ളം ശേഖരിക്കുന്ന ഒരു രീതിയാണിത്. ഇത് കണ്ടാല്‍ വെള്ളംനിറഞ്ഞഗുഹകളെപോലെ തോന്നും.

Manjampothikunnu Kasaragod

ശുദ്ധമായ ഈ വെള്ളം പൈപ്പ് ഉപയോഗിച്ച് വീടുകളിലെത്തിച്ച് ഉപയോഗിക്കും. കുന്നിന്‍ചെരിവിലെ  ചില താമസക്കാര്‍ ഇപ്പോഴും ഈ രീതി പിന്‍തുടരുന്നുണ്ട്. എത് വേനല്‍ക്കാലത്തും വെള്ളം ലഭ്യമാണെന്നതാണ് ഇതിന്റെ ഗുണം.

ഉച്ച  1.20  ആനന്ദാശ്രമം

കുന്നിറങ്ങി ജൈവകൃഷിക്കാരന്‍ കൂടിയായ റിട്ട.ഹെല്‍ത്ത് ഓഫീസര്‍ അശോകേട്ടന്റെ വാഴത്തോട്ടത്തിലെ ഇടവിളയായ വെള്ളരി കൂടി കഴിച്ച് ക്ഷീണമകറ്റി നേരെ ചെന്നത് ആനന്ദാശ്രമത്തിലേക്കാണ്. അവിടെയപ്പോള്‍ ഭക്ഷണത്തിന്റെ സമയമാണ്. ഒഴിവ് ദിവസമായത്കൊണ്ട് ഇന്ന് കൂടുതല്‍ സന്ദര്‍ശകരുണ്ട്. ഉത്തരേന്ത്യക്കാരാണ് കൂടുതലും. നാലഞ്ച് വിദേശികളെയും കണ്ടു പ്രാര്‍ത്ഥനാമുറിയില്‍. സന്ദര്‍ശകര്‍ക്ക് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും ഇവിടെ സൗകര്യമുണ്ട്. 1931-ല്‍ പാപ്പാ എന്ന് അനുയായികള്‍ വിളിക്കുന്ന സ്വാമി രാംദാസ് സ്ഥാപിച്ചതാണ് പ്രശാന്തസുന്ദരമായ ഈ ആശ്രമം. ഇവിടെയെത്തുന്നവര്‍ക്ക് രണ്ട് ദിവസം വരെ  താമസിക്കാനുള്ള കോട്ടേജുകളും ലഭ്യമാണ്. ഭക്ഷണവും താമസവും സൗജന്യവുമാണ്.

Manjampothikunnu Kasaragod

ആനന്ദാശ്രമത്തിലെ ഗോശാലയാണ് മറ്റൊരു കൗതുകം. പുണ്യം ചെയ്ത പശുക്കളെന്നാണ് ഇവിടുത്തെ പശുക്കളെ പറയാറ്. വൃത്തിയുള്ള തൊഴുത്ത്. സുഖം പകരാന്‍ മുകളില്‍ തിരിയുന്ന ഫാന്‍. ചുമരില്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക് സിസ്റ്റം, പ്രത്യേകിച്ച് പുല്ലാങ്കുഴല്‍ കച്ചേരി. നല്ല ഭക്ഷണം, ഇഷ്ടം പോലെ പച്ചപ്പുല്ലും. മരണം വരെ സുഖജീവിതം. പ്രായമായാല്‍ വൃദ്ധമന്ദിരത്തിലേക്ക് മാറ്റും. ഒന്നിനെയും കൊല്ലാറില്ല. 

Manjampothikunnu Kasaragod

കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമവും വളരെ പ്രസിദ്ധമാണ്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ആശ്രമവും ചുറ്റുമുള്ള നിരവധി ഗുഹകളും കാണേണ്ടതാണ്. സ്വാമി നിത്യാനന്ദ സ്ഥാപിച്ച ഈ ആശ്രമത്തില്‍ ഭക്ഷണത്തിനും താമസത്തിനും സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

വൈകീട്ട്  4.30  ബേക്കല്‍ കോട്ട

വൈകുന്നേരമായി. ആശ്രമത്തില്‍ നിന്നിറങ്ങി നേരെ ബേക്കല്‍ കോട്ടയിലേക്ക്. കല്‍കെട്ടുകളും ചരിത്രസ്മാരകങ്ങളും കണ്ട് കഴിഞ്ഞാല്‍ കടല്‍തീരത്തെ പൂഴിമണലില്‍ ഇരിക്കാം. കാലുകള്‍ക്ക് ഇത്തിരി വിശ്രമം നല്‍കാം അടുത്ത യാത്രക്ക് തയ്യാറാവാന്‍.

map