From eco-tourism to aqua tourism. The mangroves and sea inlets in Malipuram near Cochin offer tourists a different travel experience: relaxing in the mangrove shelters; shoal of fish leaping and diving around your boat will be etched in your memory

 

ക്കോ ടൂറിസം സെന്ററില്‍ നിന്ന് അക്വാ ടൂറിസം സെന്ററിലേക്കായിരുന്നു യാത്ര. അതും സര്‍ക്കാര്‍ വക സംരംഭംതന്നെ. മാലിപ്പുറത്തെ അക്വാടൂറിസം സെന്റര്‍ മാനേജര്‍ നിഷാ ഉണ്ണിയെ തലേദിവസംതന്നെ വിളിച്ച് ഫോട്ടോ എടുക്കാനുള്ള സൗകര്യം ഉറപ്പിച്ചിരുന്നു. പുലര്‍ച്ചെയാണ് ഫോട്ടോയ്ക്ക് നല്ലതെന്ന് അവരും പറഞ്ഞു. അങ്ങനെ ആറരയ്ക്ക് അവിടെയെത്താന്‍ ഞങ്ങള്‍ അഞ്ചരയ്ക്കുതന്നെ തയ്യാറായി. യൂബര്‍ ടാക്സി ബുക്ക് ചെയ്തു. ടാക്സി എത്തുമ്പോഴേക്കും മഴ തുടങ്ങിയിരുന്നു. ഫോട്ടോഗ്രാഫി കാര്‍മേഘത്താല്‍ മൂടപ്പെട്ടുപോവുമോ എന്നാശാങ്കയുണ്ടായിരുന്നു. കലൂരില്‍നിന്നും ഹൈക്കോടതിക്ക് മുമ്പ് വലത്തോട്ട് തിരിഞ്ഞ് ഗോശ്രീ പാലം കടന്ന് ജങ്ഷനില്‍നിന്ന് വീണ്ടും വലത്തോട്ട് വൈപ്പിന്‍-പള്ളിപ്പുറം റോഡിലൂടെ കാളമുക്ക്, മുരിക്കുംപാടം താണ്ടി എളങ്കുന്നപ്പുഴ വഴി മാലിപ്പുറം എത്തി.

Fish
പറക്കും പൂമീന്‍

 

കടലിനിപ്പുറം മത്സ്യത്തൊഴിലാളികള്‍ വലയുമായി ഷെഡില്‍ കയറി ഇരിപ്പുണ്ടായിരുന്നു. വന്ന വിവരം പ്രോജക്ട് ഓഫീസര്‍ ഷൈമയെ അറിയിച്ചു. ഞാനിപ്പം വരാം എന്നവര്‍ പറഞ്ഞു. പ്രദീപ് മത്സ്യത്തൊഴിലാളികളുമായി ചങ്ങാത്തം കൂടാന്‍ പോയി. പെട്ടെന്ന് ഗംഭീരമായൊരു മഴ തുടങ്ങി. മത്സ്യത്തൊഴിലാളികള്‍ അവരുടെ കുട നീട്ടി. അതുമായി നനഞ്ഞ ബണ്ടിലൂടെ നടന്നു. ഷൈമ ഞങ്ങളെ നയിച്ചു. ആദ്യം കണ്ടല്‍ക്കാടിന്റെ വിശേഷങ്ങളാണ്. വേലിയിറക്കമായതിനാലും മഴ പെയ്യുന്നതിനാലും അന്തരീക്ഷത്തിനൊരു ചെളിമണം ഉണ്ടായിരുന്നു. കണ്ടല്‍ക്കാടുകളൊരുക്കിയ പന്തലിനു ചുവട്ടില്‍ സൊള്ളിപ്പറഞ്ഞിരിക്കാന്‍ കസേരകളുണ്ട്. കുട്ടികള്‍ക്കാടാന്‍ ഊഞ്ഞാലുകളുണ്ട്. കണ്ടലുകളുടെ കഥ പറയുന്ന വിജ്ഞാനഫലകങ്ങളുണ്ട്. കൊച്ചു ശില്പങ്ങളും കുഞ്ഞുകുടിലുകളും എല്ലാം ചേര്‍ന്നൊരു വിനോദസഞ്ചാര ചന്തം.

Kandal 1
കണ്ടല്‍ കൂടാരത്തിനിടയില്‍

 

അവിടെനിന്നും നേരെ നടന്ന് 'റ' പാലം കടന്നാല്‍ വെല്‍കം ഡ്രിങ്കും ഭക്ഷണവും കിട്ടുന്ന ഭക്ഷണശാല. അതിന്റെ ഓരംപറ്റി മുന്നോട്ട് അല്പം പോയാലാണ് മാലിപ്പുറത്തിന്റെ മാസ്റ്റര്‍പീസ് കാത്തിരിക്കുന്നത്. മീന്‍ചാട്ടം.
പത്തുപേര്‍ക്കിരിക്കാവുന്ന ഒരു ബോട്ടില്‍ ഞങ്ങള്‍ കയറി. മുന്നില്‍ സ്പീഡ് ബോട്ടുമായി ലെനിന്‍ ചേട്ടന്‍. സ്പീഡ് ബോട്ടിന്റെ ശബ്ദമുയര്‍ന്നു. ഓളങ്ങള്‍ ഇളകിമറിഞ്ഞു. പൂമീനുകള്‍ പറന്നുയരുംപോലെ പൊങ്ങി വീണുകൊണ്ടിരുന്നു. പ്രദീപിന്റെ പള്ളയ്ക്കാണ് ആദ്യമൊരെണ്ണം വീണത്. അവനൊന്ന് പേടിച്ചു. പിന്നെ തുരുതുരാ ക്ലിക്ക് ചെയ്യാന്‍ തുടങ്ങി. ബോട്ടിലേക്കൊരു മീന്‍മഴ പെയ്യാന്‍ തുടങ്ങി. ബോട്ടില്‍ കിടന്നുപിടയ്ക്കുന്ന മീനുകളുടെ ചെതുമ്പലുകള്‍ പാന്റിലും ഷൂവിലുംമെല്ലാം പറ്റിപ്പിടിച്ചു. ഇങ്ങോട്ടുള്ള മോശം വഴിയും ചെളിമണവുമെല്ലാം ഈ കാഴ്ചയ്ക്കും അനുഭവത്തിനും മുന്നില്‍ മാഞ്ഞുപോയി.

Kandal 2
കണ്ടലറിവുകളിലേക്ക്‌

 

വള്ളത്തില്‍ വീഴുന്ന മീന്‍ സഞ്ചാരികള്‍ക്ക് വാങ്ങാം. ഒരു കിലോയില്‍ താഴെ വരുന്ന മീനുകള്‍ക്ക് കിലോയ്ക്ക് 170 രൂപ പ്രകാരവും ഒരു കിലോയ്ക്ക് മുകളില്‍ തൂക്കം വരുന്നവയ്ക്ക് കിലോയ്ക്ക് 200 രൂപ പ്രകാരവുമാണ് വില്‍ക്കുന്നത്. നല്ല പാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് തരും. വീട്ടിലേക്ക് മൂന്നാല് മണിക്കൂര്‍ യാത്രയേ ഉള്ളൂവെങ്കില്‍ ധൈര്യമായി കൊണ്ടുവരാം. അല്ലെങ്കില്‍ ഐസ്ബോക്സുമായി പോവണം. ഇവിടെയിരുന്നുതന്നെ ഈ മീനും കൂട്ടി ഉണ്ണണമെങ്കില്‍ അതിനും സൗകര്യമുണ്ട്. 

Fishing
ഇനി തീന്‍മേശയിലേക്ക്‌
Yathra Logo
യാത്ര വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇങ്ങോട്ടുള്ള പ്രവേശന ടിക്കറ്റിന് മുതിര്‍ന്നവര്‍ക്ക് ഇരുന്നൂറും കുട്ടികള്‍ക്കു 100 രൂപയുമാണ് നിരക്ക്. ഒരു സ്വാഗതപാനീയവും മീന്‍കറി കൂട്ടിയൊരു ഊണും ഐസ്‌ക്രീമും ടിക്കറ്റിന്റെ ഭാഗമായി ലഭിക്കും. തുഴബോട്ട്, കാല്‍ത്തുഴബോട്ട്, ഊഞ്ഞാല്‍, കണ്ടല്‍ക്കാട് സന്ദര്‍ശനം എന്നിവയാണ് സൗകര്യങ്ങള്‍. മീന്‍ചാട്ടം സൗജന്യമായി കാണാം. മീന്‍ചാടുന്നതിനൊപ്പം ബോട്ടില്‍ സഞ്ചരിക്കാന്‍ 200 രൂപയാണ് ടിക്കറ്റിന്. അതില്‍ അഞ്ചുപേര്‍ക്ക് സഞ്ചരിക്കാം. ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയുമാവാം. എന്തായാലും കുടുംബസമേതം ഒരു ദിവസത്തെ ഉല്ലാസത്തിന് വേണ്ടതെല്ലാം ഈ ജലാശയക്കരയിലുണ്ട്. ചെറായി ബീച്ച്, കുഴുപ്പിള്ളി ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ അടുത്താണ്. സായന്തനം അവിടെയും ചെലവഴിക്കാം. (മാതൃഭൂമി യാത്ര സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്)

 

Malippuram 2
ഇടത്തോട് കടന്ന ബണ്ടിലൂടെ