കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പുക്കുന്ന് മലയും എലിയോട് മലയും. ആകാശനീലിമയുടെ പശ്ചാത്തലത്തില്‍ ചെങ്കല്‍പ്രതലവും കുതിരപ്പുല്‍മേടും നയനാന്ദദൃശ്യമൊരുക്കുന്ന ഭൂപ്രകൃതി. സമുദ്രനിരപ്പില്‍ നിന്ന് 1500 അടിയോളം ഉയരത്തില്‍ വിശാലമായ കാഴ്ചകള്‍ ഒരുക്കിവെച്ചിരിക്കുന്ന മലമുകള്‍.

വലിയ തോതിലുള്ള ഇരുമ്പയിര് നിക്ഷേപം ആയിരങ്ങളുടെ ജലസ്രോതസ്സുകൂടിയായ ഈ മലകളില്‍ മരണമണി മുഴക്കിക്കഴിഞ്ഞു. കാലമതാണ്, മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ പ്രകൃതിയുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്നു.

എന്നാല്‍ പുക്കുന്ന്-എലിയോട് മലകള്‍ക്കു സംരക്ഷണകവചമൊരുക്കാന്‍ വിനോദസഞ്ചാരത്തിന് സാധിക്കും. കോഴിക്കോട് നഗരവാസികള്‍ക്ക് ഒഴിവുദിവസം ചിലവഴിക്കാന്‍ അനുയോജ്യമാണ് ഈ സമീപപ്രദേശങ്ങള്‍.

pukkunnu - eliyodu mala

ചെറിയൊരു ട്രെക്കിങ്ങിലൂടെ മലകയറാം. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം മലമുകളില്‍ കാറ്റേറ്റിരിക്കാം. ജൈവവൈവിധ്യങ്ങളുടെ കലവറയായ വള്ളിക്കാവില്‍ നിന്ന് ജീവന്റെ പാഠങ്ങള്‍ പഠിക്കാം. വൈകുന്നേരത്തോടെ വീട്ടില്‍ മടങ്ങിയുമെത്താം.

കോഴിക്കോടിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ ഇടംപിടിക്കാന്‍ കെല്‍പുള്ള ഈ മനോഹരയിടങ്ങള്‍ പരിചയപ്പെടാം...

 

എലിയോട് മല

Eliyodu Mala
പച്ചപുതച്ച എലിയോട് മല. ഓഗസ്റ്റ് മാസത്തിലെ കാഴ്ച

തലക്കുളത്തൂര്‍ പഞ്ചായത്തില്‍ 150 ഏക്കറില്‍ എലിയോട് മല വ്യാപിച്ചുകിടക്കുന്നു. 1968-ല്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇവിടെ ഇരുമ്പയിര് നിക്ഷേപം കണ്ടെത്തി. അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഖനന പഠനങ്ങള്‍ എലിയോട് മലയിലേക്ക് മടങ്ങിയെത്തുകയാണ്. പരിശോധന വിജയിച്ചാല്‍ പിന്നെ മല അപ്രത്യക്ഷമാകാന്‍ അധികകാലം ഉണ്ടാവില്ല.

Eliyodu Mala
പച്ചപ്പുതപ്പ് മാറ്റി, തവിട്ടുനിറത്തിലേക്ക് മാറിയ എലിയോട് മല. നവംബര്‍ മാസത്തെ കാഴ്ച

Eliyodu Mala

Eliyodu Mala

എന്നാല്‍ വ്യാവസായിക സാധ്യതയ്ക്കുമപ്പുറം സംരക്ഷിക്കപ്പെടേണ്ട, ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ് എലിയോട് മല. വര്‍ഷങ്ങള്‍ക്കുമുമ്പ് കരനെല്‍കൃഷി നടത്തപ്പെട്ടിരുന്നു എന്ന് കരുതപ്പെടുന്ന ഈ മലയില്‍ തലനേളി, കായാമ്പൂ തുടങ്ങി ചന്ദനമരത്തിന്റെ തൈ വരെ വളര്‍ന്നുനില്‍ക്കുന്നു. മലയുടെ അടിവാരത്ത് 30 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വള്ളിക്കാട്ട് കാവ് ക്ഷേത്രം, പശ്ചിമഘട്ട വനമേഖലയിലെ അത്യപൂര്‍വ്വ സസ്യമായ മിറിസ്റ്റിക്ക ചതുപ്പുകളും ( Myristica swamp ) നിലയ്ക്കാത്ത നീര്‍ച്ചാലും ചേരുന്ന ഒരപൂര്‍വ്വ ആവാസവ്യവസ്ഥയാണ്.

Eliyodu Mala

Eliyodu Mala
വള്ളിക്കാട്ട് കാവിലെ മിറിസ്റ്റിക്ക ചതുപ്പ്

 

കാവിനോട് ചേര്‍ന്നുള്ള കാട്ടുപാതയിലൂടെ ഒരുകിലോമീറ്ററില്‍ അധികം നടന്നാല്‍ മലമുകളില്‍ എത്താം. കുരങ്ങുകളും മയിലുകളും കാട്ടുകോഴികളുമെല്ലാം ഇവിടെ വസിക്കുന്നു. കയറിച്ചെല്ലുന്നത് കുതിരപ്പുല്ല് എന്ന് വിളിക്കുന്ന ഗിനിപ്പുല്ലുകളാല്‍ മൂടപ്പെട്ടിരിക്കുന്ന വിശാലമായ നിരപ്പിലേക്കാണ്.

Eliyodu Mala

Eliyodu Mala

ഇവിടെ നിന്നു നോക്കിയാല്‍, എതിര്‍ദിശയില്‍ തുരന്ന് തുരന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പെരുവായ മലയും അതിനപ്പുറം പുക്കുന്ന് മലയും കാണാം.

പുക്കുന്ന് മല

പൊന്‍കുന്ന് എന്ന പേരാണ് പുക്കുന്നായി മാറിയത്. സ്വര്‍ണം കുഴിച്ചെടുത്തിരുന്നു എന്ന കേട്ടുകേള്‍വിയില്‍ നിന്ന് ഉത്ഭവിച്ചതാണ് ഈ പേര്. കോഴിക്കോട് - ബാലുശേരി റൂട്ടില്‍, കാക്കൂര്‍ പഞ്ചായത്തിലായി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ ഇരുമ്പയിര് ഖനനം ചെയ്ത് ഉരുപ്പടികള്‍ നിര്‍മ്മിച്ചിരുന്നതായി ഗവേഷകര്‍ പറയുന്നു.

Pukkunnu Mala

Pukkunnu Mala

1971-ല്‍ കേന്ദ്രസര്‍ക്കാര്‍ പുക്കുന്നില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഖനനം ആരംഭിച്ചു. എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്നത് ഉപേക്ഷിക്കേണ്ടിവന്നു. എലിയോട്ടെ പോലെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവിടെയും ഖനനപരീക്ഷണങ്ങള്‍ പുനരാരംഭിച്ചു.

Pukkunnu Mala

Pukkunnu Mala

എലിയോടിലും ഒരല്‍പം തലയെടുപ്പ് കൂടുതലുള്ള മലയാണ് പുക്കുന്ന്. വയലട മലനിരകളും കോഴിക്കോട് നഗരവും തെളിയുന്ന വിശാലമായ കാഴ്ചയാണ് ഇവിടെ എത്തിച്ചേരുന്നവരെ കാത്തിരിക്കുന്നത്. പുല്‍മേടുകള്‍ക്കൊപ്പം മലയുടെ വാലറ്റത്ത് നിരനിരയായി തെങ്ങുകളും കാണാം. ലളിതകലാവിദ്യാര്‍ഥികള്‍ തീര്‍ത്ത മനോഹരമായ ശില്‍പങ്ങള്‍ പുക്കുന്ന് മലയുടെ വിജനമായ പല മൂലകളിലും കിടപ്പുണ്ട്.

Pukkunnu Mala

വിനോദസഞ്ചാര സാധ്യതകള്‍

മലമുകളിലേക്ക് ചെറിയൊരു ട്രെക്കിങ്, കണ്ണെത്താദൂരം പടര്‍ന്നുകിടക്കുന്ന പുല്‍മേട്ടില്‍ കൂടാരം തീര്‍ത്ത് താമസം, എന്നിങ്ങനെ മികച്ചൊരു പിക്നിക് സ്പോട്ടിനുള്ള എല്ലാ സാധ്യതകളും ഈ മലകളിലുണ്ട്. ഒപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അറിവിന്റെ ലോകമൊരുക്കി വള്ളിക്കാട്ട് കാവിലെ ജൈവവൈവിധ്യവും. ഇവയെല്ലാം കോര്‍ത്തിണക്കിയുള്ള വിനോദസഞ്ചാര പരിപാടികള്‍ എലിയോട്, പുക്കുന്ന് മലകളില്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

 

Eliyodu Mala

Eliyodu Mala

സ്വകാര്യ-സര്‍ക്കാര്‍ ഭൂമികളിലായാണ് ഈ മലകള്‍ സ്ഥിതി ചെയ്യുന്നത്. ഉത്തരവാദിത്തത്തോടുള്ള വിനോദസഞ്ചാരം നടപ്പിലാക്കുന്നതിലൂടെ പുക്കുന്ന്-എലിയോട് മലകളെ സംരക്ഷിക്കാനാകും. ഖനനഭീഷണി നേരിടുന്ന മറ്റു ഭൂപ്രകൃതികള്‍ക്ക് പിന്തുടരാന്‍ ഒരു ഉത്തമ മാതൃകയുമാകാം...