കോടോളിപ്രം മടപ്പുര - ഒരുപക്ഷേ കേരളത്തില്‍ അവശേഷിക്കുന്ന ഏക പരമ്പരാഗത ശൈലിയിലുള്ള മടപ്പുര. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരിനടുത്ത് കോടോളിപ്രം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മടപ്പുര നൂറ്റാണ്ടുകളായി പഴമ കാത്തുപോരുന്നു. 

ഭണ്ഡാരപ്പുരയും അണിയറപ്പുരയും വിശ്വാസദീപ്തി പരത്തുന്ന ചെമ്പകമുത്തശ്ശിയും ചാണകം തേച്ച തിരുമുറ്റവും കല്‍ത്തറയും പോയകാലത്തെ ധന്യതയുടെ ബാക്കിപത്രങ്ങളാണ്. പ്രാചീനരീതിയില്‍ തെങ്ങുകൊണ്ടു നിര്‍മിച്ച ചട്ടക്കൂടില്‍ ഓലയും പുല്ലും മേഞ്ഞാണ് മേല്‍ക്കൂര ഒരുക്കിയിരിക്കുന്നത്. പുല്ലുകളില്‍ ചാണകവെള്ളം തളിച്ച് ഉണക്കിയാണ് മഴവെള്ളത്തെ പ്രതിരോധിക്കാന്‍ പാകത്തിനാക്കുന്നത്.

Kodolipram Madappura Kannur

മടപ്പുരയിലാണ് തിരുവപ്പന്‍ തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ - കാസര്‍കോട് പ്രദേശങ്ങളില്‍ നൂറുകണക്കിന് മടപ്പുരകളാണുള്ളത്. എന്നാല്‍ അവയെല്ലാം ഇന്ന് പരിഷ്‌കരിച്ച രൂപത്തിലാണ്. 

മുല്ലേരി കുടുംബമാണ് കോടോളിപ്രം മടപ്പുരയുടെ രക്ഷാധികാരികള്‍.

ഒടുവില്‍ ആ പൈതൃകവും കളമൊഴിയുന്നു...

( കോടോളിപ്രം മടപ്പുരയെ കുറിച്ച് പ്രശസ്ത നാടന്‍കലാ ഗവേഷകനും പ്രഭാഷകനുമായ പ്രൊഫ. ആര്‍.സി. കരിപ്പത്ത് എഴുതുന്നു)

കാവായ കാവുകളെല്ലാം ക്ഷേത്രങ്ങളായി കഴിഞ്ഞു. വനനീലിമയും വൃക്ഷാരൂഢവും സിമന്റ് കെട്ടിടങ്ങളായി. ആയിരത്താണ്ടുകളുടെ ധന്യപാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളെല്ലാം പുത്തന്‍ സാംസ്‌കാരികാധിനിവേശത്തില്‍ അരികുചേര്‍ക്കപ്പെടുന്നു. ക്ഷേത്രദര്‍ശനം വിലക്കപ്പെട്ട കാലത്തോട് മധുരമായി പ്രതികരിച്ചുണ്ടായ തെയ്യക്കാവുകള്‍ പിന്‍തുടര്‍ന്ന ദ്രാവിഢപാരമ്പര്യം ആര്യവത്കരണത്തിന്റെ പാതയിലാണ്.

Kodolipram Madappura Kannur

നൂറ്റാണ്ടുകളായി പഴമ കാത്തുപോരുന്ന കോടോളിപ്രത്തെ മടപ്പുര. പ്രാചീനരീതിയില്‍ പുല്ലുമേഞ്ഞ മടപ്പുരയാണ്. ഭണ്ഡാരപ്പുരയും അണിയറപ്പുരയും വിശ്വാസദീപ്തി പരത്തുന്ന ചെമ്പകമുത്തശ്ശിയും ചാണകം തേച്ച തിരുമുറ്റവും കല്‍ത്തറയും പോയകാലത്തെ ധന്യതയുടെ ബാക്കിപത്രങ്ങളാണ്.

ഗതകാലചരിത്രപാഠമായി നമ്മെ മാടിവിളിച്ച മുല്ലശ്ശേരിക്കണ്ടി മടപ്പുരയ്ക്കുമേലെയും യന്ത്രക്കൈകള്‍ സംഹാരശക്തിയോടെ ഉയരുകയാണ്. ഈ പാരമ്പര്യ നന്‍മയും വിശുദ്ധിയും കളമൊഴിയുകയാണ്. തല്‍സ്ഥാനത്ത് കോണ്‍ക്രീറ്റ് റൂമില്‍ മുത്തപ്പനെ വേദമന്ത്രധ്വനികളോടെ പുരോഹിതന്‍ പ്രതിഷ്ഠിക്കും. കൊല്ലന്തോറും പ്രതിഷ്ഠാദിന മഹോത്സവവും അരങ്ങേറും.

Kodolipram Madappura Kannur

ദ്രാവിഢാരാധനാ രീതിയുടെ അടിസ്ഥാന ശില തന്നെ പിഴുതെടുക്കപ്പെടുകയാണ്. പ്രതിഷ്ഠയുള്ള കാവിനു മുന്നില്‍ പിന്നെന്തിനാണ് വരവിളി? അകലെയുള്ള കാവില്‍ വരികാ വരിക എന്നു തൊണ്ടപൊട്ടുമാറ് തോറ്റംപാടി വിളിച്ചാലും ഉറപ്പിച്ചുവെച്ച തെയ്യത്തിന് എഴുന്നേറ്റു വരാനാകുമോ?

നമുക്ക് ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കാം. ഉത്തരത്തിന്റെ മുള്‍മുനകൊണ്ട് മനസ്സുകീറി ചോരപൊടിയാതെ നമുക്കും സ്വസ്ഥരാകാം...