പിടിച്ചിരുന്നോണം, ഇനിയങ്ങോട്ട് മുഴുവന്‍ കല്ലുനിറഞ്ഞവഴിയാ...'' ഡ്രൈവര്‍ മണിച്ചേട്ടന്‍ പറഞ്ഞത് അത്ര ഗൗനിക്കാതെയാണ് ജീപ്പിലിരുന്നത്. മണലിയാംപാടം മലയുടെ മാറിടം നെറുകേ പിളര്‍ന്നുകൊണ്ട് മണിച്ചേട്ടന്റെ ഫോര്‍വീലര്‍ ജീപ്പ് പുകയുംതുപ്പി കല്‍ക്കുണ്ടില്‍നിന്ന് നീങ്ങിത്തുടങ്ങി. മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് പ്രദേശത്താണ് കേരളാംകുണ്ട് വെള്ളച്ചാട്ടം നാണിച്ച് ഒളിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റിട്ട പാതകളിലൂടെ സുഖിച്ച് യാത്രചെയ്തിരുന്ന ഞങ്ങളെ കാത്ത് ഭീമന്‍ കല്ലുകള്‍ വഴിയില്‍ കാത്തിരിപ്പുണ്ടെന്ന് മണിച്ചേട്ടന്‍ നേരത്തേ സൂചന നല്‍കിയിരുന്നു. ആനത്താനംപാടിയില്‍ ഒരു ഭീമന്‍ കല്ലിനെ കീഴടക്കി ജീപ്പ് കുതിച്ചപ്പോള്‍ എന്റെ തല കമ്പിയിലൊന്നിടിച്ചു. മണിച്ചേട്ടന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്. ഏതായാലും സംഗതി ഭേഷായി. ആ ഇടി എന്നിലെ യാത്രികനെ ഉണര്‍ത്തിയെന്നുവേണം പറയാന്‍.

ജീപ്പിനു വെളിയിലേക്ക് കണ്ണോടിച്ചപ്പോള്‍ ചുറ്റും ഇടതൂര്‍ന്ന മരങ്ങളും അവയ്ക്കിടയിലൂടെ നെഞ്ചുവിരിച്ച് നില്‍ക്കുന്ന മലനിരകളും. പ്രകൃതിസൗന്ദര്യത്തിന്റെ മാറ്റ് എത്രത്തോളമെന്ന് ഓരോ വളവുകള്‍ പിന്നിടുമ്പോഴും അറിഞ്ഞു. മുകളിലേക്കെത്തുംതോറും തണുപ്പ് പൊതിയാന്‍ തുടങ്ങി. വഴിയിലെ ഒരു ഭീമന്‍ വളവിനെപ്പറ്റി ഞങ്ങളുടെ ഗൈഡ് ഷിന്റോ പറഞ്ഞിരുന്നു. സുപ്രന്‍ വളവ് എന്നാണ് അതിന്റെ പേര്. കാഴ്ചയില്‍ സുപ്രന്‍ ശാന്തനാണെങ്കിലും സ്വഭാവത്തില്‍ വില്ലനാണ്. ഇതുവഴി പോകുന്ന മിക്ക വാഹനങ്ങള്‍ക്കും സുപ്രന്‍ അപകടത്തിന് വഴിവെക്കുന്നു. സഞ്ചാരികള്‍ക്ക് സ്വന്തം വാഹനങ്ങള്‍ കേരളാംകുണ്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഏവരും കല്‍ക്കുണ്ടിലുള്ള ഫോര്‍വീലര്‍ ജീപ്പുകളെയാണ് ആശ്രയിക്കുന്നത്. പരിചയസമ്പത്തിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ഇവര്‍ക്ക് സുപ്രന്‍ വളവ് മറികടക്കാന്‍ സാധിക്കുന്നത്. കല്‍ക്കുണ്ടില്‍നിന്ന് കേരളാംകുണ്ടുവരെയുള്ള യാത്ര ഓഫ് റോഡ് ഇഷ്ടപ്പെടുന്ന യാത്രികര്‍ക്ക് വേറിട്ട അനുഭവം നല്‍കുന്ന ഒന്നാണ്. എന്തായാലും നീട്ടി ഹോണടിച്ച് സുപ്രന്‍ വളവിനെ ബഹുമാനിച്ചാണ് ഞങ്ങളുടെ ജീപ്പ് അതിലേ കടന്നുപോയത്.

Kerala Kundu Waterfalls Malappuram

യാത്രാമധ്യേ ഒരു കൂറ്റന്‍ ആല്‍മരത്തില്‍ കണ്ണുടക്കി. ആല്‍മരങ്ങള്‍ പലതവണ കണ്ടിട്ടുണ്ടെങ്കിലും ആ മരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു ഭീമന്‍ പാറയെ ചുറ്റിയാണ് മരം നിലനില്‍ക്കുന്നത്. മരം പാറയെയാണോ പാറ മരത്തെയാണോ കെട്ടിപ്പിടിച്ചിരിക്കുന്നത് എന്നതായി എന്റെ ചോദ്യം. ആ ഭീമന്‍ പാറയെ പൂര്‍ണമായും മരത്തിന്റെ വേരുകള്‍ പൊതിഞ്ഞിരിക്കുന്നു. പാറയെയും മരത്തെയും കമിതാക്കളായാണ് തോന്നിയത്. കല്‍ക്കുണ്ടില്‍നിന്ന് ഏതാണ്ട് രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് ഒടുവില്‍ ഞങ്ങള്‍ കേരളാംകുണ്ടിലെത്തി.

Kerala Kundu Waterfalls Malappuram

കല്ലിട്ട പാതകളിലൂടെയുള്ള ദുര്‍ഘടമായ പാതയ്ക്കുള്ള മറുപടിയായിരുന്നു കേരളാംകുണ്ട്. 10 രൂപയുടെ പ്രവേശനടിക്കറ്റുമെടുത്ത് കേരളാംകുണ്ടിലേക്ക് ഞങ്ങള്‍ നടന്നുതുടങ്ങി. വെള്ളച്ചാട്ടം മലയുടെ മുകളിലാകുമെന്നു കരുതിയ എനിക്ക് തെറ്റി. പ്രവേശന കവാടത്തില്‍നിന്ന് താഴേക്ക് ഇറങ്ങിച്ചെന്നുവേണം കേരളാംകുണ്ടിലെത്താന്‍. ഓരോ അടി പിന്നിടുമ്പോഴും വെള്ളച്ചാട്ടത്തിന്റെ ചെമ്പടതാളം കേള്‍ക്കാം. 

Kerala Kundu Waterfalls Malappuram

പ്രകൃതിയുടെ കരവിരുത് പ്രകടമായ വെള്ളച്ചാട്ടം. സുദൃഢമായ ഇരുമ്പുപാലം സന്ദര്‍ശകരെ വെള്ളച്ചാട്ടത്തിലേക്ക് നയിക്കുന്നു. പാലത്തിലെത്തുമ്പോഴേ വെള്ളച്ചാട്ടത്തിന്റെ കുസൃതികലര്‍ന്ന സംസാരം കാതിലേക്കെത്തും. കുന്തിപ്പുഴയുടെ കൈവഴിയായ ഒലിപ്പുഴയാണ് കേരളാംകുണ്ടിലേക്ക് തട്ടിത്തടഞ്ഞ് ഒഴുകിവരുന്നത്. പാലത്തിലൂടെ ഞങ്ങള്‍ വെള്ളച്ചാട്ടത്തിനടുത്തേക്കെത്തി. 

വെള്ളച്ചാട്ടത്തെക്കാളുപരിയായി അത് വീഴുന്ന ഇടമാണ് കൂടുതല്‍ ആകര്‍ഷിച്ചത്. മലബാറുകാര്‍ കുണ്ട് എന്നു വിളിക്കുന്ന വലിയൊരു കുഴിയിലേക്ക് ഒലിപ്പുഴ ശക്തിയായി പെയ്തിറങ്ങുന്നു. കുണ്ടില്‍ നീന്തല്‍ക്കുളത്തിന്റെ രൂപത്തിലേക്ക് ഒലിപ്പുഴ വേഷപ്പകര്‍ച്ച നടത്തും. തെളിനീരിനാല്‍ കേരളാംകുണ്ട് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാണ് ഒരുക്കുന്നത്. മഴക്കാലത്ത് രൗദ്രഭാവത്തോടെ കുഴിയിലേക്ക് പാഞ്ഞെത്തുന്ന പുഴ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ സുഖം നല്‍കുമ്പോള്‍ വേനല്‍ക്കാലത്ത് ഒലിപ്പുഴ ഒരു മഴയായി പെയ്തിറങ്ങി സന്ദര്‍ശകരെ കുണ്ടിലേക്ക് ആകര്‍ഷിക്കുന്നു. ചുറ്റും വലിയ പാറക്കല്ലുകളാല്‍ പ്രകൃതി പണിത മനോഹരമായ ചുറ്റുമതില്‍ കേരളാംകുണ്ടിന് സംരക്ഷണമേകുന്നു. അവയില്‍ പച്ചപ്പോടെ തൂങ്ങിയാടുന്ന വള്ളിപ്പടര്‍പ്പുകള്‍ വെള്ളച്ചാട്ടത്തിന്റെ താളത്തിനനുസരിച്ച് നൃത്തംവെക്കും.

Kerala Kundu Waterfalls Malappuram

നൂറ്റാണ്ടുകളോളം പഴക്കമുള്ള, പ്രകൃതി നിര്‍മിച്ച 'നീന്തല്‍ക്കുളത്തിലേക്ക്' ഊളിയിടാനായി ഞാന്‍ കൊതിച്ചു. എന്നാല്‍ താത്കാലികമായി കേരളാംകുണ്ടിലേക്ക് ഇറങ്ങുന്നത് നിരോധിച്ചിരിക്കുന്നു എന്ന് സെക്യൂരിറ്റി പപ്പന്‍ ചേട്ടന്‍ പറഞ്ഞതോടെ നിരാശയായി. വെള്ളച്ചാട്ടത്തിലേക്ക് കണ്ണോടിച്ചപ്പോള്‍ അത് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി തോന്നി. ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു, ഇനിയും കേരളാംകുണ്ട് സന്ദര്‍ശിക്കണം. ഒലിപ്പുഴയില്‍ നീന്തിത്തുടിക്കണം.  

മനസ്സില്ലാമനസ്സോടെ ഞാന്‍ തിരിച്ചുനടന്നു. അപ്പോഴും ഒലിപ്പുഴയുടെ കിന്നാരം കേള്‍ക്കാമായിരുന്നു.

(ജനുവരിയില്‍ നടത്തിയ യാത്രാനുഭവമാണിത്. ഫെബ്രുവരി മുതല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുവാദം നല്‍കുന്നുണ്ട്.)

About Kerala Kundu Waterfalls

Waterfalls is situated in Kalkund village, Malappuram District. It is a natural wonder in the valley of western ghats, that is formed due to the cascade on a large rock over many centuries. Olippuzha is the river which gives water strength to Keralamkund. There is an off road driving facility avaliable from Kalkundu to Keralamkund (Around 3 km). The visitors can arrange jeep service from Kalkundu.

Get There

By road: From Kozhikode side,Get in to Manjeri bus and Get Down at Manjeri.Get in to Karuvarakund Bus. You can hire an auto or taxi from Karuvarakund to Kalkund. From Kalkund to Kerala kund Jeep services are available.

From Trivandrum side, Get in to Thrissur bus. From Thrissur Get in to Perinthalmanna bus and get down at Perinthalmanna. From Perinthalmanna get in to get in to Karuvarakund Bus.

 By train: Melattur (20.1 km), Shornur (73.4 km)

By air: Calicut International Airport(61.3 km)

Contact
Shinto 9446128681
Website-www.keralamkunduwaterfalls.com Entry Time-9 AM-5 PM
Entry Fee - rs. 10/ Jeep from Kalkund to Keralamkund rs. 500/ (up and down)

Stay
Hill Valley Resort-9447843853, Potizot resort 9447759549 
Vayalil Lodge 9447261767