'കാട്ടുവാസികള്‍' എന്നായിരുന്നു വീട്ടുകാര്‍ ഞങ്ങളെ വിളിച്ചിരുന്നത്. സഹോദരങ്ങള്‍ ഒത്തുചേരുമ്പോഴെല്ലാം ഒരു വനയാത്ര; വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ ശീലമായിരുന്നു ആ പേരിനുപിന്നില്‍. സമപ്രായക്കാരായ ഞങ്ങള്‍ക്ക് കാടിനോടുള്ള പ്രേമം തലയ്ക്കുപിടിച്ചിട്ട് വര്‍ഷങ്ങളായി. കണ്ടിട്ടും കണ്ടിട്ടും മതിയാവാതെ, വനഭൂമികളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു...

അങ്ങനെയിരിക്കെ ഒറ്റത്തടിയായിരുന്ന ഞങ്ങളെ വീട്ടുകാര്‍ പിടിച്ചങ്ങ് കെട്ടിച്ചു. ഒരാഴ്ചത്തെ ഇടവേളയിലായിരുന്നു എന്റെയും സഹോദരന്റെയും വിവാഹം നടന്നത്. മൂക്കുകയര്‍ വീണെന്നും കറങ്ങാന്‍ പോകുന്നതൊക്കെ ഇനി കാണാമെന്നുമുള്ള വെല്ലുവിളികളായിരുന്നു പിന്നീട് ബന്ധുക്കളില്‍ നിന്ന്‌ നേരിടേണ്ടിവന്നത്. എന്നാല്‍ അധികം വൈകാതെതന്നെ അതിനുള്ള മറുപടിയുമായി ഞങ്ങള്‍ രംഗത്തുവന്നു. നവദമ്പതിമാരും ചേട്ടനും ചേച്ചിയും അവരുടെ കുട്ടികളുമൊന്നിച്ച്‌ കാട്ടിലേക്കൊരു യാത്ര നടത്തിയായിരുന്നു ആ മറുപടി. 

കുടുംബത്തോടൊപ്പമുള്ള ആദ്യ കാനനയാത്ര സിനിമയിലൂടെ സൂപ്പര്‍സ്റ്റാറായ ഗവിയിലേക്ക് ആയിരുന്നു. കൊടുംകാട്ടിനുള്ളിലെ ഗ്രാമവും അവിടേയ്ക്കുള്ള ആനവണ്ടിയും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. എന്നാല്‍ അതിനുമപ്പുറം പെരിയാര്‍ വനത്തിനുള്ളില്‍, ചെറിയൊരു അണക്കെട്ടിന്റെ പരിസരത്തായി ഒരുക്കിയ മനോഹരമായ ഒരു വിനോദസഞ്ചാരമേഖലയും കൂടിയാണ് ഗവി.

നാല് ദമ്പതിമാരും രണ്ട് കുട്ടികളും അടങ്ങുന്ന ഞങ്ങളുടെ സംഘം പശ്ചിമഘട്ടത്തിലെ ആ സുന്ദരഭൂമിയിലേക്ക് യാത്ര തിരിച്ചു...

Gavi Eco Tourism

വനപ്രവേശം​, വഴിയോരക്കാഴ്ചകള്‍

വണ്ടിപ്പെരിയാര്‍ ടൗണിലെ തിരക്കില്‍ നിന്നു തിരിഞ്ഞ് എട്ടുകിലോമീറ്റര്‍ മാറിയാണ് വനാതിര്‍ത്തിയായ വള്ളക്കടവ് ചെക്ക്പോസ്റ്റ്. പുല്‍മേട്ടിലൂടെ ശബരിമലയിലേക്ക് കാല്‍നടയായി പോകാനുള്ള സത്രം ഇടത്താവളം സമീപപ്രദേശമാണ്.

Gavi Eco Tourism
വള്ളക്കടവിലെ ചെക്ക്‌പോസ്റ്റ്‌

Gavi Eco Tourism

Gavi Eco Tourism

Gavi Eco Tourism

വനത്തിനുള്ളിലൂടെയുള്ള റോഡിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിക്കണം ഗവിയിലെത്താന്‍. 'സ്വാമി ശരണം' എന്നെഴുതിയ കവാടം കടന്ന് ഞങ്ങളുടെ വാഹനം അകത്തേക്ക് പ്രവേശിച്ചു. കടുവാസങ്കേതമായതിനാല്‍ ഇവിടെ സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടാറിട്ട റോഡാണെങ്കിലും ഒട്ടുമിക്ക ഭാഗങ്ങളും തകര്‍ന്നിരിക്കുന്നു. കുണ്ടും കുഴിയും ഒപ്പം ഹമ്പും താണ്ടി ഞങ്ങളുടെ സ്‌കോര്‍പിയോ മുന്നോട്ടുനീങ്ങി.

നോക്കിക്കോ, ആനുമ്മാമ ഇപ്പോ വരും... കുട്ടികളുടെ ശ്രദ്ധ കാനനക്കാഴ്ചകളിലേക്ക് തിരിക്കുന്നതിനൊപ്പം മുതിര്‍ന്നവരുടെ കണ്ണുകളും പുറത്തെ കാഴ്ചകളിലേക്ക് നീണ്ടു. പുല്‍മേടുകളും ഇടതൂര്‍ന്ന വൃക്ഷങ്ങളും മാറിമറയുന്ന നയനമനോഹരദൃശ്യങ്ങളായിരുന്നു ഇരുവശങ്ങളിലും. 

ഓരോ അനക്കവും ശ്രദ്ധിച്ച്, ഇലകള്‍ക്കിടയില്‍ ആനയോ കാട്ടുപോത്തോ മറഞ്ഞിരുപ്പുണ്ടോ എന്നുനോക്കി പോകുന്നതിനിടയ്ക്ക്, അതാ വഴിയോരത്ത് ഒരാള്‍ നില്‍ക്കുന്നു. കയ്യില്‍ സഞ്ചിയും പിടിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് കാത്തുനില്‍ക്കുകയാണ്. കാത്തിരിപ്പു കേന്ദ്രമോ, ഇരിക്കാന്‍ സൗകര്യമോ ഇല്ല. അങ്ങനെയൊരിടത്ത് ഒരു മനുഷ്യനെ കണ്ടുമുട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല!

Gavi Eco Tourism

ഇടതൂര്‍ന്ന വൃക്ഷക്കൂട്ടങ്ങളുടെ ഇടയിലൂടെയുള്ള യാത്ര പെട്ടന്നൊരു മൊട്ടക്കുന്നിലേക്ക് പ്രവേശിച്ചു. ഒരു വശത്ത് മനോഹരമായ മലനിരകള്‍. അവയ്ക്കിടയില്‍ ഷോലവനങ്ങള്‍. അധികം അകലെയല്ലാതെ, ഗവി അണക്കെട്ടും കാണാം. ഓര്‍ഡിനറി സിനിമയില്‍ ഈ സ്ഥലം കണ്ടതായി ഓര്‍മവന്നു.

അണക്കെട്ടിനു സമീപത്തെ അത്ഭുതലോകം

Gavi Eco Tourism

മൂന്നു മണിയായി ഗവിയിലെത്തിയപ്പോള്‍. അണക്കെട്ടിന്റെ മറുവശത്തായി ഗ്രീന്‍ മാന്‍ഷന്‍ എന്ന പേരിലുള്ള സമുച്ചയത്തിലാണ് ടൂറിസം ഓഫീസ്. ജംഗിള്‍ ലോഡ്ജും ഈ കെട്ടിടത്തിലാണ്. സന്ദര്‍ശകര്‍ക്കായി 14 മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തൊട്ടുമുന്നിലായി ഭക്ഷണശാലയും ബോട്ടിങ് പോയിന്റും. 

Gavi Eco Tourism
ഗ്രീന്‍ മാന്‍ഷന്‍
Gavi Eco Tourism
ഗവി എക്കോ ടൂറിസം- സ്വീകരണാലയം

അണക്കെട്ടിന്റെ ഇപ്പുറത്തിരിക്കുന്ന ഒറ്റപ്പെട്ട ഏഴു കൂടാരങ്ങളാണ് കോട്ടേജ് ടെന്റുകള്‍. വിശാലമായ മുറിയും അതിനോട് ചേര്‍ന്ന് ശൗചാലയവും. ഓരോ കൂടാരത്തിലും മൂന്ന് പേര്‍ക്ക് സുഖമായി താമസിക്കാം. ജലാശയത്തിന് അഭിമുഖമായാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

Gavi Eco Tourism
ഗവിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന കോട്ടേജ് ടെന്റ്‌

ഞങ്ങളെ കാത്ത് അവിടെ രണ്ടു ഗൈഡുകള്‍ നില്‍പുണ്ടായിരുന്നു. ഓഫീസില്‍ ചെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം 15 മിനിട്ട് എടുത്തുകാണും. നാലു മണിക്ക് ഗ്രീന്‍ മാന്‍ഷനു മുന്നില്‍ മടങ്ങിയെത്താമെന്നു ഗൈഡ് ചേട്ടന്‍മാര്‍ക്ക് ഉറപ്പുകൊടുത്തശേഷം ഞങ്ങള്‍ കൂടാരങ്ങളിലേക്ക് പോയി. 

Gavi Eco Tourism
കൂടാരത്തിന്റെ ഉള്‍വശം

 

വെള്ളച്ചാട്ടത്തിലേക്ക് വള്ളം തുഴഞ്ഞ് 

ഭക്ഷണശാലയില്‍ നിന്ന് കാപ്പി കുടിച്ച ശേഷം ബോട്ടിങ് ആരംഭിച്ചു. ഒരു ബോട്ടില്‍ നാലു മുതിര്‍ന്നവരും ഒരു കുട്ടിയും എന്ന കണക്കില്‍ രണ്ടു ബോട്ടുകളിലായി ജലയാത്ര ആരംഭിച്ചു. ഗവിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗൈഡ് ചാമി ബോട്ട് തുഴയുന്നു. അക്കരെയുള്ള വെള്ളച്ചാട്ടമാണ് ലക്ഷ്യം.

Gavi Eco Tourism
ഗവി അണക്കെട്ട്‌

 

20 മിനിട്ട് എടുത്തുകാണും അവിടെയെത്താന്‍. ബോട്ടില്‍ നിന്നിറങ്ങുമ്പോഴേ കുത്തിവീഴുന്ന വെള്ളത്തിന്റെ ശബ്ദം കാതില്‍വന്നുപതിച്ചു. പാറക്കെട്ടുകളിലൂടെ നടന്നുവേണം അതിന്റെ അരികിലെത്താന്‍.

Gavi Eco Tourism
അണക്കെട്ടിലെ ബോട്ടിങ്‌

Gavi Eco Tourism

Gavi Eco Tourism

Gavi Eco Tourism

Gavi Eco Tourism
ചാമി - ഗവിയിലെ ഞങ്ങളുടെ വഴികാട്ടി

 

വലിയ ഉയരമില്ലാത്ത വെള്ളച്ചാട്ടമാണെങ്കിലും ശക്തമായാണ് വന്നുപതിക്കുന്നത്. ഒപ്പം കൊടുംതണുപ്പും. ബോട്ടിങ്ങിന്റെ അവസാന ട്രിപ്പുകളായതിനാലാവാം, വലിയ തിരക്കില്ല. കൂട്ടത്തിലെ കുഞ്ഞുവാവയായ ഗൗരി ഉള്‍പ്പെടെ എല്ലാവരും വെള്ളത്തിലിറങ്ങി തിമിര്‍ത്തു. ആവേശം അണപൊട്ടിയ നിമിഷങ്ങള്‍. ഞങ്ങളുടെ ഉല്ലാസയാത്രയ്ക്ക് ജീവന്‍ പകര്‍ന്നത് ഈ വെള്ളച്ചാട്ടമാണെന്നു തന്നെ പറയാം.

Gavi Eco Tourism
ഗവി ജലാശയത്തിന്റെ അങ്ങേക്കരയിലെ വെള്ളച്ചാട്ടം

 

രാത്രിയായി; ഇനി ഭക്ഷണം, വിശ്രമം

Gavi Eco Tourism
ഗവിയില്‍ പാക്കേജ് ടൂറിസ്റ്റുകള്‍ക്ക് മാത്രമായി സജ്ജീകരിച്ചിരിക്കുന്ന ഭക്ഷണശാല
Gavi Eco Tourism
ഗവിയില്‍ പാക്കേജ് ടൂറിസ്റ്റുകള്‍ക്ക് മാത്രമായി സജ്ജീകരിച്ചിരിക്കുന്ന ഭക്ഷണശാല

 

അഞ്ചരയോടെ മടങ്ങിയെത്തിയ ഞങ്ങള്‍ വിശ്രമിക്കാനായി കൂടാരങ്ങളിലേക്ക് മടങ്ങി. രാത്രി ഏഴര മുതല്‍ എട്ടര വരെയാണ് അത്താഴം. എല്ലാ റൂമിലുള്ളവര്‍ക്കും കൂടിയുള്ള പൊതുഭക്ഷണശാലയാണ്. ചപ്പാത്തി, പരിപ്പുകറി, ഫ്രൈഡ്റൈസ്, ചിക്കന്‍ തുടങ്ങിയ വിഭവങ്ങള്‍ അണിനിരന്ന ബുഫെ. ഭക്ഷണത്തിനു ശേഷം അടുത്തുള്ള പന്തലില്‍ തീകായാനുള്ള സൗകര്യവുമുണ്ട്. കനലിലേക്ക് എടുത്തുചാടുമെന്ന് തോന്നിക്കുന്ന വിധത്തിലാണ് പലരും നില്‍ക്കുന്നത്. തണുപ്പിന്റെ കാഠിന്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു കരുതുന്നു.

Gavi Eco Tourism

ഒമ്പതോടെ എല്ലാവരും അവരവരുടെ റൂമിലേക്ക് പിരിഞ്ഞു. പുലര്‍ച്ചെ ആറുമണിക്ക് ഗ്രീന്‍ മാന്‍ഷനു മുന്നില്‍ എത്തിച്ചേര്‍ന്നാല്‍ ആദ്യ സഫാരി സംഘത്തില്‍ ഇടംപിടിക്കാമെന്നും വന്യജീവികളെ കാണാന്‍ കൂടുതല്‍ സാധ്യത അപ്പോഴാണെന്നും ചാമി അഭിപ്രായപ്പെട്ടു. തണുപ്പിന്റെ അവസ്ഥ നോക്കുമ്പോള്‍ പുലര്‍ച്ചെയുള്ള എഴുന്നേല്‍പ്പ് നടക്കുമോ എന്ന സംശയമാണ് അപ്പോള്‍ ഞങ്ങളുടെ മനസില്‍ ഉദിച്ചത്.

Gavi Eco Tourism

ഒരു ഓര്‍ഡിനറി സഫാരി

എങ്ങനെ സംഭവിച്ചു എന്നൊന്നും അറിയില്ല, കൃത്യം ആറുമണിക്കു തന്നെ ഞങ്ങള്‍ സഫാരിക്ക് തയാറായി. ജീപ്പിലും വാനിലുമായാണ് സഫാരി ഒരുക്കിയിരിക്കുന്നത്. കട്ടനടിച്ച ശേഷം ആദ്യം തന്നെ ഞാന്‍ എന്റെ ഭാര്യക്കൊപ്പം വാനിന്റെ ജനാലയ്ക്ക് അരികിലുള്ള സീറ്റ് പിടിച്ചു. 

Gavi Eco Tourism
ഈ ചെറുബസ്സിലാണ് ഗവിയിലൂടെയുള്ള വനസഫാരി

 

പത്തനംതിട്ട റൂട്ടിലേക്കാണ് യാത്ര. ഏകദേശം 12 കിലോമീറ്റര്‍ ദൂരം പോകും. ശബരിഗിരി പദ്ധതിയിലെ മറ്റൊരു അണക്കെട്ടായ പമ്പയും വഴിയില്‍ കാണാം. പെട്ടന്ന് വാന്‍ നിര്‍ത്തി; അതാ അങ്ങകലെ പൊട്ടുപോലൊരു ആന. അടുത്തു കാണണമെങ്കില്‍ ബൈനോക്കുലര്‍ വേണമെന്നുമാത്രം. 

Gavi Eco Tourism
വനത്തിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസ്‌
Gavi Eco Tourism
വനത്തിലൂടെ കടന്നുപോകുന്ന കെഎസ്ആര്‍ടിസി ബസിന് വഴികൊടുക്കുന്ന സഫാരി ജീപ്പ്‌

 

എന്നാല്‍ അധികം വൈകാതെ മറ്റൊരാന ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്തു; സാക്ഷാല്‍ ആനവണ്ടി. കലിപൂണ്ട കൊമ്പനെ പോലെ, കാടിളക്കി വന്ന അവന്‍ ഞങ്ങളുടെ വാനിന്റെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു. ഇങ്ങനെയൊരു സ്ഥലത്ത് ബസ്സോ?, ഇതരസംസ്ഥാനക്കാരനായ വിനോദസഞ്ചാരികള്‍ക്ക്‌ അത്ഭുതം. ഞങ്ങള്‍ക്ക് പിന്നിലുള്ള ജീപ്പുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും വഴിമാറിക്കൊടുത്തു. പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ വഴിയിലൂടെ ആ കെ.എസ്.ആര്‍.ടി.സി. ബസ് അനായാസം കടന്നുപോയി.

Gavi Eco Tourism
ഗവിയില്‍ നിന്ന് പൊന്നമ്പലമേട്ടിലേക്കുള്ള കാനനവഴിയാണ് ചിത്രത്തില്‍. അധികൃതര്‍ക്കു മാത്രമാണ് പ്രവേശനം

ബസ്സിലിരുന്നുള്ള കാനനക്കാഴ്ചകളില്‍ ഇടയ്ക്കിടെ തോട്ടംതൊഴിലാളികളുടെ കോളനികളും ദൃശ്യമാകും. നിവാസികള്‍ക്കായി ഒരു പ്രാഥമിക വൈദ്യശാലയും പാഠശാലയുമുണ്ടെന്ന് പ്രദേശവാസികൂടിയായ ചാമി പറഞ്ഞു.

കാണാം, സന്നിധാനവും പൊന്നമ്പലമേടും
 
ഒമ്പത് മണിയോടെ ഞങ്ങള്‍ ഗവിയില്‍ തിരിച്ചെത്തി. ഇനി ഭക്ഷണം. ഇഡ്ഡലിയും ഉപ്പുമാവും പഴവുമുണ്ട്. ട്രെക്കിങ്ങിന് മുമ്പ് മിതമായ ഭക്ഷണമേ പാടുള്ളൂ എന്നാണ്. കൊടുത്ത കാശ് പരമാവധി മുതലാക്കേണ്ടേ എന്നു കരുതി ഈയൊരു നിയമം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു.

Gavi Eco Tourism
ശബരിമല കാഴ്ചമുനമ്പിലേക്കുള്ള മലകയറ്റം
Gavi Eco Tourism
കാഴ്ചാമുനമ്പില്‍ വിശ്രമിക്കുന്ന സന്ദര്‍ശകര്‍

ഗ്രീന്‍ മാന്‍ഷന് പിന്നിലൂടെയാണ് ട്രെക്കിങ് പാത. സമയം പത്തുമണി. ശബരിമലയും പൊന്നമ്പലമേടും ദൃശ്യമാകുന്ന കാഴ്ചാമുനമ്പിലേക്ക്. കുത്തനെയുള്ള കയറ്റമാണെങ്കിലും ദൂരം കുറവാണ്. സ്ത്രീകളും കുട്ടികളുമെല്ലാം കയറുന്നുണ്ട്. ഒരേ ആവേശത്തോടെ ഞങ്ങള്‍ പത്തുപേരും മലകയറി.

Gavi Eco Tourism
ശബരിമല കാഴ്ചമുനമ്പില്‍ നിന്നുള്ള സന്നിധാന ദര്‍ശനം

ഇവിടെ നിന്നാല്‍, ഒരുവശത്ത് ചെറിയൊരു പട്ടണം പോലെ തോന്നിക്കുന്ന ശബരിമല സമുച്ചയവും മറുവശത്ത് മകരജ്യോതി തെളിയുന്ന പൊന്നമ്പലമേടും കാണാം. ഗവിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ കാട്ടുപാതയിലൂടെ സഞ്ചരിച്ചാല്‍ പൊന്നമ്പലമേട്ടിലെത്താം. 

Gavi Eco Tourism
ശബരിമല കാഴ്ചമുനമ്പില്‍ നിന്നുള്ള സന്നിധാന ദര്‍ശനം

തിങ്ങിനിറഞ്ഞ ഈറ്റക്കാടുകള്‍ക്കിടയിലൂടെയാണ് ഞങ്ങള്‍ മലയിറങ്ങിയത്. അമ്മയുടെ ഒക്കത്തിരുന്ന് മൂന്നു വയസുകാരി ഗൗരിയും കാലില്‍ നുഴഞ്ഞുകയറിയ അട്ടകളെ തട്ടിമാറ്റി മൂന്നാം ക്ലാസുകാരന്‍ അഭിനവും മിടുമിടുക്കരായി മുന്നോട്ടുനീങ്ങി. അതേസമയം ചോരകുടിച്ച് വീര്‍ത്ത അട്ടയെ കണ്ട് മുതിര്‍ന്നവരില്‍ പലരും പരവേശത്തിലുമായി. സംസാരം ഉച്ചത്തിലായതോടെ ട്രെക്കിങ്ങില്‍ പാലിക്കേണ്ട നിശബ്ദതയെയും ജാഗ്രതയെയും കുറിച്ച് ഗൈഡ് ഞങ്ങളെ ഓര്‍മപ്പെടുത്തി.

Gavi Eco Tourism

പതിനൊന്നു മണിയോടെ കാടിറങ്ങി റോഡിലെത്തി. ചെറിയൊരു ബസ് സ്റ്റോപ്പില്‍ വണ്ടി കാത്തുനില്‍ക്കുന്ന ഒരു കുടുംബത്തിന് മുന്നിലേക്കാണ് ഞങ്ങള്‍ ഇറങ്ങിച്ചെന്നത്.

Gavi Eco Tourism
കുമളി പട്ടണത്തിലേക്ക് പോകാന്‍ കെഎസ്ആര്‍ടിസി ബസ് കാത്തുനില്‍ക്കുന്ന ഗവിയിലെ ഒരു കുടുംബം

വഴിയുടെ മറുവശത്ത് ഏലം തോട്ടമാണ്. ഒരു ഏലം ചെടിയുടെ അടുത്തേക്ക് ഞങ്ങളെ നയിച്ച ചാമി, കൃഷിരീതിയെ കുറിച്ച് വിശദമായി വിവരിച്ചു. 

Gavi Eco Tourism
ഏലത്തോട്ട സന്ദര്‍ശനത്തില്‍ കൃഷിരീതി വിവരിക്കുന്ന ഗൈഡ് 

ഞങ്ങള്‍ തിരിച്ചുനടക്കുമ്പോള്‍ പത്തനംതിട്ടയില്‍ നിന്ന് കുമളിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് അതിലെ കടന്നുപോയി. പട്ടണത്തില്‍ നിന്നു കൈനിറയെ സാധനങ്ങളുമായി നാട്ടുകാരും നടന്നുനീങ്ങുന്നു.

ഗ്രീന്‍ മാന്‍ഷനു സമീപം ഒരു ചെറിയ പ്രദര്‍ശനശാല ഒരുക്കിയിട്ടുണ്ട്. ആനയുടെ അസ്ഥികൂടം ഉള്‍പ്പെടെയുള്ള ശേഖരങ്ങളാണ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏതാനും മിനിട്ട് അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ കൂടാരത്തിലേക്ക് മടങ്ങി.

ചെക്ക്ഔട്ട് രണ്ടുമണിക്കാണ്. തിരികെ കൂടാരങ്ങളിലേക്ക് മടങ്ങിയ ഞങ്ങള്‍ ഏതാനും മണിക്കൂര്‍ ഗവി അണക്കെട്ടിന്റെ പരിസരങ്ങളിലൂടെ കറങ്ങിനടന്നു. ഹണിമൂണെന്ന് പറഞ്ഞു വന്നിട്ട്, ഭാര്യക്കൊപ്പം നടന്നില്ല എന്ന പരാതി വേണ്ട. ഓരോ ജോഡികളും ഏകാന്തതയുടെ അപാരതീരം തേടി ഓരോ ദിശയിലേക്ക് നടന്നുനീങ്ങി. സമയം 12 മണിയായി എങ്കിലും തണുപ്പിന്റെ കാഠിന്യത്തിന് വലിയ കുറവൊന്നുമില്ലായിരുന്നു.

വിടപറയല്‍ ഭോജനവും സമൃദ്ധമായിരുന്നു. ഒട്ടും കുറച്ചില്ല, വാരിവലിച്ചങ്ങു കഴിച്ചു. മുടക്കിയ കാശ് മുതലാക്കാനുള്ള അവസാന അവസരമല്ലേ? അങ്ങനെ വയറും മനസും നിറഞ്ഞ് ഗവിയില്‍ നിന്നുള്ള മടക്കയാത്ര.

ഗൈഡുമാര്‍ രണ്ടുപേരും യാത്രയാക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഇനി വരുമ്പോള്‍ വിളിക്കണമെന്ന് പറഞ്ഞ് ചാമി ഫോണ്‍ നമ്പറും തന്നു.

'ചുമ്മാതല്ല നിങ്ങള്‍ എപ്പോഴും കാട്ടില്‍ പോകുന്നത്...' ഇത്രയും നാള്‍ ഞങ്ങളെ കുറ്റംപറഞ്ഞിരുന്ന ചേച്ചി യാത്രയ്ക്ക് 'വെരിഗുഡ്' മാര്‍ക്ക് നല്‍കി. പദ്ധതി വിജയിച്ചതില്‍ ഞങ്ങളും സന്തോഷിച്ചു. അതേസമയം മറ്റൊരു ആശങ്ക മനസിലേക്ക് ഓടിയെത്തി, ഇനി എവിടെ പോയാലും ഭാര്യമാര്‍ ഞങ്ങളെ വിടാതെ പിന്തുടരുമോ?..

gavi family trip
വിടപറയുന്നതിന് മുമ്പ് ഗവിക്കൊപ്പം ഒരു കുടുംബചിത്രം

Gavi Eco Tourism

GAVI - TOURIST INFO

ഗവിയില്‍ വനംവകുപ്പ് ഒരുക്കിയിരിക്കുന്ന വിനോദസഞ്ചാര പരിപാടികള്‍ ഇവയാണ്

ഡേ പാക്കേജ് - ഒരാള്‍ക്ക് 1250 രൂപ ( രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ. ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദപരിപാടികള്‍. )

ജംഗിള്‍ ലോഡ്ജ് - ഒരാള്‍ക്ക് 2500 രൂപ (അണക്കെട്ടിന് സമീപത്തെ കെട്ടിട സമുച്ചയത്തിലായി താമസവും വിനോദപരിപാടികളും ഉള്‍പ്പെടുന്ന 24 മണിക്കൂര്‍)  

കോട്ടേജ് ടെന്റ് - ഒരാള്‍ക്ക് 3000 രൂപ (അണക്കെട്ടിന് സമീപത്ത് കൂടാരമാതൃകയിലുള്ള മുറികളില്‍ താമസിക്കാം. കൂടുതല്‍ സ്വകാര്യത പ്രദാനം ചെയ്യുന്ന ഈ താമസകേന്ദ്രം അതിഥികള്‍ക്ക് വനസൗന്ദര്യം ആസ്വദിക്കാന്‍ പാകത്തിനാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവികള്‍ പ്രവേശിക്കാതിരിക്കാന്‍ വൈദ്യുതവേലിയാല്‍ അതിര്‍ത്തി തിരിച്ചിരിക്കുന്നു. 24 മണിക്കൂര്‍ പാക്കേജില്‍ ബോട്ടിങ്ങും ട്രെക്കിങ്ങും സഫാരിയും ഉള്‍പ്പെടുന്നു )

ജംഗിള്‍ ക്യാംപ് - നാലു പേര്‍ക്ക് 12000 രൂപ ( ഉള്‍ക്കാട്ടിനുള്ളില്‍ താത്കാലിക കൂടാരങ്ങളിലെ താമസം. സീസണില്‍ മാത്രം )

KFDC Ecotourism GAVI - Information Center  04869 223270

Gavi Eco Tourism

ആനകള്‍ മാത്രമല്ല ആനവണ്ടിയും

കുമളിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് രണ്ട് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളാണ്, 90 കിലോമീറ്ററോളം നീളുന്ന ഈ വനപാതയിലൂടെ ദിവസേന കടന്നുപോകുന്നത്. കേരള വനം വികസന കോര്‍പറേഷന്റെ തോട്ടത്തിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയാണ് പ്രധാനമായും ഈ സര്‍വീസ്. ഗവി ഉള്‍പ്പെടെ അഞ്ച് സ്റ്റോപ്പുകളാണ് വനത്തിനുള്ളില്‍ ഉള്ളത്. വിനോദസഞ്ചാരികള്‍ക്കും പ്രിയങ്കരമാണ് ഈ ഓര്‍ഡിനറി യാത്ര.

gavi

കെഎസ്ആര്‍ടിസി ബസ് സര്‍വീസ്‌ സമയക്രമം ഇങ്ങനെ

ദിവസേന രണ്ട് സര്‍വീസുകളാണുള്ളത്.

1. പത്തനംതിട്ടയില്‍ നിന്ന് രാവിലെ 6.30-ന് ആരംഭിച്ച് 11-ന് ഗവിയിലെത്തും. ഉച്ചയ്ക്ക് ഒരുമണിയോടെ കുമളിയിലും.

2. പത്തനംതിട്ടയില്‍ നിന്ന് ഉച്ചയ്ക്ക് 12.30-ന് ആരംഭിച്ച് അഞ്ചിന് ഗവിയിലെത്തും. ആറരയോടെ കുമളിയിലും.

പത്തനംതിട്ടയിലേക്ക്

1. കുമളിയില്‍ നിന്ന് രാവിലെ 5.40-ന് ആരംഭിച്ച് ഏഴുമണിക്ക് ഗവിയിലെത്തും. ഉച്ചയ്ക്ക് 12 ഓടെ പത്തനംതിട്ടയില്‍.

2. കുമളിയില്‍ നിന്ന് ഉച്ചയ്ക്ക് 1.20-ന് ആരംഭിച്ച് 1.40-ന് ഗവിയില്‍. രാത്രി ഏഴരയോടെ പത്തനംതിട്ടയില്‍.

വിവരങ്ങള്‍ക്ക്

കെ.എസ്.ആര്‍.ടി.സി. പത്തനംതിട്ട 04682222366
കുമളി 0486 2323400