ഷിമോഗയില്‍ നിന്നും കൊല്ലൂരേക്കുള്ള യാത്ര ഇരുണ്ടു തുടങ്ങിയ ഒരു വൈകുന്നേരമായിരുന്നു. ഉത്തരകര്‍ണ്ണാടകയിലെ ഗ്രാമങ്ങള്‍ ഇന്നും തികച്ചും ഗ്രാമീണം. വിശാലമായ കൃഷിയിടങ്ങള്‍ക്കിടയില്‍ തെളിയുന്ന നാട്ടുകൂട്ടങ്ങള്‍. ജലനിബിഢമായ തടാകങ്ങള്‍.

Nagara Fort Shimoga

ഹോസാ നഗരയും പിന്നിട്ടു യാത്ര കനക്കവേ, ചെമ്പിച്ചു തുടങ്ങിയ സന്ധ്യയിലേക്ക് തലയുയര്‍ത്തി നിന്ന പ്രാചീനമായ ഒരു കോട്ട കണ്ണില്‍പ്പെട്ടു. ആ വിജനതയില്‍ അങ്ങനെ ഒന്നു അവിടെ ഉണ്ടെന്നത് തികച്ചും അപ്രതീക്ഷിതം. തകര്‍ച്ചയിലും തളരാത്ത ഗാംഭീര്യം. വിനോദ സഞ്ചാരികള്‍ മടങ്ങുന്ന സമയം. വിജനമായിക്കൊണ്ടിരിക്കുന്ന പരിസരം. കോട്ടയ്ക്കുള്ളില്‍ അനേകം കാവല്‍  മുറികള്‍. നാമാവശേഷമായ പഴയ ദര്‍ബാര്‍ ഹാള്‍. തകര്‍ന്നു പോയ കരിങ്കല്‍ ഭിത്തികള്‍.  മലമുകളില്‍ നിന്നൊഴുകി വരുന്ന കുടിനീര്‍ ശേഖരിക്കാനായി പുരാതന സാങ്കേതികത്തികവോടെ നിര്‍മ്മിച്ചിരിക്കുന്ന ജലസംഭരണികള്‍. ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന വെള്ളം നിറഞ്ഞ സംരക്ഷണ കിടങ്ങുകള്‍. ഭയപ്പാടോടെ ജീവിച്ചിരുന്ന ഏതോ രാജവംശത്തിന്റെ ശേഷിപ്പുകള്‍.

Nagara Fort Shimoga

നിശബ്ദതയും മങ്ങിയ ഇരുട്ടും പിന്നില്‍ പരന്നു കിടക്കുന്ന കറുത്ത പച്ച താഴ്‌വരയും തണുതണുത്ത കാറ്റും ദൂരെ ഡാം റിസര്‍വോയറിലെ അനക്കമില്ലാത്ത ജലപരപ്പും ശരാവതി നദിയുടെ വിവിധ കൈവഴികളും. കുന്നിന്‍പുറത്തു നിന്ന് നോക്കുമ്പോള്‍ ദൂരെ ചരിഞ്ഞു മയങ്ങുന്ന സഹ്യാദ്രിയും വിശാലമായ വയല്‍ പരപ്പുകളും... കാഴ്ചയുടെ ഉത്സവം. 

പിന്നെയെപ്പോഴോ ഏതോ ട്രാവല്‍ ബ്ലോഗില്‍ നിന്ന് ആ കോട്ടയുടെ ഭൂതകാലം  കണ്ടു പിടിച്ചു.

Nagara Fort Shimoga

നഗരാ ഫോര്‍ട്ട് അഥവാ ബിദനൂര്‍ കോട്ടയെന്നും അറിയപ്പെടുന്നു. 16-ാം നൂറ്റാണ്ടിലെ കേളടി രാജവംശത്തിന്റെ അവസാന തലസ്ഥാനം. രണ്ടര നൂറ്റാണ്ട് ജ്വലിച്ചു നിന്നിരുന്ന ഭരണസിരാകേന്ദ്രം.

വിജയനഗര രാജാക്കന്മാരുടെ പിന്മുറക്കാരായ കേളടി രാജവംശത്തിലെ വീരഭദ്ര നായ്ക്കര്‍ 1640-ല്‍ പണി കഴിപ്പിച്ചത്. ശിവപ്പനായ്ക്കരാല്‍ മോടി പിടിപ്പിക്കപ്പെട്ടത്. ഹൂണന്മാരാല്‍ തകര്‍ക്കപ്പെട്ടത്. ഒരു പെണ്‍ഭരണത്തിന്റെ കഥയും കോട്ടയ്ക്കു പറയാനുണ്ട്. സോമശേഖര നായ്ക്കരുടെ പത്‌നി. ഔറേംഗസേബിന്റെ അധിനിവേശത്തിനെതിരെ പോരാടിയ പെണ്‍പുലി. ഹൈദരലി ഇതിനെ പേരുമാറ്റി ഹൈദര്‍ നഗര്‍ ആക്കിയിട്ടുമുണ്ട്.

Nagara Fort Shimoga
  
1763-ല്‍ മൈസൂര്‍ യുദ്ധകാലത്ത് അഗ്‌നിക്കിരയായതും നഗരഫോര്‍ട്ടിന്റെ ചരിത്രത്തിലുണ്ട്. അതിനുശേഷം ടിപ്പു സുല്‍ത്താന്റെ മോടിപിടിപ്പിക്കലുകള്‍. പിന്നെപ്പിന്നെ കോട്ട പതിയെ കര്‍ണ്ണാടക ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ നിന്നും അപ്രത്യക്ഷമായി.

ഏറ്റെടുത്തിട്ടുണ്ടെങ്കിലും ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിലാളനകള്‍ ഏറെയൊന്നും കോട്ടയ്ക്കു ലഭിച്ചിട്ടില്ലെന്ന് കണ്ടാലറിയാം.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രമുറങ്ങുന്ന നിര്‍മ്മിതി. ആ യാത്രയിലെ വിസ്മയം അതായിരുന്നു.

The bewitched traveler falls to its serene charm...The majestic old engineering marvel.....

നാഗരാ ഫോര്‍ട്ട് 

കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ഷിമോഗയില്‍ നിന്നും 85 കിലോമീറ്റര്‍ ഹോസാനഗരയില്‍ നിന്നും 17 കിലോമീറ്റര്‍. കൊല്ലൂരില്‍ നിന്നും 45 കിലോമീറ്റര്‍. മാംഗ്ലൂരില്‍ നിന്ന് ഏകദേശം 153 കിമി.

മൂകാംബിക ദര്‍ശനം കഴിഞ്ഞ് പോകാവുന്ന ഒരു സ്ഥലം. ജോഗ് ഫാള്‍സും യാത്രയില്‍ ഉള്‍പ്പെടുത്താവുന്നത്.