യാത്രകളെ സ്‌നേഹിക്കുന്ന ഞങ്ങള്‍ ഇരുവരുടെയും ദീര്‍ഘകാലമായ മോഹമായിരുന്നു അത്. നീലഗിരി മൗണ്ടന്‍ പൈത്യക തീവണ്ടിയില്‍ ഊട്ടിയിലേക്ക് ഒരു യാത്ര. സന്ധ്യയ്ക്ക് ഏഴ് മണിയാകാറായപ്പോഴാണ് ശരത്ത് അപ്രതീക്ഷിതമായി ചോദിക്കുന്നത്, നമുക്ക് ഇപ്പൊ ഊട്ടിക്ക് പോയാലോ? ചോദ്യം കേട്ട് ഒന്ന് അമ്പരന്നെങ്കിലും മറിച്ചൊന്നും ചിന്തിക്കാന്‍ സമയം ഇല്ലായിരുന്നു. ഉടന്‍ തന്നെ കര്‍ണാടക ആര്‍.ടി.സി.യില്‍ കോയമ്പത്തൂര്‍ക്ക് രണ്ട് ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്തു. തുടര്‍ന്ന് ഓരോ ഷര്‍ട്ടും ഒരു കുപ്പിയില്‍ വെള്ളവും ഒരു ഡയറിയും ബാഗിലാക്കി മുറി പൂട്ടി ഇറങ്ങി. 

തലേ ദിവസമാണ് ഞങ്ങള്‍ ബന്ദിപ്പൂര്‍, മുതുമല വനങ്ങള്‍ താണ്ടി ബൈക്കില്‍ മസിനഗുഡിക്ക് പോയത്. അതിന്റെ ക്ഷീണം വിട്ടുമാറി വരുന്നതേയുള്ളൂ. എന്നാല്‍ പൈതൃക തീവണ്ടിയിലൂടെ ഊട്ടിയിലേക്കുള്ള ചെങ്കുത്തായ ചുരം കയറുകയെന്ന മോഹം മനസ്സിനെ ഉത്തേജിപ്പിച്ചിരുന്നതിനാല്‍ തലേദിവസത്തെ ക്ഷീണത്തെ എളുപ്പം മറികടക്കാന്‍ സാധിച്ചു. അങ്ങനെ ഞങ്ങള്‍ രാത്രി 8.30-ന് മൈസൂരു നഗരത്തില്‍ നിന്നും കോയമ്പത്തൂര്‍ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.   ബസ്സിലിരുന്നപ്പോഴാണ് ട്രിപ്പ് പ്ലാനിങ്ങിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ വന്ന ട്രോള്‍ മനസ്സിലേക്ക് ഓടിയെത്തിയത്. ട്രോള്‍ ഇങ്ങനെ,  '' ഗേള്‍സ്- ഡീ, നമുക്ക് അടുത്തതിന്റെ അടുത്ത ശനിയാഴ്ച ലുലു മാളില്‍ പോയാലോ,, എന്താ വിടുവോ നിന്നെ... ബോയ്‌സ്- അളിയാ.. ഇപ്പ ഇറങ്ങിയാ വൈകിട്ടത്തേക്ക് കൊടൈക്കനാല്‍ എത്താം..വിട്ടാലോ....'' ബോയ്‌സ് എപ്പോഴും ബോയ്‌സാണെന്ന് തെളിയിച്ചതിന്റെ സംതൃപ്ത്തിയില്‍ അരണ്ടവെളിച്ചത്തില്‍ പുറമെ കാണുന്ന കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.   പുലര്‍ച്ചെ തന്നെ മേട്ടുപ്പാളയത്ത് എത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം വൈകിയാല്‍ പൈതൃക തീവണ്ടിയില്‍ കയറാനുള്ള ടിക്കറ്റ് ലഭിക്കില്ലെന്നതു തന്നെ. മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഊട്ടിയിലേക്കുള്ള പ്രസിദ്ധമായ 'നീലഗിരി മൗണ്ടന്‍ പൈതൃക തീവണ്ടി'യെന്ന  ടോയ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ 5 മണിക്ക് മുമ്പു തന്നെ റിസര്‍വ് ചെയ്യാത്ത കമ്പാര്‍ട്ട്‌മെന്റിലേക്കുള്ള ടിക്കറ്റ് എടുക്കാന്‍ നീണ്ടനിര രൂപപ്പെടും. തലേദിവസം മേട്ടുപ്പാളയം എത്തുകയാണെങ്കില്‍ സ്റ്റേഷനില്‍ തന്നെ താമസിക്കാനുള്ള സൗകര്യം ലഭിക്കും. 250 രൂപ, 350 രൂപ എന്നീ നിരക്കുകളില്‍ അവിടെ മുറികള്‍ ലഭ്യമാണ്. 

ഒരുകാലത്ത് വീരപ്പന്‍ വിഹരിച്ചിരുന്ന സത്യമംഗലം കാടും ധിംബം ചുരവും കടന്നു ഞങ്ങളുടെ ബസ് കോയമ്പത്തൂര്‍ എത്തുമ്പോള്‍ പുലര്‍ച്ചെ 2 മണി. അവിടെ ഗാന്ധി ബസ് സ്റ്റാന്‍ഡില്‍ മേട്ടുപ്പാളയത്തേക്കുള്ള ആദ്യ ബസ് ഞങ്ങളെയും കാത്ത് നില്‍പ്പുണ്ടായിരുന്നു. അങ്ങനെ 3.15 ഓടെ മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ ഞങ്ങളെ വരവേറ്റത് കുറച്ച് തെരുവ് നായ്ക്കള്‍ മാത്രം ആയിരുന്നു. സ്റ്റേഷന്‍ അരിച്ചുപെറുക്കിയിട്ടും ഒരു മനുഷ്യജീവിയെ പോലും കണ്ടെത്താന്‍ സാധിച്ചില്ല. 

ഭാഗ്യം! ഊട്ടിക്കുള്ള ടോയ് ട്രെയിന്‍ അവിടെ കിടപ്പുണ്ട്. മനുഷ്യ ജീവികള്‍ ഇല്ലാത്ത ഇവിടെ നിന്ന് ആരും ട്രെയിന്‍ കട്ടു കൊണ്ടുപോയിട്ടില്ല. ഞങ്ങള്‍ അവിടെയൊക്കെ ഒന്ന് കറങ്ങി. സ്റ്റേഷന്‍ മാസ്റ്ററുടെ മുറി പൂട്ടിയിട്ടിയിരിക്കുന്നു. വല്ലപ്പോഴും മാത്രം ട്രെയിന്‍ വരുന്ന ഇവിടെ സ്റ്റേഷന്‍ മാസ്റ്റര്‍ എത്ര നേരമാണ് ഉറക്കമിളച്ചിരിക്കുക. ഒടുവില്‍ സ്റ്റേഷനിലെ ഭക്ഷണശാലയില്‍ ഒരു മനുഷ്യ ജീവിയെ കണ്ടെത്തി. സീതാറാം, പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ടിക്കറ്റ് എടുക്കാന്‍ വരി നില്‍ക്കേണ്ട സ്ഥലം ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുമ്പില്‍ തന്നെ പ്രത്യേകം സജീകരിച്ച സ്ഥലത്താണ് വരി നില്‍ക്കേണ്ടത്. സ്റ്റേഷന്‍ മാസ്റ്റര്‍ വരാതെ ടിക്കറ്റ് എടുക്കാനുള്ള ടോക്കന്‍ കിട്ടില്ല എന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ സീതാറാം ചേട്ടന്‍ മറന്നില്ല. 

7.10-നാണ് ഊട്ടിയിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത്. ഇനിയും നാല് മണിക്കൂര്‍ കാത്തു നിക്കണം. ചന്ദ്രനില്‍ പോയാലും നമ്മള്‍ മലയാളിയെ കാണും എന്ന് പറഞ്ഞത് പോലെ അവിടെയും ഞങ്ങള്‍ ഒരു മലയാളിയെ കണ്ടു. രാമചന്ദ്രന്‍ ചേട്ടന്‍, പാലക്കാട് സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മൂന്നുവര്‍ഷമായി മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുകയാണ്. ഒടുവില്‍ 5.30 ഓടെ സ്റ്റേഷന്‍ മാസ്റ്റര്‍ എത്തി. ഞങ്ങള്‍ക്ക് ലഭിച്ച ടോക്കണ്‍ പ്രകാരം സീറ്റ് അനുവദിച്ചു തരാനുള്ള ചുമതല രാമചന്ദ്രന്‍ ചേട്ടന് ആയിരുന്നു. ചേട്ടന്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ അനുയോജ്യമായ ഇടതു വശത്തുള്ള ഒരു സീറ്റ് ഞങ്ങള്‍ക്ക് അനുവദിച്ചു തന്നു. 

Nilgiri Mountain Railway    ഉത്സവ പറമ്പുകളിലും കാര്‍ണിവല്‍ മൈതാനികളിലും കാണാറുള്ള ഒരു കളിത്തീവണ്ടിയില്‍ കയറിയിരുന്ന തോന്നലാണ് ആദ്യം അനുഭവപ്പെട്ടത്. പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തടികൊണ്ട് നിര്‍മിച്ച ബോഗികളും സീറ്റുകളും തന്നെയാണ് ഈ വണ്ടിയില്‍. രണ്ടു വരികളിലായി രണ്ടു പേര്‍ക്ക് വീതം ഇരിക്കാന്‍ കഴിയുന്ന 49 സീറ്റുകള്‍. ആദ്യം വരുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കും. സീറ്റിങ് ക്രമീകരണം കഴിഞ്ഞതിന് ശേഷമാണ് ടിക്കറ്റെടുക്കല്‍. ടിക്കറ്റ് കൗണ്ടര്‍ സ്റ്റേഷന് പുറത്താണ്. കംപ്യൂട്ടര്‍ പ്രിന്റ് ആയാണ് ടിക്കറ്റ് ലഭിച്ചത്. പഴയ രീതിയില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ടുള്ള പഞ്ചിങ് ടിക്കറ്റ് ആയിരിക്കും ലഭിക്കുകയെന്ന് ശരത്തിനോട് വീമ്പിളക്കി ടിക്കറ്റ് എടുക്കാന്‍ വന്ന ഞാന്‍ ഇളിഭ്യനായി. 

മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെയുള്ള ഓര്‍ഡിനറി നിരക്ക് 15 രൂപയും സെക്കന്‍ഡ് ക്ലാസ് നിരക്ക് 40 രൂപയും ഫസ്റ്റ് ക്ലാസിന് 250 രൂപയുമാണ്. ഓര്‍ഡിനറി ഒഴികെയുള്ള ടിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്. ട്രെയിന്‍ പുറപ്പെടാന്‍ ഒരു മണിക്കൂര്‍ കൂടിയുണ്ട്. രാവിലെ കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഞങ്ങള്‍ ട്രെയിന്‍ പുറപ്പെടുന്നതും കാത്ത് ഇരിപ്പായി.

കുറച്ച് ചരിത്രം

1854 -ലായിരുന്നു മേട്ടുപ്പാളയം -ഊട്ടി റെയില്‍ പാത നിര്‍മാണം തുടങ്ങിയത്. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം 1899-ലാണ് മദ്രാസ് റെയില്‍വേ കമ്പനി ഇതിന്റെ നിര്‍മാണം പുനരാരംഭിച്ചത്. 1908-ല്‍  പൂര്‍ത്തിയാക്കിയ ഇതിന്റെ നിര്‍മാണം ബ്രിട്ടീഷ് നിര്‍മാണ വിദഗ്ദരാണ് നിര്‍വഹിച്ചത്. 46 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ മലയോര തീവണ്ടിയുടെ ആവിയെഞ്ചിന്‍ 1918-1950 കാലഘട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിര്‍മിച്ചവയാണ്. ഇവ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. യാത്രയില്‍ 208 വളവുകളും 16 ടണലുകളും 250 പാലങ്ങളും ഇത് പിന്നിടുന്നു. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയുള്ള ചെങ്കുത്തായ കയറ്റം റാക്ക് ആന്റ് പീനിയന്‍ സംവിധാനം ഉപയോഗിച്ചാണ് വണ്ടി കയറുന്നത്. മറ്റു തീവണ്ടികളില്‍ നിന്ന് വ്യത്യസ്ഥമായി പിറകിലാണ് ഇതിന്റെ എന്‍ജിന്‍. കൂനൂര്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2240 മീറ്റര്‍ ഉയരത്തിലേക്കാണ് ഈ തീവണ്ടി കയറുന്നതെന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍  ഭയപ്പാട് ഇല്ലാതില്ല. ഏഷ്യയിലെ തന്നെ ഏറ്റവും ചെങ്കുത്തായ തീവണ്ടിപ്പാതയാണിത്. 2005-ല്‍ യുനെസ്‌കോ നീലഗിരി തീവണ്ടി പാതയെ ലോക പൈതൃക സ്മാരക പട്ടികയില്‍ ഉള്‍പെടുത്തി. സമാനമായ പാത സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആല്‍പ്‌സ് പര്‍വത നിരയിലേക്കുള്ള റെയില്‍പ്പാത മാത്രമാണ്.

Nilgiri Mountain Railway

കൃത്യം 7.10നു ട്രെയിന്‍ ചിന്നം വിളിച്ചു. തുടര്‍ന്ന്  ഭവാനി പുഴ പിന്നിട്ട് കല്ലാര്‍ സ്റ്റേഷനിലെത്തി. എന്‍ജിനില്‍ വെള്ളം നിറച്ചു വേണം ഇനി മുന്നോട്ട് പോകാന്‍. ഇവിടെ നിന്നാണ് കയറ്റം ആരംഭിക്കുന്നത്. റാക്ക് റെയിലും ഇവിടെ നിന്നു തുടങ്ങുന്നു. അതുവരെ വീടുകളുടെ കാഴ്ച ദൃശ്യമാക്കിയിരുന്ന തീവണ്ടി മെല്ലെ വന്യതയിലേക്ക് ഊളിയിടാന്‍ തുടങ്ങി. ഒരുവശത്ത് വിശാലമായ പച്ചപുതച്ച മലനിരകള്‍. മറുവശത്ത് ഭീതിയുളവാക്കുന്ന ചെങ്കുത്തായ കൊക്കകള്‍. തീവണ്ടി വളരെ സാവധാനം അരിച്ചു നീങ്ങുകയാണ്. സുരക്ഷ പൂര്‍ണമായും ഉറപ്പു വരുത്തുന്നതിനായി ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 10 കിലോമീറ്ററിനും 13 കിലോമീറ്ററിനും  ഇടയിലായി നിജപ്പെടുത്തിയിരിക്കുന്നു. വൈകാതെ തന്നെ തീവണ്ടി ആദ്യ തുരങ്കത്തില്‍ കയറി. പലരുടെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന കുറുക്കന്‍ സടകുടഞ്ഞെഴുന്നേറ്റ് തനിനിറം പ്രകടിപ്പിച്ചു. ഞങ്ങളും മനസ് നിറഞ്ഞു നന്നായി കൂവി. 

തുരങ്കം അവസാനിച്ചതും സുന്ദരവും വടിവൊത്തതുമായ ഒരു പാലത്തിലേക്ക്  തീവണ്ടി പ്രവേശിച്ചു. അതോടെ യാത്രക്കാരുടെ തലകളും ഫോണുകളുമെല്ലാം പുറത്തേക്കായി. ഏതാനും തുരങ്കങ്ങളും പാലങ്ങളും പിന്നിട്ടപ്പോഴേക്ക് ചെറിയൊരു സ്റ്റേഷനില്‍ എത്തി. യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങി ഫോട്ടോകള്‍ പകര്‍ത്തുന്ന തിരക്കിലാണ്. കാഴ്ചകള്‍ വിവരണാതീതമാണ്. ഒരു വശത്ത് നീലഗിരിയുടെ താഴ്‌വാരം. മറുവശം മേഘങ്ങള്‍ കയ്യെത്തും ദൂരത്താവുന്ന വിധത്തില്‍ പേരറിയാ കുന്നുകളും നിബിഢവനങ്ങളും. 

എന്‍ജിനില്‍ ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിക്കണം. എന്‍ജിനിലെ  ജീവനക്കാര്‍ മുകളില്‍ കയറി വലിയ പൈപ്പ്് ഉപയോഗിച്ച് വെള്ളം നിറയ്ക്കുകയാണ്. മറ്റു ചിലര്‍ ബ്രേക്ക് ശരിയാക്കുന്നു. ഓയില്‍ ഇടുന്നു, ആകപ്പാടെ ബഹളം. ഈ സമയം ആളുകള്‍ സ്റ്റേഷനില്‍ ഇറങ്ങി ഇതെല്ലാം കണ്ടു കൊണ്ട് കറങ്ങി നടക്കുന്നു. വീണ്ടും യാത്ര തുടര്‍ന്നു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായിട്ടു കൂടി മലയണ്ണാനെയും കുരങ്ങുകളെയും മാത്രമാണ് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.

Nilgiri Mountain Railway

ഇടക്കിടെയുള്ള കയറ്റിറക്കങ്ങള്‍, അത് ഈ റെയില്‍വേ ട്രാക്കിനെ മറ്റുള്ളവയില്‍നിന്നും വേറിട്ടതാക്കുന്നു. പല്‍ച്ചക്രങ്ങളില്‍ കടിച്ചു തൂങ്ങി, ചെറിയൊരു താളത്തോടെ തീവണ്ടി മുന്നോട്ടു നീങ്ങുമ്പോള്‍, അത് നീലഗിരി തീവണ്ടിയില്‍ മാത്രം ലഭ്യമാകുന്ന പ്രത്യേകതരം അനുഭൂതിയാണ്. 

മൂന്നര മണിക്കൂര്‍ യാത്രയോടെ കൂനൂരെത്തി. ഈ പാതയിലെ പ്രധാനസ്റ്റേഷന്‍ ആണിത്. റാക്ക് റെയില്‍ ഇവിടെ അവസാനിക്കും. ഇവിടെ നിന്നും ഡീസല്‍ എഞ്ചിന്‍ ആണ്. കൂനൂര്‍ കഴിഞ്ഞതോടെ കാഴ്ചകള്‍ മാറി തുടങ്ങി. താഴ്‌വരകളില്‍ വിശാലമായ കൃഷിയിടങ്ങള്‍ കാണാം. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന തേയില തോട്ടങ്ങളും തോട്ടങ്ങളില്‍ പണിയെടുക്കുന്നവരുടെ വീടുകളും. ധാരാളം ആളുകള്‍ കൃഷിയിടങ്ങളില്‍ തണുപ്പിനെ വകവെയ്കാതെ പണിയെടുക്കുന്നതും വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പലയിടത്തും കണ്ടു. വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന യുകാലിപ്‌സ് മരങ്ങളും താഴ്്‌വരകളിലെ വിശാലമായ കൃഷിയിടങ്ങളും താണ്ടി തീവണ്ടി 12 മണിയോടെ ഊട്ടിയില്‍ എത്തി. നീലഗിരി താഴ്വരയുടെ വര്‍ണ്ണ വിസ്മയം ആസ്വദിച്ച് ഒരിക്കലും മറക്കാനാവാത്ത അനുഭവം പകര്‍ന്നു നല്‍കിയാണ് തീവണ്ടി മുത്തശ്ശി ഞങ്ങളെ യാത്രയാക്കിയത്...

Nilgiri Mountain Railway

അടുത്ത ലക്ഷ്യം, 36 ഹെയര്‍പിന്നുകളുള്ള ഊട്ടി ചുരം

സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ നേരെ നടന്നത് ഊട്ടി മാര്‍ക്കറ്റിലേക്കായിരുന്നു. അരമണിക്കൂര്‍ അവിടെ കറങ്ങി നടന്നതിനു ശേഷം ഒരു ഹോട്ടലില്‍ കയറി ഉച്ച ഭക്ഷണം കഴിച്ചു. ഹോട്ടല്‍ ഉടമയില്‍ നിന്നും ചുരത്തിലേക്ക് പോകുവാനുള്ള ബസിനെ കുറിച്ച് ചോദിച്ചു മനസിലാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ചുരം തുടങ്ങുന്ന തലക്കുന്തയിലേക്ക് മാര്‍ക്കറ്റില്‍ നിന്നും 20 മിനുട്ട് ബസ് യാത്ര. ഒന്നാമത്തെ ഹെയര്‍പിന്‍ തുടങ്ങുന്നയിടത്ത് കുറെ കാരറ്റ് കെട്ടുകളുമായി ഒരു മുത്തശ്ശിയെക്കണ്ടു. ചെറിയ കാരറ്റുകള്‍ കടിച്ചു ചവച്ചുകൊണ്ട് നടക്കുന്നവരെ ഊട്ടിയില്‍ ധാരാളം കാണാം. 20 രൂപ കൊടുത്ത് ഞങ്ങളും ഒരു വലിയ കെട്ട് കാരറ്റ് വാങ്ങി അതും ചവച്ചു കൊണ്ട് നടത്തം ആരംഭിച്ചു. 

പത്താമത്തെ ഹെയര്‍പിന്‍ വരെ മലഞ്ചെരുവിലെ കൃഷിയിടങ്ങളും വീടുകളും മാത്രമായിരുന്നു കാഴ്ച. പിന്നിലേക്ക് നോക്കുമ്പോള്‍ തലയെടുപ്പോടെ നില്‍ക്കുന്ന പേരറിയാത്ത കുന്നുകളും കുന്നുകളിലേക്ക് വളഞ്ഞും പുളഞ്ഞും നീങ്ങുന്ന മണ്‍പാതകളും കൃഷിയിടങ്ങളും. പിന്നീട് കാഴ്ചകള്‍ മാറി തുടങ്ങി. കമ്പി വേലി കെട്ടിത്തിരിച്ച കുറെ എസ്റ്റേറ്റുകളാണ് പാതയ്ക്കിരുവശവും. ഹോട്ടല്‍ മുതലാളി മുന്നറിയിപ്പ് നല്‍കിയത് പോലെ ഏതു നിമിഷവും പുള്ളിപ്പുലിയോ കാട്ടുപോത്തോ ആനയോ മുന്നിലേക്ക് ചാടി വീഴും എന്ന ഭയത്തോട് കൂടിയാണ് ഞങ്ങള്‍ ഓരോ ചുവടും വെയ്കുന്നത്. ചുരം നടന്നിറങ്ങുന്നത് ഞങ്ങള്‍ മാത്രമായിരുന്നു. കണ്‍മുന്നിലെ നീലഗിരിക്കുന്നിന്റെ വശ്യസൗന്ദര്യത്തില്‍ ഞങ്ങളുടെ ഭയം ലയിച്ചില്ലാതാകാന്‍ അധികം സമയം വേണ്ടി വന്നില്ല. ഹെയര്‍പിന്‍ വളവുകളിലൂടെ തിരിഞ്ഞും മറിഞ്ഞും ഞങ്ങള്‍ നടന്നു നീങ്ങുന്നത് മുതുമലയുടെ വന്യതയിലേക്കും അത്ഭുതങ്ങളിലേക്കും ആണെന്നുള്ള ചിന്ത ക്ഷീണം ഇല്ലാതാക്കി. 

മനസ്സിനും ശരീരത്തിനും കുളിര്‍മ പകരുന്ന കാഴ്ചകള്‍ ആയിരുന്നു അവിടെയെല്ലാം. ഒരു വശത്ത് അഗാധമായ കൊക്കകള്‍, മറുവശത്ത് ഉയരം അറിയാത്ത മലനിരകള്‍. അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയില്‍ പൊട്ടിന്റെ വലിപ്പത്തില്‍ കുറച്ചു വീടുകള്‍. വഴിയില്‍ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രം ആണ് ഞങ്ങളെ കടന്നു പോയത്. ഈ തിരിച്ചറിവാണ് ഞങ്ങള്‍ക്ക് യാത്രയിലെ സാഹസികത മനസ്സിലാക്കി തന്നത്. 

Nilgiri Mountain Railway   21-മത്തെ ഹെയര്‍പിന്നില്‍ ഞങ്ങളെ സ്വാഗതം ചെയ്തത് ആനപ്പിണ്ടമായിരുന്നു. വഴികളില്‍ ഒരു കാല്‍നടയാത്രക്കാരനെയും കാണാന്‍ കഴിയാത്തത് ഞങ്ങളില്‍ വീണ്ടും ഭയം നിറച്ചു. അതിന് അടിവരയിട്ടുകൊണ്ട് ഒരു പൂജാരി നഗ്നപാദനായി ഞങ്ങളുടെ പിന്നില്‍ നിന്നും ഓടി വരികയാണ്. ഞങ്ങളോട് ആനയിറങ്ങി എന്ന് മുന്നറിയിപ്പും നല്‍കി അയാള്‍ ഞങ്ങളെ പിന്തള്ളി ഓട്ടം തുടര്‍ന്നു. ചിന്തിക്കാന്‍ തുടങ്ങും മുന്നേ ഞങ്ങളുടെ കാലുകള്‍ അയാള്‍ക്ക് പിറകെ ഓടി തുടങ്ങിയിരുന്നു. ഒരു ഊടു വഴി കണ്ടപ്പോള്‍ പുള്ളിക്കാരന്‍ അതുവഴി തിരിഞ്ഞോടി. ഞങ്ങള്‍ റോഡിലൂടെയും. കുറച്ചു ദൂരത്തെ ഓട്ടത്തിനിടയില്‍ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു, അടുത്ത വണ്ടിക്ക് കൈ കാണിക്കുക. ഇനി നടക്കുന്നത് പന്തിയല്ല.

അങ്ങനെ ഞങ്ങളുടെ മുന്നിലെക്ക് ആദ്യം എത്തിയത് ഒരു കാര്‍ ആയിരുന്നു. ഊട്ടി സ്വദേശികള്‍ ആയ കമിതാക്കള്‍, ക്ഷീണിച്ചവശരായ ഞങ്ങളെ കണ്ട് ദയ തോന്നിയിട്ടായിരിക്കണം അവര്‍ കാര്‍ നിര്‍ത്തിയത്. വാരാന്ത്യം ചിലവഴിക്കാന്‍ മസിനഗുഡി വരെ പോവുകയായിരുന്നു അവര്‍. ഞങ്ങളെ അവര്‍ മസിനഗുഡി കവല വരെ എത്തിച്ചു. 

ആധുനികയുഗത്തിന്റെ സ്വാധീനത്തിന് വഴങ്ങി ചെറുപട്ടണത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന ഒരു പരമ്പരാഗത തമിഴ് ഗ്രാമമാണ് മസിനഗുഡി. സംരക്ഷിത വനത്തിനകത്ത് വിനോദസഞ്ചാരികളെ കാത്തൊരു കുഞ്ഞുഗ്രാമം. റിസോര്‍ട്ടുകളും ടൂറിസ്റ്റ് ജീപ്പുകളുമാണ് ആദ്യം ശ്രദ്ധയില്‍പെടുക. മസിനഗുഡി ടൗണിനു മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി കാനനപാതകള്‍ ഉണ്ട്. ഈ പാതകളിലെക്ക് സഫാരി പോകുവാന്‍ നിരവധി ജീപ്പുകളും നിങ്ങളെ കാത്തിരിപ്പുണ്ട്.

മസിനഗുഡി കഴിഞ്ഞ ദിവസം ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നതിനാല്‍ അധിക സമയം ചെലവഴിച്ചില്ല. ആദ്യം കണ്ട ജീപ്പിന്റെ മുന്‍ സീറ്റില്‍ കയറി ഇരുന്നു. മസിനഗുഡി മുതല്‍ തെപ്പക്കാട് വരെയുള്ള ഏഴു കിലോമീറ്റര്‍ വാഹനത്തിലാണ് സഞ്ചാരം. കാട്ടുപോത്തുകള്‍, മാനുകള്‍, മയിലുകള്‍ എന്നിവയെ വഴിയിലെമ്പാടും കാണാം. കടുവയുടെ ദര്‍ശന ഭാഗ്യം ലഭിക്കുവാനും സാധ്യതയുണ്ട്. 

വൈകിട്ട് അഞ്ചരയോടെ തെപ്പക്കാട് എത്തിയ ഞങ്ങള്‍ മൈസൂരുവിലേക്ക് വാഹനം നോക്കി നില്‍ക്കുമ്പോഴാണ് ഒരു ലോറി ഗൂഡല്ലൂര്‍ ഭാഗത്ത് നിന്നും വരുന്നത്. കന്നഡയില്‍ ലിഫ്റ്റ് ചോദിച്ചു. ഡ്രൈവര്‍ മാരിഗൗഡ ചേട്ടന്‍ കയറിക്കോളാന്‍ പറഞ്ഞു. ഇനി മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്, മുറിയിലേക്ക്...