മിഴ്നാട്ടിലെ ഒരു മലമുകളിലേക്കാവട്ടെ അടുത്തയാത്ര. ഊട്ടിയോ കൊടൈക്കനാലോ യേര്‍ക്കാടോ അല്ല. ഇത് കൊല്ലിമല. സഞ്ചാരികള്‍ അധികം എത്താറില്ലാത്ത, കൃഷിയും ഗ്രാമജീവിതവുമായി ശാന്തജീവിതം നയിക്കുന്ന ഒരു തമിഴ്നാടന്‍ മലമുകളിലേക്ക്. നാമക്കല്‍ എന്ന പേര് കേട്ടുകാണും. റെയില്‍വഴിയാണ് യാത്രയെങ്കില്‍ സേലത്തിറങ്ങി ബസ്സിനുപോവാം. കേരളത്തിലേക്ക് കോഴിയും കോഴിമുട്ടയുമെല്ലാം വരുന്ന സ്ഥലങ്ങളിലൊന്നാണ്. കാറിനോ ബസിനോ ബൈക്കിലോ ആണെങ്കില്‍ കോയമ്പത്തൂര്‍ വഴി 347 കിലോമീറ്റര്‍കാണും. നാമക്കലില്‍ നിന്ന് എഴുപത് മുടിപ്പിന്‍ വളവുകള്‍ കയറി 62 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ കൊല്ലിമലയായി. 

പകലാണ് യാത്രയെങ്കില്‍ താഴെ പച്ചപുതച്ച തോപ്പുകള്‍ കാണാം. രാത്രിയില്‍ ദീപാലംകൃതപട്ടണങ്ങളും മലനിരകളും. അപകടംനിറഞ്ഞ എഴുപതുവളവുകള്‍ ഉള്ളതുകാരണം ചിലരീ മലയെ മരണത്തിന്റെ മലയെന്നും വിളിക്കാറുണ്ട്. പക്ഷെ അതുകേട്ട് പേടിക്കണ്ട, എവിടെയാണ് അപകടമില്ലാത്തത്. കണ്ണൂര്‍- കോഴിക്കോട് പ്രൈവറ്റ്ബസില്‍ യാത്ര ചെയ്ത് പരിചയമുള്ള നമുക്കിതൊക്കെ ഒരു പുതുമയാണോ.

kolli hills

ഇവിടെയെത്തികഴിഞ്ഞാല്‍ മലയുടെ സ്വന്തം വാഹനമായ ജീപ്പുകളാണ് ധാരാളം. തൊഴിലാളികലെയുംകൊണ്ട് കൃഷിയിടങ്ങളിലേക്ക് പോവുന്ന വണ്ടികള്‍. കാപ്പി, കുരുമുളക്, മരച്ചീനി, പൈനാപ്പിള്‍, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. ചോലൈക്കാടും സെമ്മേടുമാണ് ഇവിടുത്തെ പ്രധാനകേന്ദ്രങ്ങള്‍. കടകളൊക്കെ ഇവിടെയാണുള്ളത്. കൊല്ലിമലയില്‍ത്തന്നെ നട്ടുവളര്‍ത്തിയ പഴങ്ങളും പച്ചക്കറികളും വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മാര്‍ക്കറ്റുണ്ട് ചോലെക്കാട്. വാഴപ്പഴവും പൈനാപ്പിളുമെല്ലാം കിട്ടും. 

സീക്കുപാറ വ്യൂപോയന്റുകാണാം, എവിടെ നിന്നുനോക്കിയാലും കാണുന്നത് പച്ചമലകളും. കൊല്ലിമലയെ ചുറ്റിപ്പിണഞ്ഞുവരുന്ന വഴിയും വാഹനങ്ങളുമാണ് കാണുക.  ഫയര്‍സ്റ്റേഷന്റെ അടുത്തുള്ള ചെറിയ കടയില്‍ നല്ല ഊണുകിട്ടും. ഒരുതനി തമിഴ്നാടന്‍ ശാപ്പാട്.  

കൊല്ലിമലയിലെ ബോട്ടിങ് കേന്ദ്രമാണ് മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ട്. തടാകവും പൂന്തോപ്പും ബോട്ടിങ്ങുമെല്ലാം ഉള്ളതിനാല്‍ അവിടെ കുടുംബമായെത്തിയ സന്ദര്‍ശകരെക്കാണാം.  കൊല്ലിമലയില്‍ ഇങ്ങനെ കുറച്ചു കാഴ്ചകളാണുള്ളത്. പാര്‍ക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, ബോട്ടിങ്, വ്യൂപോയന്റുകള്‍-അവയെല്ലാംതന്നെ ഈ മലമുകള്‍ ഗ്രാമത്തിന്റെ പലഭാഗങ്ങളിലായി കിടക്കുന്നു. സഞ്ചാരികളില്‍മിക്കവരും എഴുപതു ഹെയര്‍പിന്‍വളവുകളിലൂടെയുള്ള സഞ്ചാരത്തിന്റെ സാഹസികത അനുഭവിക്കാനായാണ് വരുന്നത്. അതിനായി ബൈക്കില്‍ വരുന്നവരെയും കാണാം.  

പിന്നെ ആകാശഗംഗ വെള്ളച്ചാട്ടം കാണാനും. വെള്ളച്ചാട്ടത്തിലേക്ക് പോകുംവഴിയാണ് അരപാളീശ്വരക്ഷേത്രം. ഇവിടെനിന്ന് രാശിപുരത്തെ ശിവക്ഷേത്രത്തിലേയ്ക്ക് രഹസ്യപാതയുണ്ടെന്നാണ് കൊല്ലിമലയിലുള്ളവരുടെ വിശ്വാസം. കോവിലിനെ ചുറ്റി നിറയെകടകള്‍. പൂക്കളും പൂജാദ്രവ്യങ്ങളും കളിപ്പാട്ടങ്ങളും പഴങ്ങളും വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു. 

kolli hills

വഴിയുടെ ആയിരംപടവുകള്‍ താണ്ടിവേണം ആകാശഗംഗയിലെത്താന്‍. വഴിയിലും ചില വ്യൂപോയന്റുകളുണ്ട്. കൊല്ലിമലയില്‍ ഇരുന്ന് രാത്രി ആസ്വദിക്കുന്നതും ഒരനുഭവമായിരിക്കും. വ്യൂപോയന്റുകളില്‍നിന്നാല്‍ മേലെ ആകാശത്തും താഴെഭൂമിയിലും നക്ഷത്രങ്ങള്‍ വിടര്‍ന്നപ്രതീതി. 

ഇവിടെ താമസിക്കാന്‍ നല്ലതമ്പി റിസോര്‍ട്ടിനെ (04286 247463) ആശ്രയിക്കാം. പിന്നെ ലേക് വ്യൂ റിസോര്‍ട്ടിനെയും  (07373493330).