ക്ഷിസ്‌നേഹികള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഭരത്പുരിലാവണം. ഭരത്പുര്‍ പക്ഷിസങ്കേതം അഥവാ കിയൊലാഡിയോ ഘാന പക്ഷിസങ്കേതം. പ്രത്യേകിച്ചും മഞ്ഞുകാലത്ത്, ആയിരക്കണക്കിന് പക്ഷികള്‍ക്ക് ആതിഥേയത്വം നല്‍കുന്ന പ്രശസ്തമായ തനത് സങ്കേതമാണിത്. 230-ന് മുകളില്‍ പക്ഷിവര്‍ഗങ്ങള്‍ ഇവിടത്തെ സ്ഥിരവാസികളാണ്. പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. ശിശിരകാലത്ത് നിരവധി പക്ഷിനീരിക്ഷകരാണ് ഇവിടെ എത്തിച്ചേരുന്നത്. 1971-ല്‍ സംരക്ഷിത ജീവിസങ്കേതമായി പ്രഖ്യാപിച്ചു. ലോകപൈതൃക സ്ഥലങ്ങളില്‍ ഒന്നാണിത്. 

മഞ്ഞുപടര്‍ന്ന ഒരു പുലര്‍കാലത്താണ് ഡല്‍ഹിയിലെത്തുന്നത്. അവിടെനിന്ന് ടാക്‌സിയില്‍ നേരെ ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. അവിടെനിന്ന് ഭരത്പുരിലെക്കുള്ള വണ്ടി കിട്ടും. ഡല്‍ഹിയില്‍നിന്ന് ഏതാണ്ട് മൂന്നുമണിക്കൂര്‍ തീവണ്ടിയാത്രയുണ്ട്. ഇന്ത്യയിലെ ഏതൊരു റെയില്‍വേ സ്റ്റേഷനിലുമുള്ള തിക്കും തിരക്കും കോലാഹലങ്ങളുമുള്ള എന്നാല്‍ അസാധാരണമാംവിധം ആകര്‍ഷകമായ ഒരു പഴയ സ്റ്റേഷനായിരുന്നു ഭരത്പുരിലെത്. 

ഏത് ബജറ്റിലും ഒതുങ്ങുന്ന നിരവധി താമസകേന്ദ്രങ്ങളുണ്ട് ഭരത്പുരില്‍. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓട്ടോയില്‍ 20 മിനിറ്റ് യാത്ര. സരസ്സ് ചൗരാഹയിലെ ചെറിയ, എന്നാല്‍ വൃത്തിയുള്ള താമസസ്ഥലത്തെത്തി. ഭരത്പുരിലെ ഭൂരിപക്ഷം ഹോട്ടലുകളും റിസോര്‍ട്ടുകളും സ്ഥിതിചെയ്യുന്നത് സരസ്സ് ചൗരാഹയിലാണ്. അടുത്തദിവസം വളരെ നേരത്തെ പക്ഷികള്‍ക്കടുത്തെത്തേണ്ടതുണ്ട്. എന്റെ ഗൈഡും റിക്ഷാവാലയുമൊക്കെയായ കാലാ സിങ് സമയത്തുതന്നെ ഹോട്ടലിലെത്തി എന്നെ കൂട്ടി. അവിടെനിന്ന് ഒരു കിലോമീറ്ററില്ല പക്ഷിസങ്കേതത്തിലേക്ക്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞങ്ങള്‍ പക്ഷിസങ്കേതത്തിലേക്ക് കടന്നു. 

പുറത്തെ ആളും ആരവങ്ങളും വാഹനങ്ങളുടെ ശബ്ദങ്ങളില്‍നിന്നുമൊക്കെ അകന്ന് മറ്റൊരു ലോകമാണ് കിയൊലാഡിയോ നാഷണല്‍ പാര്‍ക്ക്. പുല്‍മേടുകളും വനപ്രദേശങ്ങളും മരത്തോപ്പുകള്‍ക്കിടയിലെ ചെളിപ്രദേശങ്ങളും ചതുപ്പുനിലങ്ങളുമൊക്കെയായി 29 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലാണ് പാര്‍ക്ക്. എല്ലാ വര്‍ഷവും ശൈത്യകാലത്ത് ആയിരക്കണക്കിന് പക്ഷികളാണ് ദേശാടനത്തിനായി ഇവിടെയെത്തിച്ചേരുന്നത്. പക്ഷികള്‍ മാത്രമല്ല, ഭരത്പുരിലെ ആകര്‍ഷണം. വൈവിധ്യമാര്‍ന്ന സസ്തനിയിനങ്ങളും പാമ്പുവര്‍ഗങ്ങളും ഇവിടെയുണ്ട്. ഒരു പുള്ളിപ്പുലി ഇവിടെ താമസക്കാരനായി എത്തിയിട്ടുണ്ടെന്ന വാര്‍ത്തയും അതിനിടെ കേട്ടു. ഈ ലോകപൈതൃക കേന്ദ്രത്തെ ഇത്രയും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്ന വനംവകുപ്പിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ബിജോ ജോയിയെയും അദ്ദേഹത്തിന്റെ ടീമിനെയും അഭിനന്ദിക്കാതെ വയ്യ. ഇവിടുത്തെ ഗൈഡുകളുടെയും റിക്ഷാവാലാകളുടെയും സേവനം വലുതാണ്. 

Chambal

തൊണ്ണൂറോളം പക്ഷിവര്‍ഗങ്ങളെ കണ്ട് ആസ്വദിച്ച് പാര്‍ക്കിനുള്ളില്‍ രണ്ടുദിവസം ചെലവഴിച്ചു. പലരും അവിടെ സ്ഥിരവാസികളാണ്. പിന്നെ ഉരഗങ്ങള്‍, സസ്തനികള്‍... ആനന്ദലബ്ധിക്കിനിയെന്തു വേണം!
ദേശീയ ചമ്പല്‍ ജീവിസങ്കേതത്തില്‍ പോകാതെ ഭരത്പുര്‍ യാത്ര പൂര്‍ണമാകില്ല. ദേശീയ ചമ്പല്‍ ഘാരിയല്‍ വൈല്‍ഡ്‌ലൈഫ് സാങ്ച്വറി എന്നാണ് ഇത് അറിയപ്പെടുന്നത്. ചമ്പല്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് പൊടിപറത്തി പാഞ്ഞുവരികയാണ് ഫൂലന്‍ദേവി, പാന്‍സിങ് തോമര്‍ തുടങ്ങിയ കുപ്രസിദ്ധ കൊള്ളക്കാരുടെ പേരുകള്‍. എന്നാല്‍ ഇന്നത്തെ ചമ്പലിന് മറ്റൊരു ഛായയാണ്. ഡ്രൈവര്‍ ഭൂപേന്ദ്രസിങ്ങിനൊപ്പം ചമ്പലിലേക്കുള്ള യാത്ര തുടങ്ങി. ഭരത്പുറില്‍നിന്ന് ഏതാണ്ട് 90 കിലോമീറ്ററുണ്ട് ചമ്പലിലേക്ക്. മനോഹരമായ ഗ്രാമങ്ങളും സ്വര്‍ണപ്പച്ച വിരിച്ച കടുകുപാടങ്ങളും കടന്ന് സുഖകരമായ ഒരു യാത്രയായിരുന്നു അത്. പാടങ്ങളില്‍ ഇടയ്ക്കിടെ നീലക്കാളകളെയും കാണാം. വഴിയരികില്‍ കണ്ടുമുട്ടിയ പക്ഷിജീവിതങ്ങളെ ഫോട്ടോഗ്രാഫുകളാക്കാന്‍ ഇടയ്ക്കിടെ വണ്ടി നിര്‍ത്തിയായിരുന്നു യാത്ര.

Chambal

ആദ്യം ക്യാമറയില്‍ പതിഞ്ഞത് ഒരു ഈജിപ്ഷ്യന്‍ കഴുകനായിരുന്നു. രാവിലെ 10 മണിയോടെ ചമ്പലിലെത്തി. ഏതോ പ്രാക്തനകാലത്തെന്നോണം ഒഴുകുന്ന ചമ്പല്‍നദി കണ്ട് ഒരു മാന്ത്രികവലയത്തില്‍ അകപ്പെട്ടു പോയതുപോലെ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയാണത്. അതെന്നും അങ്ങനെയായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.  

Chambal

Chambal

ഒരു ബോട്ട് ജെട്ടിയും ഉയര്‍ത്തിക്കെട്ടിയ ഒരു തറയ്ക്കു മുകളില്‍ ടെന്റ് പോലെ കെട്ടിയ ഒരു താത്കാലിക ഇടവുമല്ലാതെ മറ്റൊരു നിര്‍മിതിയും ആ പ്രദേശത്തെങ്ങുമുണ്ടായിരുന്നില്ല. രണ്ടുമണിക്കൂര്‍ ബോട്ട് യാത്രയാണ് അവിടെ ഒരുക്കിയിരുന്നത്. തെളിഞ്ഞ ഇളംനീലനിറമുള്ള ജലം മനസ്സില്‍ തൊട്ടുതലോടിപ്പോകും പോലെ. ഭൂപ്രകൃതിയുടെ ഭംഗികണ്ടാല്‍ ശ്വസിക്കാന്‍തന്നെ മറക്കും. മണല്‍ത്തീരങ്ങളില്‍ ഘാരിയല്‍, മുഗ്ഗര്‍ ഇനങ്ങളില്‍പെട്ട മുതലകള്‍ ഇളവെയില്‍കൊണ്ട് കിടക്കുന്നുണ്ടായിരുന്നു. മണല്‍ത്തിട്ടകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന കീഴ്കാംതൂക്കായ പാറക്കൂട്ടങ്ങളിലാണ് ഈജിപ്ഷ്യന്‍ കഴുകന്മാര്‍ രാപാര്‍ക്കുക. നദിയുടെ മറുവശത്ത് ഭംഗിയുള്ള പച്ചപ്പാടങ്ങള്‍. ഭാഗ്യവശാല്‍ ഇവിടെ നടന്നുവന്നിരുന്ന മണല്‍ഖനനം സര്‍ക്കാരും വനംവകുപ്പും ചേര്‍ന്ന് പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. നദിയിലെ പാറയിടുക്കുകളില്‍ വ്യത്യസ്തങ്ങളായ ആമവര്‍ഗങ്ങളെ കാണാം. 

Chambal

വെയില്‍ കനത്തതോടെ യാത്ര മതിയാക്കാന്‍ തീരുമാനിച്ചു. നദീതീരത്ത് ചെറുപ്രാണികളെ കൊക്കിലാക്കുന്ന വണ്ണാത്തിപ്പക്ഷികളെ കണ്ടതോടെ ഇനി ഫോട്ടോഗ്രഫിയുടെ രസങ്ങളാകാം എന്നു കരുതി. ഭരത്പുരിലേക്കുള്ള മടക്കയാത്ര ശാന്തവും സുഖകരവുമായിരുന്നു. ഉള്ളുനിറയെ ഭരത്പുരും ചമ്പലും കാട്ടിത്തന്ന ജീവിവൈവിധ്യങ്ങളുടെ കാഴ്ചകളും. 

TRAVEL INFO 

Dholpur

Getting there: It is well connected by road from Bharatpur with a distance of approximately 90 kilometres.
Stay: There are limited stay options, so it is advisable to do a day trip.
Dine:  No options available in the sanctuary. Only options are in Fatehpur Sikri, which is on the way.
Sights: The sanctuary is the highlight of this place, one can spend time by boating down the river, and also walking along the banks near the boat jetty
Season: November to March.
Contacts:  For Chambal, contact Bhupendra  Singh +919784395384, +917610996611.

Tips:  There is no infrastructure at this place, except for the open tent and the boat jetty. Carry drinking water, some snacks and fruits. It is not recommended to wander alone in this area. Boating charges for Indians are rs 1000, rs 2000, and rs 3500 for 6 kms, 12kms, and 35kms. 
For foreigners it is rs 2000, rs 4000, and rs 7000 for 6 kms, 12kms, and 35kms. 
Guide fees are rs 150, rs 300 and rs 450 for all.