ജ്മീര്‍-അഹമ്മദാബാദ് ഹൈവേയില്‍ രാജസ്ഥാനിലെ സുനേപൂരിന്റെ അടുത്താണ് വേരാവെല്‍ എന്ന ഗ്രാമം. പഴയ ഹിന്ദിസിനിമകളെ ഓര്‍മിപ്പിക്കുന്ന ഒരു റെയില്‍വേ സ്റ്റേഷനും ഉരുളന്‍ കല്ലുകളും വലിയ പാറക്കൂട്ടങ്ങളും മലനിരകളുമാണ് ഈ ഗ്രാമത്തിന്റെ പ്രധാന കാഴ്ച. ഒരുതരി മണ്ണ് അവശേഷിക്കുന്നിടത്ത് കൃഷിചെയ്തും ആടിനെ മേച്ചും പുതുമയുടെ ഒരു ഭാവവുമില്ലാതെ ജീവിക്കുന്ന നാടന്‍ ഗ്രാമം. നാട്ടുകൂട്ടങ്ങളും പഞ്ചായത്തുകളും ഭരിക്കുന്ന നാട്. കോടതികളും പോലീസും പട്ടാളവുമെല്ലാം ഇവര്‍തന്നെ. വിദ്യാഭ്യാസത്തില്‍ ഈ ഗ്രാമത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗ്രാമമുഖ്യന്റെ ബിരുദധാരിയായ മകന്‍. പുറത്തുനിന്ന് വരുന്നവര്‍ വലിയ ആളുകളാണെന്നും കോടികളുടെ ആസ്തിയുമുണ്ടെന്ന് ഈ നാട്ടിന്‍പുറത്തുകാര്‍ വിശ്വസിക്കുന്നു. 

Jawai Rajasthan

പലരുടെയും കല്യാണം പതിമൂന്നാമത്തെ വയസ്സില്‍തന്നെ കഴിയും. വിവാഹിതരായ ആണുങ്ങള്‍ ചുവന്ന തലപ്പാവും സ്ത്രീകള്‍ കൈമുഴുവന്‍ വെളുത്ത വളകളും ധരിക്കും. വിവാഹം ഉറപ്പിച്ച ആണുങ്ങളാണെങ്കില്‍ തലപ്പാവിന്റെ നിറത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാകും. സ്ത്രീകള്‍ കാലിലെ വിരലില്‍ മോതിരമണിയും. കൈയിലെ വളയിലും മാറ്റമുണ്ടാകും. പൊതുവേ സ്ത്രീകള്‍ പാതി മുഖം മറക്കാന്‍ ശ്രദ്ധിക്കുന്നവരാണ്. നാടോടികളെ ഓര്‍മിപ്പിക്കുന്ന  കടുംനീലയോ മഞ്ഞയോ പിങ്കോ കലര്‍ന്ന വേഷങ്ങളാകും കൂടുതല്‍. ആണുങ്ങള്‍ വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നത്.

Jawai Rajasthan

സാധാരണ രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. പക്ഷേ, ഈ ഗ്രാമത്തിന്റെ പ്രത്യേകത ഇവിടത്തെ മൊട്ടക്കുന്നുകളില്‍ ജീവിക്കുന്ന പുലികളാണ്. ഗ്രാമത്തിന്റെ നടുവില്‍ ചെറിയ കുന്നുകളില്‍ നാല്പതോളം പുലികളാണ് വസിക്കുന്നത്. ഗ്രാമവാസികളോട് അടുപ്പമില്ലെങ്കിലും ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. 

ഒരു റിസര്‍വ് ഫോറസ്റ്റോ ഏതെങ്കിലും വന്യജീവിസങ്കേതമോ അല്ലാത്ത ഈ ഗ്രാമത്തിന്റെ നടുവില്‍ മൊട്ടക്കുന്നില്‍ ആടുകളെയോ മാടുകളെയോ ആക്രമിക്കാതെ ജീവിക്കുന്ന ഈ പുള്ളിപ്പുലികള്‍ വലിയൊരദ്ഭുതം തന്നെയാണ്. കുന്നുകളില്‍നിന്ന് കൃഷിയിടങ്ങളിലേക്ക് ഒരിക്കലും പുലികളോ ഗ്രാമവാസികള്‍ പുലികളുടെ ആവാസവ്യവസ്ഥയിലേക്കോ കയറിച്ചെല്ലാറില്ല. മൊട്ടക്കുന്നുകളിലെ പട്ടികളെയും കുരങ്ങന്മാരെയും ഭക്ഷണമാക്കി ജീവിക്കുന്ന തനി പാവത്താന്മാരാണ് ഈ പുള്ളിപ്പുലികള്‍.

Jawai Rajasthan

 

രാവിലെ അഞ്ചുമണിക്ക് സുമേപൂരില്‍നിന്ന് ഇറങ്ങിയ ഞങ്ങള്‍ ചെറിയ കുറ്റിക്കാടുകള്‍ നിറഞ്ഞ നാട്ടുവഴിയിലൂടെ അരമണിക്കൂറിലധികം സമയമെടുത്താണ് ജവായിയില്‍ എത്തിയത്. ജവായി ഡാമിലെ വെള്ളം ഗ്രാമത്തിലെ കൃഷിക്ക് ഉണര്‍വേകിയിരിക്കുന്നു. നാട്ടുവഴിയില്‍ 'കാര്യം സാധിക്കുന്ന' ഗ്രാമവാസികള്‍ക്ക് ഞങ്ങളുടെ യാത്ര അലോസരമാവുന്നുണ്ട്. വേരാവെലിലെ ചായക്കടയില്‍നിന്ന് നല്ല മണ്‍കപ്പിലുള്ള ചൂടുചായയും കുടിച്ച് ഗ്രാമമുഖ്യന്റെ മകന്റെ കൂടെയായിരുന്നു യാത്ര. ഗ്രാമവാസികളെയും ഗ്രാമത്തിലെ സമുദായങ്ങളെയും പഴയ കാലങ്ങളില്‍ പുലികളെ വേട്ടയാടിയിരുന്ന കാരണവന്മാരെപറ്റിയും അവന്‍ വാചാലനായി. നിഷ്‌കളങ്കരായ ഗ്രാമവാസികള്‍ ആടിനെ മേയ്ക്കാനും പാല്‍ വില്ക്കാനുമായി പുറത്തിറങ്ങുന്ന സമയം. 

Jawai Rajasthan

ഉരുളന്‍ കല്ലുകളും മണ്ണും കലര്‍ന്ന വഴികളില്‍ ചെറിയ വീടുകളും വലിയ ആട്ടിന്‍കൂടുകളും (കൂടല്ല, വേലികെട്ടിത്തിരിച്ച സ്ഥലം). കുന്നുകള്‍ക്ക് താഴെ കൃഷിസ്ഥലത്തിനടുത്ത് കുറ്റിക്കാടുകളില്‍ വാഹനം നിര്‍ത്തി. പിന്നെ പുലിക്കായുള്ള കാത്തിരിപ്പ്. കുന്നുകളിലെ പുലിയുടെ ഗുഹയ്ക്ക് അഭിമുഖമായാണ് ഇരിപ്പ്. 

പുലിയെങ്ങാനും പിന്നിലൂടെ വന്നാലുള്ള അവസ്ഥ ആലോചിക്കാന്‍ വയ്യ. എങ്കിലും മുഖ്യന്റെ മകന്റെ വാക്കില്‍ വിശ്വസിച്ച് ധൈര്യത്തോടെ ഇരുന്നു. രണ്ടുമണിക്കൂര്‍ ഇരുന്നു കാണും. ഒടുവില്‍ മയിലിന്റെ ശബ്ദം ശ്രദ്ധിച്ച ഗ്രാമമുഖ്യന്റെ മകന്‍ പറഞ്ഞു, മലയുടെ എതിര്‍വശത്ത് പുലിയുണ്ട്. നമുക്ക് അങ്ങോട്ടുപോകാം. അങ്ങനെ മറ്റുള്ളവരെ അവിടെ നിര്‍ത്തി എന്നെയും കൂട്ടി മലയുടെ എതിര്‍വശത്തേക്ക് നടന്നു. അവിടെ കൃഷിയിടത്തില്‍ അദ്ദേഹത്തിന്റെ ഒരു ബന്ധുവും ഉണ്ടായിരുന്നു. എന്നെ അവിടെ ഒരുവശത്തുനിര്‍ത്തി അവര്‍ കുറച്ചുമാറി കുറ്റിക്കാട്ടില്‍ പുലികളുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു.

Jawai Rajasthan
 
''ഞങ്ങള്‍ അവിടേക്കുപോകുമ്പോള്‍ പുലി ഈ വഴി ഓടും. അപ്പോള്‍ പടം എടുക്കാം. പുലി നിങ്ങളുടെ നേരെയാണ് വരുന്നതെങ്കില്‍ ഒരു കാരണവശാലും നേരെ ഓടരുത്. വശങ്ങളിലേക്ക് മാറുകയോ ഓടുകയോ ചെയ്യുക.''-അവര്‍ പറഞ്ഞു. ഇതു കേട്ടതും എന്റെ ഉള്ളൊന്നു കാളി. നിറഞ്ഞ ഭയത്തോടെ ഞാനവിടെ നിന്നു. അല്പസമയത്തിനുശേഷം അതാ എന്റെ മുന്നിലൂടെ വേഗത്തില്‍ രണ്ടു പുള്ളിപ്പുലികള്‍ ഓടുന്നു. എന്റെ ഭയം മനോഹരമായ ഫോട്ടോ നഷ്ടപ്പെടുത്തി. ആ വേദനയോടെ ഞങ്ങള്‍ ജവായിയോട് യാത്ര പറഞ്ഞു.