കുടജാദ്രിയിലെ കോടമഞ്ഞും മഴയും ഒരു മോഹമായി മനസിനെ നനയിച്ച് തുടങ്ങിയത് എപ്പോഴാണെന്നറിയില്ല. പക്ഷേ അത് യാഥാര്‍ത്ഥ്യത്തിലേക്കെത്തിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. 

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഞങ്ങള്‍ പന്ത്രണ്ട് പേര് അടങ്ങുന്ന സംഘം കുടജാദ്രി ലക്ഷ്യമാക്കി ബൈന്തൂരിലേക്ക്, കൂട്ടത്തിലേറെയും അപരിചിതര്‍, കൃത്യമായി പറഞ്ഞാല്‍ രണ്ടുഗ്രൂപ്പുകള്‍. അതില്‍ മൂന്ന് പെണ്‍കുട്ടികള്‍. രാത്രി12.20ന് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടു മണി. 

 റൂട്ട്( നടന്നുപോകുന്നവര്‍ക്ക്)

  •  ബൈന്തൂരില്‍ ട്രെയിന്‍ ഇറങ്ങി മൂകാംബിക വരെ ബസില്‍. മൂകാംബികയില്‍ നിന്നും ഷിമോഗ ബസില്‍ കാരക്കട്ടെ ചെക്ക്‌പോസ്റ്റില്‍ ഇറങ്ങുക.
  • ബൈന്തൂരില്‍ നിന്നും കാരക്കട്ടെ വരെ സുമോപിടിച്ചും എന്താം.
  • മംഗലാപുരം- മൂകാംബിക- കാരക്കട്ടെ ഈ വഴിയും എത്താം  
    മൂകാംബികയില്‍ പോയി തൊഴാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം തന്നെ കൊല്ലൂരില്‍ പോയി താമസിയ്ക്കുന്നതാകും ഉചിതം

ബൈന്തൂരില്‍ രാവിലെ ഏഴു മണിക്ക് എത്തേണ്ട ട്രെയിന്‍ എത്തിയപ്പോള്‍ പതിനൊന്ന് മണി. നടന്ന് കുടജാദ്രി കയറുക എന്നത് വെറും മോഹമായി അവശേഷിക്കുമോയെന്ന് തോന്നിപ്പോയി. 12 കിലോമീറ്റര്‍ കാട്ടിലൂടെ നടക്കാനുണ്ട്, അഞ്ചു മണികഴിഞ്ഞാല്‍ കാട്ടില്‍ ഇരുട്ടുകയറും. പിന്നെ ടൈഗര്‍ റിസേര്‍വ്ഡ് ഫോറസ്റ്റില്‍ അന്തിയുറങ്ങേണ്ടിവരും.  പല്ല് തേപ്പും വസ്ത്രം മാറലും ഭക്ഷണം കഴിക്കലുമൊക്കെ ബൈന്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ (കഴിയുന്നതും ഭക്ഷണം കഴിക്കല്‍  മറ്റെവിടെയെങ്കിലും  ആക്കുന്നതാകും ഉചിതം).  ബസിന് കൊല്ലൂരില്‍ ചെന്ന് അവിടെ നിന്നും ഷിമോഗയ്ക്ക് പോകുന്ന ബസില്‍ കയറി വനത്തിലേക്ക് പ്രവേശിക്കുന്ന കാരക്കട്ടെ ഇറങ്ങാനായിരുന്നു ആദ്യ പദ്ധതി.  

കുടജാദ്രി 
കര്‍ണാടകത്തിലെ 1343 മീറ്റര്‍ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി.  കുടജാദ്രി മലനിരകള്‍ അടങ്ങുന്ന വനം സഹ്യപര്‍വ്വതത്തിലെ മഴക്കാടുകളിലൊന്നാണ്, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണിത്. കുടജാദ്രി മലകളുടെ താഴെയാണ് മൂകാംബിക ക്ഷേത്രം. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി . 

വൈഷ്ണവാശഭൂതനായ  പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. കുടജാദ്രിയ്ക്ക് മുകളിലെ ആദിമൂകാംബിക ക്ഷേത്രം  മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു.

സമയം വളരെ വൈകിയതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. റെയില്‍വേ സ്റ്റേഷന്റെ പുറത്ത് മൂകാംബികയ്ക്ക് യാത്രക്കാരെ എത്തിയ്ക്കാന്‍ നിരവധി ജീപ്പുകളും ഒമിനി വാനുകളും സുമോകളും കാണാം. വില പേശിയിട്ട് കാര്യമില്ല, എല്ലാം ഫിക്‌സഡ് റെയ്റ്റാണ്. എല്ലാരും തമ്മില്‍ നല്ല ഐക്യവും.

സുമോ പിടിച്ച് മൂകാംബിക പോയി ഇറങ്ങി വീണ്ടും ബസില്‍ പോകണോ, നേരെ കാരകട്ടെയ്ക്ക് സുമോ പിടിക്കണോ എന്ന ചര്‍ച്ചയ്ക്ക് ശേഷം. പോക്കറ്റ് ലാഭം എന്ന പ്രലോഭനത്തെ സമയലാഭത്തിന് വിട്ടുകൊടുത്ത് ഞങ്ങള്‍ കാരക്കട്ടെ ലക്ഷ്യമാക്കി സുമോയില്‍ കയറി. കാരക്കട്ടെ വരെ 1600 രൂപ. 

സുമോയില്‍ ഞെങ്ങി ഞെരുങ്ങി മടിയിലും മറ്റുമായി പന്ത്രണ്ട് പേര്‍. കൊല്ലൂരില്‍ വണ്ടി നിര്‍ത്തി കരിക്ക് കുടിച്ച് പരമാവധി ഗ്ലൂക്കോസ് അകത്ത് കയറ്റി. അട്ടയെ തുരത്താന്‍ ഒരു കിലോ ഉപ്പ് ഒരു കുപ്പി ഡെറ്റോള്‍. ഇടയ്ക്ക് ഞങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനായി, മിനറല്‍ വാട്ടര്‍, ചെറുപഴം, പച്ച നിലക്കടല തുടങ്ങി പ്രോട്ടീന്‍ സംപുഷ്ടമായ പലതും ബാഗില്‍ നിറച്ചു. കാരക്കട്ടെയിലേക്കുള്ള ദൂരം കുറയുന്തോറും ഞങ്ങള്‍ക്കിടയിലെ അപരിചിതത്വവും പതുക്കെ ഇല്ലാതായി. 

കൃത്യം ഒരു മണിയായപ്പോള്‍ സുമോ ഡ്രൈവര്‍ വനത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ ഞങ്ങളെ ഇറക്കിവിട്ടു. ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചെക്ക് പോസ്റ്റുണ്ട്. അവിടുന്ന് ടിക്കറ്റ് എടുക്കണം എന്ന ഉപദേശവും തന്നു. കാരക്കട്ടെ റോഡില്‍ നിന്നും കാലെടുത്തുവയ്ക്കുന്നതേ ഒരു കയറ്റത്തിലേക്കാണ് പത്ത് മിനിട്ട് മാത്രം അകലെയുള്ള ഓഫീസിലേക്ക് ഓട്ടോമാത്രം വിളിച്ച് പോകുന്ന എന്റെ ഹൃദയത്തില്‍ ഒരു കല്ല് കയറ്റിവച്ച അനുഭവമായിരുന്നു ആ കയറ്റം. 

1
ചെക്ക് പോസ്റ്റിലേക്ക്

കയറ്റം കയറുന്നതിനിടയ്ക്ക് കാലിലേക്ക്  നോക്കിയപ്പോള്‍ അട്ടകള്‍ സോക്‌സിലേക്ക് വലിഞ്ഞ് കയറുന്നു. മൂന്നെണ്ണത്തെ വരെ എണ്ണി.  മഞ്ഞളും വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത മിശ്രിതം പ്രയോഗിച്ചതോടെ അട്ടകള്‍ പിടിവിട്ടു. 

kudajadri
 അട്ടപിടുത്തം 

ചെക്‌പോസ്റ്റ്‌ ലക്ഷ്യമാക്കിയായിരുന്നു യാത്ര. ചെറിയ ചില കയറ്റങ്ങളൊഴിച്ചാല്‍ പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. ഇടയ്ക്ക് ചില ബൈക്ക് യാത്രക്കാരെയും കാണാം. അല്‍പ ദൂരം പിന്നിടുമ്പോള്‍ ഒരു സൈന്‍ ബോര്‍ഡ് കാണാം. 45 കിലോമീറ്റര്‍ എന്നൊക്കെയാണ് അതില്‍ എഴുതിയിരിക്കുന്നത്. അത് വായിച്ച് ആരും തിരിച്ച് നടക്കരുത്. കുടജാദ്രിയില്‍ എത്തുന്നത് വരെ  പിന്നീടൊരു സൈന്‍ ബോര്‍ഡ് പോലും കാണാന്‍ കിട്ടില്ല. എന്നു കരുതി വഴി തെറ്റുമെന്നു കരുതരുത്. കാരണം ആകെ ഒറ്റ ഒരു വഴിയെ ഉള്ളു. 

kudajadri
കാട്ടുചോല 

കാടിന്റെ പ്രതീതി തീരെ ഇല്ലാത്ത ജീപ്പിന് പോകാന്‍ കഴിയുന്ന റോഡിലൂടെയാണ് യാത്ര. ഇതിനിടയിലെപ്പോഴൊ ഞങ്ങള്‍ രണ്ട് കൂട്ടമായി മാറിയിരുന്നു.  പിറകില്‍ വരുന്നവരെ കാണാനില്ല. 

kudajadri

ഒടുവില്‍ ചെക്ക് പോസ്റ്റ് കണ്ടുപിടിച്ചു . വീടാണെന്നെ തോന്നു,  ഒന്നു കൂടെ സൂക്ഷിച്ച് നോക്കിയാല്‍ ചെറിയൊരു ബോര്‍ഡ് കാണാം. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥന് കണ്ടപ്പോഴെ കാര്യം മനസിലായി. ഒരാള്‍ അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. അകത്ത് പോയി 12 പേര്‍ക്കും കൂടി 300 രൂപ അടച്ച് തിരിച്ച് വന്നു.  നമ്മള്‍ ആരാണെന്നോ എന്താണെന്നോ കര്‍ണാടക സര്‍ക്കാരിന് അറിയേണ്ടതില്ല. കാട്ടില്‍ പോയി തിരിച്ചെത്തിയില്ലെങ്കിലും വനം വകുപ്പിന് പ്രശ്‌നമില്ല. സ്വന്തം റിസ്‌ക്കില്‍ പൊയ്‌ക്കൊള്ളുക, തിരിച്ചു വന്നുകൊള്ളുക.

kudajadri

ചെക്ക് പോസ്റ്റിന്റെ സമീപത്ത് ഞങ്ങള്‍ വിശ്രമിച്ചു. വീണ്ടും നടത്തം ആരംഭിച്ചപ്പോഴാണ് അത് കണ്ടത്. കുടജാദ്രി കാല്‍നടയാത്രകളില്‍ പ്രസിദ്ധനായ തങ്കപ്പന്‍ ചേട്ടന്റെ ചായക്കട. പുള്ളീടെ ഹോട്ടലിലെ ഭക്ഷണത്തിന്റെ രുചി ലോകപ്രശസ്തമാണ്.

തിന്നാന്‍ വയറ്റില്‍ സ്ഥലവും കളയാന്‍ സമയവും ഇല്ലാത്തത് കൊണ്ട് തങ്കപ്പന്‍ ചേട്ടന്റെ  രുചികളെ അവിടെ ഉപേക്ഷിച്ചു. ഈ ചായക്കട പിന്നിടുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞുനോക്കണം .കാരണം പിന്നീട് ഒരു മനുഷ്യ ജീവിയെ  പോലും നിങ്ങള്‍ കാണില്ല.  ചായക്കട പിന്നിട്ടാല്‍ കാട് തുടങ്ങുകയായി. അപ്പോള്‍ മനസിലാകും ഇതുവരെ കണ്ടതൊന്നുമായിരുന്നില്ല കാടെന്ന്. 

kudajadri

സൂര്യപ്രകാശം പോലും അകത്തെത്താത്ത കറുത്ത കാട്. ചെറിയ കുളിര്..  അന്തമില്ലാതെ നീണ്ടുപോകുന്ന ഒറ്റയടിപാത. ധാരാളം അട്ടകളും. കുറച്ച് ദൂരം പിന്നിട്ടാല്‍ ചെങ്കുത്തായ കയറ്റങ്ങള്‍, സൂക്ഷിച്ച് കയറിയില്ലെങ്കില്‍ നനവുള്ള മണ്ണില്‍ തെന്നി വീഴുമെന്ന് മാത്രമല്ല, വീഴുന്ന ഗ്യാപ്പില്‍ അട്ടകള്‍ മുഖത്തു വരെ കയറിയെന്നിരിക്കും. ഒരു കയറ്റം കഴിഞ്ഞ് ശ്വാസം വിടുമ്പോഴേക്കും വീണ്ടും അടുത്ത കയറ്റം.  

അട്ട

കാട്ടിലൂടെ നടന്നുപോകുന്നവര്‍ നല്ല കട്ടിയുള്ള സോക്‌സ്, ഷൂ ഇവ നിര്‍ബന്ധമായും ധരിക്കണം. സോക്‌സിനുള്ളിലേക്ക് പാന്റ് ഇറയ്ക്കിവയ്ക്കണം. മഞ്ഞള്‍ പൊടിയും ഉപ്പും  വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം കയ്യില്‍ കരുതാം. അട്ട കടിച്ചാല്‍ ഇത് പുരട്ടിയാല്‍ അട്ട പിടിവിടും. ഒരു കാരണവശാലും അട്ടയെ പറിച്ചു കളയരുത്. അട്ടയുടെ പല്ലുകള്‍ കാലില്‍ തന്നെ ഇരിക്കുകയും ഇത് പിന്നീട് അലര്‍ജിക്ക് കാരണമാകുകയും ചെയ്യും.

ഇടയ്ക്ക് നടത്തത്തിന്റെ ശൈലിയൊന്നു മാറ്റി. ബാഗ് ഒരാള് പിടിച്ചു. മുന്നില്‍ പോകുന്നയാളിന്റെ ബാഗിന്റെ വള്ളിയില്‍ തൂങ്ങി, ഇടയ്ക്ക് ചിലര്‍ കയ്യില്‍ പിടിച്ച് വലിച്ച് കയറ്റി. കാല് ഒരടി പോലും മുന്നോട്ട് ചലിക്കുന്നില്ലെന്നായപ്പോള്‍ പിറക്കില്‍ വരുന്നവര്‍ ഉന്തിക്കയറ്റാന്‍ തുടങ്ങി. ഇരുന്നും നിരങ്ങിയും നടന്നും ഓടിയും കുടജാദ്രി എപ്പോഴേലും മുന്നില്‍ കാണുമെന്നു പ്രതീക്ഷിച്ച് വെറുതെ നടന്നേക്കുക. 

kudajadri

നടന്ന് നടന്ന് ഏകദേശം ഒരു നാല് മണി ആയിട്ടും കാടിനോ വഴിക്കോ ഒരു മാറ്റവും കാണില്ല. കുടിജാദ്രിയൊട്ട് കാണാനും ഇല്ല. തിരിച്ച് പോകാനും വയ്യ. ഇടയ്ക്കിടെ വനം രൗദ്രഭാവം കാണിച്ചുതരും.  എവിടെയെങ്കിലും എത്തുന്നത് വരെ മഴ പെയ്യരുതെന്ന് മാത്രമാണ് പ്രാര്‍ത്ഥന. 

kudajadri

എത്ര കരുതിയാലും കയ്യിലുള്ള കുപ്പികളിലെ വെള്ളം തീരും, കാട്ടില്‍ ഇടയ്ക്കിടെ ചില അരുവികള്‍ കാണാം. ശുദ്ധമായ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത നല്ല തണുത്ത വെള്ളം. കുടിയ്ക്കാം വേണമെങ്കില്‍ കുളിയ്ക്കാം. എന്തോ പ്രത്യേക ഒരു ഊര്‍ജ്ജം തരാന്‍ കഴിവുണ്ട് ഈ കാട്ടുചോലകള്‍ക്ക്.  ഒടുവില്‍ പച്ചപുല്ല് നിറഞ്ഞ ഒരു കുന്നിന്‍ ചെരുവിലെത്തി ഇവിടെ കാടിന്റെ ഭാവം മാറും. ഇതുവരെ കണ്ടത് അന്തമില്ലാത്ത കയറ്റം മാത്രമുള്ള കാടാണെങ്കില്‍ ഇനി മല. അതിറങ്ങിചെല്ലുമ്പോള്‍ ചെറിയൊരു കാട്. വീണ്ടും മല, വീണ്ടും കാട്. അങ്ങനെ ഓരോ മല കാണുമ്പോഴും വെറുതെ വിചാരിക്കും അടുത്ത മലയാണ്‌ കുടജാദ്രിയെന്ന്. ഇനിയും മറ്റൊരു  മല കാണുകയില്ലെന്നുറപ്പുള്ള   ഒരു മല കീഴടക്കി, പച്ചപുല്ലുകള്‍ മാത്രമുള്ള ഒരു മലയുടെ ചെരിവ്.

kudajadri

അത്ര ദൂരം നടന്നതിന് ഫലമുണ്ടായെന്നു തോന്നിയ ആദ്യ നിമിഷം. കോടമഞ്ഞും നമ്മളും മുഖാമുഖം. ഈ കാഴ്ച്ചയും പ്രകൃതി ഭംഗിയും കണ്ട് നില്‍ക്കരുത്. വീണ്ടും നടന്നോളണം. പെട്ടെന്നാണ് ഒരു കെട്ടിടം കണ്ണില്‍പെട്ടത്. അഡിഗയുടെ വീട്, ( അമ്പലത്തിലെ പൂജാരി- ആത്മാര്‍ത്ഥമായ ഈ ആഹ്ലാദപ്രകടനം അഡിഗയെ കാണാനാണ് ഞാന്‍ കുടജാദ്രിയ്ക്ക് പോയതെന്ന ചീത്തപ്പേര് സമ്മാനിച്ചു).

ഒന്നുകൂടി നോക്കിയപ്പോള്‍ ഒന്നു പൊട്ടിക്കരയാനാണ് തോന്നിയത്. ഇപ്പോള്‍ നില്‍ക്കുന്ന മല ഇതുവരെ കയറിയതില്‍ ഏറ്റവും ഉയരമുള്ളത്. ഇവിടെ നിന്നും  നോക്കുമ്പോള്‍ അഡിഗയുടെ വീട് ആകാശത്ത് ഇരിക്കുന്നതുപോലെ തോന്നും. എന്നാലും ഇപ്പോള്‍ ഒരു കൃത്യമായ ലക്ഷ്യമുണ്ടായല്ലോ എന്ന ആശ്വാസത്തില്‍ നടത്തത്തിന് വേഗം കൂട്ടി. വീണ്ടും മലയും കാടും പുല്‍മേടുകളും. കൃത്യം ആറുമണിക്ക് ലക്ഷ്യസ്ഥാനത്തിന്  തൊട്ടുതാഴെയെത്തി..  ഇനി മുന്നില്‍ കാണുന്ന പര്‍വ്വതം കൂടി കീഴടക്കിയില്‍ കുടജാദ്രിയിലെത്തി. വിശാലമായ പുല്‍മേട്ടില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. കുടജാദ്രി കീഴടക്കും മുന്‍പുള്ള അവസാനത്തെ വിശ്രമം. കുടജാദ്രിയിലേക്ക് ഏന്തിവലിഞ്ഞ് കയറിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് പിന്നില്‍ സൂര്യന്‍ ചുവന്ന് തുടുത്ത് അസ്തമയത്തിനൊരുങ്ങി നിന്നു.

kudajadri

പിന്നിട്ട പാതകളില്‍ നഷ്ടപ്പെട്ടുപോയ ഊര്‍ജ്ജത്തെ ഒറ്റനിമിഷം കൊണ്ട് ഉള്ളിലേക്കെത്തിയ്ക്കാന്‍ ഈയൊരറ്റ കാഴ്ച്ച മതിയായിരുന്നു.  

N

അങ്ങനെ പന്ത്രണ്ട് കിലോമീറ്റര്‍ നീണ്ട മാരത്തോണ്‍ നടത്തത്തിന് പരിസമാപ്തി. കുടജാദ്രിയിലെ അമ്പലത്തിന്റെ മുറ്റത്താണ് കയറ്റം അവസാനിച്ചത്. ദൂരെനിന്നും നോക്കിയപ്പോള്‍ കണ്ടതും ഈ അമ്പലമാണ്. ജീപ്പ് വഴി എത്തുന്നവരും ഇറങ്ങേണ്ടത് ഈ അമ്പലത്തിനു മുന്നിലാണ്. സര്‍വ്വജ്ഞപീഠം ഇനിയും മുകളിലാണ്. സന്ധ്യമയങ്ങിയതുകൊണ്ട് സര്‍വ്വജ്ഞപീഠം എന്ന സ്വപ്‌നത്തിന് ഒരു രാത്രിയിലേക്ക് കൂടി നീട്ടിവെച്ചു. 

അമ്പലത്തിനു മുകളിലാണ് ഞങ്ങള്‍ അന്തിയുറങ്ങുന്ന ഡോര്‍മെട്രി. ഭാര്‍ഗവീനിലയം ഷൂട്ട് ചെയ്തത് ഇവിടെയാണോയെന്ന് ആര്‍ക്കും  തോന്നിപ്പോകും.  സോളാര്‍ പാനലുകള്‍ മുറ്റത്ത് നിരത്തിവെച്ചിട്ടുണ്ട് പക്ഷേ കുടജാദ്രികാണാന്‍ സൂര്യന്‍ വരാത്തത് കൊണ്ട് ഡോര്‍മെട്രിയിലെ ഒറ്റ ബള്‍ബ് പോലും കത്തില്ല.

kudajadri
ഡോര്‍മെട്രി 

ഷൂവില്‍നിന്നും കാലിനെ മോചിപ്പിച്ച് ഡോര്‍മെട്രിയുടെ മുറ്റത്തൂകൂടി അരിച്ചെത്തുന്ന കോടമഞ്ഞിലൂടെ നടന്നപ്പോള്‍ ആറുമണിക്കൂര്‍ നടന്നതിന്റെ ക്ഷീണം എങ്ങോപോയി.  അടുത്ത ജോലി അട്ട ശരീരത്തില്‍ കയറിയോ എന്നു പരിശോധിക്കലാണ്. പലരുടെയും കാലില്‍ കൂടി ചേരയൊഴുകുന്നു. മൊബൈലിലെ ടോര്‍ച്ച് ഓണാക്കി, ബാത്ത് റൂമില്‍ ചെന്ന് ഡോര്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ ലോക്കില്ല.

ബെഡ്‌റൂമുകളുടെയും അവസ്ഥയും വ്യത്യസ്തമല്ല. ഒന്നിലും ലോക്കില്ല. ആകെയുള്ള ആശ്വാസം ഡ്യൂറോഫ്‌ളെക്‌സിന്റെ കിടക്കയും നല്ല പുതപ്പും ഉണ്ടെന്നത് മാത്രമാണ്. രാത്രിയിലെ ഭക്ഷണം ഡോര്‍മെട്രി ജീവനക്കാരന്‍ പാകം ചെയ്തു തന്നു. ചോറ്, സാമ്പാര്‍, രസം, മോര് അച്ചാര്‍. ഡോര്‍മെട്രിയുടെ മുറ്റത്ത് ക്യാംപ് ഫയര്‍ നടത്താനുള്ള മോഹം ആദ്യമെ അസ്തമിച്ചു. തീ കത്തിയ്ക്കാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയില്ല. ഒടുവില്‍ ഇത്തിരി മെഴുകുതിരി വെട്ടത്തെ ഞങ്ങള്‍ ക്യാംപ് ഫയറാക്കി മാറ്റി. 

ഡോര്‍മെട്രി 

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണ് ഡോര്‍മെട്രി
നേരത്തെ വിളിച്ചു ബുക്ക് ചെയ്താല്‍ ഡോര്‍മെട്രി റെഡി.
ബുക്കിംഗിന് അനുസരിച്ച് മാത്രമെ ഡോര്‍മെട്രി തുറക്കു.
ഭക്ഷണത്തിനും താമസത്തിനും പ്രത്യേക ചാര്‍ജ്ജ്
താമസം ഒരാള്‍ക്ക് : 200 രൂപ 
ഫോണ്‍: 9740852237

ഇടയ്ക്ക് മുറ്റത്തിറങ്ങി നിന്ന ഒരാള്‍ ഓടിവരാന്‍ വിളിച്ചുകൂവി.. അവന്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ഞങ്ങളും നോക്കി. ഡോര്‍മെട്രിയുടെ ആകാശത്ത് മാത്രം നിറയെ നക്ഷത്രങ്ങള്‍. അത്രയും നക്ഷത്രങ്ങളെ ഒന്നിച്ച് കാണുന്നത് ആദ്യമായാണ്. കണ്ണില്‍ നിറച്ചിട്ടും മതിവരാത്തവര്‍ മൊബൈലില്‍ നിറയ്ക്കാന്‍ വിഫല ശ്രമം നടത്തികൊണ്ടിരുന്നു. വീശിയടിയ്ക്കുന്ന തണുത്തകാറ്റില്‍ മറ്റെല്ലാം മറന്ന് വെറുതെ കുടജാദ്രിയ്ക്ക മുകളിലെ ആ നക്ഷത്രകൂട്ടത്തെ വെറുതെ നോക്കിനില്‍ക്കണം. ഇപ്പോള്‍ നില്‍ക്കുന്നത് കുടജാദ്രിയിലാണെന്നു പോലും മറക്കണം.  

kudajadri
കുടജാദ്രി

കുടജാദ്രിയിലെ സൂര്യോദയം മറ്റൊരു സ്വപ്‌നമായിരുന്നു.  എല്ലാവരെയും അഞ്ചരയ്ക്ക് വിളിച്ചുണര്‍ത്താമെന്ന് ചട്ടം കെട്ടിയാണ് ഉറങ്ങാന്‍ കിടന്നത്.  ആവശ്യത്തിന് വാതിലുകള്‍ ഇല്ലെങ്കിലും പുറത്തെ കൊടും തണുപ്പ് ഒരു തുള്ളിപോലും അകത്തെത്തിയ്ക്കാത്ത വിധമാണ് ഡോര്‍മെട്രി നിര്‍മിച്ചിരിക്കുന്നത്.

kudajadri
കുടജാദ്രി

അഞ്ചരയ്ക്ക് അലാറമൊക്കെ അടിച്ചു, എഴുന്നേല്‍ക്കുകയും ചെയ്തു. പക്ഷേ ഡോര്‍മെട്രിയുടെ പ്രധാനവാതില്‍ പൂട്ടിയിരിക്കുന്നു. അങ്ങനെ സൂര്യോദയമെന്ന  സ്വപ്‌നം അവിടെയുണ്ടായിരുന്ന ഏക അടച്ചുറപ്പുള്ള വാതില്‍ താഴിട്ടുപൂട്ടി. ഒടുവില്‍ ആ വാതില്‍ തുറക്കുവോളം കാത്തിരുന്നു. വാതില്‍ തുറക്കാന്‍ സൂര്യന്‍ കാത്തുനില്‍ക്കാത്തത് കൊണ്ട് ഉദയം ഇപ്പോഴും നടക്കാത്തൊരു മോഹമാണ്. 

kudajadri
 അഡികയുടെ വീട് 

കോടമഞ്ഞു മൂടിയ കുടജാദ്രിയുടെ പുലര്‍ക്കാലം മനോഹരമായ കാഴ്ചയാണ്. തൊട്ടുമുന്നില്‍നില്‍ക്കുന്നവരെ പോലും മായിച്ചുകളയുന്ന ഇന്ദ്രജാലക്കാരനായ കോടമഞ്ഞ്. കോടമഞ്ഞിലൂടെ ഒരു ചെറിയ മോണിങ്ങ് വാക്ക് നടത്തിയപ്പോഴേക്കും ഡോര്‍മെട്രിയില്‍ ചായ റെഡിയായിരുന്നു. 9.30 ആകുമ്പോഴേക്കും ഡോര്‍മെട്രി പൂട്ടും. പെട്ടിയും ബാഗും എടുത്ത് പുറത്ത് കടക്കണമെന്നാണ് നിര്‍ദ്ദേശം. 

kudajadri
കുടജാദ്രി

8.30 ആയപ്പോഴേക്കും ഉപ്പുമാവ്, ലെമണ്‍ റൈസ്, തൊട്ടുകൂട്ടാന്‍ അച്ചാര്‍, പിന്നെ ചായയും... 9.30 ആയപ്പോഴേക്കും അഡിഗയെ സോപ്പിട്ട് മൂപ്പരുടെ വീട്ടില്‍ ഞങ്ങള്‍ ബാഗ് വെച്ചു. എല്ലാ ഭാരങ്ങളും ഉപേക്ഷിച്ചാണ് സര്‍വ്വജ്ഞ പീഠത്തിലേക്കുള്ള യാത്ര.

അഡിഗയെ വഴിപാടിനുള്ള പണം ഏല്‍പ്പിച്ചാണ് സര്‍വ്വജ്ഞപീഠത്തിലേക്ക് കയറിയത്. ആദ്യം കുത്തനെ ഒരു കയറ്റം. അതു കയറി കഴിഞ്ഞാല്‍ പിന്നെ ചരിവുള്ള കയറ്റമാണ് അതുകൊണ്ട് തന്നെ കയറാന്‍ അത്ര ബുദ്ധിമുട്ട് ഉണ്ടാകില്ല. ഒരു ഭാഗത്ത് കൊക്കയില്‍ കോടമഞ്ഞ് പാറിക്കളിക്കുന്നത് കാണം, ആകാശത്തിലൂടെ നടക്കുകയാണെന്നെ തോന്നു.

kudajadri
കുടജാദ്രി

കുന്നുകളില്‍ ഇളം വെയിലുവന്നു തൊടുന്നതും വെയിലിനെ കബളിപ്പിച്ച് മഞ്ഞ് തെന്നിമാറുന്നതും നേര്‍ത്തില്ലാതാകുന്നതും കണ്ട് സര്‍വ്വജ്ഞ പീഠത്തിലേക്ക് നടക്കാം. ഇടയ്ക്ക്  ഇത്തിരി കുഞ്ഞന്‍ കാടുകളുണ്ട്. ഈ ഭാഗത്തായി അല്‍പം താഴെ ഗണപതി ഗുഹകാണാം. ചോലവെള്ളം സ്വയം ജലധാര നടത്തുന്ന ഗണപതി ഗുഹ. വര്‍ഷത്തിലൊരിക്കല്‍ ഇവിടെ ഒരു യോഗിനി വന്ന്  മാസങ്ങളോളം തപസുചെയ്യാറുണ്ടത്രെ. ഗണപതി ഗുഹയും പിന്നിട്ട് കോടമഞ്ഞിനെയും മലകളെയും പിന്നിലാക്കി വീണ്ടും മുന്നോട്ട് നടക്കണം. ഇടയ്ക്ക് മോരുംവെള്ളവും കക്കിരിയുമായി ഒരു പയ്യന്‍ നില്‍പ്പുണ്ടാകും.

kudajadri

വീണ്ടും മുന്നോട്ട് തന്നെ.. കുറെ ദൂരം. എത്ര സമയം നടന്നുവെന്നോ എത്ര കിലോമീറ്റര്‍ നടന്നുവെന്നോ ഓര്‍മ്മയില്ല. ഒരു മലയുടെ  ഏറ്റവും മുകളിലെത്തുമ്പോള്‍ കോടമഞ്ഞിലൊളിച്ച ഒരു കുഞ്ഞന്‍ കരിങ്കല്‍ ക്ഷേത്രം കാണാം. അതാണ് സര്‍വ്വജ്ഞപീഠം. ഇവിടെയിരുന്നാണ് ശങ്കരാചാര്യര്‍ തപസുചെയ്തത്. 

kudajadri
സര്‍വ്വജ്ഞപീഠം

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3100 അടിയോളം ഉയരത്തിലാണ് സര്‍വ്വജ്ഞപീഠം.  സര്‍വ്വജ്ഞപീഠമായിരുന്നില്ല ലക്ഷ്യം, അതുകൊണ്ട് തന്നെ വീണ്ടും മുന്നോട്ട് നടന്നു. സര്‍വ്വജ്ഞപീഠത്തിനു നേരെ പിറകുവശത്തായി ഒരു ഒറ്റയടിപ്പാത, സൈന്‍ ബോര്‍ഡുകളൊന്നും ഇല്ല. മറ്റുവഴികള്‍ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ചിത്രമൂലയിലേക്കുള്ള വഴി അതാണ്. അവിടെയാണ് സൗപര്‍ണിക നദി ഉത്ഭവിക്കുന്നത്.

കൂടെയുണ്ടായിരുന്ന നടപ്പിസ്റ്റുകളായ അഞ്ചാറ് പേരെ പറ്റി യാതൊരു വിവരവും ഇല്ല. ഒടുവില്‍ കൂവി നോക്കിയപ്പോള്‍ ഭൂമിയുടെ അന്തരാളങ്ങളില്‍ നിന്നെന്ന പോലെ മറുകൂവല്‍ കേട്ടു. പിന്നീടുണ്ടായിരുന്നത് കയറ്റമായിരുന്നില്ല, കുത്തനെയുള്ള ഇറക്കം. ഓരോ കാലും മുന്നോട്ട് വയ്ക്കും തോറും ഭയം പിന്നോട്ട് നടത്തിക്കുന്ന ഇറക്കം. ഒരാള്‍ക്ക് അടി തെറ്റിയാല്‍ അഞ്ചാറ് പേര് ഒന്നിച്ച് വല്ല മരത്തിന്റെ ചില്ലയിലും കൊളുത്തി നില്‍ക്കുണ്ടാകും. അന്തമില്ലാത്ത ഇറക്കവും, കുവലുകള്‍ക്ക് മറുകൂവലില്ലാത്തതും തിരികെ പോയാലെ എന്നു പലപ്പോഴും ചിന്തിപ്പിച്ചു. പക്ഷേ ആ ഘോരവനത്തിലൊവിടെയൊ മറ്റുള്ളവരുണ്ടെന്ന ചിന്ത മുന്നോട്ടും വയ്യ പിന്നോട്ടും വയ്യ എന്ന ദുരവസ്ഥയിലാണ് എത്തിച്ചത്. 

ഒടുവില്‍ ലക്ഷ്യം ചിത്രമൂലയില്‍ നിന്നും മറ്റി അവരിലേക്ക് എത്തുക എന്നതു മാത്രമായി. എത്ര വിളിച്ചിട്ടും എവിടെ നിന്നൊ ഒരു വെള്ള ചാട്ടത്തിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. മൊബൈലില്‍ റേഞ്ചിന്റെ സാധ്യതയെ പറ്റിപോലും ആലോചിക്കേണ്ടതില്ലല്ലോ... നടക്കല്‍ പിന്നീട് നിരങ്ങലാക്കി മാറ്റി. അതായിരുന്നു ആ അവസ്ഥയില്‍ സെയ്ഫ്. 

എത്ര ദൂരമാണ് നടന്നതൊന്നും ഓര്‍മ്മയില്ല... ഇടയ്ക്ക് വഴിപോലും വ്യക്തമാകാത്ത കാടാണ്. വകഞ്ഞ് മാറ്റിവേണം മുന്നോട്ട് പോകാന്‍... കുറച്ച് ദൂരം ചെന്നപ്പോള്‍ കുറെ താഴെനിന്നും കൂട്ടത്തിലുള്ളവരുടെ സംസാരം കേട്ടു തുടങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത്. പക്ഷേ വീണ്ടും മുന്നോട്ട് നടക്കാനുണ്ടായിരുന്നു. മുന്നോട്ട് വയ്ക്കുന്ന കാല്‍ ഒരിഞ്ച് തെറ്റിയാല്‍ നേരെ താഴേക്ക്.. ഒടുവില്‍ എത്തി. അവരെ കണ്ട സന്തോഷത്തില്‍ ചിത്രമൂലയെ അത്ര മൈന്റ് ചെയ്തില്ല. ഒരു ചെറിയ ഗുഹയ്ക്ക് അരികില്‍ കൂടിയാണ് സൗപര്‍ണിക ഉത്ഭവിക്കുന്നത്. ഒരു കയറില്‍ തൂങ്ങിവേണം കയറാന്‍.. ഒരു വിധം തൂങ്ങിപിടിച്ച് കയറി.

kudajadri
ചിത്രമൂലയിലേക്ക് 

ആദിശങ്കരന്‍ ധ്യാനിയ്ക്കാന്‍ ഈ ഗുഹ തിരഞ്ഞെടുത്തത് വെറുതെ അല്ല. ഇവിടെ ഇരുന്നാല്‍ ഇനിയൊരിക്കലും തിരിച്ചുപോകാന്‍ പറ്റാതിരുന്നെങ്കിലെന്ന് തോന്നിപ്പോകും. ഇനിയുള്ള പുലരികളും രാത്രികളും ചിത്രമൂലയിലായിരുന്നെങ്കിലെന്ന്..  സൗപര്‍ണികയുടെ ആദ്യ തുള്ളികളെ കണ്ടപ്പോള്‍ ജീവിതത്തിലാദ്യമായി ആത്മാര്‍ത്ഥമായിട്ട് കുളിയ്ക്കണമെന്നു തോന്നി.

kudajadri
സൗപര്‍ണികയുടെ ആദ്യ തുള്ളികള്‍

ഇതുവരെയുണ്ടായിരുന്ന എല്ലാ കുളികളും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടോ നിവൃത്തികേടുകൊണ്ടോ ആയിരുന്നെങ്കില്‍, ഇത് ഒരു കൊതിയായിരുന്നു. നടക്കാന്‍ അത്ര സാധ്യതയില്ലെന്ന തോന്നലില്‍നിന്ന് എനിക്ക് കുളിയ്ക്കണമെന്ന് ആത്മഗതം പോലെ പറഞ്ഞപ്പോള്‍, അത് കേട്ടയുടനെ ജീവന്‍ പോലും പണയം വെച്ച് ഒരു സുഹൃത്തെന്നെ സൗപര്‍ണികയുടെ ചുവട്ടില്‍ കെണ്ടിരുത്തി ( വെള്ളം കുത്തനെ വീഴുന്നതിനാല്‍ അപാര വഴുക്കല്‍, ഒന്നു കാലുതെറ്റിയാല്‍ നേരെ താഴേക്ക്,)  അങ്ങനെ സൗപര്‍ണികയുടെ ആദ്യ തുള്ളികള്‍ എന്റെ തലയിലേക്ക്. കുളിയ്ക്കല്‍ ആദ്യമായി ഒരു അനുഭൂതിയായി.. അത്രയും ശുദ്ധമായ തണുത്ത വെള്ളം നിറുകയില്‍ പതിക്കുമ്പോള്‍ ആത്മാവിനോളം അനുഭവപ്പെടുന്ന തണുപ്പ്.. അധികം നേരം കുളിയ്ക്കാനുള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് വീണ്ടും ഗുഹയ്ക്കുള്ളിലേക്ക്.. ഇവിടെയൊരു ശിവലിംഗം കാണാം.  വയലറ്റു കാട്ടുപൂക്കളും സൗപര്‍ണികയിലെ ജലധാരയും. ചിത്രമൂലയിലെത്തുന്നവരുടെ ശിവനുള്ള അര്‍ച്ചന ഇതാണ്. 

അല്‍പ്പനേരത്തെ വിശ്രമത്തിനുശേഷം കയറില്‍ തൂങ്ങി വീണ്ടും താഴേക്ക്. അടുത്ത ലക്ഷ്യം അഡിഗയുടെ അടുത്തെത്തുകയാണ്. മനസില്ലാ മനസോടെയാണ് ചിത്രമൂലയോട് യാത്ര പറഞ്ഞത്. പാതാളത്തോളം ആഴത്തില്‍നിന്നു വേണം മുകളിലെത്താന്‍.  

കുത്തനെയുള്ള കയറ്റമാണ്.. ഒന്നുകില്‍ കയറുക, അല്ലെങ്കില്‍ ചിത്രമൂലയില്‍ തപസു ചെയ്യുക. രണ്ടു ഓപ്ഷനുകളാണ് മുന്നിലുള്ളത്. ഒറ്റയ്ക്ക് തപസുചെയ്യാന്‍ വയ്യാത്തതുകൊണ്ട് മാത്രം കയറി. 

കുത്തനെ കയറുക എന്നത് അത്ര പ്രായോഗികമല്ല. അതിനാല്‍ ഈ ഘട്ടത്തില്‍ കൈകള്‍ കൂടി കയറാന്‍ ഉപയോഗിക്കാവുന്നതാണ്. ശ്വാസം നില്‍ക്കല്‍, തലകറക്കം, ശര്‍ദ്ദിക്കാന്‍ വരല്‍ ഇമ്മാതിരി അവസ്ഥകളൊക്കെ ഈ കയറ്റത്തിലും സ്വഭാവികം. വിശ്രമിച്ചിട്ട് വീണ്ടും കയറുക അതേ ഉള്ളു പോം വഴി. 

സ്വയം വലിഞ്ഞു കയറിയും ആരൊക്കെയൊ വലിച്ചുകയറ്റിയും സര്‍വ്വജ്ഞപീഠം വരെ എത്തി. നേരത്തെ കണ്ട ഭാവമായിരുന്നില്ല അപ്പോള്‍ സര്‍വ്വജ്ഞപീഠത്തിന്. മഞ്ഞും മഴയും മാറിമാറി. 

സര്‍വ്വജ്ഞപീഠത്തില്‍ പൂജ നടന്നുകൊണ്ടിരുക്കുന്നു. പുറത്ത് ഒരു പാത്രത്തില്‍ നാരങ്ങാവെള്ളം കാണാം, പ്രസാദം ആണെന്ന് കരുതി എടുത്ത് കുടിയ്ക്കരുത്. പൂജാരി ഗ്ലാസൊന്നിന് പത്ത് രൂപ വാങ്ങിക്കും. സര്‍വ്വജ്ഞപീഠം പതുക്കെ സജീവമായി തുടങ്ങിയിരുന്നു. ജീപ്പ് മാര്‍ഗം കുടജാദ്രിയിലെത്തിയ നിരവധി പേരെ ഈ സമയം കാണാം. പലരും  സര്‍വ്വജ്ഞപീഠത്തില്‍ യാത്ര അവസാനിപ്പിക്കുകയാണ് പതിവ്. പോകുമ്പോള്‍ ഇളംവെയില്‍ ആണെങ്കില്‍ തിരിച്ചിറങ്ങുമ്പോള്‍ മുന്നിലുള്ള ആളെ പോലും മറയ്ക്കുന്ന കോടയും ചാറ്റല്‍ മഴയും. അങ്ങനെ കുടജാദ്രിയിലെ മഴയും നനഞ്ഞു. ഒടുവില്‍ അഡിഗയുടെ മുറ്റത്തെത്തി.

രാവിലെ ബാക്കി വന്ന ഉപ്പുമാവ് പാക്ക് ചെയ്തത് അകത്താക്കിയ ശേഷമാണ്  തിരിച്ച് എങ്ങനെ പോകണമെന്ന കാര്യം ആലോചിച്ചത്.  7 മണിയുടെ ട്രെയിന്‍ പിടിക്കണം  .കാട്ടിലൂടെ നടന്നു തിരിച്ചുപോകാനുള്ള ആരോഗ്യവും സമയവും ഇല്ല. അതുകൊണ്ട്  ജീപ്പില്‍ തന്നെ പോകാന്നുവെച്ചു, 5000 രൂപയാണ് ബൈന്തൂര്‍ റെയില്‍വേ സ്റ്റേഷന്‍വരെ ജീപ്പിന് പറഞ്ഞ ചാര്‍ജ്ജ്. അത് കനത്ത നഷ്ടമാണെന്നു തോന്നിയതിനാല്‍ ജീപ്പ് വരുന്ന വഴിയെ നടന്നു. കാട്ടിലൂടെ കയറിയ അത്ര എളുപ്പമായിരുന്നില്ല ഇറക്കം. ചരലും പാറയും നിറഞ്ഞ നല്ല കിടിലന്‍ ഓഫ് റോഡ്. ഇതിനിടയില്‍ നടപ്പിസ്റ്റുകള്‍ പതിവുപോലെ മുന്നിലെവിടെയൊ എത്തി. 

സര്‍വ്വജ്ഞപീഠത്തിനും കുടജാദ്രിയ്ക്കും ഇടയില്‍ കോടമഞ്ഞ് നിങ്ങളെ പൊതിയും, അധികം തണുപ്പില്ലാത്ത കോടമഞ്ഞ്. മുന്നിലുള്ള ആളെപോലും കാണില്ല. അപ്പോള്‍ കണ്ണടച്ചു നിന്ന് വെറുതെ പ്രിയപ്പെട്ടൊരാളെ മനസിലോര്‍ക്കുക... അധികം നനയ്ക്കാതെ മഴയും പെയ്തുപോകും.. അപ്പോള്‍ മനസിലാകും ഇഷ്ടമുള്ളവരെ വീണ്ടും ഇഷ്ടപ്പെടാന്‍ കുടജാദ്രിയ്‌ക്കെന്തോ മാന്ത്രിക ശക്തിയുണ്ടെന്ന്...

ഇടയ്ക്ക് വച്ച്  കുടജാദ്രിയക്ക് മുകളില്‍നിന്നും നടന്നുവരുന്ന ഒരാളെ കണ്ടു, അറുപതിനോട് അടുത്ത് പ്രായം. ചെരുപ്പിടാതെയാണ് ഓഫ് റോഡിലൂടെ വച്ച് പിടിയ്ക്കുന്നത്. 4 മണിയ്ക്കുള്ള ബസാണ് ലക്ഷ്യം, കുടജാദ്രിയില്‍ നിന്നുള്ള അവസാന ബസാണ്. പുള്ളീടെ കൂടെ പോയാല്‍ ബസ് പിടിയ്ക്കാം.  ആഞ്ഞു ശ്രമിച്ചിട്ടും വേണ്ടത്ര മൈലേജ് കിട്ടിയില്ല. ഒടുവില്‍ വഴിയില്‍ കണ്ട ജീപ്പ്കാരന്‍ ദയതോന്നി ആരെയൊ പറഞ്ഞ് വിടാമെന്നു പറഞ്ഞു.  ഒടുവില്‍ ചെക്ക് പോസ്റ്റ് വരെ എങ്ങനെയൊ നടന്നു.

kudajadri
മടക്കം 

ഒരു ജീപ്പ്  മുന്നില്‍ വന്നു നിന്നു. 2000 രൂപയ്ക്ക് ഏഴു മണിയ്ക്കുള്ളില്‍ ബൈന്തൂരില്‍ എത്തിക്കാമെന്നേറ്റതും ചാടി അതില്‍ കയറി. നടപ്പിസ്റ്റുകളെ മുന്നില്‍ കണ്ടെന്നു ഡ്രൈവര്‍, പക്ഷേ ബസ്റ്റോപ്പിലെത്തിയപ്പോള്‍ ഒറ്റയാളെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ മൂകാംബിക ബസില്‍ ഒരു സംഘം കയറിയതായി പരിസരവാസികള്‍ പറഞ്ഞു. ഒടുവില്‍ ഡ്രൈവര്‍ ബസിനെ ചെയ്‌സ് ചെയ്ത് പിടിക്കാമെന്നേറ്റു പക്ഷേ മൂകാംബിയകയില്‍ എത്തിയപ്പോഴാണ് ചെയ്‌സ് ചെയ്തതെന്നുമാത്രം. വീണ്ടും എല്ലാവരും കൂടെ ജീപ്പില്‍ ബൈന്തൂരിലേക്ക്. ഇതിനിടയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വക ഒരു മെസേജ്. ഏഴു മണിയുടെ ട്രെയിന്‍ ക്യാന്‍സല്‍. റെയില്‍വേ സ്‌റ്റേഷനിലെ ബെഞ്ചില്‍ സുഖനിദ്ര,  മൂന്നു മണിയുടെ ട്രെയിനില്‍ തിരിച്ച് കോഴിക്കോടേയ്ക്ക്. കോഴിക്കോട് എത്തുന്നത്  ഒരാള്‍ക്ക് ചിലവായ തുക. 1130 രൂപ. 

കുടജാദ്രിയെന്നാല്‍ ഭക്തിമാത്രമല്ല സാഹസികതയാണ്, പ്രണയമാണ്. രാത്രികളിലെ കുടജാദ്രി, കോടമഞ്ഞണിഞ്ഞ പുലരികള്‍, മഴയും മഞ്ഞും മാറിമാറി പെയ്യുന്ന പകലുകള്‍, ചുവപ്പണിയുന്ന വൈകുന്നേരങ്ങള്‍... ആര്‍ക്കുമൊന്നു പ്രണയം തോന്നിപ്പോകും, കുറഞ്ഞ പക്ഷം അവനവനോടെങ്കിലും...

ഒരിക്കലെങ്കിലും കുടജാദ്രിയിലൊന്നു പോകണം. ജീപ്പിലല്ല, നടന്ന്. അട്ടയുടെ കടിയും കാടും അസൗകര്യങ്ങള്‍ മാത്രമുള്ള ഡോര്‍മെട്രിയും ആര്‍ക്കും ആസ്വദിയ്ക്കാനാകും. മുന്നെ കുടജാദ്രിയിലെത്തിയ സഞ്ചാരികള്‍ക്ക് നന്ദി. പ്ലാസ്റ്റിക്ക് അവശിഷ്ടം കൊണ്ട് കുടജാദ്രി മലനിരകളെ മലിനമാക്കാതിരുന്നതിന്.