ശിവന്റെ സമുദ്രമായ ശിവനസമുദ്രം. കാവേരിക്ക് ഇവിടെ രൗദ്രഭാവമാണ്. 300 അടിഉയരത്തില്‍ നിന്ന് തിളച്ച പാല്‍ പതഞ്ഞൊഴുകുന്ന പോലെ.

കാവേരിക്ക് ഇവിടെ രൗദ്രഭാവമാണ്. തിളച്ച പാല്‍ പതഞ്ഞൊഴുകുന്ന പോലെ. 300 അടി ഉയരത്തില്‍ നിന്ന് അഗാധ ഗര്‍ത്തത്തിലേക്ക് പാറയില്‍ തട്ടിത്തെറിക്കുന്ന കാഴ്ച. കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ സ്ഥിതി ചെയ്യുന്ന ശിവന്റെ സമുദ്രമായ ശിവനസമുദ്രം കാണാന്‍ കാലവര്‍ഷമാണത്രെ ഏറ്റവും അനുയോജ്യം.

മഴ പൊടിയുന്ന ഒരു നട്ടുച്ചനേരത്താണ് നഗരത്തിരക്കിനെ വകഞ്ഞുമാറ്റി മൈസൂരിനടുത്തുള്ള ശിവനസമുദ്രത്തിലെത്തിയത്. മഴയുടെ പെയ്ത്ത് കനത്തില്ല. ഭാഗ്യം. മനസ്സില്‍ വിചാരിച്ചു. ആരവം അടുത്തെത്തിയിരിക്കുന്നു. കാവേരി രണ്ടായി വിഭജിച്ച് രണ്ട് വെള്ളച്ചാട്ടങ്ങളായി പതഞ്ഞൊഴുകുന്നതിന്റെ ആരവം. 

ഗഗനചുക്കിയാണ് ആദ്യത്തേത്. രണ്ട് കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറ് മാറി ഭരച്ചുക്കിയും.  രണ്ടും കൂടിച്ചേര്‍ന്നാലോ ശിവനസമുദ്രമായി. മാണ്ഡ്യ ജില്ലയില്‍ മലവള്ളി താലൂക്കിലാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം കൂടിയായ ശിവനസമുദ്രം സ്ഥിതി ചെയ്യുന്നത്. ബംഗലൂരുവില്‍ നിന്ന് മൈസൂര്‍ റോഡിലൂടെ 139 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശിവനസമുദ്രത്തിലെത്താം. ചോളപ്പാടങ്ങളും ചെണ്ടുമല്ലിത്തോട്ടങ്ങളും നിറഞ്ഞ പാതയോരങ്ങള്‍ കടന്നാണ് യാത്ര. മലവള്ളിയില്‍ കൊല്ലഗല്‍ റോഡിലെ കുണ്ടും കുഴിയും ഒഴിവാക്കിയാല്‍ മുന്നോട്ടുള്ള യാത്ര സുഖം, സുഖകരം.

പാറക്കെട്ടുകളെ തകര്‍ത്തെറിഞ്ഞാണ് ഗഗനചുക്കിയുടെ യാത്ര. ഗഗനചുക്കി എന്നാല്‍ ആകാശത്തിലെ പൊട്ട് എന്നര്‍ത്ഥം. ആകാശം താഴേക്കിറങ്ങുന്ന കാഴ്ച തൊട്ടു മുന്നില്‍. വലത് ഭാഗത്ത് ചെറിയൊരു വെള്ളച്ചാട്ടം. ഇടത്തായി രണ്ട് കൂറ്റന്‍ വെള്ളച്ചാട്ടങ്ങളും. നിറഞ്ഞൊഴുകുകയാണ് ഗഗനചുക്കി. സൗന്ദര്യം അടുത്ത് നിന്ന് ആസ്വദിക്കുവാനായി ഒരു പറ്റം ആളുകള്‍ വാച്ച് ടവറിന് മുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവര്‍ക്കിടയില്‍ അലിഞ്ഞിറങ്ങിയപ്പോള്‍ അനുപമ സൗന്ദര്യം തൊട്ടരികെ... കൂര്‍ത്ത പാറക്കല്ലുകളില്‍ തട്ടിത്തകര്‍ത്തൊഴുകുന്ന കൂറ്റന്‍ വെള്ളച്ചാട്ടം ഒരു വശത്ത്. ചെടികളേയും  മറ്റും തഴുകി അലസമായി ഒഴുകുന്ന മറ്റൊരു ജലാശയം തൊട്ടടുത്ത്. 

 

Shivanasamudra

 

ഏഷ്യയിലെ ആദ്യം കമ്മീഷന്‍ ചെയ്ത ജലവൈദ്യുത പദ്ധതിയും ഗഗനചുക്കിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. 1902-ല്‍ കമ്മീഷന്‍ ചെയ്ത ഈ പദ്ധതി ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നത് പലരേയും അദ്ഭുതപ്പെടുത്തും. അന്നത്തെ മൈസൂര്‍ ദിവാനായിരുന്ന സര്‍ കെ. ശേഷാദ്രി അയ്യരാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയതത്രെ. ഇവിടെ നിന്ന് ആദ്യം വൈദ്യുതി ലഭിച്ചതാകട്ടെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലും. അതോടെ ജലവൈദ്യുതി ലഭിച്ച ഏഷ്യയിലെ ആദ്യ ടൗണ്‍ കോലാറായി.

ചരിത്രം ചര്‍ച്ച ചെയ്ത് നിന്നപ്പോഴേക്കും മഴ കനത്തു. അഭയസ്ഥാനങ്ങള്‍ തേടി ഓടുകയാണ് എല്ലാവരും. ഗഗനചുക്കിക്ക് മാത്രം അപ്പോഴും ഒരു മാറ്റവുമില്ല. മഴ ഏറ്റുവാങ്ങി കൂടുതല്‍ രൗദ്രതയോടെ താഴേക്ക്...

ഗഗനചുക്കിയില്‍ നിന്ന് ഒന്നുറക്കെ വിളിച്ചാല്‍ തൊട്ടപ്പുറത്തെ ഭരചുക്കിയില്‍ പ്രതിധ്വനിക്കുമെന്ന് ആരോ പറഞ്ഞത് പെട്ടന്നോര്‍ത്തു. വിളിച്ചു നോക്കി. മൂന്നു കിലോമീറ്ററുകള്‍ തെക്ക്-പടിഞ്ഞാറ് മാറിയുള്ള ഭരചുക്കി വെള്ളച്ചാട്ടത്തിലെ പാറക്കല്ലുകള്‍ ഒന്നിളകി മാറി 300 അടി താഴേക്ക് വീണു. 

കാഴ്ച്ചയില്‍ ഭരച്ചുക്കിയാണ് കൂടുതല്‍ സുന്ദരി. കാവേരിയുടെ കിഴക്കേ ശാഖ വികസിച്ചുണ്ടായതാണ് ഭരച്ചുക്കി. ഗഗനചുക്കിയേക്കാള്‍ വിശാലവും രൗദ്രതയുമേറിയതാണ് ബ്‌ളഫ് എന്ന ഭരച്ചുക്കി. 'നയാഗ്രയുടെ കുതിരലാട'ത്തിന് സമാനമായാണ് ഇതിന്റെ ആകൃതി.
മതില്‍ക്കെട്ടിനപ്പുറത്ത് നിന്ന് വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ച്ചയില്‍ മതിമറന്ന് പടവുകളിറങ്ങുമ്പോള്‍ ചിലര്‍ നനഞ്ഞു കുതിര്‍ന്ന് മുകളിലേക്ക് വരുന്നു. കുട്ടികളും മദ്ധ്യവയസ്‌കരും പ്രായം ചെന്നവരും ചേര്‍ന്ന വിവിധ സംഘങ്ങള്‍. എല്ലാവരും ആഘോഷിക്കുകയാണ്. ചിലര്‍ പടവുകളിറങ്ങുമ്പോഴും ഭരച്ചുക്കിയുടെ സൗന്ദര്യം ക്യാമറയിലാക്കുന്നു. മറ്റു ചിലര്‍ 'മനോഹരം' എന്ന് അതിശയപ്പെടുന്നു. ഒരു കാര്യം തീര്‍ച്ച. എല്ലാവരിലും ഭരച്ചുക്കി ഒരു ആവേശമായി നിറഞ്ഞിരിക്കുന്നു. 

പടവുകളിറങ്ങി താഴെയെത്തിയപ്പോള്‍ മൂക്കില്‍ തുളച്ചു കയറിയത് അരിമുറുക്കിന്റെ സുഗന്ധമായിരുന്നു. ഒപ്പം നല്ല പുഴമീന്‍ വറുത്തതിന്റെ ഗന്ധവും. വെള്ളച്ചാട്ടത്തിന്റെ കരയില്‍ ഇവ വില്‍ക്കാന്‍ അഞ്ചാറു പേര്‍ ഇരിപ്പുണ്ട്. 'വട്ടത്തോണി'യിലുള്ള യാത്രയും നീന്തലും കഴിഞ്ഞെത്തുന്നവരാണ് ഇവരുടെ പ്രധാന 'ഇരകള്‍.'  ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ ചൂടോടെ അരിമുറുക്കും മറ്റും പാകം ചെയ്തു നല്‍കുന്നു. 

രുചിരസനകളെ അടക്കിനിര്‍ത്തി വെള്ളച്ചാട്ടത്തിനരികില്‍ വട്ടത്തോണിയുടെ അടുത്തെത്തിയപ്പോള്‍ ഒന്ന് സംശയിച്ചു. കാരണം മറ്റൊന്നുമല്ല. വട്ടത്തോണിയില്‍ കയറ്റാന്‍ തുഴച്ചിലുകാരുടെ ബഹളം. വെള്ളച്ചാട്ടം തൊട്ടടുത്ത് കാണുവാന്‍ നാലു പേര്‍ക്ക് (തുഴച്ചിലുകാരനുള്‍പ്പടെ) 100 രൂപ. തൊട്ടു മുന്നില്‍ പോകുന്നവര്‍ക്ക് അകമ്പടി സേവിച്ച് വട്ടത്തോണിയില്‍ കയറി. 

 

Shivanasamudra

 

ഭരച്ചുക്കിയുടെ യഥാര്‍ത്ഥ സൗന്ദര്യം അപ്പോഴാണറിയുക. മുതലയെ കാണാറുണ്ടെന്ന് തുഴച്ചിലുകാരന്‍ പറഞ്ഞെങ്കിലും ഒന്നിനെയും കണ്ടെത്തിയില്ല. മുന്നില്‍ പാല്‍ പോലെയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ആര്‍ദ്രത മാത്രം. അഞ്ച് മിനിറ്റ് നേരത്തെ യാത്രക്ക് മഴയും അകമ്പടി സേവിച്ചു. ആകാശത്ത് നിന്ന് വൃഷ്ടിയും കൂടിയായപ്പോള്‍ ഭരച്ചുക്കിക്ക് പതിന്മടങ്ങ് സൗന്ദര്യം.

നയാഗ്രയുടേതിന് സമാനമായ ആകൃതിയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ കുതിരലാടത്തിന്റെ രൂപത്തിലുള്ള കൂറ്റന്‍ ചുഴിയുമുണ്ടത്രെ. അതിനാല്‍ പ്രധാന വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാന്‍ തുഴച്ചിലുകാരന്‍ കൂട്ടാക്കിയില്ല. വെള്ളം കുറഞ്ഞിടത്ത് വട്ടത്തില്‍ കറക്കിയ ശേഷം തിരിച്ചെത്തിയപ്പോഴേക്കും മറ്റ് മൂന്നു പേര്‍ അയാളെ വട്ടമിട്ടു കഴിഞ്ഞിരുന്നു. 

തോണിയാത്ര കഴിഞ്ഞ ചിലര്‍ ഒഴുക്കു കുറഞ്ഞ ഭാഗത്ത് നീന്തുന്നുണ്ടായിരുന്നു. മറ്റു ചിലര്‍ ചെറിയ വെള്ളച്ചാട്ടത്തിന് കീഴെ നിന്ന് കുളിക്കുന്നു. അവിടവിടെ ഉയര്‍ന്ന് നില്‍ക്കുന്ന കല്ലുകള്‍ക്ക് മുകളിലിരുന്ന് പാറകളെ തട്ടിത്തെറിപ്പിച്ച് 'ഇതെന്റെ വഴി' എന്ന മട്ടില്‍ വരുന്ന വെള്ളച്ചാട്ടത്തെ ക്യാമറയിലാക്കുന്നവരും കുറവല്ല. എല്ലാവരും ആ കുറച്ച് നിമിഷങ്ങളെങ്കിലും ശിവനസമുദ്രത്തിന്റെ മാത്രം ഭാഗമായതു പോലെ.   

ഗഗനചുക്കിയെ കാണാന്‍ രണ്ട് എന്‍ട്രന്‍സുകളുണ്ടെങ്കില്‍ ഭരച്ചുക്കിക്ക് ഒറ്റ ദൃശ്യമേയുള്ളൂ. ഫീര്‍ ഗെയ്ബിന്റെ ശവകുടീരത്തിന് സമീപമാണ് ഗഗനചുക്കിയുടെ മറ്റൊരു കവാടം. ഭരചുക്കിയെ ആവാഹിച്ച് 100ലധികം പടവുകള്‍ കയറി മുകളിലെത്തിയപ്പോഴേക്കും പലരും തളര്‍ന്നിരുന്നു. ക്ഷീണം മാറ്റാന്‍ തണ്ണിമത്തന്‍, ഇളനീര്‍, ശീതളപാനീയക്കടകള്‍ എന്നിവ സുലഭം. ചിലര്‍ കടകളിലേക്ക് തള്ളിക്കയറുമ്പോള്‍ മറ്റ് ചിലര്‍ ചെറിയ അടുപ്പുകളുണ്ടാക്കി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു. എന്നാല്‍ മറ്റൊരു സംഘമാകട്ടെ ശിവന്റെ സമുദ്രത്തെ വിട്ടു പിരിയാനാകാതെ പടവുകളിറങ്ങാന്‍ പാഴ്ശ്രമം നടത്തുന്നു. ശിവനസമുദ്രത്തിന്റെ രൗദ്രത അവരില്‍ സൗമ്യമായി അലിഞ്ഞിറങ്ങിയതു പോലെ. മഴ അപ്പോഴും പൊടിയുന്നുണ്ടായിരുന്നു. ചുറ്റിലും, മനസ്സിലും...

ട്രാവല്‍ ഇന്‍ഫോ

ബംഗലൂരുവില്‍ നിന്ന് മൈസൂര്‍ റോഡില്‍ 139 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശിവനസമുദ്രത്തിലെത്താം. 60 കിലോമീറ്റര്‍ അടുത്തുള്ള മൈസൂരുവാണ് അടുത്ത ടൗണ്‍.

കാലവര്‍ഷമാണ് ശിവനസമുദ്രം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

ദ്വീപിന് തൊട്ടടുത്ത് തന്നെയാണ് മധ്യരംഗം എന്നറിയപ്പെടുന്ന രംഗനാഥസ്വാമിക്ഷേത്രം. ആദിരംഗം ശ്രീരംഗപട്ടണവും അന്ത്യരംഗം തമിഴ്‌നാട്ടിലെ ശ്രീരംഗവുമാണെന്നാണ് വിശ്വാസം. 

ശിവനസമുദ്രത്തിലേക്ക് ബംഗലൂരുവില്‍  നിന്നും മൈസൂരുവില്‍ നിന്നും കെ. എസ്. ആര്‍.ടി.സി. ബസ് സര്‍വീസുകളുണ്ട്.

മണലിനുള്ളില്‍ പാതി മറഞ്ഞ തലക്കാട് വൈദ്യനാഥേശ്വര ക്ഷേത്രം ശിവനസമുദ്രത്തില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ ദൂരെയാണ്.
 
വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ മാറാന്‍ വസ്ത്രം കയ്യിലെടുക്കുക. ഹോട്ടലുകളുടെ കുളിമുറികളൊഴിച്ചാല്‍ ചെയ്ഞ്ചിങ്ങ് മുറികള്‍ കുറവാണെന്നത് ഒരു ന്യൂനതയാണ്. 

യാചകര്‍, പോക്കറ്റടിക്കാര്‍, ഗൈഡുകളെന്ന് അവകാശപ്പെടുന്നവര്‍ എന്നിവരെ ശ്രദ്ധിക്കുക.