കേരളത്തിന്റെ ഇരട്ടയെന്ന് ശ്രീലങ്കയെ വിശേഷിപ്പിക്കാം. കുട്ടനാടിനും മൂന്നാറിനും സമാനമായ ഭൂപ്രകൃതികള്‍, പുട്ടും ഇടിയപ്പവും പോലുള്ള വിഭവങ്ങള്‍ എന്നിങ്ങനെ നിരവധി സാമ്യങ്ങള്‍. അതേസമയം വിനോദസഞ്ചാരികള്‍ വലിച്ചെറിയുന്ന കുപ്പികള്‍ ചവറ്റുകൊട്ടയില്‍ എടുത്തിടുന്ന പൗരന്‍മാരെ കാണണമെങ്കില്‍ ശ്രീലങ്കയില്‍ തന്നെ പോകണം. ഉത്തരവാദിത്തത്തോടൊപ്പം ആതിഥേയ മര്യാദയിലും കേരളത്തെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞിരിക്കുന്നു ഈ ദ്വീപസമൂഹം. 

kerala srilanka

മദ്യനിരോധനമാണ് കേരളത്തിന്റെ വിനോദസഞ്ചാരം നേരിടുന്ന ഏറ്റവും പുതിയ തിരിച്ചടി. ശ്രീലങ്കയാണ് ഇതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയതെന്ന് കേരളത്തിലെ വ്യവസായികളും ധനമന്ത്രിയും സമ്മതിക്കുന്നു. 

വിനോദസഞ്ചാരത്തില്‍ മദ്യപാനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണോ? സന്ദര്‍ശകര്‍ക്കായി മദ്യം ഒഴുക്കുമ്പോള്‍ അത് ജനങ്ങളെ ബാധിക്കില്ലേ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേരളത്തിലെ ശ്രീലങ്കന്‍ കോണ്‍സലര്‍ ഹെഡ് ജോമോന്‍ ജോസഫ് ഇടത്തല മാതൃഭൂമി ഡോട്ട് കോമിലൂടെ വിശദീകരിക്കുകയാണ്

Joemon Joseph Edathala

വിനോദസഞ്ചാര മേഖലയില്‍ മദ്യത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അതിനാല്‍ നിരോധനമല്ല, ഉത്തരവാദിത്തത്തോടെ മദ്യം ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ജോമോന്‍ അഭിപ്രായപ്പെടുന്നു.

മര്യാദക്ക് മദ്യപിക്കും ശ്രീലങ്ക

മദ്യവും വിനോദസഞ്ചാര മേഖലയും വേര്‍തിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് ജോമോന്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയില്‍ ഗസ്റ്റ് ഹൗസുകള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ അര്‍ധരാത്രി വരെ മദ്യം വിളമ്പാം. ബാറുകളില്‍ രാത്രി ഒമ്പതു മണി വരെയും. വിദേശമദ്യം മുതല്‍ പ്രാദേശിക ചാരായം വരെ വിപണിയില്‍ ലഭ്യമാണ്. ആല്‍ക്കഹോളിന്റെ അളവ് കുറച്ചാണ് ചാരായം ഉത്പാദിപ്പിക്കുന്നതെന്നു മാത്രം.

ഒത്തുചേരലുകളിലും മറ്റും പ്രദേശവാസികള്‍ മദ്യം ഉപയോഗിക്കുന്നു. സ്വകാര്യപരിപാടികളില്‍ മദ്യം വിളമ്പാനുള്ള ലൈസന്‍സ് ലഭിക്കാന്‍ ആയിരം ശ്രീലങ്കന്‍ രൂപ മുടക്കിയാല്‍ മതി. കൊളംബോയില്‍ പലചരക്കുകടകളില്‍ വരെ മദ്യം ലഭിക്കും. വിദേശസന്ദര്‍ശകര്‍ക്കായി കാസിനോകള്‍ ധാരാളമുണ്ടെങ്കിലും പ്രദേശവാസികളുടെ പ്രവേശനം നിയമപരമായി നിയന്ത്രിച്ചിരിക്കുകയാണ്.

ശ്രീലങ്കയില്‍ സിരിസേന സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകളുടെ ദൂരപരിധിയിലും മറ്റും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പിന്നീട് വിനോദസഞ്ചാരത്തെ ബാധിക്കുന്നു എന്നുകണ്ട് ഈ നിയമങ്ങളില്‍ ഇളവ് നല്‍കി.

മദ്യപിക്കാന്‍ ഇത്രയേറെ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് അപമര്യാദ കാട്ടുന്നവരെയോ വഴിയില്‍ കിടക്കുന്നവരെയോ വളരെ വിരളമായി മാത്രമേ ശ്രീലങ്കയില്‍ കാണാന്‍ സാധിക്കുകയുള്ളൂ.

വഴിയില്‍ കുടിച്ച്കിടക്കുന്നവരെയും തുടച്ചുമാറ്റണം

കേരളം കാണാനെത്തുന്ന വിദേശീയര്‍ക്ക് മദ്യവില്‍പനശാലകളുടെ മുന്നിലെ നീണ്ടനിര ഒരത്ഭുതക്കാഴ്ച തന്നെയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ഉദാരമായ നിയമങ്ങള്‍ ഇല്ലാത്തതെന്ന് അവരില്‍ പലരും ചോദിക്കുന്നു. 

നമ്മുടെ നാടിന് തന്നെ അപമാനമാണ് ഈ അവസ്ഥ. വഴിയില്‍ ബോധമില്ലാതെ കിടക്കുന്നവരെയും മാലിന്യമായി കാണണം. നാട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി അതും ഇല്ലാതാക്കണം. 

സാക്ഷരതയില്‍ ഇത്രയേറേ മുന്നിട്ടു നിന്നിട്ടും അച്ചടക്കത്തോടെ മദ്യപിക്കാന്‍ മലയാളികള്‍ക്ക് അറിയില്ല. മദ്യം നിരോധിക്കുന്നതുകൊണ്ട് ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ബോധവല്‍കരണമാണ് വേണ്ടത്.

bar

കേരളത്തിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വലിയ സാധ്യതകളാണുള്ളത്. എന്നാല്‍ അതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. ഹര്‍ത്താലുകള്‍ പോലുള്ള അപ്രതീക്ഷിത തടസങ്ങളും ഇവിടെയെത്തുന്ന വിദേശികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

മദ്യപിച്ചാല്‍ മോശക്കാരനാവില്ല, അത് മന്ത്രിയായാലും!

മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്ന പൊതു ചിന്താഗതിയാണ് കേരളത്തിലെ പ്രധാനപ്രശ്‌നമെന്ന് ജോമോന്‍ പറയുന്നു. കേരളത്തിലെ ഒരു മന്ത്രി അടുത്തകാലത്ത് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. അത്താഴവിരുന്നില്‍ ശ്രീലങ്കയിലെ ക്യാമ്പിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മദ്യപിക്കുന്നത് അത്ഭുതത്തോടെയാണ് അദ്ദേഹം വീക്ഷിച്ചത്. കേരളത്തില്‍ ഇതുപോലെ പൊതുവേദികളില്‍ രാഷ്ട്രീയക്കാര്‍ മദ്യപിക്കില്ല എന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. ആവശ്യമുള്ളവര്‍ ഇവിടെ മദ്യപിക്കും. ജനങ്ങള്‍ അവരെ മോശക്കാരായൊന്നും കാണാറില്ല എന്ന് ശ്രീലങ്കന്‍ ജനപ്രതിനിധി വ്യക്തമാക്കുകയും ചെയ്തു.

joemon joseph

മദ്യത്തെ കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണത മാറ്റി, അച്ചടക്കത്തോടുള്ള മദ്യപാനം മലയാളികള്‍ പഠിക്കണം. അമിതമായാല്‍ വിഷമാണെന്ന് ഓരോരുത്തരും സ്വയം മനസിലാക്കണം. ഇല്ലെങ്കില്‍ സമ്പൂര്‍ണ സാക്ഷരത എന്നെല്ലാം പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്.