മാമലകളിലൂടെ ഒരു യാത്ര, അതും മഴനനഞ്ഞ്. മോട്ടോര്‍സൈക്കിളുകൂടിയാവുമ്പോള്‍ 'മകാരം മാത്യു'വിനും സന്തോഷമാവും. മലപ്പുറത്തെ മലകളും മലയോരകാടുകളും വെള്ളച്ചാട്ടങ്ങളും കണ്ടായിരുന്നു ഈ യാത്ര. മഴവന്നപ്പോള്‍ വീണ്ടും ഓര്‍ത്തുപോയതാണീ സഞ്ചാരം. മഴ നനഞ്ഞ് ബൈക്കോടിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് പോവാന്‍ പറ്റിയൊരു വഴി.

കോഴിക്കോട്ടുനിന്ന് മാവൂര്‍ കവണക്കല്ലുവഴിയാണ് പോവുന്നത്. ആദ്യം കവണക്കല്ലിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് കാണാം. അവിടത്തെ വര്‍ഷകാലജലപാതം കാണേണ്ടതുതന്നെ. അങ്ങെത്തുംമുമ്പുതന്നെ കണ്ടു, വെള്ളപ്പൊക്കം. കുലച്ചവാഴകളുടെ കുലയും തലയുംമാത്രം മുകളില്‍. കലങ്ങിമറിഞ്ഞൊഴുകുകയാണ് ചാലിയാര്‍. നിറഞ്ഞ ചാലിയാറിനെ കാണാന്‍ കാറും ബൈക്കുമെടുത്ത് വന്നവരെയും കാണാം. കവണക്കല്ലിലെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നു. കുതിച്ചൊഴുകുന്ന വെള്ളം നുരച്ചുമറിയുന്നു.

ഉപ്പുവെള്ളത്തില്‍ കിടന്നതിന്റെ ബോറടിമാറ്റാനാണോ മഴയുടെ ഹരം നുകരാനാണോ കടലില്‍നിന്ന് നിറയെ നത്തോലികള്‍ കവണക്കല്ലിലെത്തിയിട്ടുണ്ട്. വലയില്‍ നിറയുന്ന നത്തോലികള്‍ ചൂടപ്പംപോലെ വിറ്റുപോകുന്നു. സമീപത്തെ ചായക്കടയിലും നല്ല തിരക്ക്. മുറുക്കും കട്ടന്‍ചായയും സിഗരറ്റും മഴത്തണുപ്പകറ്റാന്‍ സഞ്ചാരികളുടെ ആശ്രയം. ചൂണ്ടയിടാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവിടെ ചൂണ്ടയും കിട്ടും.

monsoon

പാലംകടന്ന് നേരേ നിലമ്പൂരിലേക്ക്. മലപ്പുറത്തെ കാടുകളുടെ തലസ്ഥാനം നിലമ്പൂരാണ്. ഗോപിനാഥ് മുതുകാടിനും ആര്‍.കെ.മലയത്തിനുമെല്ലാം ജന്മമേകിയ മാന്ത്രികരുടെ നാടിനുമുണ്ടൊരു മാസ്മരികത. ചരിത്രവും സംസ്‌കൃതിയും അവിടെ തലയുയര്‍ത്തി നില്‍പ്പുണ്ട്. അരീക്കോട് വഴിയായിരുന്നു യാത്ര. മലപ്പുറത്തിന്റെ സ്വന്തം പുഴയായ ചാലിയാറും കൂടെയുണ്ട്. ഞങ്ങളുടെ ഇടതുവശത്ത് ഇടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും അതൊഴുകുന്നു. പുത്തലം കഴിഞ്ഞുള്ള കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ചുദൂരം പോയപ്പോള്‍ ഒരു മണല്‍ക്കടത്തുകടവ് കണ്ടു. പുഴ നിറഞ്ഞൊഴുകുന്നു. മണല്‍ത്തോണികളെല്ലാം വിശ്രമത്തിലാണ്. കുറച്ചുകൂടി മുന്നോട്ടുപോവുമ്പോള്‍ പൊട്ടിയിലായി. അവിടെയൊരു തൂക്കുപാലമുണ്ട്. പാവണ്ണയെയും പൊട്ടിയിലിനെയും ബന്ധിപ്പിക്കുന്ന ഈ പാലം കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമാണ്.

തൂക്കുകയറില്‍ ആടിക്കളിക്കുന്ന പാലത്തിലൂടെ അക്കരെക്കടന്നു. ചില സ്ലാബുകള്‍ ഇളകിയിട്ടുണ്ട്. അവിടെയും യുവമിഥുനങ്ങള്‍ പ്രണയം പങ്കുവെക്കാനെത്തിയിരിക്കുന്നു. ഫോട്ടോഗ്രാഫറെ കണ്ടപ്പോള്‍ ഇണക്കിളികള്‍ക്ക് ബേജാറ്്. ആ 'തൂക്കുപ്രേമ'വുംകണ്ട് അക്കരെയ്ക്കു നടക്കുമ്പോഴുണ്ട് രണ്ടുപേര്‍ ആറ്റിലേക്ക് നോക്കിയിരിക്കുന്നു. വടപുറത്തെങ്ങാനുംവെച്ച് ഒഴുക്കില്‍പ്പെട്ട ഒരാനയെ കണ്ടെന്ന നാട്ടുവാര്‍ത്തകേട്ട് എത്തിയതാണ്.  ആനയെങ്ങാനും വന്നാലോ എന്നുകരുതി ഞങ്ങളും കാത്തുനോക്കി. പക്ഷേ, അതൊരു കിംവദന്തിമാത്രമായിരുന്നു. ഫോട്ടോയുമെടുത്ത് തിരിച്ച് എടവണ്ണവഴി വടപുറം കഴിയുമ്പോള്‍ ഇടതുവശത്ത് കനോലി പ്‌ളോട്ടിന്റെ കവാടംകാണാം. നാലുമണിവരെയാണ് പ്രവേശനം. ചാലിയാറിനുകുറുകെയുള്ള തൂക്കുപാലം കടന്ന് തേക്കിന്‍തോട്ടം കാണാം. വനഭംഗിനുകരാം. ബ്രിട്ടീഷ് അധിനിവേശകാലകഥകളും ഈ തോട്ടങ്ങള്‍ക്ക് പറയാനുണ്ട്.

monsoon

വലതുവശത്തെ പറമ്പിലൂടെ ഒരു ഓഫ് റോഡ് ബൈക്കിങ്. ഗതാഗത തടസ്സം മറികടന്നു. കരിമ്പുഴക്കരയിലെത്തി. കലങ്ങി മറിഞ്ഞൊഴുകുകയാണ് കരിമ്പുഴയും. സാമൂതിരി-വള്ളുവക്കോനാതിരി യുദ്ധസ്മരണകള്‍ ഈ നദിയിലിരമ്പുന്നുണ്ട്.  വള്ളുവക്കോനാതിരിയുമായുള്ള യുദ്ധസന്നാഹങ്ങളില്‍ കരിമ്പുഴക്കര സാമൂതിരിപ്പട്ടാളത്തിനൊരു ഇടത്താവളമായിരുന്നു. പാലത്തിനോടുചേര്‍ന്നാണ് കെ.ടി.ഡി.സി.യുടെ ടാമറിന്റ് ഹോട്ടല്‍, കരിമ്പുഴയുടെ തീരത്ത് കാലിക്കറ്റ് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡ് എന്ന സി.എന്‍.ജി. റോഡിന്റെ ഓരത്ത്. മഴയായതുകൊണ്ടാവാം താമസക്കാരായി അന്ന് ഞങ്ങളേയുണ്ടായിരുന്നുള്ളൂ.

monsoon

അതിരാവിലെ എഴുന്നേറ്റ് നാടുകാണിയിലേക്ക് പോയി. തേക്കിന്‍തോട്ടംകടന്ന് മുളംകാടുകള്‍ ആര്‍ച്ചൊരുക്കിയ വീഥികളിലൂടെ ഒരു റൈഡ്. വെള്ളവരകള്‍ ആഭരണമായണിഞ്ഞ് വളവുതിരിവുകളില്‍ ചന്തം ചാര്‍ത്തിയെടുത്ത പാത. ഇവിടെ ഹെയര്‍പിന്‍ വളവുകളില്ല. എസ് വളവുകളും എന്‍വളവുകളും ഇസഡ് വളവുകളുമാണെല്ലാം. കനത്തമഴയില്‍ വഴിയോരവെള്ളച്ചാട്ടങ്ങള്‍ ജീവന്‍ വെച്ചിരിക്കുന്നു. അങ്ങനെയൊരു വെള്ളച്ചാട്ടത്തിനരികെ ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഡ്രൈവര്‍മാരുടെ കുളിയും പാചകവുമെല്ലാം ഇവിടെത്തന്നെ.  വളവില്‍ തിരിവിലാണത്. ചുരത്തില്‍ ഫഖീര്‍ ശൈഖ് മുഹമ്മദ് സ്വാലിഹിന്റെ ജാറം. ജാറത്തിനരികില്‍ ഹൈദരാലിയിരിക്കുന്നു; പ്‌ളാസ്റ്റിക് ഷീറ്റ് മേല്‍പ്പുരയാക്കി, വിറകടുപ്പിലെ തീകാഞ്ഞ്.

monsoon

ആനമറിയിലെ പള്ളിയുടെ സംരക്ഷണയിലാണ് ജാറം. വര്‍ഷങ്ങള്‍ക്കുമുമ്പ് യൈമനില്‍നിന്ന് മതപ്രചാരണാര്‍ഥംവന്ന നാലുപണ്ഡിതന്‍മാര്‍ ഇവിടെവെച്ച് മരിച്ചു. അവരിലൊരാളെ അടക്കിയ ജാറമാണ് റോഡരികില്‍. ഒരെണ്ണം മുകളിലുണ്ട്. മറ്റുരണ്ടെണ്ണം പരിസരത്തെവിടെയോ ഉണ്ടെന്നറിയാം. എന്നും രാവിലെ ആറുമണിമുതല്‍ രാത്രി എട്ടുമണിവരെ ഹൈദരാലി ഇവിടെയുണ്ടാവും. ഇതുവഴി പോവുന്ന സഞ്ചാരികള്‍ എന്തെങ്കിലും കാണിക്കനല്‍കും. പ്രാര്‍ഥിക്കും. പുകയുന്ന ചന്ദനത്തിരികള്‍ മനസ്സുകളിലുയരുന്ന പ്രാര്‍ഥനകള്‍പോലെ അന്തരീക്ഷത്തില്‍ വിലയം കൊള്ളുന്നു.

monsoon

തൊട്ടുമുന്നില്‍ താഴെയായി പലപ്പോഴും ആനകള്‍ വരാറുണ്ടെങ്കിലും ജാറവും പരിസരവും അവ ഒന്നും ചെയ്യാറില്ലെന്ന് ഹൈദരാലി പറഞ്ഞു. എന്റെ ബാപ്പ മുഹമ്മദ് മല്ലയായിരുന്നു വര്‍ഷങ്ങളോളം ഇവിടെ കാവല്‍. ശഅബാന്‍ ഒന്നിനാണ് ഇവിടെ നേര്‍ച്ച. ഇത് ഫോറസ്റ്റ് ഏരിയായതുകൊണ്ട് താഴെ ആനമറി പള്ളിയില്‍വെച്ചാണ് നേര്‍ച്ച നടത്താറ്്. അന്ന് ഒരുപാടുപേര്‍ ഇവിടെവന്ന് പ്രാര്‍ഥിച്ചുപോകും. വര്‍ഷങ്ങള്‍ക്കുമുമ്പ് സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത്. ഇത്രയും ദൂരം താണ്ടി ഇവിടെയെത്തി യാത്രയില്‍ ജീവിതം ഹോമിച്ച ഈ വിശ്വസഞ്ചാരികളെ നമുക്കും നമിക്കാം.

monsoon

പിന്നെയും മുന്നോട്ട്. തേയിലച്ചെടികള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. തമിഴ്‌നാടായി. കൊളുന്തുനുള്ളാന്‍ പോകുന്ന തമിഴ്മക്കളെ കാണാം. മഞ്ഞ ഓട്ടോറിക്ഷകളും തമിഴ്‌നാടിന്റെ അടയാളമാവുന്നു.

monsoon

നാടുകാണിയില്‍വെച്ച് റോഡ് രണ്ടാകുന്നു. ഒന്ന് വയനാടുവഴി കോഴിക്കോട്ടേക്ക്. മറ്റൊന്ന് ഗൂഡല്ലൂര്‍ വഴി ഊട്ടിക്ക്. ട്രാഫിക് ഐലന്റിനെ വലംവെച്ച് ഞങ്ങള്‍ നാടുകാണിച്ചുരത്തിലൂടെത്തന്നെ തിരികെപ്പോന്നു. ഓടിക്കയറിയ ഗിയറില്‍ തിരിച്ചിറങ്ങണമെന്നാണ് റൈഡിങ് പാഠം. അതുപ്രകാരം മെല്ലെമെല്ലെ ഉച്ചയൂണിന് നിലമ്പൂരിലെത്തി.

monsoon

 പിന്നെ ചാലിയാര്‍ മുക്കിലേക്ക് വിട്ടു. കരിമ്പുഴപ്പാലം കഴിഞ്ഞ് അല്പം മുന്നോട്ടുപോകുമ്പോള്‍ വലത്തോട്ട് കല്ലിട്ട റോഡുകാണാം. മനോഹരമായ വഴി. ഇരുവശവും തണലേകി തലയുയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍. അല്പദൂരം പിന്നിട്ടപ്പോള്‍ റോഡിനുകുറുകെ വനംവകുപ്പിന്റെ ഗേറ്റ്. അവിടെനിന്നങ്ങോട്ട് വണ്ടികള്‍ക്ക് പ്രവേശനമില്ല. കാല്‍നടമാത്രം. ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ ചാലിയാര്‍മുക്കായി. കരിമ്പുഴ ചാലിയാറില്‍ ചേരുന്നയിടം. തുരുത്തുകളും മൂന്നുംകൂടിയ മുക്കും. അത് കാട്ടിനുള്ളിലിരുന്ന് കാണാം. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ധാരാളംപേര്‍ ഇവിടെ വരാറുണ്ട്.

monsoon

ചന്തക്കുന്നിലേക്കായിരുന്നു അടുത്തയാത്ര. വനംവകുപ്പിന്റെ കൈയിലുള്ള പുരാതന ബംഗ്‌ളാവാണിവിടെ. 1928-ല്‍ പണിതത്. ഒരു ഡോര്‍മിറ്ററിയുമുണ്ടവിടെ. കുന്നിറങ്ങി നേരേ ടി.കെ. കോളനിയിലേക്ക് വിട്ടു. റെയില്‍വേസ്റ്റേഷന്‍വഴി പൂക്കോട്ടുംപാടം. അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് അല്പം മുന്നോട്ടുപോയി വലത്തോട്ട്.

monsoon

നേരം ഇരുണ്ടുതുടങ്ങിയിരിക്കുന്നു. സന്ധ്യയായതിന്റെയല്ല. കരിമേഘങ്ങളുടെ ഇരുളിമ. കവുങ്ങിന്‍തോട്ടങ്ങളും വാഴത്തോട്ടങ്ങളും റബ്ബര്‍ത്തോട്ടങ്ങളും താണ്ടി ടി.കെ.കോളനിയിലെ പുഴയോരത്ത് റോഡ് തീര്‍ന്നു. മുകളില്‍നിന്ന് താഴോട്ടുനോക്കുമ്പോള്‍ കാടിന്റെ ഇരുളിമയ്ക്കിടയില്‍ ഇടയ്ക്കിടെ വെളിപ്പെടുന്ന വെണ്‍വെട്ടംപോലെ കരിമ്പാറകളില്‍ തല്ലിയാര്‍ത്തൊഴുകുകയാണ് പുഴ. സൈലന്റ് വാലി കാടിന്റെ ഭാഗമാണ് ഇവിടെ. അമരമ്പലം ഫോറസ്റ്റ് എന്നുപറയാം. കോളനിയുടെ കുടിവെള്ളസ്രോതസ്സ് ഈ പുഴയാണ്. ഒരുപാടുപേര്‍ കുളിക്കാനായി വരാറുണ്ടായിരുന്നു. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും വൃത്തികേടാക്കിയും കുടിവെള്ളം മുട്ടിക്കുമെന്നായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു.  ഇത്തരക്കാരുടെ സ്വതന്ത്രവിഹാരത്തിന് തടയിട്ടിരിക്കയാണ്. കുളിച്ചില്ലെങ്കിലും വന്നുകാണാന്‍ ഇതൊരു നല്ലയിടമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. മഴമാറിയൊരു മൂന്നുമാസത്തോളവും.

monsoon

പിറ്റേന്നുകാലത്ത് പെരിന്തല്‍മണ്ണയ്ക്ക്. നിലമ്പൂരില്‍നിന്ന് വടപുറം, വണ്ടൂര്‍, പട്ടിക്കാടുവഴി. ബൈക്കിങ്ങിന് പറ്റിയ പാത. കുഞ്ഞുകുഞ്ഞു ആരോഹണങ്ങളും വളവുതിരിവുകളും ഹരമേകുന്നു.  അതിരാവിലെയായതുകൊണ്ട് തിരക്കുമില്ല. നല്ല സുഖസവാരി. വഴിക്ക് ഭക്ഷണംകഴിക്കാമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും എങ്ങും നിര്‍ത്താന്‍ തോന്നുന്നില്ല.

monsoon

പെരിന്തല്‍മണ്ണ ബൈപ്പാസിനരികില്‍ ഹോട്ടല്‍ ചില്ലീസില്‍നിന്ന് പ്രഭാതഭക്ഷണം. വലത്തോട്ട് കോഴിക്കോടുറോഡ്. ഇടത്തോട്ട് പാലക്കാടുറോഡ്. ടൗണ്‍ തൊടാതങ്ങ് പോവാം. കൊടികുത്തിമലയാണ് ലക്ഷ്യം. ഞങ്ങള്‍ ഇടത്തോട്ടുതിരിഞ്ഞു. ബൈപ്പാസും ടൗണില്‍നിന്നുള്ള റോഡും ചേരുന്നിടത്തുനിന്ന് വീണ്ടും ഇടത്തോട്ട്. ഇം.എം.എസ്. സഹകരണാസ്പത്രി കഴിഞ്ഞ് അല്പംകൂടി പോയാല്‍ അമ്മിണിക്കാടായി. അവിടെനിന്ന് ഇടത്തോട്ട് മണ്‍റോഡ്. ഉയരങ്ങളിലെത്തുംതോറും കാഴ്ചയുടെ മാനങ്ങള്‍ മാറുന്നു. പെരിന്തല്‍മണ്ണ ടൗണും പരിസരവും കാണാം. കുന്തിപ്പുഴ കാണാം. മുകളിലെ വാച്ച്ടവര്‍ കോടമഞ്ഞില്‍ കുളിച്ചു നില്‍പ്പാണ്.

monsoon
മലയിറങ്ങി താഴെയെത്തി നേരേ പാലൂര്‍കോട്ടയിലേക്ക് വിട്ടു. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കടുങ്ങപുരം പള്ളികുളമ്പിനും മാലാപറമ്പ് പാലച്ചോടിനുമിടയ്ക്കാണിത്. മഴക്കാലത്താണ് അങ്ങോട്ട് പോവേണ്ടത്. പെരിന്തല്‍മണ്ണയില്‍നിന്ന് വളാഞ്ചേരി റൂട്ടിലാണ് പാലൂര്‍ക്കോട്ട. എം.ഇ.എസ്. ഹോസ്പിറ്റലുകഴിഞ്ഞ് മുന്നോട്ടുപോയി പാലച്ചോടുനിന്ന് വലത്തോട്ട് തിരിയണം. രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയായി. അവിടെ ബൈക്ക് നിര്‍ത്തി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ അല്‍പം നടന്നുവേണം വെള്ളച്ചാട്ടത്തിനരികിലെത്താന്‍. മലപ്പുറം പെരിന്തല്‍മണ്ണ റൂട്ടില്‍ രാമപുരത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം. മുകളില്‍ വിശാലമായൊരു കുളം. അത് നിറഞ്ഞുകവിഞ്ഞാണ് വെള്ളച്ചാട്ടമാവുന്നത്.

monsoon

പുല്‍പ്പരപ്പുകളെയും കുറ്റിച്ചെടികളെയും തഴുകിയിറങ്ങി  500 അടി താഴ്ചയിലേക്ക് മൂന്നുപടിയായി പതിക്കുന്നു. പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയില്‍ ടിപ്പു ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു. ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും പരിസരത്തുണ്ട്. താഴോട്ട് ട്രക്കിങ് നടത്തിയാല്‍ വെള്ളച്ചാട്ടത്തിന്റെ ഉയരക്കാഴ്ച.  മുകളില്‍നിന്നാല്‍ ആകാശക്കാഴ്ചയും. ഖിലാഫത്ത് സമരനായകന്‍ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ ഒളിത്താവളമായി ഇവിടം ഉപയോഗിച്ചിരുന്നെന്നും ചരിത്രസ്മരണകള്‍. വീണ്ടും അങ്ങാടിപ്പുറം വന്ന് തിരുമാന്ധാംകുന്നിറങ്ങി കോഴിക്കോട് ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു.

നല്ല റോഡ്. എന്നിരുന്നാലും മഴയെ മാനിക്കണം. വേഗത നിയന്ത്രിച്ചു. രാമനാട്ടുകര ബൈപ്പാസ് വഴി കോഴിക്കോടിന്. ബൈക്കോടിച്ചതിന്റെ ഹരമാണോ, മഴ നനഞ്ഞതിന്റെ കുളിരാണോ, പുതിയ സ്ഥലങ്ങള്‍ പരിചയപ്പെട്ടതിന്റെ സന്തോഷമാണോ മുന്തി നില്‍ക്കുന്നത്? ഇത് മൂന്നും ചേര്‍ന്ന വികാരത്തെ നമുക്ക് മഴ നനഞ്ഞ്, മോട്ടോര്‍സൈക്കിളിലൊരു മലപ്പുറം യാത്രയെന്നും വിളിക്കാം.