രാജുമോന്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്,ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു,പ്രിന്‍സ് രാജകുമാരന്‍ രാജാവിന്റെ മകന്‍....

മൂന്നു പതിറ്റാണ്ട് മുമ്പ്, 1986-ല്‍ റിലീസ് ചെയ്ത സിനിമ രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ പറഞ്ഞ ഈ ഡയലോഗ് ഇന്നും മലയാളികളുടെ നാവിന്‍ തുമ്പത്തുണ്ട്. മലയാളികള്‍ ഇത്രത്തോളം ആഘോഷിച്ച ഒരു സിനിമാ സംഭാഷണ ശകലം വേറെയുണ്ടെന്ന് തോന്നുന്നില്ല. മോഹന്‍ലാല്‍ ഇന്നും നമ്മള്‍ക്കിടയിലുണ്ട്. അതില്‍ പരാമര്‍ശിക്കപ്പെട്ട രാജുമോനോ?  എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഇരുപതോളം ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച മാസ്റ്റര്‍ പ്രശോഭായിരുന്നു രാജുമോന് ജീവന്‍ നല്‍കിയത്. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രശോഭ് നേടിയിരുന്നു.

prashob
സംസ്ഥാന വനം വകുപ്പിന്റെ അവാര്‍ഡ് നേടിയ പ്രശോഭിന്റെ ചിത്രം
yathra
പ്രശോഭ് എടുത്ത ചിത്രം
ജൂണ്‍ ലക്കം യാത്രാ
മാസികയുടെ കവറില്‍

38-കാരനായ പ്രശോഭിന് ഇന്ന് സിനിമയുമായി ഒരു ബന്ധവുമില്ല. സിനിമകള്‍ കാണുന്നത് തന്നെ വിരളം. മറ്റൊരു മേഖലയിലാണ് പ്രശോഭിന്റെ പരിശ്രമം മുഴുവന്‍. വലിയ ലെന്‍സുകളുള്ള ക്യാമറകളുമായി കാടുകയറുന്ന പ്രശോഭ് വന്യജീവികള്‍ക്ക് പിറകെയാണ്. കാട്ടിലെ ആനകളുടേയും പുള്ളിപ്പുലികളുടേയും പക്ഷികളുടേയും ഭംഗിയുള്ള ഫോട്ടകളെടുക്കുന്ന കഴിഞ്ഞ വര്‍ഷം സംസ്ഥാന വനം, വന്യജീവി വകുപ്പിന്റെ ഫോട്ടോഗ്രാഫി അവാര്‍ഡും ലഭിച്ചു. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന പ്രശോഭിന്റെ ചിത്രങ്ങള്‍ ഇതുവരെ പത്ര,മാസികകളിലെ പ്രധാന വെബ്‌സൈറ്റുകളിലോ ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. മാതൃഭൂമി യാത്രാ മാസികയിലൂടെ പ്രശോഭിന്റെ ആ ആഗ്രഹവും സഫലമാവുകയാണ്. ജൂണ്‍ ലക്കം യാത്രാ മാസികയുടെ കവര്‍ചിത്രം കബനി കാടുകളില്‍ നിന്ന് പ്രശോഭ് പകര്‍ത്തിയ പുള്ളിപ്പുലിയാണ്. പുള്ളിപുലികളുടെ മിഴിവുള്ള അരഡസന്‍ ചിത്രങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത പ്രായത്തില്‍, നാലാം വയസ്സിലാണ് സിനിമയില്‍ അരങ്ങേറിയത്. അച്ഛന്റെ ബന്ധുവായ ഭരത് ബാലന്‍ കെ നായരുടെ ഉല്‍സാഹത്തിലാണ് ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയില്‍ ഭരത് ഗോപിയുടേയും ശ്രീവിദ്യയുടേയും മകനായി പ്രശോഭ് അഭിനയിച്ചത്. ഓമനത്തമുള്ള മുഖവും കൊഞ്ചിയുള്ള സംസാരവും പ്രശോഭിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. പിന്നീട് കാതോടു കാതോരം, അനുബന്ധം തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ അവസരം ലഭിച്ചു. 84-ല്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച ആള്‍ക്കൂട്ടത്തില്‍ തനിയേയില്‍ ബാലന്‍ കെ നായരുടെ ചെറുമകനും മമ്മൂട്ടിയുടെ മകനുമായാണ് അഭിനയിച്ചത്. എട്ടു വയസ്സുവരെയേ പ്രശോഭ് സിനിമാരംഗത്ത് ഉണ്ടായിരുന്നുള്ളൂ.  

കോഴിക്കോട് ദേവഗിരി സെയിന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് എം കോം പാസ്സായ ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. ബാങ്ക് ജീവനക്കാരിയായ അനുരാധയാണ് ഭാര്യ. പ്രശോഭ് പിന്നീട് ജോലി രാജിവെച്ച് സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ഒരു സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നു. അഞ്ചു വയസ്സുള്ള മകളുമുണ്ട്.

മുതിര്‍ന്ന ശേഷം സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുകയോ അതിനു വേണ്ടി പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. പത്ത് വര്‍ഷം മുമ്പാണ് ക്യാമറയുമായി കാട് കയറിത്തുടങ്ങിയത്. നിലമ്പൂരും മുത്തങ്ങയും നാഗര്‍ഹോളയുമായി ഒട്ടേറെ വന്യജീവി സങ്കേതങ്ങളില്‍ ചെന്ന് മൃഗങ്ങളേയും പക്ഷികളേയും ക്യാമറയില്‍ പകര്‍ത്തി.  

prashob
പ്രശോഭ് കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ ഫോട്ടോകളുമായി. (ഫോട്ടോ- ബി മുരളീകൃഷ്ണന്‍)

കാടിനേയും അവിടുത്തെ ജീവികളേയും ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ ജീവിതത്തിന് പുതിയ അര്‍ത്ഥം ലഭിക്കുമെന്നും ലോകത്തോടുള്ള കാഴ്ച്ചപ്പാട് തന്നെ മാറുമെന്നും സ്വന്തം അനുഭവത്തില്‍ നിന്ന് പ്രശോഭ് പറയുന്നു. മൂന്നു വര്‍ഷം മുമ്പ് മസനഗുഡിയിലേക്കുള്ള യാത്രക്കിടെ പരിചയപ്പെട്ട കോഴിക്കോട് കൊടുവള്ളി സ്വദേശി ബിജുലാലിനൊപ്പമാണ് ഇപ്പോള്‍ കാനനയാത്രകള്‍. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാരനായ ബിജുലാലുമായുള്ള കൂട്ടുകെട്ട് വന്യജീവി ഫോട്ടോഗ്രാഫറെന്ന നിലയില്‍ തനിക്ക് ഏറെ ഗുണം ചെയ്‌തെന്നും പ്രശോഭ് പറയുന്നു.