| മുന്നറിയിപ്പ് : കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ സ്ലാങ്ങില്‍ സമയമെടുത്ത് പതുക്കെ വേണ്ടിടത് ശക്തി കൊടുത്ത് ആ ഫ്‌ളോയില്‍ വായിക്കുക. അല്ലെങ്കില്‍ വായിക്കുന്നത് വേസ്റ്റാണ് |

ടാ കൃഷ്ണാ, ഗംഗയാടാ...
ഒന്നുല്ലടാ.. ചുമ്മാ വിളിച്ചതാ...
എന്തൊക്കിണ്ടെറാ..? ഒന്നുല്ലടാ ചുമ്മാ വിളിച്ചതാ..
ഇന്ന് മരോട്ടിച്ചാല്‍ വരെ പോയി വന്നപ്പോ നിന്നേ വിളിക്കണം എന്ന് തോന്നി...
നീ വല്ല പബ്ബിലും അടിച്ച് പൊളിക്കുക ആയിരിക്കും അല്ലേ.. നീ അടിച്ചു പൊളിച്ചോടാ...
കൃഷ്ണാ, എനിക്കിപ്പോ പഴേ പോലെ കോട്ടെഷന്‍ ഒന്നും ഇല്ലടാ... നമ്മടെ കമ്മട്ടിപ്പാടം പഴേ കമ്മട്ടിപ്പാടവും അല്ല...
ഇവിടെ മൊത്തം ഫ്രീക് പിള്ളേരാടാ കൃഷ്ണാ..
ചവറുകള്‍...
ബാലന്‍ചേട്ടന്റെ ചില്ലും... എന്റെ മൈക്കല്‍ ജാക്‌സണും..
എന്ത് രസമായിരുന്നു അല്ലേടാ കൃഷ്ണാ പണ്ടത്തെ കമ്മട്ടിപ്പാടം..?

ക്വൊട്ടേഷന്‍ ഒന്നും ഇല്ലാത്തോണ്ട് ഞാനിപ്പോ ജോലിക്ക് പോയി തുടങ്ങിയെടാ കൃഷ്ണാ..
ആ പറങ്കി മജീദ് ഒപ്പിച്ചു തന്നതാ... കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍..
ചുമ്മാ അങ്ങ് 'കോഡ്' ചെയ്താല്‍ മതിയെടാ.. നൈസ് പണിയാടാ...
ഇന്നാടാ ഞാന്‍ മരോട്ടിച്ചാല്‍ പോയത്.. രാവിലെ 8:30 മണിക്ക് പോയെ ടാ കാക്കനാട് ന്ന്...

പറങ്കി മജീദ് കൂടെ വരാം ന്ന് പറഞ്ഞു.. ഞാനവനെ ഒന്നും കൂട്ടിയില്ല.. അവന്‍ ഭയങ്കര വലിയാടാ... എനിക്കിഷ്ടല്ല അവനേ..
പിന്നെ, ഞാനും ബുള്ളെറ്റ് വാങ്ങിയെടാ കൃഷ്ണാ..
അതും ഓടിച്ചു ആടാ ഞാനിപ്പോ കറങ്ങാറ്..
കാക്കനാട് ന്ന് അങ്കമാലി ചാലക്കുടി നന്തികര.. അവിടുന്ന് റൈറ്റ് ടേണ്‍... അങ്ങനാ പോയെ...
ചോദിച്ചു ചോദിച്ചാ ഞാന്‍ പോകാറ്.. ഗൂഗിള്‍ മാപ്പില്‍ റൂട്ട് നോക്കി വെക്കും..
എന്നിട്ട് ചോയിച്ചു പോകും... 

നീ അല്ലേ എന്നോട് പറഞ്ഞത്, ലോകം വലുതാ ന്നും കമ്മട്ടിപ്പാടം മാത്രം അല്ല ലോകം എന്നും, ലോകം എന്താന്ന് പഠിക്കണം എന്നും, ഇങ്ങനെ ഒക്കെ അല്ലേടാ ആളുകളോട് മിണ്ടുന്നതും ലോകം പഠിക്കുന്നതും..
കമ്മട്ടിപ്പാടത്തെ ഊളകളെ പോലൊന്നും അല്ല ടാ..
എല്ലാവരും നല്ലവരാ കൃഷ്ണാ..
എന്ത് വൃത്തിയിലാ ന്നറിയോ അവരൊക്കെ വഴി പറഞ്ഞു തരാര്‍..

ഞാന്‍ എത്താറായപ്പോ കടയില്‍ കേറി വഴി ചോദിച്ചു.. ഒറ്റയ്ക്കാ പോണത് എന്ന് കേട്ടപ്പോ കടക്കാരന്റെ മുഖം കറുത്ത് പോയി..
അപ്പൊ ബാക്കി ചേട്ടന്മാര്‍ പറഞ്ഞു, 'അതൊന്നും സീന്‍ ഇല്ല, മോന്‍ പൊയ്‌ക്കോ' ന്ന്...
പാവങ്ങളാ ടാ കൃഷ്ണാ എല്ലാവരും..
10:30 ആയപ്പോ ഞാന്‍ അവിടെ എത്തിയെട...
സ്റ്റെപ് കേറി കേറി പോണം കൃഷ്ണാ..
അവിടെ ഇണ്ടെടാ ഒരു ചേച്ചീ നിക്കണ് ..
അത് പറയുവാ ' മുകളിലേക്ക് പോണ്ട, ആനയുണ്ട് 'ന്ന്...
എനിക്കതിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ തോന്നി, പന്നി...
ഒറ്റയ്ക്ക് മുകളിലോട്ട് കേറിയപ്പോ, എനിക്ക് പേടി ആയി തുടങ്ങിയെടാ കൃഷ്ണാ...
വഴിയിലൊന്നും ആരൂല്ലടാ...
കമ്മട്ടിപ്പാടത്തെ പിള്ളേര്‍ ഇണ്ടേല്‍ ആരേം പേടിക്കണ്ടായിരുന്നു...

Marottichal

ഞാന്‍ ഒറ്റയ്ക്ക് ഒരാള്‍ക്ക് നടക്കാന്‍ ഉള്ള ആ വഴിയിലൂടെ നടന്ന് കേറി...
വെള്ളത്തിലൊക്കെ കൈ ഇട്ട് മുഖം ഒക്കെ കഴുകി..
ഉച്ചത്തില്‍ പാട്ടും പാടി വെള്ളത്തിന്റെ ശബ്ദം നോക്കി ഞാനിങ്ങനെ നടന്നു..
ന്റെ പാട്ടിലെടാ... അക്കാണും മാമല.. അതാ പാടാറു..
ന്ത് രസാടാ കൃഷ്ണാ ഈ കാട്, നമ്മടെ കമ്മട്ടിപ്പാടം പോലെ...
വഴിയില്‍ മൊത്തോം മരങ്ങള്‍ വീണ് തലങ്ങും വിലങ്ങും കിടപ്പാ, അവിടേം ഇവിടേം ആയി ആനപ്പിണ്ടവും..

ഞാന്‍ പേടിച്ച്...
നീയും പേടിച്ചേനെ കൃഷ്ണാ...
കൊറേ നടന്നെടാ ഞാന്‍ അകത്തേക്ക്...
മുന്നിലും പിന്നിലും ആരൂല്ല...
നിനക്കറിയാലാ.. കമ്മട്ടിപ്പാടത്തെ പിള്ളേര്‍ ഇണ്ടേല്‍ ഞാന്‍ എവിടെയും പോയേനെ...
നമ്മള്‍ കൊട്ടേഷന്‍ പിടിക്കാന്‍ ഏതൊക്കെ ചീഞ്ഞ സ്ഥലത്തു വരെ പോയി എന്ന് നിനക്കറിയാല...
ഇതങ്ങനെ അല്ലടാ എനിക്ക് എന്തോ പോലെ തോന്നി, പണി പാളിയ പോലെ തോന്നിയെടാ..
എനിക്ക് തോന്നിയെടാ വഴി തെറ്റി എന്നൊക്കെ..
ചുറ്റില്‍ന്നും എന്തൊക്കെയോ ശബ്ദവും കേട്ട് തുടങ്ങി കൃഷ്ണാ.. ആനയുടെ ചിന്നം വിളി പോലെ ഒക്കെ തോന്നി എനിക്ക്...
ഞാന്‍ തിരിച്ചിറങ്ങി.. എനിക്ക് വയ്യ വല്ല ആനയുടെയും വായില്‍ പോയി വീഴാന്‍..
നല്ല വിഷമം ആയെടാ കൃഷ്ണാ എനിക്ക്..
അല്ലേലും ഞാന്‍ അങ്ങനെ അല്ലേ കൃഷ്ണാ..
വിചാരിക്കുന്നതൊന്നും കിട്ടാറില്ലല്ലോ എനിക്ക്..
അല്ലേടാ കൃഷ്ണാ...

Marottichal

നീ മറന്നൊടാ പഴയത് ഒക്കെ.. ഗംഗയ്ക്ക് അങ്ങനെ മറക്കാന്‍ പറ്റുവോടാ അതൊക്കെ...
പോട്ടെ ടാ, ദൈവത്തിന് അല്ലേലും എന്നെ ഇഷ്ടല്ല ന്നും കരുതി ഞാന്‍ തിരിച്ചിറങ്ങി നടന്നു താഴെ എത്തിയടാ...
അപ്പോഴുണ്ട് 4 പിള്ളേര്‍ അവിടെ നിക്കുന്നു...
നമ്മളെ പോലുള്ളത് അല്ല.. ചെറിയ സൈസ് പിള്ളേരാടാ.. സനലും സുജിത്തും ഹാരിസും അശ്വിനും.. ഫ്രീക്കന്മാരാട..
അടുത്ത് തന്നെ ഉള്ളവന്മാരാ..
ഞാന്‍ അവരോട് ചോദിച്ചു നോക്കി, വെള്ളച്ചാട്ടത്തിന്റെ സ്ഥലം അറിയുമോ ന്ന്...
അപ്പൊ ഒരുത്തന്‍ പറയുവാ എനിക്ക് അറിയാം ന്ന്...
ഞാന്‍ വീണ്ടും കേറിയടാ മുകളിലോട്ട്... വാശിയോടെ...
ദൈവം ഉണ്ടെടാ കൃഷ്ണാ...
ഇപ്പൊ എനിക്കും തോന്നുന്നുണ്ട്..
ഇല്ലേല്‍ അവന്മാര്‍ അവിടെ എങ്ങനെ അപ്പൊ വന്നു...

Marottichal

ദൈവം തന്നതാ ടാ...
അവരുടെ കൂടെ കേറാന്‍ നല്ല രസ്സായിരുന്നെടാ കൃഷ്ണാ..
വഴിയില്‍ ഒക്കെ മാര്‍ക്ക് ഒക്കെ ഇട്ട്.. വഴിതെറ്റാണ്ടിരിക്കാന്‍..
പിള്ളേര്‍ മുറ്റാ ടാ.. ഇപ്പോഴത്തെ പിള്ളേര്‍ ഒക്കെ ഭയങ്കര മുറ്റാ ല്ലേ... എനിക്കൊരു പണി കിട്ടിട്ടുണ്ടായി കൊച്ചിന്ന്..
പണ്ടൊക്കെ കൊട്ടെഷന്‍ നമ്മള്‍ ഓടിച്ചിട്ട് അടിക്കാറില്ലേ.. പക്ഷെ, ഇപ്പൊ വയ്യ തീരെ.. നീ ഇണ്ടെങ്കി എനിക്ക് പ്രശ്‌നില്ല.. ഇത് പക്ഷെ ഒറ്റയ്ക്കല്ലേ കൃഷ്ണാ.. ഞാന്‍ കൊണ്ട് പോയ വെള്ളം ഒക്കെ ഒറ്റ ഇരുപ്പിന് തീര്‍ത്തെടാ.. ആകെ വെയര്‍ത്തൊലിച്ചു ഞാന്‍..
എനിക്ക് വയ്യാണ്ടായപ്പോ അവന്മാരാ എന്റെ ബാഗൊക്കെ പിടിച്ചത്.. എല്ലാരും സ്‌നേഹം ഉള്ളോരാടാ... നമ്മടെ കമ്മട്ടിപ്പാടത്തെ പിള്ളേരെ പോലെ..
4 കിലോമീറ്റര്‍ നടന്നു കൃഷ്ണാ ഞാന്‍.. കേറി കേറി ചത്തു ഞാന്‍..

Marottichal

നടന്നു വാട്ടര്‍ഫാള്‍ എത്തി.. ഹാവൂ..
ഞാനും പിള്ളേരും ആദ്യം മോളില്‍ കേറി, അവിടെ കേറി വ്യൂ നോക്കി.. ന്ത് രസാണെന്ന് അറിയോ ടാ കൃഷ്ണാ നിനക്ക്.. നീയും വേണായിരുന്നു... പൊളിക്കായിരുന്നു...
ആകാശം നോക്കി കൊറേ നേരം കിടന്ന് ഞാന്‍, കാല് വെള്ളത്തില്‍ ഇട്ടിട്ട്... മീനൊക്കെ കാലില്‍ കടിക്കും.. നല്ല രസാടാ...
ആകാശം കാണാന്‍ നല്ല ഭംഗിയാടാ, നമ്മളിതൊക്കെ കാണാതെ എത്ര കാലം ആണെടാ അടിയും ഇടിയും ആയി നടന്ന് നശിപ്പിച്ചത്..
അവിടുന്ന് മുഖം ഒക്കെ കഴുകി പയ്യെ താഴെ ഇറങ്ങി... ദേ നിക്കുന്നു തൊട്ടു മുന്നില്‍ ഞാന്‍ ഇത്രേം കഷ്ടപ്പെട്ട് തേടി വന്ന എന്റെ മരോട്ടിച്ചാല്‍.. ??
പൊളിയാടാ കൃഷ്ണാ വെള്ളച്ചാട്ടം... ശരിക്കും..
എന്നെ കണ്ടതും മരോട്ടിച്ചാല്‍ പറയുവാ ' ടാ ഗംഗേ, ടാ പന്നീ ന്ന് '...
സത്യാടാ, നീ വിശ്വസിക്കൂല..
അതിനു താഴെ നിന്ന് ഞാന്‍ കുളിച്ചെടാ.. ഞാന്‍ ഡ്രസ്സ് ഒക്കെ എടുത്തിട്ട് ഇണ്ടായി.. എനിക്കിപ്പോ കൊറേ ഡ്രസ്സ് ഇണ്ട് കൃഷ്ണാ, ജോലി ആയില്ലേ..

Marottichal

ആ വെള്ളത്തിന്റെ താഴെ നിന്ന് എല്ലാ വിഷമോം ഒഴുക്കി കളഞ്ഞ്..
ഞാന്‍ ഓക്കേ ആയെടാ, ശരിക്കും ഓക്കേ ആയി... കമ്മട്ടിപ്പാടത്തെ പിള്ളേര്‍ ഇല്ല എന്നെ ഉള്ളൂ...
ഒരുപാട് സന്തോഷയെടാ കൃഷ്ണാ എനിക്ക്...
മനസ്സ് ശരിക്കും നിറഞ്ഞ്...
ഞാന്‍ ഇണ്ടല്ലോ കൊണ്ട് പോയ ഫുഡ് ഒക്കെ ഷെയര്‍ ആക്കി അവന്മാര്‍ക്കൊപ്പം കഴിച്ചു.. അവന്മാര്‍ ഒന്നും കൊണ്ട് വന്നില്ലടാ...
അവന്മാര്‍ ശരിക്കും മാസ്സ് ആണല്ലേ ടാ.. ചുമ്മാ ഒരു ഒരുക്കവും ഇല്ലാണ്ടാല്ലേ ഈ കേറി വരണത്...
അവന്മാര്‍ ഇറങ്ങുമ്പോ ഞാനും കൂടെ ഇറങ്ങി... ഇഷ്ടം ആയിട്ടൊന്ന്വല്ല..
ഇറങ്ങാണ്ട് പറ്റൂലല്ലോ...
നിന്നേം പറങ്കിയെയും ഒക്കെ കൂട്ടി വരാം ന്ന് പറഞ്ഞിട്ടുണ്ട് വെള്ളചാട്ടത്തോട്...
നീ വരില്ലെടാ കൃഷ്ണാ..

Marottichal

നീ എന്താടാ ഒന്നും മിണ്ടാത്തത്..
ഞാനിവിടെ ഒറ്റയ്ക്കാടാ കൃഷ്ണാ.. എനിക്കാരുല്ലടാ..
നീ വാടാ കൃഷ്ണാ...
ഞാന്‍ ഇപ്പൊ തല്ലിനൊന്നും പോകാറില്ല.. നീ വന്നാല്‍ നമ്മള്‍ക്ക് അടങ്ങി ഒതുങ്ങി നിക്കാടാ.. സത്യം.. നീയാണെ സത്യം... ബാലന്‍ചേട്ടന്‍ ആണേ സത്യം...
നീ അല്ലാണ്ട് ഈ ഗംഗയ്ക്ക് ആരാടാ ഉള്ളത്...
നീ ഒന്നും മിണ്ടാത്തതെന്താടാ.. ? ഒറങ്ങിയോ നീ..
ആഹ്, നീ ഒറങ്ങി... എന്റെ കഥ കേട്ട് നീ ഒറങ്ങിയല്ലേ.. നീ ഒറങ്ങിക്കോ.. നീ ഒറങ്ങിക്കോ ടാ...
ഞാന്‍ വെക്കട്ടെറാ... പിന്നെ വിളിക്കാ..

**************** ശുഭം *****************