കോമളാമ്മയും കൂട്ടുകാരും തനി നാട്ടിന്‍പുറത്തുകാരാണ്. ഇംഗ്ലീഷ് അത്ര വശമില്ലതാനും. പക്ഷേ, ഇംഗ്ലീഷുകാരോട് ഇവര്‍ സംസാരിക്കും. തമാശകള്‍ പങ്കുവയ്ക്കും. കൂട്ടുകൂടും. എങ്ങനെയെന്ന് സംശയമുള്ളവര്‍ക്ക് ആലപ്പുഴയിലെ ആറാട്ടുപുഴ പെരുമ്പള്ളിക്കടുത്തുള്ള സ്‌നേഹതീരം കുടുംബശ്രീ യൂണിറ്റിലേക്ക് സ്വാഗതം. കോമളാമ്മ ഉള്‍പ്പെടെ ഏഴ് സ്ത്രീകളാണ് സ്‌നേഹതീരം യൂണിറ്റിലുള്ളത്. എന്നാല്‍, ഇവരുടെ പ്രവര്‍ത്തനം ടൂറിസം മേഖലയിലാണ്.
 
സഞ്ചാരികള്‍ക്കായി കായലില്‍ റിസോര്‍ട്ട് ഒരുക്കിയാണ് ഇവര്‍ കാത്തിരിക്കുന്നത്. രണ്ട് കുടുംബത്തിന് സുഖമായി താമസിക്കാനുള്ള റിസോര്‍ട്ട്. ആളെണ്ണം കൂടിയാല്‍ ഹോംസ്റ്റേയുമുണ്ട്. ആറ് വീടുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികള്‍. ഇന്ത്യയില്‍ ഒരിടത്തും ഇത്തരം സംരംഭമില്ല. 
tourist lodge
 
പുനര്‍ജനിയിലൂടെ ജീവിതത്തിലേക്ക്...
 
ആറാട്ടുപുഴയിലെ വട്ടച്ചാല്‍ തീരത്താണ് സ്‌നേഹതീരം ചെയര്‍പേഴ്സണ്‍ കോമളാമ്മയുടെ താമസം. 2004-ല്‍ സുനാമിത്തിരകള്‍ ഇവരുടെ തലയ്ക്കുമീതെയാണ് അലറിയടിച്ച് പോയത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ മുപ്പതോളം ജീവിതങ്ങള്‍ അന്ന് കടലെടുത്തു. 
 
മരവിച്ച മനസ്സുമായി ഏറെക്കാലം തള്ളിനീക്കി. ദുരിതത്തിന്റെ നാളുകളില്‍ കോമളാമ്മയ്ക്ക് ആശ്വാസമായത് കുടുംബശ്രീയുടെ തണല്‍. അങ്ങനെ അവര്‍ കവിതയെഴുതി. സുനാമി തകര്‍ത്ത തീരത്തിന്റെ ജീവിതത്തെപ്പറ്റി. കവിതയ്ക്ക് ഒത്തിരി സമ്മാനങ്ങളും കിട്ടി. 
 
ഫ്രാന്‍സിന്റെ സഹകരണത്തോടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സുനാമിമേഖലകളില്‍ നടന്നിരുന്നു. കായല്‍ സൗന്ദര്യത്താല്‍ പ്രകൃതി അനുഗ്രഹിച്ച നാടാണിത്. വിനോദസഞ്ചാരമേഖലയില്‍ വലിയ സാധ്യതകളാണുള്ളത്. ഇത് തിരിച്ചറിഞ്ഞ പുനര്‍ജനി പ്രവര്‍ത്തകര്‍ കായലോരത്ത് റിസോര്‍ട്ട് എന്ന പദ്ധതി മുന്നോട്ടുവച്ചു. 
 
സ്‌നേഹതീരം കുടുംബശ്രീ യൂണിറ്റ് ഇത് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. 10 ലക്ഷം രൂപയാണ് പുനര്‍ജനിയില്‍നിന്ന് ലഭിച്ചത്. പെരുമ്പള്ളിയിലെ 148 ഏക്കറുള്ള ഭവതരണി കായലോരത്ത് റിസോര്‍ട്ട് നിര്‍മിച്ചു. ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപയുടെ വായ്പയെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 2014-ലെ പരിസ്ഥിതിദിനത്തിലായിരുന്നു ഉദ്ഘാടനം. പരിസ്ഥിതിസൗഹാര്‍ദ്ദം മുഖമുദ്രയാക്കിയാണ് അന്നുമുതല്‍ ഇവരുടെ പ്രവര്‍ത്തനം.
 
കായല്‍ കണ്ട്, കടല്‍ക്കാറ്റില്‍ അലിഞ്ഞ്...
 
കായംകുളം കായലിന് അനുബന്ധമായുള്ള ജലാശയമാണ് ഭവതരണി കായല്‍. ഇതിന്റെ കിഴക്കേ തീരത്താണ് സ്‌നേഹതീരം കുടുംബശ്രീയുടെ അതിഥിമന്ദിരം. മുളയില്‍ തീര്‍ത്ത അകത്തളം. വിശാലമായ ഹാളിന് ഇരുവശത്തുമായി രണ്ട് മുറികള്‍. കായല്‍ക്കാഴ്ച കാണാന്‍ ചെറിയ വരാന്ത.
tourist lodge
 
വെളിച്ചം വിതറുന്നത് സോളാര്‍ വിളക്കുകള്‍. വന്‍കിട കമ്പനികളുടെ പുരത്തോണികളേക്കാള്‍ ആകര്‍ഷകവും സൗകര്യങ്ങളും. നാടന്‍ ഭക്ഷണം ഇവിടെത്തന്നെ തയ്യാറാക്കിക്കൊടുക്കും. കരിമീനും കൊഞ്ചും തുടങ്ങി എല്ലാവിധ വിഭവങ്ങളും കിട്ടും. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കായലില്‍ നാടന്‍വള്ളത്തില്‍ യാത്രചെയ്യാം. വിശാലമായ കായംകുളം കായലില്‍ യാത്രയ്ക്കിറങ്ങണമെങ്കില്‍ അതിനും സൗകര്യമുണ്ട്.
 
ഭവതരണി കായലിന്റെ പടിഞ്ഞാറെ കരകടന്നാല്‍ കടലാണ്. വൈകുന്നേരത്തോടെ കടലില്‍നിന്ന് കാറ്റെത്തും. റിസോര്‍ട്ടിന്റെ ജാലകം തുറന്നിട്ടാല്‍മാത്രം മതി. കായലോളങ്ങള്‍ കടല്‍ക്കാറ്റിനെ വരവേറ്റുകൊണ്ടുവരും. 
 
വിദേശസഞ്ചാരികളാണ് ഇവിടത്തെ അതിഥികളില്‍ ഭൂരിപക്ഷവും. സ്‌നേഹതീരം പ്രവര്‍ത്തകര്‍ ഊഴമിട്ട് അതിഥികള്‍ക്കൊപ്പമുണ്ടാകും. ആദ്യമൊക്കെ ഭാഷ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ ഇവരെല്ലാം അത്യാവശ്യം ഇംഗ്ലീഷ് പറയും. സഞ്ചാരികളുടെ മനസ്സറിഞ്ഞ് സഹായിക്കാനും ഇവര്‍ പഠിച്ചുകഴിഞ്ഞു. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോകാനും ആചാരങ്ങള്‍ പറഞ്ഞുകൊടുക്കാനും സ്‌നേഹതീരം പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകും.
 
രണ്ടുപേര്‍ക്ക് ഒരുദിവസത്തെ താമസത്തിന് 3500 രൂപയാണ് വാങ്ങുന്നത്. അധികമുള്ള ഓരോ ആളിനും 500 രൂപവീതവും. കുട്ടികള്‍ക്ക് 250 രൂപയും. വള്ളത്തിലെ യാത്രയ്ക്ക് 250 രൂപമുതലുള്ള പാക്കേജുണ്ട്. 'പത്താംവാര്‍ഡ് മുഴുവന്‍  ഞങ്ങള്‍ക്കൊപ്പമുണ്ട്. ഏത് പാതിരാത്രിയിലും അതിഥികള്‍ക്ക് എന്താവശ്യമുണ്ടായാലും നാടൊന്നിച്ചുണ്ടാകും'- സ്‌നേഹതീരം കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉറപ്പാണിത്.
 
മറക്കാത്ത മുഖമായി മാക്‌സ് എമിലി
 
മാക്‌സ് എമിലി എന്ന ഫ്രഞ്ച് വനിതയെ സ്‌നേഹതീരം പ്രവര്‍ത്തകര്‍ക്ക് മറക്കാനാകില്ല. റിസോര്‍ട്ട് തുടങ്ങിയ സമയത്ത് സുഹൃത്തിനൊപ്പം ഇവിടെ വന്നതാണ് എമിലി. സ്ത്രീകളുടെ ഈ സംരംഭത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവര്‍ ഏറെ വാചാലയായി. 
 
സ്‌നേഹതീരം പ്രവര്‍ത്തകരുടെ കാരിക്കേച്ചറാണ് അവര്‍ സന്ദര്‍ശക ഡയറിയില്‍ വരച്ചിട്ടത്. കേരളാമ്മ, ഇഷി, സുനിത, സുരജ, വീണാദേവി, സീമ, ചന്ദ്രലേഖ എന്നിവരാണവര്‍. അവര്‍ എമിലിയുടെ വരയിലൂടെ ഇപ്പോഴും ചിരിക്കുന്നു, സന്ദര്‍ശകപുസ്തകത്തില്‍. ഫ്രാന്‍സില്‍ ആരോഗ്യപ്രവര്‍ത്തകയായ എമിലിയുടെ പരിചയക്കാര്‍ ഇപ്പോഴും സ്‌നേഹതീരം തേടിയെത്തുന്നു. 
 
നാടിന്റെ കരുതല്‍, നാടിനോടും
 
സ്‌നേഹതീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നാടുണ്ടെന്നത് അനുഭവസാക്ഷ്യമാണ്. ഇവരുടെ ഒരു വര്‍ഷത്തെ ലാഭത്തിന്റെ 20 ശതമാനം നാട്ടിലെ ശുചീകരണത്തിനായി മാറ്റിവയ്ക്കും. എല്ലാവര്‍ഷവും പരിസ്ഥിതിദിനത്തില്‍ ഇങ്ങനെ ശുചീകരണം നടക്കും. വിവിധ ഭാഗങ്ങളിലായി 15 ഏക്കറില്‍ ഇവര്‍ ഔഷധസസ്യങ്ങള്‍ കൃഷിചെയ്യുന്നു. രാമച്ചം, കുറുന്തോട്ടി, കറ്റാര്‍വാഴ തുടങ്ങിയ 15 ഇനം ഔഷധസസ്യങ്ങളാണ് വളര്‍ത്തുന്നത്. 
 
സ്‌നേഹതീരം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ വെബ്സൈറ്റുണ്ടായിരുന്നു. പിന്നീട് ഇത് കൈകാര്യം ചെയ്യാന്‍ കഴിയാതെവന്നു. ഇതിനാല്‍ ഇപ്പോള്‍ വിദേശസഞ്ചാരികള്‍ കുറവാണ്. ബാങ്ക് വായ്പ മുടങ്ങിയതിന്റെ സങ്കടം ഇവര്‍ പങ്കുവയ്ക്കുന്നു. രണ്ടരലക്ഷം രൂപമാത്രമാണ് ഇതുവരെ തിരിച്ചടച്ചത്. സഞ്ചാരികളെ പിഴിഞ്ഞ് വലിയ ലാഭമുണ്ടാക്കാത്തിന്റെ ഫലമാണ് ഈ തിരിച്ചടി. സര്‍ക്കാര്‍ തങ്ങളുടെ സംരംഭത്തെ തുണച്ചാല്‍ പ്രതിസന്ധിയെല്ലാം മറികടക്കാമെന്നാണ് ഇവരുടെ വിശ്വാസം.
 
കോഴിക്കോട്ടെ കബനി കമ്യൂണിറ്റി ടൂറിസമാണ് സ്‌നേഹതീരം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഹോംസ്റ്റേ നടത്തുന്നതുമായി ബന്ധപ്പെട്ട സാങ്കേതികസഹായങ്ങളും കബനിയുടേതാണ്. നല്ല ആതിഥേയരായ ഇവര്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ നമ്മുടെ നാടിന്റെ പ്രതിനിധികളാണ്. കേരളത്തില്‍ ഇങ്ങനെയും സ്ത്രീകളുണ്ടെന്ന് കാട്ടിക്കൊടുക്കുന്നവര്‍.