മൊബൈല്‍കാമറയില്‍ ചിത്രീകരിച്ച ദുബായ് യാത്രാവിവരണം - മൂന്നാം ഭാഗം

മിറാക്കിള്‍ ഗാര്‍ഡനില്‍ ഞങ്ങള്‍ എത്തിച്ചേരുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ചുറ്റുപാടും നിര്‍മാണങ്ങള്‍ നടന്നുവരുന്ന പൊടിനിറഞ്ഞ ഒരു പ്രദേശം. ടിക്കറ്റ് കൗണ്ടറിലും പരിസരത്തും നല്ല തിരക്ക്. നിരവധി വാഹനങ്ങള്‍. ആകെ മൊത്തം ബഹളമയം...

ടിക്കറ്റ് കൗണ്ടറില്‍ അധികമാളില്ല. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ മിറാക്കിള്‍ ഗാര്‍ഡന്‍ കാണാന്‍ മുതിര്‍ന്നവര്‍ 40 ദിര്‍ഹം നല്‍കണം. കുട്ടികള്‍ക്കുള്ള പ്രവേശന ഫീസ് 30 ദിര്‍ഹമാണ്.

Dubai Miracle Garden

Dubai Miracle Garden

ഗാര്‍ഡനിലേക്കുള്ള പ്രവേശന കവാടത്തില്‍, ഞങ്ങളുടെ കൂട്ടത്തില്‍ ഡിഎസ്എല്‍ആര്‍ കാമറയുമായി വന്ന ഗോകുലിനെ പരിശോധകന്‍ തടഞ്ഞു. പ്രൊഫഷണല്‍ കാമറയ്ക്ക് 500 ദിര്‍ഹം കൊടുത്ത് പ്രത്യേകം ടിക്കറ്റ് എടുക്കണമെന്ന് അദ്ദേഹം അറിയിച്ചു.

പ്രവേശനകവാടത്തില്‍ നിങ്ങളുടെ കാമറയും ലെന്‍സും പരിശോധിക്കും. പ്രൊഫഷണല്‍ ലെന്‍സാണ് കൈവശമുള്ളതെങ്കില്‍ പ്രത്യേകം അനുമതി വേണം. അതിന് 500 ദിര്‍ഹം മുടക്കണമെന്നു മാത്രമല്ല, പെര്‍മിറ്റ് വാങ്ങുന്നതിനായി കുറച്ച് മാറി സ്ഥിതി ചെയ്യുന്ന മിറാക്കിള്‍ ഗാര്‍ഡന്റെ ഓഫീസില്‍ ചെല്ലണം; സ്വകാര്യ ആവശ്യത്തിനു മാത്രമാണെന്ന് അവരെ പറഞ്ഞുമനസിലാക്കണം.

ഇങ്ങനെയൊരു പെര്‍മിറ്റിന്റെ കാര്യം പലര്‍ക്കും അറിയില്ല. പെര്‍മിറ്റില്ലാതെ നിരവധി ആളുകള്‍ പ്രൊഫഷണല്‍ കാമറ അകത്ത് കയറ്റിയിട്ടുണ്ട്. ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാറില്ല എന്നതാണ് അതിനു കാരണം.

 അതായത് ഫോട്ടോ പകര്‍ത്താന്‍ 9000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. ലളിതമായി പറഞ്ഞാല്‍ ഒരു ഡിജിറ്റല്‍ കാമറ വാങ്ങാനുള്ള കാശ്! ഗോകുല്‍ നേരെ കാറിലേക്ക് ഓടി, കാമറ വെച്ച് മടങ്ങിയെത്തി.

കണ്ണടിച്ചു പോകുന്ന നിറക്കൂട്ടങ്ങളിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. പ്രവേശനകവാടത്തില്‍ ബലൂണുകളുമായി കച്ചവടക്കാര്‍. എവിടെ തിരിഞ്ഞാലും പുഷ്പമയം. മിറാക്കിള്‍ ഗാര്‍ഡന്‍ എന്താണന്ന് അന്വേഷിക്കാതെ എത്തിച്ചേര്‍ന്നതിനാല്‍, വല്ല പ്ലാസ്റ്റിക് പൂക്കളുടെയും പ്രദര്‍ശനമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ എല്ലാം നല്ല ഒറിജിനല്‍ പൂക്കള്‍...

 

2013-ലെ പ്രണയദിനത്തിലാണ് മിറാക്കിള്‍ ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്യുന്നത്. 18 ഏക്കറിലായി 450 ലക്ഷത്തോളം പൂക്കള്‍ ഇന്നിവിടെ വിരിഞ്ഞുനില്‍ക്കുന്നു. ചെടികള്‍ നനയ്ക്കാന്‍ പ്രതിദിനം ഏഴു ലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. 

Dubai Miracle Garden

ദുബായിലെ ഡോള്‍ഫിനുകളുടെ പ്രകടനം | അക്കരെയക്കരെയക്കരെ - രണ്ടാം ഭാഗം കാണാം

ദുബായ് നഗരത്തിലെ ഉദ്യാനങ്ങളിലെല്ലാം ഡിപ്പ് ഇറിഗേഷന്‍ രീതിയാണ് നടത്തിവരുന്നത്. ചെടികളുടെ ചുവട്ടിലേക്ക് സ്ഥിരമായി ഇട്ടിരിക്കുന്ന ചെറുകുഴലുകളിലൂടെയുള്ള ജലസേചനം. മാലിന്യസംസ്‌കരണം നടത്തിയ വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Dubai Miracle Garden

ഉദ്യാനക്കാഴ്ചകളിലൂടെ നടന്നുനീങ്ങവെ കണ്ട രസകരമായൊരു കാഴ്ചയായിരുന്നു മണ്‍ തരികള്‍ ഉപയോഗിച്ച് പേരെഴുതുന്ന കലാരൂപം. അഞ്ചു മിനിറ്റുകൊണ്ട്, കുപ്പിക്കുള്ളിലെ മണല്‍ത്തരികളില്‍ പേര് എഴുതിത്തരും. 

Dubai Miracle Garden

മുന്നിലിരിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള മണല്‍ത്തരികളെ പ്രത്യേക രീതിയില്‍ കുപ്പിക്കുള്ളിലാക്കിയാണ് അദ്ദേഹം ചിത്രങ്ങളും എഴുത്തുകളും സൃഷ്ടിക്കുന്നത്.

Dubai Miracle Garden

കാണാന്‍ നിരവധിപേര്‍ കൂടിയിട്ടുണ്ട്. തൊട്ടടുത്ത് നില്‍ക്കുന്ന കുട്ടികള്‍ അത്ഭുത്തോടെയാണ് ഇയാളുടെ കരവിരുത് നോക്കിക്കാണുന്നത്. 

തൊട്ടടുത്ത് വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള കുപ്പികള്‍ തയാറാക്കി വെച്ചിരിക്കുന്നു. 

കുറേ നേരം ഈ കാഴ്ചകള്‍ കണ്ടു നിന്നു. എഴുതിക്കാന്‍ കൊടുക്കേണ്ട ദിര്‍ഹം, ഇന്ത്യന്‍ റുപ്പിയിലേക്ക് എണ്ണിയെടുത്തപ്പോള്‍ ഞങ്ങള്‍ അത് വേണ്ടെന്നു വെച്ചു.

Dubai Miracle Garden

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് മിറാക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ദുബായിലെ ശീതകാലം പൂക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. വേനല്‍ക്കാലം കാഠിന്യമേറുന്നതോടെ പൂന്തോട്ടം അടയ്ക്കും. ബാക്കിയുള്ള ആറുമാസക്കാലം ചെടികളുടെ പരിപാലനവും മറ്റ് തയാറെടുപ്പുകളുമാണ്. 

പൂക്കളാല്‍ തീര്‍ത്ത ഹൃദയകവാടങ്ങള്‍, നക്ഷത്രങ്ങള്‍, പിരമിഡുകള്‍, ചെറുവീടുകള്‍, വാഹനങ്ങള്‍ എന്നിങ്ങനെ പോകുന്നു പൂങ്കാവനക്കാഴ്ചകള്‍. 

നടുത്തളത്തില്‍ ഒട്ടകപക്ഷിയുടെയും മറ്റും രൂപങ്ങള്‍ ഒരുക്കിയിരിക്കുന്നു. ചുറ്റും പുഷ്പാലങ്കൃതമായ ചെറുവീടുകള്‍. സന്ദര്‍ശകര്‍ക്ക് ഇരുന്ന് കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി ഇരിപ്പിടങ്ങള്‍. 

Dubai Miracle Garden

Dubai Miracle Garden

ആര്‍ച്ച് ഓഫ് ലവ്, അഥവാ പ്രണയകവാടത്തിലൂടെ നടക്കാനും ഫോട്ടോ എടുക്കാനും ഇവിടെ എത്തിച്ചേരുന്ന ജോഡികള്‍ മറക്കാറില്ല. മിറാക്കിള്‍ ഗാര്‍ഡന്‍ എന്ന് ഇന്റര്‍നെറ്റില്‍ പരതിയാല്‍ ഏറ്റവും കൂടുതല്‍ കാണുക ആര്‍ച്ചുകളുടെ ഈ നീണ്ടനിരയായിരിക്കും.

Dubai Miracle Garden

Dubai Miracle Garden

അഞ്ചുലക്ഷത്തോളം പുഷ്പ, സസ്യങ്ങളാല്‍ അലങ്കരിച്ച ഭീമാകാരനായ എമിറേറ്റ്‌സ് വിമാനമാണ് മിറാക്കിള്‍ ഗാര്‍ഡനിലെ താരം. ലോകത്തിലെ ഏറ്റവും വലിയ പുഷ്പനിര്‍മിതിയാണ് ഈ വിമാനം. എമിറേറ്റ്‌സ് എന്ന ലോഗോ എഴുതിയെടുക്കാന്‍ മാത്രം 9000 പൂക്കള്‍. 200 തൊഴിലാളികള്‍, 180 ദിവസം ചോരനീരാക്കിയാണ് ഈ ഭീമന്‍ വിമാനത്തില്‍ പൂക്കള്‍ വെച്ചുപിടിപ്പിച്ചത്. നാലു മാസം കൊണ്ട് പൂക്കള്‍ വളര്‍ത്തിയെടുത്ത്, നവംബര്‍ 2016-ല്‍ മിറാക്കിള്‍ ഗാര്‍ഡനിലെ ഈ അത്ഭുതക്കാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

Dubai Miracle Garden

മിറാക്കിള്‍ ഗാര്‍ഡന്‍ ഒരു തവണ കണ്ടുമടങ്ങിയ സന്ദര്‍ശകര്‍, പിന്നീട് ഇവിടെക്ക് മടങ്ങിയെത്തുമ്പോള്‍ കാണുന്നത് മറ്റൊരു പൂന്തോട്ടമായിരിക്കും. സന്ദര്‍ശകര്‍ക്ക് വിരസത തോന്നാതിരിക്കാന്‍ വ്യത്യസ്ത നിറങ്ങളിലും ഇനത്തിലുമുള്ള പൂക്കള്‍ ഇവിടെ മാറ്റിമാറ്റി വെച്ചുപിടിപ്പിച്ചുവരുന്നു.

അറബിലോകത്തെ അടുത്ത അത്ഭുതം തേടി ഞങ്ങള്‍ യാത്ര തുടര്‍ന്നു... 

(തുടരും)